പഫ്സ്

സ്നേഹത്തിന് കണക്ക് വയ്ക്കാമോ?
അതല്ലെങ്കില്‍ കണക്ക് വെച്ച് സ്നേഹിക്കാമോ?

രണ്ടിനും അരുതെന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നമ്മുടെ ആത്മാര്‍ത്ഥമെന്ന് പറയുന്ന സ്നേഹം ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞകുറേ വര്‍ഷങ്ങളായി മുടങ്ങാതെ എല്ലാമാസവും ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന ഒരു സഹോദരിയും, ആഴ്ചയിലൊരിക്കല്‍ സുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്ന ഒരു സുഹൃത്തും..മിലി..

അങ്ങനെ രണ്ടുപേരുണ്ട്. അതെ ഈ അരവിന്ദിനെ അന്വേഷിക്കാനും ആളുകളുണ്ട്.
അവര്‍ രണ്ടുപേരും മാസവും ആഴ്ചയുമെന്ന കണക്കുവെച്ച് എന്നെ സ്നേഹിക്കുന്നു. അവരുടെ സ്നേഹത്തിന് ഞാന്‍ കണക്കും വെക്കുന്നു.

മിലിയുമായുള്ള സൗഹൃദംസ്കൂളില്‍ നിന്നുതുടങ്ങിയതാണ്.
അപൂര്‍വ്വമായി മാത്രം ചിരിക്കാന്‍ ശ്രമിക്കുന്ന, എന്നാല്‍ എപ്പോഴും വിഷാദം തളംകെട്ടിയ മുഖവുമായി നടക്കുന്ന മിലിയോട് വളരെപെട്ടന്നാണ് അടുത്തത്. ചില സ്നേഹബന്ധങ്ങള്‍ സഹതാപത്തില്‍ നിന്നാണ് ആരംഭിക്കുന്നത്, സമ്മതിക്കാന്‍ മനസനുവദിക്കില്ലെങ്കിലും അതാണ് സത്യം. അവളുടെ വിഷാദത്തിന്‍റെ കാരണങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍, പിന്നെയവളെ ചിരിപ്പിക്കുന്നതിലായി എന്‍റെ ശ്രദ്ധ. അതില്‍ ഞാന്‍ വിജയിച്ചു. മിലിയെ ചിരിപ്പിച്ചതിന്‍റെ ക്രഡിറ്റ് സ്വന്തമാക്കി ഞാന്‍ പോക്കറ്റിലിട്ടു.

ചിരിയും വിഷാദവും പിണക്കവും ഇണക്കവും കൂട്ടത്തില്‍ പഠനവുമൊക്കെയായി ജീവിതചക്രം ഉരുണ്ടുനീങ്ങി.
അതുരുണ്ടുരുണ്ട് എട്ടാം ക്ലാസിലെത്തി.

അക്കാലത്ത് പറങ്കിയണ്ടിയുടെ സീസണില്‍ മാത്രമാണ് എന്‍റെ രാജയോഗം. സ്വന്തം പറമ്പിലും, അന്യന്‍റെ പറമ്പിലും, റോഡുവക്കിലും എന്നിങ്ങനെ എവിടുന്നു കിട്ടിയാലും അവിടുന്നെല്ലാം പറങ്കിയണ്ടി പെറുക്കികൊണ്ട് വന്നുകൂട്ടിവെച്ച് അമ്മയറിയാതെ വില്‍ക്കും. ആ കാശുമായി സ്കൂളിനടുത്തുള്ള ബേക്കറിയില്‍ നിന്നും മുട്ടപഫ്സ് വാങ്ങിത്തിന്ന് സംതൃപ്തിയും സായൂജ്യവുമടയുന്നതായിരുന്നു എന്‍റെ രാജയോഗം.

പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാല്‍, പത്താംതീയതി കഴിഞ്ഞ ടി പി ബാലഗോപാലന്‍ എം എയുടെ അതെ അവസ്ഥയായിരിക്കും എനിക്കും. ചില്ലുകൂട്ടിലിരിക്കുന്ന പഫ്സിനെ നോക്കി വെള്ളമിറക്കിയങ്ങ് പോകും, അത്ര തന്നെ.

ജീവിതം സിനിമകാണാനും പഫ്സ് തിന്നാനും മാത്രമാണെന്ന് ഉള്‍മനസ് പറഞ്ഞുപഠിപ്പിച്ചിരുന്നോയെന്നു സംശയമുണ്ടായിരുന്നു.

