ജീവന്‍ ഹിന്ദുവാണ്

ജീവനും ഞാനും എഴാം ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്. വന്ന ദിവസം തന്നെ രജിസ്റ്ററില്‍ ജീവന്‍റെ മതം കാണാനില്ലെന്ന ക്ലാസ്ടീച്ചറുടെ സംശയത്തിനുമുന്‍പില്‍ “എനിക്ക് മതമില്ല ടീച്ചര്‍” എന്ന് പറഞ്ഞ നിഷ്കളങ്കനായ് ആ ബാലന്‍റെ മുഖം ഇന്നും ഒളിമങ്ങാതെ എന്‍റെ ഓര്‍മയിലുണ്ട്.
“എനിക്ക് അച്ഛനില്ല”, “എനിക്ക് അമ്മയില്ല”, എന്തിനേറെ പറയുന്നു.. “എനിക്ക് നിക്കാറില്ല” എന്ന് വരെ പറഞ്ഞ കൂട്ടുകാരെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്ക് മതമില്ല എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
എന്താണീ മതം, ആരാണീ മതം ഇങ്ങനെയുള്ള കുഴയ്ക്കുന്ന ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ കടല്‍ തീര്‍ത്തു. ഉച്ചയൂണ് കഴിഞ്ഞു സ്കൂളിനുപുറത്ത്
പോയി വാങ്ങുന്ന ബോംബെ പൂട പോലെയുള്ള വല്ല സാധനവുമാണോ?
അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ? അന്വേഷിച്ചു, പക്ഷെ കണ്ടെത്തിയില്ല.
മുട്ടുവിന്‍ തുറക്കപ്പെടും എന്നും കേട്ടു. മുട്ടി നോക്കി..മുട്ടിയ വാതിലുകള്‍ എല്ലാം തുറന്നു..പക്ഷെ പറഞ്ഞത് മാത്രം മനസിലായില്ല.

അങ്ങനെ മതമന്വേഷിച്ചുള്ള യാത്രക്ക് ചെറിയ വിരാമമിട്ടുകൊണ്ട് ജീവനുമായി കൂടുതല്‍ അടുത്തു.
ജീവന്‍ ലേശം കറുത്തിട്ടാണ്, ഞാന്‍ ലേശം വെളുത്തിട്ടും. ജീവന്‍റെ വീട്ടുകാരെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടി വീണ്ടും വിസ്മയിപ്പിച്ചു…
അവന്‍റെ അമ്മയുടെ പേര് ഭാരതി എന്നാണത്രേ..അതില്‍ അതിശയമൊന്നുമില്ല..പക്ഷെ അവന്‍റെ അച്ഛന്‍റെ പേരും ഭാരതി എന്നാണത്രേ…………അതെങ്ങനെ ശരിയാകും…
അച്ഛനും അമ്മയ്ക്കും ഒരേ പേര്? അങ്ങനെ ഉത്തരം കിട്ടാത്ത സംശയങ്ങളുടെ കൂടെ ഒരെണ്ണം കൂടി. ആ സംശയം ജീവനോട്‌ ചോദിച്ചില്ല. ഉള്ളിലെ
കനലുകളില്‍ ഇട്ടു ഊതിക്കാച്ചി.

ഉച്ചയൂണിനു ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. ജീവന്‍റെ കൊച്ചു ഡബ്ബയില്‍ ചോറിനൊപ്പം എന്നും തൈരും, മുട്ട വറുത്തതും കാണും. അതിന്‍റെ
പങ്ക് പറ്റാന്‍ എനിക്ക് ഒട്ടും തന്നെ വിഷമം തോന്നിയിരുന്നില്ല, എനിക്ക് പകുത്ത് നല്‍കുവാന്‍ ജീവനും മടിയുണ്ടായിരുന്നില്ല.

സൗഹൃദത്തിന്‍റെ ഒന്നര ആഴ്ച പിന്നിട്ടു കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്ചയാണ് മറ്റൊരു സ്കൂളില്‍ നിന്നും ടി സിയും വാങ്ങി ഞങ്ങള്‍ക്കിടയിലേക്ക് ഗോവിന്ദന്‍ നായര്‍
എന്ന വെളുത്ത് തുടുത്ത വെണ്ണക്കട്ടി കടന്നുവരുന്നത്. എനിക്കും ജീവനുമൊപ്പം ഒരെബെഞ്ചില്‍ സ്ഥാനം കിട്ടി ഞങ്ങള്‍ക്കിടയിലേക്ക്..

