ബിനു പുലിയാണ്

“നമുക്ക് അതിരാവിലെ എഴുന്നേറ്റ് പല്ലുതേക്കാം, പിന്നെ കഫെ കോഫീഡെയില്‍ പോയി കാപ്പി കുടിക്കാം. അവിടെ വെച്ച് നീയെന്റെ കാപ്പിയുടെ ബില്ല് കൊടുക്കണം……….” റോസ്മേരിയുടെ മാന്‍പേടകണ്ണുകളില്‍ നോക്കി ബിനു ഈ (ഊള) ഡയലോഗ് പറയുമ്പോ അവന്‍റെ നുണക്കുഴി കവിളുകള്‍ ചുവന്നു തുടുത്തിരുന്നു.

പ്രപ്പോസ് ചെയ്ത് കഴിഞ്ഞു പെണ്ണ് സമ്മതം മൂളിയതിന്റെ രണ്ടാം ദിവസം തന്നെ ഒരു ചമ്മലുമില്ലാതെ ഇങ്ങനെയൊക്കെ ഡയലോഗ് അടിക്കാന്‍ മാവേലിക്കരയില്‍ ബിനുവല്ലാതെ വേറൊരാളുണ്ടാകുമെന്നു തോന്നുന്നില്ല..അല്ല അങ്ങനെ ഒരു പീസേ ഉള്ളു.

“പുലി ബിനു, മാവേലിക്കര” ബിനുവിനു ഒരു കത്തയക്കാന്‍ വിലാസമായി ഇത്രയും മതി, ഇത് തന്നെ ധാരാളം. വീട്ടുപേരും, പിന്‍കോഡും ഒന്നുമില്ലെങ്കിലും കത്ത് കൃത്യമായി അവന്‍റെ കയ്യില്‍ കിട്ടും എന്ന സംഗതി വടക്കന്‍ പാട്ട് പോലെ പ്രസിദ്ധമാണ്. ..അതായിരുന്നു ബിനു, പുലി ബിനു.

രാമന്‍കുട്ടിയാശാന്‍റെ മോന്‍ ബിനു നാട്ടിലൊക്കെ പുലി ബിനുവാണ്. പ്ലാപ്പെറ്റ ശോശാമ്മയുടെ (വീട്ടുപേരല്ല, പേറും  പ്ലാവുമായി ബന്ധപെട്ട ഒരു കഥയാണ്..അത് പിന്നീടു) ഇളയ സന്താനം നാലാം ക്ലാസ്സില്‍ പഠിക്കുന്ന ജോസൂട്ടി മുതല്‍ ടിപ്പറില്‍ മണലടിക്കുന്ന നാട്ടിലെ പ്രധാന മൂങ്ങയായ തങ്കപ്പന്‍ ചേട്ടന്‍ വരെ ബിനുവിനെ ബിനുവണ്ണാ എന്നെ വിളിക്കൂ…..

കാര്യം ബിനു പുലിയാണെങ്കിലും നാളെ വായിക്കേണ്ട ജീവചരിത്രം ഇന്നേ എഴുതി തുടങ്ങുമ്പോള്‍ കല്ലുകടിക്കുന്ന ഏടുകള്‍ ബിനുവിന്‍റെ ഇതുവരെയുള്ള വഴികളിലുണ്ട്.

എന്നും അതിരാവിലെ 9 മണിക്ക് ഷര്‍ട്ടൂരി അരയില്‍ കച്ചകെട്ടി കണ്ണാടിയില്‍ നോക്കി പഞ്ചപാണ്ടവരിലെ ഭീമനെ സ്മരിക്കുന്നത് ബിനുവിന്‍റെ ഒരു ശീലമായിരുന്നു. കാഴ്ച്ചയില്‍ ഭീമന്റെ ഗദയോളം വരില്ലെങ്കിലും ജീവിതസന്ദര്‍ഭങ്ങള്‍ ഏറെക്കുറെ ഭീമന്‍റെ തന്നെയെന്നു ഓര്‍ത്ത് ബിനു നെടുവീര്‍പ്പിടും. ആ നെടുവീര്‍പ്പിന്റെ ഡിജിറ്റല്‍ ഡോള്‍ബി ശബ്ദം അടുക്കള വരെയെത്തി, അതുകേട്ട അമ്മ കുന്തീദേവിയുടെ ഒച്ച പോങ്ങിയാലെ ബിനു കച്ചയഴിക്കൂ…