പഫ്സിനോടുള്ള എന്‍റെ പ്രണയം മിലി മനസിലാക്കിയതുമുതല്‍ പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാലും ആഴ്ച്ചയിലൊരിക്കല്‍ പഫ്സ് കഴിക്കാന്‍ യോഗമുണ്ടായി. മിലിക്കെവിടുന്നാ പൈസയെന്നു ചോദിച്ച് ഞാനവളെ ബുദ്ധിമുട്ടിച്ചിട്ടുമില്ല.

തമാശയൊന്നും പറഞ്ഞില്ലെങ്കിലും, ഞാന്‍ പഫ്സ് കഴിക്കുമ്പോഴൊക്കെ അവള്‍ ചിരിക്കുമായിരുന്നു. അവളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് പഫ്സ് കഴിക്കുന്നതെന്ന ഒരുകാരണം കൂടി ഞാന്‍ മെനഞ്ഞെടുത്തു.
എന്നാലും ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന ആകാംഷ ഒരു ദിവസം അവളുടെ ചിരിക്ക് അവധികൊടുത്ത് പഫ്സ് പൊതിഞ്ഞെടുത്തു വീട്ടില്‍ കൊണ്ടുപോയി. അമ്മ അടുക്കളയില്‍ പോയതക്കത്തിന് അലമാരക്കണ്ണാടിയുടെ മുന്നില്‍നിന്ന് ഞാന്‍ പഫ്സ് കഴിച്ചുനോക്കി..
ഇല്ല എനിക്ക് ചിരിവന്നില്ല!

“നിനക്ക് പഫ്സിനോടാണോ, എന്നോടാണോ കൂടുതലിഷ്ടം?”

മിലിയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങിയില്ലെങ്കിലും പരുങ്ങുന്നതായി അഭിനയിച്ചു. ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു
“നിന്നെയും മോഹന്‍ലാലിനെയുമാണ്‌ കൂടുതലിഷ്ടം!”

അതിനും അവള്‍ ചിരിച്ചു
“അപ്പൊ എന്നെയാണോ, മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടം?”

“നിന്നെത്തന്നെ അതിലെന്താ ഇത്ര സംശയം”

പറഞ്ഞത് ഒരു കൊച്ചുകള്ളമാണെങ്കിലും അവള്‍ക് സന്തോഷമായി.

പഫ്സും കളിയും ചിരിയുമൊക്കെയായി ഉരുണ്ടുരുണ്ട് പത്താം ക്ലാസായി. (ഞാന്‍ സ്കൂള്‍ ഫസ്ടോടെ പാസായി..സത്യമായിട്ടും സ്കൂള്‍ ഫസ്റ്റാരുന്നു. സര്ട്ടിഫിക്കറ്റൊക്കെയുണ്ട്..അമ്മയാണെ സത്യം.)
പഫ്സും ചിരിയുമില്ലാത്ത കുറേനാളുകള്‍. ഇടയ്ക്കൊക്കെ കാണും, കാണുമ്പോള്‍ പഫ്സൊഴികെ എല്ലാമുണ്ടാകും. ചിരിച്ചുതന്നെ പിരിയും.

പ്ലസ് വണ്ണും പ്ലസ്ടുവുമൊക്കെ കഴിഞ്ഞ് ഞാനങ്ങ് കോളേജില്‍പോകാനും മാത്രം വളര്‍ന്നിരുന്നു. മിലിയുടെ സത്യക്രിസ്ത്യനികളായ അപ്പനുമമ്മയും പെണ്ണിന് ജീവിക്കാന്‍പ്രായോഗികവിദ്യാഭ്യാസം മതിയെന്ന് തീരുമാനിച്ചിരുന്നു. പതിനേഴ്‌ കഴിയാന്‍ കണ്ണുനട്ട് കാത്തിരുന്ന് പതിനെട്ടാം വയസില്‍ തന്നെ മിലിയെ ജോസിന്‍റെ ഭാര്യയാക്കി.

കര്‍ത്താവ്‌ പിണങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന നേരമത്രയും മുട്ടിപ്പായും അല്ലാതെയും പ്രാര്‍ത്ഥിക്കുന്ന ഭര്‍ത്താവും അച്ഛനും അമ്മയുമുള്ള പുതിയ കൂട്ടില്‍ മിലിയുടെ ജീവിതം തുടങ്ങി.