വന്നതിന്‍റെ രണ്ടാം ദിവസം തന്നെ ഗോവിന്ദന്‍റെ ഒരു ചോദ്യം എന്നോട്…”നീ ഹിന്ദുവാണോ?”
“മ്, സര്‍ട്ടിഫിക്കട്ടിലോക്കെ അങ്ങനാ, പിന്നെ അമ്മ പറഞ്ഞതും അങ്ങനാ..എന്താ ഗോവിന്ദാ?”
എന്‍റെ മറുപടി അവനില്‍ പുഞ്ചിരിയുടെ മഴവില്ല് വിരിയിക്കുന്നത് ഞാന്‍ കണ്ടു.

“ജീവനോ? അവന്‍ ഹിന്ദുവാണോ?”
“ആ എനിക്കറിയില്ല”

“എന്നാ നീ അവനോടൊന്നു ചോദിക്ക്. അഹിന്ദുക്കളുമായുള്ള സഹവാസം എനിക്ക് പറ്റില്ല. അതുകൊണ്ടാ”

ഗോവിന്ദന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലായില്ലെങ്കിലും, ജീവന്‍ ഹിന്ദുവാണോന്ന്‍ ചോദിക്കാമെന്ന് ഞാനേറ്റു.
അന്ന് തന്നെ ജീവനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കൌതുകം വിടാതെ ഞാന്‍ ചോദിച്ചു
“ജീവന്‍ ഹിന്ദുവാണോ?”

എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് ആദ്യം ഒരു പുഞ്ചിരിയായിരുന്നു മറുപടി..പിന്നെ പുഞ്ചിരി മാഞ്ഞു. ഇപ്പോള്‍ ആ മുഖത്ത് കുട്ടിക്കളിയില്ല, അച്ഛന്‍റെ മുഖത്ത് കാണാറുള്ള ഗൗരവം കലര്‍ന്ന ചിരി.

“ഇല്ല പൊടിമോനെ, എനിക്ക് മതമില്ല”
ങേ..ദേ പിന്നേം മതമില്ലെന്ന്

അപ്പൊ ഈ ഹിന്ദു എന്ന് പറയുന്നതാണ് മതം..അങ്ങനെ വരട്ടെ….
അങ്ങനെ ഒരു സംശയത്തിന്‍റെ തോട് പൊളിച്ച സന്തോഷത്തില്‍ ഞാന്‍ ഗോവിന്ദന്‍റെ അടുത്തെത്തി കാര്യം പറഞ്ഞു..നായര്‍ക്ക് വിശ്വാസം വന്നില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനും എനിക്കുമൊപ്പം നായരും ഉച്ചയൂണിനു കൂടി. ഒരുമിച്ചിരുന്നാലും നായര്‍ ജീവനെ കഴിവതും സ്പര്‍ശിക്കതിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നും..ജീവന്‍റെ തൈരും മുട്ടയും പഴയത് പോലെ രണ്ടായി തന്നെ പകുത്തുപോന്നു..നായര്‍ ഒഴിഞ്ഞു നിന്നു.

കാലം കോഴികൂവിയും, കാക്കകരഞ്ഞും, കലണ്ടര്‍ മറിച്ചും കടന്നുപോയി…
എഴാം ക്ലാസില്‍ നിന്നും എട്ടിലേക്ക്, നായര്‍ ഞങ്ങളുടെ ബെഞ്ചില്‍ നിന്നും ഒരു ബെഞ്ച്‌ പിന്നിലേക്ക്‌..
എട്ടില്‍ നിന്നും ഒന്പതിലേക്കും, ഒന്‍പതില്‍ നിന്നും പത്തിലേക്കും പറന്നു കയറി..നായര്‍ പിന്നെയും പിന്നെയും പിന്നിലേക്ക് പറന്നു മാറി.