“എന്നുമെവിടെയും ഭീമനെ പോലെ താനും രണ്ടാമൂഴക്കാരനാണ്, അത് വീട്ടിലായാലും, നാട്ടിലായാലും” എല്ലാ നെടുവീര്‍പ്പുകളിലും ഇതുതന്നെയായിരുന്നു തളംകെട്ടി കിടന്നിരുന്നത്.

ബിനു പുലിയാണെന്ന് ലോകം ആദ്യമറിഞ്ഞത് ബിനുവിന്‍റെ അഞ്ചാം ക്ലാസ് പഠനകാലത്താണ്. ചൂരലിന്റെ വിജ്രംഭനങ്ങളില്‍ കുട്ടികളെ അടക്കിനിര്‍ത്തി കണക്കിന്റെ ഊരാക്കുടുക്കുകളിലേക്ക് സരോജിനി ടീച്ചര്‍ ഊളിയിടുന്ന നേരത്താണ് ബിനുവും ഷുക്കൂറും തമ്മില്‍ ഒരു കലപില..

“ഇതെന്റെ ഡബറാ..താടാ..ഇതെന്റെ ഡബറാന്ന്” ബിനു പതിയെ രോഷം കൊള്ളുന്നു.

ഡബറിന് വേണ്ടിയുള്ള പിടിവലിയുടെ ശബ്ദം കേട്ട സരോജിനിടീച്ചര്‍ തിരിഞ്ഞുനോക്കിയതും ഷുക്കൂര്‍ മാന്യനായി..ഏത് ഡബര്‍, ആരുടെ ഡബര്‍..ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ –അല്ല അള്ളാ എന്ന ഭാവത്തില്‍ ഷുക്കൂര്‍!

“ബിനൂ..എഴുന്നേല്‍ക്കടാ..നിന്നെയൊന്നും ഒരു നടയ്ക്ക് മര്യാദ പഠിപ്പിക്കാന്‍ പറ്റില്ല. ഇനി മുതല്‍ എന്‍റെ ക്ലാസ്സില്‍ നീയീ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുന്നാല്‍ മതി…” സരോജനിടീച്ചറുടെ കല്‍പന.

ക്ലാസിലെ മര്യാദകേടിന്റെശിക്ഷയായി ബിനുവിനെ ഒരു മര്യാദയുമില്ലാതെ ക്ലാസിലെ സുന്ദരിക്കോതകളായ ശരണ്യയുടെയും പാര്‍വ്വതിയുടെയും ഇടയില്‍ പിടിച്ചിരുത്തി.

“അവിടിരി..എന്നാലെ നീയൊക്കെ മര്യാദ പഠിക്കു”

ഇലാമപ്പഴത്തിന്റെ കായ പിഴിഞ്ഞ വിഷം കുടിപ്പിച്ച പോലത്തെ അതികഠിനമായ ശിക്ഷയായിപ്പോയി. ഒരു നിമിഷം, ബിനുവായിപ്പിറന്നിരുന്നെങ്കില്‍ എന്ന് ചിന്തിച്ച പീക്കിരി ആണ്‍സിംഹങ്ങളുടെ നെടുവീര്‍പ്പുകള്‍ ക്ലാസില്‍ നിശബ്ദമായി അലയടിച്ചു.

“ടീച്ചര്‍ ഞാനും സംസാരിച്ചാരുന്നു…..” ഷുക്കൂര്‍ ചാടിയെഴുന്നേറ്റ് ഹരിശ്ചന്ദ്രന്‍ ആയി…..