ദൈവനാമത്തില്‍ മാത്രം സംസാരിക്കുന്ന ജോസിന്, വായ തുറന്നാല്‍ കന്നംതിരിവ് മാത്രം പറയുന്ന എന്നോട് സ്വാഭാവികമായും അകല്‍ച്ച തോന്നേണ്ടതാണ്. പക്ഷെ എന്തോ അതുണ്ടായില്ല. കല്യാണത്തിന് പരിചയപ്പെട്ടത് മുതല്‍ എന്നെ സഹിക്കുവാന്‍ ജോസിനെ കര്‍ത്താവ് സഹായിച്ചു.
പക്ഷെ അക്കാര്യത്തില്‍ ജോസിന്‍റെ അപ്പനെയും അമ്മയെയും കര്‍ത്താവു കൈവിട്ടു.

കൂട്ടിലടച്ച തത്തയായിരുന്നുവെങ്കിലും, ആ കൂട്ടിനുള്ളില്‍ സര്‍വ്വസ്വാതന്ത്ര്യമുള്ള തത്തയായിരുന്നു മിലി. വീട്ടുജോലികള്‍ കഴിഞ്ഞു ഇഷ്ടംപോലെ ടി വിയും കണ്ടുകൊണ്ടിരിക്കാം. ശാലോം ടിവി മാത്രമേ കാണാവൂ എന്നൊരു ചെറിയ നിബന്ധന മാത്രം.

ഇനി ഞാന്‍…
ഞാന്‍ കോളേജിലെത്തിയിട്ടും പഫ്സിനോടുള്ള പ്രണയം മാഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ചോറുണ്ടില്ലെങ്കിലും വൈകിട്ട് പഫ്സുകഴിക്കാന്‍ മറക്കില്ല. ഇനിയിപ്പോ ധൂര്‍ത്തിന്‍റെ പേരില്‍ സിനിമകണ്ടാല്‍ അടുത്ത രണ്ടുദിവസം ഊണ് വേണ്ടെന്ന് വെക്കും, ധൂര്‍ത്തിന്‍റെ വിഷമവും മാറും.

ജോസിന്‍റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍കിട്ടിയാല്‍ ഇടയ്ക്കിടെ എന്നെ വിളിക്കുന്നത് മിലിയുടെ പതിവായിരുന്നു. വല്ലപ്പോഴും ജോസും വിളിക്കും, വിളിപ്പിക്കുന്നതാണോയെന്നറിയില്ല. വിളിക്കുമ്പോഴൊക്കെ മിലി വിഷമങ്ങളും, ഞാന്‍ കഴിഞ്ഞ ദിവസം കണ്ട സിനിമയെക്കുറിച്ചും സംസാരിക്കും.
കാലചക്രം ഉളുരുന്നതിനിടയില്‍ ജോസിന് വന്ന ദൈവവിളിയില്‍ ഇരുപത്തഞ്ചാം വയസിലെങ്കിലും മിലി അമ്മയായി.
തത്തയുടെ കൂട്ടില്‍ ഒരാള്‍ക്കുകൂടി തിക്കിത്തിരക്കാന്‍ സ്ഥലമില്ലത്തത് കൊണ്ടോ എന്തോ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്കല്ലാതെ പുറത്തിറങ്ങാന്‍ മിലിയ്ക്ക് അനുവാദം കിട്ടി. അമ്മയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മകന് മോഹന്‍ദാസ്‌ കരംചന്ദ്‌ ജോസെന്ന് പേരിടെണ്ടതാണ്.

കോളേജും പഠനുവുമൊക്കെ കഴിഞ്ഞ് ഉദ്യോഗക്കാരനായപ്പോള്‍ പ്രാണസഖിയായിരുന്ന പഫ്സ് എന്നോട് ചോദിക്കാതെ തന്നെ എന്‍റെയുള്ളില്‍നിന്ന് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി. വല്ലപ്പോഴുമൊക്കെ പഫ്സ് കഴിക്കനിടവന്നാലും ആ പഴയ പ്രണയമുണ്ടായിരുന്നില്ല.

