ഹരിശ്രീ

ഇതിപ്പോ അങ്ങനെ വലിയ ഒരു കഥയൊന്നുമല്ല, കഥയാണോന്ന് ചോദിച്ചാൽ ഒരു കഥയുമല്ല. എന്നാലും പേരിന് ഒരു പൊടിക്കഥ..അല്ലെങ്കിൽ കുഞ്ഞുന്നാളിൽ നടന്ന കഥയായതുകൊണ്ട് കുഞ്ഞിക്കഥ എന്നും പറയാം.
നിങ്ങൾ ജീവിതത്തിൽ ആദ്യം കേട്ട നുണ എന്തായിരുന്നു? ഓർക്കുന്നുണ്ടോ?
എന്റെ ഓർമയിൽ, ഞാനാദ്യം കേട്ട നുണ! അന്നത് നുണയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
സുഭാഷ്‌ ചന്ദ്രന്റെ അക്ഷരങ്ങളും, ഷഹബാസ് അമന്റെ ശബ്ദവും, അമ്മൂമ്മയുടെ കൈപ്പുണ്യം കലക്കിയ കട്ടൻകാപ്പിയുമായി ഒരു വൈകുന്നേരം രസിച്ചിരിക്കുമ്പോഴാണ് ആ നുണയെപ്പറ്റി ഓർത്തത്. എന്നാല്പിന്നെ നിങ്ങളെയും അറിയിക്കാമെന്ന് കരുതി.

ഈ കഥയ്ക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. ഇതെന്റെ കഥയാണെങ്കിലും, കാലപ്പഴക്കത്തിൽ ചിന്നിച്ചിതറിയ ഓർമ്മകൾ കൂട്ടിവെച്ച് കഥ പറഞ്ഞുതന്നത് അമ്മയാണ്. ഒരു പേരിന്റെ കഥയാണ്.
നമുക്ക് എല്ലാവർക്കും കാണില്ലേ സഫലീകരിക്കാൻ കഴിയാതെ പോയ ആഗ്രഹങ്ങളുടെ ഒരു ഭണ്ഡാരം. ഇത് സഫലീകരിക്കാതെ പോയ ഒരു ആഗ്രഹത്തിന്റെ കൂടെ കഥയാണ്.

ആദ്യമായി സ്കൂളിൽ പോയ ദിവസം.മങ്ങിയതാണെങ്കിലും ആ ദിവസം ഓർമയിലുണ്ട്. അമ്മയുടെ കൈപിടിച്ച് ഹെഡ്മാസ്ടരുടെ മുൻപിൽ നിൽകുമ്പോൾ എന്റെ കണ്ണുകൾ മേശപ്പുറത്തെ പേപ്പർ വെയിറ്റിലായിരുന്നത്രേ!

അമ്മയെ ചോദ്യം ചെയ്തു കഴിഞ്ഞ് ഹെഡ്മാസ്റ്റർ എന്റെ നേർക്ക് തൊടുത്ത ആദ്യത്തെ ചോദ്യം..
“മോന്റെ പേരെന്താ?”
പേപ്പർ വെയിട്ടിൽ നിന്നും കണ്ണെടുത്ത് ഞാൻ ഭയമേതുമില്ലാതെ മറുപടി കൊടുത്തു
“ത്രിവിക്രമൻ!”
അത് കേട്ട് അമ്മ ഞെട്ടിയെന്നാണ് പറഞ്ഞറിവ്.
ചിരിച്ചു കൊണ്ടു അമ്മ അത് തിരുത്തി.
“മോന്റെ പേര് ശ്രീന്നാണ്”
പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല…
“അല്ല..എന്റെ പേര് ത്രിവിക്രമൻന്നാ..എനിക്ക് ത്രിവിക്രമൻന്ന് പേരിട്ടാ മതി..”
കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപേ അമ്മ എന്റെ വാ പൊത്തിപ്പിടിച്ചു. കുതറി മാറി ത്രിവിക്രമനിൽ എത്താനുള്ള എന്റെ ശ്രമങ്ങൾ ഒരു ചെറിയ കലാപാന്തരീക്ഷം ആ ചെറിയ മുറിയിൽ സൃഷ്ടിച്ചു.
ഒടുവിൽ കരുണാമയനായ ആ ഹെഡ്മാസ്റ്റർ പോംവഴി പറഞ്ഞുതന്നു
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ശ്രീന്ന്  പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
താൽകാലിക ആശ്വാസത്തിന് ഹെഡ്മാസ്റ്ററുടെ ആ പാരസെറ്റാമോൾ മതിയായിരുന്നു.