“ആഹാ നീയും സംസാരിച്ചോ?..എന്നാ നീ പോയി വാതിലിന്റെ വെളിയില്‍ നില്‍ക്ക്..ബെല്ലടിച്ചിട്ട്‌ കയറിയാല്‍ മതി”–ദേ കിടക്കുന്നു കപ്പിയും കയറും.. അങ്ങനെ ഷുക്കൂര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് ആയി.

സരോജിനിടീച്ചര്‍ വീണ്ടും കണക്കിലേക്കിറങ്ങി. ടീച്ചര്‍ ബോര്‍ഡിലെഴുതുന്ന സമവാക്യങ്ങള്‍ നോക്കിയിരിക്കുന്ന ശരണ്യയുടെയും, പാര്‍വ്വതിയുടെയും പിന്നിയിട്ട മുടിയിലേക്ക് ഇമവെട്ടാതെ കഴുത്ത് മാത്രം വെട്ടിച്ച് ബിനു നോക്കിക്കൊണ്ടേയിരുന്നു.

ഏതോ സമവാക്യം സരോജിനിടീച്ചര്‍ മറന്നുപോയിട്ടാണെന്നുതോന്നുന്നു, അത് കണ്ടുപിടിച്ച് ബോര്‍ഡിലെഴുതാന്‍ ശരണ്യയയെ വിളിച്ചു. സമവാക്യം കണ്ടുപിടിക്കാനുള്ള ആവേശത്തില്‍ ചാടിയെഴുന്നേറ്റു മുന്നോട്ടാഞ്ഞ ശരണ്യയ്ക്കൊപ്പം ഒരു ചെറിയ നിലവിളിയോടെ പാര്‍വ്വതിയും ബിനുവിനെ തട്ടമറിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തീവണ്ടിയുടെ ബോഗ്ഗികള്‍ ഘടിപ്പിക്കും വിധം ശരണ്യയുടെയും പാര്‍വ്വതിയുടെയും മുടി കൂട്ടികെട്ടിയ നിലയില്‍…..

“എടാ ബിനു…ഇവിടെ വാടാ….” സരോജിനിയമ്മ അലറുന്നു.

ശരണ്യപാര്‍വ്വതികള്‍ കൂട്ടികെട്ടിയ മുടിയഴിക്കുന്ന നേരം സരോജിനി ടീച്ചറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി. പൊങ്ങിയ ചൂരല്‍ താഴേക്ക് പതിച്ച് ബിനുവിന്‍റെ കൈവെള്ളയില്‍ തട്ടി തടഞ്ഞു നിന്ന് വിജ്രംഭിച്ചു..ഒരിക്കലല്ല, പലവട്ടം. ബിനുവിന്‍റെ കണ്ണില്‍ നിന്നും തടം വെട്ടി വെള്ളമൊഴുകി…

കണക്കുപീരിയഡ് തീര്‍ന്നതിന്റെ ,മണിയടി ശബ്ദം മുഴങ്ങുമ്പോള്‍ ക്ലാസ് ഒന്നടങ്കം മനസില്‍ പറഞ്ഞു…ബിനു പുലിയാണ്!

അഞ്ചാംക്ലാസ്സില്‍ നിന്നും മലക്കം മറിഞ്ഞ് ,മറിഞ്ഞ് പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും ബിനുവിനെ ഖ്യാതി വാനോളം ഉയര്‍ന്നിരുന്നു. ബിനു സുന്ദരിമാരുടെ കണ്ണിലെ കൃഷ്ണമണിയായി ഓളംവെട്ടിയിരുന്ന സമയം. കല്യാണത്തിന്‍റെ ലോങ്ങ്‌ലീവ് കഴിഞ്ഞ് സന്തോഷ്‌ സാര്‍ തിരിച്ചെത്തിയ ദിവസം..ബിനുവിന്‍റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് നാട്ടിയ ദിവസം!