ശനിയാഴ്ച:
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള തുണികള്‍ മുഴുവന്‍ അലക്കിവിരിച്ചു നടുനിവര്‍ത്തിയപ്പോള്‍ സമയം പത്തായി. മാവേലിക്കര സന്തോഷ്‌ തീയറ്ററില്‍ വിക്രമാദിത്യന്‍ ഓടുന്നുണ്ട്. എന്നാപ്പിന്നെ ദുല്ഖറിനെ കണ്ടുകളയാം എന്ന് തീരുമാനിച്ചത് പെട്ടന്നായിരുന്നു.

പോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഒരു ഫോണ്‍കോള്‍. വിരളി ഷുക്കൂറാണ്.
“എന്താടെ രാവിലെ”

“അളിയാ അയാം ടോണി കാണാന്‍ വരുന്നോ?”

“അയാം ടോണി ഇവിടിറങ്ങിയില്ലെന്നാണല്ലോ കേട്ടത്”

“കൊല്ലത്ത് പോയി കാണാനാണ്..ഉച്ചക്കത്തെ ഷോയ്ക്ക്..വരുന്നോ?”

[ആസിഫലിയുടെ സിനിമയ്ക്ക് വരെ ജില്ലതാണ്ടി പോയി കാണുന്നത്ര നിഷ്കളങ്കനാണ് ഷുക്കൂര്‍]
“ഇല്ലളിയാ, ഇന്ന് വിക്രമാദിത്യന്‍ കാണാനിറങ്ങുവാ..നീ വരുന്നോ?”

“ഇല്ലെടാ..ഞാന്‍ മൂന്ന്‍ തവണ കണ്ടതാ…”

“മൂന്ന്‍ തവണയോ..അത്ര നല്ല സിനിമയാണോ?”

“സൂപ്പര്‍ സിനിമയാണളിയാ..

“ഒന്നൂടെ കാണുന്നോ?”

“ഇല്ലളിയാ..ഇന്ന് ടോണിയാണ്..നീ പോയിവാ”

ഷുക്കൂര്‍ കട്ട് ചെയ്തുകഴിഞ്ഞപ്പോ വിക്രമാദിത്യന്‍ കാണാനുള്ള ആഗ്രഹം ഒന്നുകൂടി വര്‍ധിച്ചു.
അങ്ങനെ വര്‍ധിച്ച ആഗ്രഹവുമായി ഇറങ്ങിയതും ദാ വരുന്നു അടുത്ത വിളി..മിലിയാണ്.

“ഹലോ”

“നീയെവിടാ”

“വീട്ടിലാ, മാവേലിക്കരയ്ക്ക് പോകാനിറങ്ങുവാരുന്നു.”

“ടൌണിലോട്ടാണോ, എന്നാ വേഗം വാ ഞാന്‍ ടൌണിലുണ്ട്. മോന് കുറച്ചുസാധനം വാങ്ങാന്‍ വേണ്ടി വന്നതാ. നീയിനിയിവിടെങ്ങാനം വായിനോക്കിനടപ്പുണ്ടോന്നറിയാന്‍ വിളിച്ചതാ..”

“അയ്യോ..ഡീ ഞാന്‍ വേറെ വഴിക്കാ..ഒരു സിനിമകാണാനിറങ്ങിയതാ..”

“ഏത് സിനിമാ?”

“വിക്രമാദിത്യന്‍”

“ഞാനും വരട്ടേടാ..?”
എന്നെ പരുങ്ങലിലാക്കേണ്ട ഒരു ചോദ്യമാല്ലായിരുന്നെങ്കിലും കാരണമറിയാതൊന്നു പരുങ്ങി. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് മറുപടി പറഞ്ഞത്.

“അതിനെന്താ പോര്”

ഞാന്‍ തീയറ്ററിലെത്തുമ്പോ മിലിയും കുഞ്ഞുജോസും എന്നെയുംകാത്ത് അവിടെയുണ്ടായിരുന്നു.
കൗതുകവും കുഞ്ഞുപിള്ളേരെ താലോലിക്കാനുള്ള ഇഷ്ടവുംകൊണ്ട് കുഞ്ഞുജോസിനെ ഞാന്‍ കൈകളില്‍ വാങ്ങി. അവനെങ്ങാനം മൂത്രമൊഴിച്ച് ഷര്‍ട്ട് വൃത്തികേടാക്കുമോ എന്നൊരു ഉള്‍ഭയം കുടുങ്ങിക്കിടന്നിരുന്നു.
പരിചയക്കാരാരെങ്കിലും പരിസരത്തുണ്ടോന്ന് വെറുതെ ഇടയ്ക്കിടെ നോക്കിത്തന്നെ ടിക്കറ്റുമെടുത്ത് വിക്രമാദിത്യന് മുന്നില്‍ ഹാജരായി.