പത്താം ക്ലാസില്‍ എത്തിയിട്ടും ഗോവിന്ദന് മാറ്റമില്ല..മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ല!
ഗോവിന്ദന്‍റെ സംശയങ്ങള്‍ എന്നെ വീണ്ടും സംശയാലുവാക്കി. ഞാന്‍ വീണ്ടും ജീവനരികില്‍ എത്തി ചോദ്യം മറ്റൊരുതരത്തില്‍ ആവര്‍ത്തിച്ചു..
“ജീവന്‍ ഹിന്ദുവല്ലേ?”
“പൊടിമോന്‍ വരൂ..”
ജീവന്‍ എന്‍റെ കൈയും പിടിച്ചു പള്ളിക്കൂടത്തിന്‍റെ തെക്കേമൂലയിലെ വലിയ നെല്ലിമരത്തിന്‍റെ ചോട്ടിലേക്ക് എത്തി. കരിഞ്ഞുണങ്ങിയ നെല്ലിയിലകളും, പഴുത്ത് മഞ്ഞിച്ച നെല്ലിയിലകളും തീര്‍ത്ത പരവതാനിയില്‍ ഇരിപ്പുറപ്പിച്ച ശേഷം ജീവന്‍ എന്‍റെ കൈപിടിച്ച് അടുത്തിരുത്തി.
മുകളില്‍ പൊട്ടുപോലെ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിയ്ക്കുന്ന നെല്ലിയ്ക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ജീവനരികിലിരുന്നു. ഈ സമയം മൂത്രപ്പുരയില്‍ നിന്നും ഇറങ്ങി വന്ന മജീദ്‌ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു..
“ഇങ്ങള് എന്തെടുക്കുവാ?”
മജീദിന്‍റെ ചോദ്യത്തിന് ജീവനാണ് മറുപടി പറഞ്ഞത്..
“ഓ ചുമ്മാ..നെല്ലിയ്ക്ക നോക്കിയിരിക്കുവാരുന്നു..”
ഇതൊക്കെ കേട്ടും കണ്ടും എതിരെ വന്ന റസിയ വാ പൊത്തി ചിരിച്ചുകൊണ്ട് മൂത്രപ്പുരയിലേക്ക് ഓടി.
കണ്ണിലെ കൃഷ്ണമണി ഒന്ന് കറക്കി ചുറ്റിലും നോക്കി ചിരിച്ചുകൊണ്ട് മജീദ്‌ പെട്ടന്ന് തന്‍റെ തുറന്നുകിടന്ന നിക്കറിന്‍റെ സിബ്ബ് വലിച്ചിട്ടുകൊണ്ട് ക്ലാസ്സിലേക്കോടി.
പെട്ടന്ന് തളം കെട്ടിയ മൗനത്തിനു തിരശ്ശീലയിട്ടുകൊണ്ട് ജീവന്‍ മുരടനക്കി.

“ഞാന്‍ പൊടിമോനെ ഇവിടേക്ക് വിളിച്ചുകൊണ്ട് വന്നത് ഒരു രഹസ്യം പറഞ്ഞു തരാനാണ്..”
“എന്ത് രഹസ്യം” എന്‍റെ ജിജ്ഞാസ കൂടി.

“ആരാണ് ഈ ഹിന്ദു എന്ന കാര്യം”

“ആരാണീ ഹിന്ദു..ഞാനല്ലേ?”

“ഹിന്ദു ആരാണെന്നു അറിയുന്നതിന് മുന്‍പ് മതമെന്താണെന്ന് അറിയണം..
മതം എന്ന വാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്..അതായത് ക്രിസ്തുമതമെന്നാല്‍ ക്രിസ്തുവിന്‍റെ അഭിപ്രായങ്ങള്‍..അത്രേയുള്ളൂ..അതൊക്കെ അഭിപ്രായങ്ങളാണ്..വേണെമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ ഉപേക്ഷിക്കാം”

“അല്ല, ഹിന്ദു മതത്തിന്‍റെ കാര്യമല്ലേ നമ്മള് പറഞ്ഞുവന്നത്”

“അതെ, ഹിന്ദുമതം..അതായത് ഹിന്ദുവിന്‍റെ അഭിപ്രായങ്ങള്‍..അപ്പോള്‍ ആരാണീ ഹിന്ദു,,അത് ഒരാളാണോ..അങ്ങനെ ഒരാളാക്കാന്‍ പറ്റുമോ?…”
“ആപ്പോള്‍…?” എനിക്കൊന്നും മനസിലായില്ല.
“അപ്പോള്‍ ആരാണീ ഹിന്ദു എന്നല്ലേ?..പറയാം…
സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

“ഉം മനസിലായി,..” ഒന്നും മനസിലായില്ലെങ്കിലും മനസിലായി എന്ന മട്ടില്‍ തലയാട്ടി.
പിന്നെയും എന്തൊക്കെയോ പറഞ്ഞു…..
അതാ മണിയടി ശബ്ദം കേള്‍ക്കുന്നു..പപ്പുവേട്ടന്‍ മണിയടിക്കുന്നു..കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ കേറുന്ന പോലെ എല്ലാവരും ക്ലാസ്സുകളിലെക്കോടി..ഞങ്ങളും.

പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സില്‍ കുഴഞ്ഞു]മറിഞ്ഞു കിടക്കുന്നു..
ക്ലാസ്സുകള്‍ പിന്നെയും…മണി സാറും, രഘു സാറും, ഗീത ടീച്ചറും വന്നുപോയി..എന്തൊക്കെയോ കുത്തിക്കുറിച്ചു..

കൃത്യനിഷ്ഠയുള്ള പപ്പുവേട്ടന്‍ കൃത്യം നാലുമണിക്ക് തന്നെ കൂട്ടമണിയടിച്ചു..കോഴിക്കൂട് തുറന്നുവിട്ട പോലെ പരക്കം പാച്ചില്‍..എല്ലാവരും ഓട്ടം തുടങ്ങി. എന്‍റെ മനസ്സ് കലുഷിതമായിരുന്നു.
കണ്ണുകള്‍ ഗോവിന്ദനെ പരതുകയായിരുന്നു. ഗോവിന്ദനും ഓടാനുള്ള ഒരുക്കത്തിലാണ്..പോക്ക് കണ്ടാല്‍ തോന്നും എന്തോ അത്യാവശ്യമാണെന്ന്..ഒരു കാര്യവുമില്ല..റോഡുവക്കിലെയും, അടുത്ത പറമ്പിലെയുമൊക്കെ കശുവണ്ടി പെറുക്കിക്കൂട്ടാനുള്ള വെപ്രാളമാണ്.

“ഗോവിന്ദാ…” ഞാനുറക്കെ വിളിച്ചു.
കലപിലകള്‍ക്കിടയിലൂടെ ഒഴുകിയെത്തിയ എന്‍റെ ഘോരശബ്ദം അവന്‍റെ കാത് തുളച്ചു. ഗോവിന്ദന്‍ തിരിഞ്ഞു നിന്നു.

“എന്താണ്ട്രാ..”
“നീ വന്നേ, രൌ കാര്യം പറയാനുണ്ട്‌”
ഞാന്‍ ഗോവിന്ദനെയും കൂട്ടി നെല്ലിമരചോട്ടിലെക്കോടി.
“എന്തടാ കാര്യം..നീ പറ”
“ഡാ നമ്മുടെ ജീവന്‍ ഹിന്ദുവാണ്”
ഗോവിന്ദന്‍റെ കണ്ണുകള്‍ ചെറുതായി ഒന്ന് തള്ളിയോ എന്ന് തോന്നി.
“ഓഹോ അവന്‍ നിന്നോട് പറഞ്ഞോ?”
“ഉം, അത് മാത്രമല്ല, നീയും ഞാനും, മജീദും, റസിയയും എല്ലാരും ഹിന്ദുക്കളാണെന്നും പറഞ്ഞു.”
“ഓഹോ അപ്പൊ അവന്‍ കളിയാക്കിയതാണല്ലേ”
“അതല്ലെടാ…ഈ ഗോത്ര സംസ്കാരത്തിന്‍റെ ഇരുണ്ട കാലഘട്ടമാണല്ലോ ദൈവങ്ങളെ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളുമായും ബന്ധപ്പെടു…..”
“ങേ..നീ എന്തോന്നെടെ, ആറാംതമ്പുരാനിലെ ഡയലോഗ് വിടുന്നോ? നീയും ആളെ കളിയാക്കാന്‍ ഇറങ്ങിയതാണോ?”