ഹിസ്റ്ററിയില്‍ മുഖം കഴുകി, ഹിസ്റ്ററിയില്‍ പല്ലുതേച്ച്, ഹിസ്റ്ററിയില്‍ കിടക്കുന്ന സന്തോഷ്‌ സാര്‍….കല്യാണം കഴിഞ്ഞ പുതുമോടിക്കാരന്റെ അടയാളമായ അഞ്ചുപവനോളം വരുന്ന ഒരു സ്വര്‍ണ്ണച്ചെയിന്‍ സാറിന്റെ കറുത്ത കൈയ്യില്‍ കയറിയിട്ടുണ്ട്. മധുവിധുവിന്റെ ചമ്മല്‍ മാറ്റാനെന്നോണം, വന്നുകയറിയ ഉടനെ സന്തോഷന്‍ ചോദ്യോത്തരവേള ആരംഭിച്ചു. ഒരു സൈഡില്‍ നിന്നും തുടങ്ങിയ പരിപാടി ബിനുവിലെത്തിയപ്പോള്‍ ചോദ്യം മാനവതാവാദം ആയിരുന്നു….

“ബിനൂ…എന്താണ് മാനവതാവാദം?  പറയൂ…”

ഇതേതു വാതം എന്നോര്‍ത്ത് കണ്ണുമിഴിച്ച് അടുത്തിരുന്ന പൊടിമോനെ നോക്കി..പൊടിമോന്‍ ബുക്ക് മലര്‍ത്തി..ബിനുവിന്‍റെ കണ്ണുകളില്‍ അവ്യക്തത. ബുദ്ധിമുട്ട് മനസിലാക്കിയിട്ടെന്നോണം പൊടിമോന്‍ പതിയെ ഉത്തരം വായിച്ചു തുടങ്ങി

“മാനവതാവാദം ലൌകികമാണ്…..”

ആദ്യവരികിട്ടിയ ആക്രാന്തത്തില്‍ സാറിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയും ആത്മവിശ്വാസവും നിറച്ച് ബിനു ഉത്തരം പറഞ്ഞു..

“മാനവതാവാദം ലൈംഗികമാണ്………………………………………………………………………………………………………………..”

കലപില കൂട്ടിയിരുന്ന ക്ലാസ്സ് ഒന്നടങ്കം നിശബ്ദമായി..ആരുടെയൊക്കെയോ ഗദ്ഗദങ്ങള്‍ മാറ്റൊലിക്കൊള്ളാതെ വിറങ്ങലിച്ചു…ബിനുവിന് അപ്പോഴും റിലെ കിട്ടിയിരുന്നില്ല…

മധുവിധുവിന്റെ മണം മാറാത്ത സന്തോഷ്‌ സാര്‍ ഒരു കൂമനെ പോലെ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഒറ്റപ്പോക്ക്….

അന്നും ആരൊക്കെയോ പറഞ്ഞു….”ബിനു പുലിയാണ്”

ഇന്ന് ബിനു സൈക്കിളില്‍ അഭ്യാസം കാണിച്ചും, ചാമ്പയ്ക്ക പറിച്ചുകൊടുത്തും തമാശകള്‍ പറഞ്ഞും കറക്കിയെടുത്ത രണ്ടാമത്തെ പെണ്‍കിടാവാണ് റോസ്മേരി..ആദ്യം കറക്കിയെടുത്ത സിന്ധുവിനെ കരകാണാകടലിനക്കരേയ്ക്ക് അവളുടെ അച്ഛന്‍ അന്തസ്സായി കെട്ടിച്ചു വിട്ടു.

ഒരു ക്രിസ്മസ് രാത്രിയില്‍ ചെഗുവേരയെ വെല്ലുന്ന ധൈര്യത്തില്‍ ആരുമറിയാതെ റോസ്മേരിയുടെ വീടിന്റെ ഓടിളക്കി അകത്തുകയറിയതല്ല….ഇപ്പോള്‍ അവളുമായുള്ള വിവാഹത്തില്‍ കലാശിച്ചതെന്നു ബിനു ആണയിട്ടു പറഞ്ഞു.