സ്ക്രീനില് ശ്വാസകോശം സ്പോഞ്ച് പരസ്യം വന്നപ്പോള്‍ മിലിയെന്നെ തോണ്ടിവിളിച്ചിട്ട് ഒരു രഹസ്യം പറഞ്ഞു.

“ഞാനാദ്യമായിട്ടാ തീയറ്ററില്‍ വരുന്നത്”
ശാലോമില്‍ നിന്ന് സന്തോഷിലെത്തിയതിന്‍റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.

മറുപടിയായി ഒരു പുഞ്ചിരിമാത്രം ഞാന്‍ നല്‍കി. എന്‍റെ നേട്ടങ്ങളുടെ ചെറിയ പട്ടികയില്‍ ഒരെണ്ണംകൂടി. ഒരാളെ ആദ്യമായി തീയറ്ററില്‍ കൊണ്ടുവന്നുവെന്ന നേട്ടം!

സിനിമ പകുതിയോളമായപ്പോഴേക്കും കുഞ്ഞ് ഒരുറക്കം കഴിഞ്ഞിരുന്നു. പക്ഷെ ഉണര്‍ന്നിരുന്ന നേരമത്രയും അവന്‍ ബഹളമുണ്ടാക്കാതെ സ്ക്രീനില്‍ നോക്കിയിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.. ഇടവേളയുടെ വെളിച്ചം വീണപ്പോഴാണ് ഞാന്‍ മിലിയെ ശ്രദ്ധിച്ചത്, സിനിമതുടങ്ങിയതില്‍പിന്നെ അവള്‍ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നവിധം പ്രസാദിച്ചിരുന്നു മുഖം.

കുഞ്ഞിനെ അവളെയേല്‍പ്പിച്ചു ഞാന്‍ പുറത്തിറങ്ങി..അങ്കിള്‍ ജോണിന്‍റെ ഐസ്ക്രീം വാങ്ങാനാണ് ചെന്നതെങ്കിലും ചില്ലുകൂട്ടിലിരിക്കുന്ന പഫ്സ് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി.
ഒരു പഫ്സും ഐസ്ക്രീമുമായിട്ടാണ് ഞാന്‍ തിരിച്ചുകയറിയത്. അങ്കിള്‍ ജോണിന് വേണ്ടിയാകണം മിലി കൈ നീട്ടിയത്, പക്ഷെ അങ്കിള്‍ ജോണിനെ നീട്ടിക്കൊണ്ട് ഞാന്‍ പഫ്സ് കയ്യില്‍ വെച്ചുകൊടുത്തു.

“നീയെനിക്ക് പഫ്സ് വാങ്ങിത്തന്നിട്ട് പത്തുവര്‍ഷത്തോളമായി..ഓര്‍മ്മയുണ്ടോ അതൊക്കെ…ഇത് നീയന്ന്‍ വാങ്ങിത്തന്ന പഫ്സുകളുടെ ഓര്‍മ്മയ്ക്കാണ്. ഇന്ന് നീ പഫ്സ് കഴിക്ക്..ഞാന്‍ ചിരിക്കാന്‍ നോക്കട്ടെ”
ഞാന്‍ ചിരിച്ചുതുടങ്ങുന്നതിനുമുന്നേ പഫ്സ് വാങ്ങി മിലി ചിരിച്ചുതുടങ്ങി.
അവള്‍ പഫ്സ് കഴിക്കുമ്പോ എനിക്ക് ചിരിവന്നില്ലെങ്കിലും അവശേഷിപ്പുകള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കണ്ടപ്പോളെനിക്ക് ചിരി വന്നു.

വിക്രമാദിത്യന്‍ തീര്‍ന്നു…ദുല്‍ഖറും ഉണ്ണിമുകുന്ദനും യാത്ര പറഞ്ഞുപോയി.
മിലിയെ ബസ് കയറ്റിവിട്ടിട്ട് ഞാനെന്‍റെ ശകടത്തില്‍ വീട്ടിലേക്കും തിരിച്ചു.