“ഛെ..ഇതല്ല..ഈ ഹിന്ദുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം……ഒഹ് എല്ലാം മറന്നു പോയി ഗോവിന്ദാ…ഛെ..നാളെ ഞാന്‍ ജീവനോട്‌ ചോദിച്ചിട്ട് പറയാം”
“പോടെ, ചുമ്മാ മനുഷ്യന്‍റെ സമയം കളയാന്‍, എനിക്ക് പോയിട്ട് അണ്ടി പെറുക്കാനുള്ളതാ, നീ പോയെ..”
മറവി വരുത്തിയ നാണക്കേടില്‍ തലകുനിച്ചു ഞാനും കളമൊഴിഞ്ഞു.

പിറ്റേന്ന് ഉച്ചക്ക് കാര്യങ്ങള്‍ ഒന്നുകൂടി പഠിക്കാന്‍ ജീവനെ നോക്കിയപ്പോള്‍, ജീവന്‍ അതാ ഗോവിന്ദന്‍റെ കൈയ്യും പിടിച്ചു നെല്ലിമരചോട്ടിലേക്ക് പോകുന്നു. ഹോ രക്ഷപെട്ടു.
പത്താം ക്ലാസ്സ് പാസായി..വഴികള്‍ പലതായി പിരിഞ്ഞു..ജീവന്‍ എങ്ങോട്ടോ മാഞ്ഞു പോയി..ഗോവിന്ദന്‍ കണ്മുന്‍പില്‍ തന്നെയുണ്ടായിരുന്നു. ഇടയ്ക്കിടെ പലയിടങ്ങളിലായി ഗോവിന്ദനെ കാണുന്നത് കൊണ്ട് ആ പരിചയം മാത്രം തുടര്‍ന്നു….
ഗോവിന്ദന്‍ ഇന്ന് പ്രശസ്തിയിലെക്ക് കുതിക്കാന്‍ പോകുന്ന ഒരു ചെറിയ കുത്തക കമ്പനിയുടെ കേരളത്തിലെ ഓഫിസിന്‍റെ തലപ്പത്ത് എവിടെയോ ആണ്.

ഒരു ഞായറാഴ്ച്ചയുടെ ആലസ്യത്തില്‍ ചുവരുകള്‍ കൊണ്ട് നഗ്നത മറച്ച് കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
ഗോവിന്ദനാണ്

“ഹലോ..”
“ഡാ പൊടി, ഞാനാ ഗോവിന്ദന്‍”
“ആ..പറയടാ..എന്താണ് വിശേഷം”
“ഒരത്യാവശ്യ കാര്യമാണ്..നിന്‍റെ പരിചയത്തില്‍ ജാവ അറിയാവുന്ന ഫ്രീലാന്‍സ് ചെയ്യുന്ന പിള്ളേര് ആരെങ്കിലുമുണ്ടോ?”
“ഉം..നോക്കാം..”
“ഉം നീ ഒന്ന് കാര്യമായിട്ട് തിരക്കണം, അത്യാവശ്യമാണ്..പിന്നേ..”
“വേറെന്ത്?”
” നീ നോക്കുമ്പോ, ഹിന്ദുക്കള്‍ ആയിട്ടുള്ള ആരെങ്കിലും വേണം. നമ്മുടെ കമ്പനിക്ക് ഹിന്ദുക്കള്‍ മതി അതുകൊണ്ടാ..മറ്റവന്‍മാരുമായിട്ടുള്ള ഇടപാട് എനിക്ക് ശരിയാവുകയില്ല. അതുകൊണ്ടാ”
“ഉം..ശരിയെടാ..ഞാന്‍ ഒന്ന് നോക്കട്ടെ…..”

സംഭാഷണം അവസാനിച്ചു. ചുവരുകള്‍ നാണത്തോടെ നോക്കിയപ്പോള്‍ വീണ്ടും ബെഡ്ഷീറ്റിനുള്ളിലെക്ക് ഊളിയിട്ടു.

കണ്ണടച്ചു, നിദ്രാദേവി ഒന്ന് കൂടി കനിഞ്ഞിരുന്നെങ്കില്‍…
ജീവന്‍റെ ശബ്ദം വീണ്ടും കേള്‍ക്കുന്ന പോലെയൊരു തോന്നല്‍

“സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

 

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതൊക്കെയും പൊടിമോന്റെ സ്വന്തം കഥാപാത്രങ്ങളും, അഭിപ്രയങ്ങളുമാണ്..ആരുമായും, ഒന്നുമായും ഇതിനു യാതൊരു സമയവുമില്ല. അങ്ങനെ തോന്നിയാല്‍ ക്ഷമിക്കുക.