ആഞ്ഞുചവിട്ടിയിട്ടായാലും ഒരുമാസം ബിനു തള്ളി നീക്കി…മഞ്ഞു പെയ്യുന്ന രാവുകളുടെ കാലം കലണ്ടര്‍ തെറ്റിച്ചുകൊണ്ട് വന്നിരിക്കുന്നു..വാദ്യമേളഘോഷങ്ങളോന്നുമില്ലാതെ മംഗല്യം കഴിഞ്ഞു…അല്ല കഴിപ്പിച്ചു..

ഇന്ന് ബിനുവിന്‍റെ ആദ്യരാത്രിയാണ്….

കരടി ബിജുവിന്റെ ഉപദേശങ്ങള്‍ മണിയറയിലേക്ക് കയറും മുന്‍പ് ബിനു മനസിലോര്‍ത്തു..

“ഡാ ബിനു, ആദ്യ ദിവസം വെറുതെ സംസാരിചിരുന്നാല്‍ മതി..ഉറക്കം വരുമ്പോള്‍ അങ്ങ് കിടന്നുറങ്ങിയേക്കണം..അല്ലാതെ…..”

“അപ്പൊ കാര്യങ്ങള്‍ ഒക്കെയോ?”

“അതൊക്കെ രണ്ടാം ദിവസം മതി. അതാണതിന്റെ ശരി…നീ വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്ക്.”

ശരിയാണ്, ബിജു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവന് നല്ല വിവരമാണ്..

പ്രതീക്ഷയുടെ പിച്ചിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മുഖമായിരുന്നു മണിയറയില്‍ റോസ്മേരിയുടേത്. പിച്ചിപ്പൂവിന്റെ സൗന്ദര്യം ആസ്വദിക്കാതെ സുഗന്ധം ആസ്വദിച്ച് സൊറപറഞ്ഞിരുന്ന് ബിനു സമയം തള്ളി നീക്കി. സംഭാഷണങ്ങളെ വഴിതിരിച്ചുവിടാനുള്ള വ്യഗ്രത റോസ്മേരിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും, അതിലൊന്നും വഴുതിവീഴാതെ ബിജുവിനെ മനസ്സില്‍ ധ്യാനിച്ച് മുന്നോട്ട് പോയി.

ബൂസ്ടിട്ട പാലാണെങ്കിലും, അല്ലെങ്കിലും, പാടകെട്ടിയതാണെങ്കിലും അല്ലെങ്കിലും ഒറ്റവലിക്ക് ഒരു ഗ്ലാസ്‌ പാല് കുടിച്ചു തീര്‍ക്കുന്ന ബിനുവിന്‍റെ ശീലം ഒറ്റദിവസം കൊണ്ട് മാറി. അരഗ്ലാസ് പാല് സിപ്പടിച്ചു സിപ്പടിച്ചു തീര്‍ക്കാന്‍ പാടുപെട്ടു…ഇടയ്ക്കെപ്പോഴോ ഗ്ലാസ് കാലിയായി. റോസ് ഇടത്തോട്ടും, ബിനു വലത്തോട്ടും തിരിഞ്ഞു കിടന്നു..അദൃശ്യമായൊരു ചൈന വന്മതില്‍ ഇടയില്‍ തീര്‍ക്കപെട്ടു.

ബിനു ഉറങ്ങിയിരുന്നില്ല..നാളത്തെ പരിപാടികള്‍ മനസ്സില്‍ ആസൂത്രണം ചെയ്തു. ഷുക്കൂറിന്റെ ബുള്ളറ്റ് വാങ്ങി അതില്‍’ റോസിനെയും കൂട്ടി ഒന്ന് കറങ്ങണം..ഓടിക്കാനറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകളുള്ള പൊളിടെക്നിക്ക് ഗീക്ക് അല്ല താന്‍..എന്നാലും ഒരാഗ്രഹം..