ആരായിരുന്നു ആ ത്രിവിക്രമൻ..നാട്ടിലെ പേരുകേട്ട ചട്ടമ്പിയാരുന്നത്രേ! അയാളോടുള്ള ഇഷ്ടം. അതായിരുന്നു കാരണം. വീട്ടിലെത്തിയപ്പോ അമ്മയാണ് മറ്റൊരു രഹസ്യം കൂടി പറഞ്ഞുതന്നത്. ത്രിവിക്രമന് രണ്ട് ചെട്ടന്മാരുണ്ട്. ഹരിയും, ശ്രീയും. അവർ ത്രിവിക്രമനേക്കാൾ വലിയ ചട്ടമ്പിയാണത്രെ. ആ ശ്രീയുടെ പേരാണ് എനിക്കിട്ടിരിക്കുന്നതെന്ന്.
“എന്നാലും എനിക്ക് ത്രിവിക്രമൻ മതിയമ്മേ………..”
ത്രിവിക്രമനോളം വരുമോ ഹരിയും ശ്രീയും.

അങ്ങനെ ശ്രീയെന്ന പേരും ചുമന്ന്, വളർന്നു വലുതാകുന്നതും കാത്ത് ഞാനിരുന്നു. ഇന്നിപ്പോൾ കുറച്ചു വളർന്നപ്പോ മനസിലായി ഹെഡ്മാസ്ടരുടെ ആ പോംവഴിയായിരുന്നു എന്റെ കാതിലേക്ക് ആദ്യം ഉരുക്കിയൊഴിച്ച നുണയുടെ ഹരിശ്രീ.
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ത്രിവിക്രമൻന്ന് പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
പേര് മാറ്റുന്ന കാര്യം ഇന്നലെ അമ്മയോട് ചോദിച്ചിരുന്നു, വളർന്നു വലുതാകട്ടെ എന്നിട്ട് മാറ്റാമെന്നാണ് അമ്മ പറയുന്നത്!

ഇനി ഞാനൊരു കാര്യം പറയട്ടെ. ഇതിത്രേയുള്ളൂ!

നിങ്ങൾ ആദ്യം പറഞ്ഞ നുണ ഏതാണെന്ന് ഓർമ്മയുണ്ടോ?

ഇത്ര പെട്ടന്ന്, ഇഡലിയെല്ലാം കഴിച്ചുകഴിഞ്ഞോ എന്ന അമ്മയുടെ ചോദ്യത്തിന്. മ്മ് ഞാൻ കഴിച്ചു എന്ന് ഞാൻ അമ്മയുടെ മുഖത്തു നോക്കി ധൈര്യത്തോടെ പറഞ്ഞ സത്യം! അത് കേട്ട് പറമ്പിലെ വാഴക്കയ്യിലിരുന്ന കാക്ക ചുണ്ടിലൊതുക്കിയ ഇഡലി കഷ്ണം താഴെയിട്ടുകൊണ്ട് പറഞ്ഞു..ചുമ്മാ..ഇവൻ നുണ പറയുവാ അമ്മേ!
അതായിരുന്നോ ആദ്യത്തേത്?

വാൽക്കഷ്ണം:

പ്രിയ എഴുത്തുകാരൻ സുഭാഷ്‌ ചന്ദ്രന് ആ പേരിട്ടത് സുഭാഷ് ചന്ദ്ര ബോസിനൊടുള്ള ഇഷ്ടം കൊണ്ടാരുന്നു എന്ന കഥ വായിച്ചപ്പോഴാണ് സമാനമായ എന്റെ അനുഭവം ഓര്മ്മ വന്നത്.