ഷുക്കൂറിന്റെ ബുള്ളറ്റ് എന്നുപറഞ്ഞാല്‍ ഒരൊന്നൊന്നര സാധനമാണ്…മാസത്തിലൊരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍ കയറ്റി മോഡല്‍ ചെയ്യിപ്പിച്ചെടുക്കുന്ന സാധനമാണ്. ആരു കണ്ടാലും, കേട്ടാലും ഒന്നു നോക്കും….

അടുത്ത ദിവസം പതിവിലും നേരത്തെ തന്നെ കിഴക്ക് വെള്ളകീറി. കിടക്കയില്‍ ബിനുവും എന്തോ ഒന്ന് കീറി….ആ കീറിയ കാറല്‍ കേട്ട് പുതുപ്പെണ്ണ് കൈവളകള്‍ കിലുക്കി മുത്തുപൊഴിയും പുഞ്ചിരിയുമായി കിടക്കവിട്ടെഴുന്നേറ്റു………………………………………….

(ബിനു പുലിയാണെന്നോ അല്ലെന്നോ അവള്‍ മനസ്സില്‍പോലും പറഞ്ഞില്ല എന്ന് ബിനു ഉറപ്പുവരുത്തി)

ഇനി ഷുക്കൂറിനെ വിളിച്ച് ബുള്ളറ്റ് തരപ്പെടുത്തണം.

ആഹാരം, വസ്ത്രം, ബുള്ളറ്റ്,  പാര്‍പ്പിടം പിന്നെ ഭാര്യ എന്ന് പറഞ്ഞു ജീവിക്കുന്നവനാണ്. പോരാഞ്ഞിട്ട് ആദ്യരാത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഇക്കിളിപ്പെടാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പോര്‍ക്കാ……

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കാര്യം സാധിച്ചു…ബുള്ളറ്റ് കൈമാറുമ്പോള്‍ ഷുക്കൂറിന്റെ ചങ്കൊന്നു പിടച്ചു.

“സൂക്ഷിച്ചു കൊണ്ടുപോകണം, പിന്നെ ഗട്ടറിലൊന്നും ചാടിക്കരുത്..സ്വല്പം കണ്ടീഷന്‍ മോശമാണ്..രണ്ടു ദിവസം കഴിഞ്ഞ് വര്‍ക്ക്ഷാപ്പില്‍ കൊണ്ട് പോകാനുള്ളതാ..”

“ഓ ശരി” എന്ന് പറഞ്ഞു ബിനു വീട്ടിലെത്തി. റോസ് ഇതിനോടകം അണിഞ്ഞൊരുങ്ങി നിന്നിരുന്നു..

ഘട…ഘട…ഘടാ.ഘടാ…………………………………………………………………………………..

ഹെല്‍മെറ്റും വെക്കാതെ, ഇടയ്ക്കൊക്കെ റോസിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ അല്പം തലചരിച്ചും ബിനു ബുള്ളറ്റ് പറപ്പിച്ചു….

ചെട്ടികുളങ്ങര റെയില്‍വേ ഗേറ്റിന്റെ ആദ്യ ഹമ്പില്‍ കയറിയിറങ്ങിയതും അലൂമിനിയം കലം ചോറോട്കൂടി വീഴുന്ന ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…

“ചേട്ടാ വണ്ടിയേന്ന് ഏതാണ്ട് പൊയീ………………” റോസിന്റെ കൈകള്‍ ബിനുവിന്‍റെ ചുമലില്‍ അള്ളി…

രണ്ടാമത്തെ ഹമ്പില്‍ കയറിയിറങ്ങിയ ബിനു ബുള്ളറ്റ് നിര്‍ത്തി, സൈഡ്സ്റ്റാന്‍ഡില്‍ വെച്ച് റോസിനെ ഒന്ന് നോക്കി ഗൗരവത്തില്‍, ഞാന്‍ നോക്കിയിട്ട് വരാം എന്ന ഭാവത്തില്‍ ബുള്ളറ്റില്‍ നിന്നും പോയ സാമഗ്രിയുടെ അടുത്തേക്ക് നടന്നു..

ദാ കിടക്കുന്നു കുഴലുപോലത്തെ എന്തോ ഒരു സാധനം…ഇത്രേയുള്ളോ എന്ന ഭാവത്തില്‍ റോസിനെ നോക്കിയൊന്ന് പുഞ്ചിരിച്ച്…….

“ഇത് എൻഫീൽഡിന്റെ ഒരു സുനാപ്പിയാ..” എന്നും പറഞ്ഞ് മസില് ലൂസാക്കി ഒന്ന് കുനിഞ്ഞ് വലതുകൈകൊണ്ട് സുനാപ്പി എടുത്തതും…

“അമ്മേ……………………………………………………………….”എന്നൊരു നിലവിളിയാണ് റോസ് കേട്ടത്.

ഇടതുകൈകൊണ്ട് വലതുകൈതണ്ടയില്‍ പിടിച്ച് കണ്ണുമിഴിച്ചു ബോധാമുണ്ടോ, ഇല്ലയോ എന്ന് തിരച്ചറിയാന്‍ വയ്യാത്ത അവസ്ഥയില്‍ ബിനു w പോലെ കിടപ്പുണ്ട്. റോസിന് അകെ പരിഭ്രമമായി..ബിനുവിന്‍റെ വലതുകൈവെള്ള പൊള്ളിക്കുടുത്ത് ,മാംസമൊക്കെ വെളിയില്‍ വന്നിരിക്കുന്നു….

നിലവിളികേട്ടോടി വന്ന ഗേറ്റ്കീപ്പര്‍ വാസുവണ്ണന്‍ പോള്ളിക്കുടുത്ത ബിനുവിന്‍റെ കൈകണ്ട് അറിയാണ്ട് ചോദിച്ചുപോയി…..”ഇതാണോ കൈക്കുടുന്ന നിലാവ്”..

റോസ്മേരിയുടെ കണ്ണും, സിറ്റ്വേഷന്റെ സീരിയസ്നെസും മനസിലാക്കിയ വാസുവണ്ണന്‍ അതുവഴിവന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ബിനുവിനെപൊക്കി വാണ്ടിയിലിട്ട് , ബുള്ളറ്റ് ഓരം ചേര്‍ത്ത് പൂട്ടി താക്കോല്‍ റോസിനെ ഏല്‍പിച്ചു ഓട്ടോയില്‍ കേറ്റിയയച്ചു..

ആശുപത്രിയില്‍ നിന്ന് മരുന്ന് ഭദ്രമായി വലതുകയ്യില്‍ തന്നെ തേച്ചുമിനുക്കി വീട്ടിലെത്തിയപ്പോഴേക്കും സംഭവമറിഞ്ഞ ഷുക്കൂറും എത്തി..

“അളിയാ..അത് ബുള്ളറ്റിന്റെ സൈലന്‍സര്‍ ബഫല്ലോ ആരുന്നടാ…” ഷുക്കൂര്‍ വിവരിച്ചുകൊടുത്തു.

“ബഫല്ലോയോ..” വേദന കടിച്ചമര്‍ത്തി ബിനു സംശയിച്ചു…..

“ബഫല്ലയോ, ബാസിലോ, ബെസിലോ..അങ്ങനെന്തോ ഒരു സാധനമാണ്..നിനക്ക് പറഞ്ഞാലറിയില്ല..അത് ചൂടായ സാധനമാണ്,പിടിച്ചാല്‍ പൊള്ളുമെന്നറിയാത്ത പോഴന്‍…”

“അതേയ്..ഞാനീ പോളീടെക്നിക്കിലോന്നും പഠിച്ചിട്ടില്ല…കൈയ്യൊന്ന് നേരെയിക്കോട്ടേ..നിന്നെ കണ്ടു ബുള്ളറ്റില്‍ ശിഷ്യപ്പെടുന്നുണ്ട്…”

ഇനിയും നിന്നാല്‍ വാപ്പ വീട്ടിലിരുന്ന് തുമ്മും എന്ന് മനസിലായപ്പോള്‍ ഷുക്കൂര്‍ സ്കൂട്ടായി…..”അളിയാ താക്കോല്‍ എടുത്തിട്ടുണ്ട്…വണ്ടി ഞാന്‍ പോയെടുത്തോളാം”

“ഓ ശരി”

എങ്ങനെയൊക്കെയോ ഇരുട്ടു വീണു..രണ്ടാം രാത്രി….വിശ്രമത്തിലായത് കൊണ്ട് 8 മണി മുതലേ ബിനു കട്ടിലില്‍ തന്നെയുണ്ട്‌. കുങ്കുമപ്പൂവും, പാരിജാതവും പാദസരവും എല്ലാം കഴിഞ്ഞ് റോസ്മേരിയും മുറിയിലെത്തി..കിടക്കയില്‍ ഇരുന്നു..കുറെ നേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു…

നിശബ്ദതയെ ഭേദിക്കാന്‍ റോസ്മേരി തന്നെ മുന്‍കയ്യെടുത്തു..

“എന്നാലും എന്‍റെ ബുനുവേട്ടാ..നിങ്ങള് എന്തുംമാത്രം ധൈര്യം ഉള്ളയാളായിട്ടാ അന്ന് രാത്രി ഞങ്ങടെ വീട്ടില്‍ ഓടിളക്കി കയറിയത്..അല്ലെ?”

വലതു കയ്യുടെ വേദന ബിനു ലേശം മറന്നു…പുതപ്പിനുള്ളിലേക്ക് വലതുകയ്യറിയാതെ ഇടതുകയ്യാല്‍ റോസിനെയും ആനയിച്ചുകൊണ്ട് ബിനു മെല്ലെ അവളുടെ കാതുകളില്‍ പറഞ്ഞു:

“കള്ളന്മാരും പിടിച്ചുപറിക്കാരുമൊക്കെയുള്ള ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രി കൊണ്ട് ഓടി നടന്നു കണ്ടവനാണീ ബിനു..ആയെനിക്ക് നിന്‍റെ വീട്ടില്‍ രാത്രി കയറുക എന്നത് പൂ പറിക്കുന്നത് പോലെത്തെ ഈസിയായ പരിപാടിയാണ്…”

ഇല്ല തീരുന്നില്ല, ബിനുവിന്‍റെ ഊളഡയലോഗുകള്‍ അവസാനിക്കുന്നില്ല…

ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയാതിരിക്കട്ടെ എന്ന പോലെ ഇടതു കൈ പുതപ്പ് വലിച്ചു മൂടി……പുതപ്പിനുള്ളില്‍ നിന്നും റോസിന്റെ പുഞ്ചിരിയില്‍ കലര്‍ന്ന ” ബിനുവേട്ടന്‍ പുലിയാണ്” എന്ന ഡയലോഗ്, ഖൈത്താന്‍ ഫാനിന്റെ ശബ്ദം അലിയിച്ചു കളഞ്ഞു….

അതെ ബിനു പുലിയാണ്…………………………………………………………

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : കിട്ടാനുള്ളത് എന്തായാലും കിട്ടും, എന്നാലും പറയാം..കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്..മറിച്ചു തോന്നരുത്..എന്നിട്ടും പോരെങ്കില്‍ ബിനുവണ്ണനോട്…ഈ ആഴ്ച ഞാന്‍ മാവേലിക്കരയ്ക്ക് വരില്ല, വരുമ്പോള്‍ സൗകര്യം പോലെ വാങ്ങിച്ചോളാം