കുഞ്ഞനന്തന്റെ കഥ

കൊട്ടും കുരവയും, ആര്‍പ്പുവിളികളും കെട്ടുകാഴ്ചകളും സൗന്ദര്യമത്സരങ്ങളുമായി ഓണാട്ടുകരയുടെ തിരുഹൃദയമായ ചെട്ടികുളങ്ങര ആടിതിമിര്‍ക്കുന്ന ദിവസമാണ് കുംഭത്തിലെ ഭരണി, ചെട്ടികുളങ്ങര ഭരണി!. അങ്ങനെയൊരു ഭരണിനാളിലാണ്‌ കുഞ്ഞനന്തന്‍ ഭൂജാതനായത്‌.

ഗര്‍ഭപാത്രത്തില്‍ നിന്നും  പുറത്തേക്കുള്ള വഴിയില്‍ അണിഞ്ഞൊരുങ്ങിയ ബാലികമാര്‍ താലപ്പൊലിയുമെന്തി വെള്ളിവെളിച്ചം വിതറി സ്വീകരിക്കാന്‍ തയ്യാറായി നിന്നിട്ടും, എല്ലാവരുടെയും മുഖത്ത് കാറും കോളും നിറച്ചു ഗര്‍ഭാപാത്രമെന്ന ഇരുട്ടറയില്‍ കുറച്ചു നേരം കൂടി അള്ളിപ്പിടിച്ചുകിടന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ആയിരുന്നു അവന്‍റെ തിരുപ്പിറവി. പുറത്തേക്കുവരാന്‍ സമയമായിട്ടും വരാന്‍ കൂട്ടാക്കാതിരുന്ന കുഞ്ഞും, ആ വികൃതികള്‍ സഹിച്ച അമ്മയുടെ അവസ്ഥയും കുറച്ചൊന്നുമല്ല ലേബര്‍ റൂമിലെ മാലാഖമാരെയും ഡോക്ടറേയും വിഷമിപ്പിച്ചത്.

അന്ന് അമീര്‍ഖാന്‍റെ ത്രീ ഇടിയട്ട്സ് ഒന്നും ഇറങ്ങിയിട്ടില്ല, അല്ലെങ്കില്‍ വാക്വം ട്യുബോ, സൈകിള്‍ ട്യുബോ ഒക്കെകൊണ്ട് ഡോക്ടര്‍ ഒന്ന് പയറ്റി നോകിയേനെ. എന്തായാലും കരഞ്ഞും, കൂവിയും, അലമുറയിട്ടും, പ്രാര്‍ത്ഥിച്ചും ഒരു വിധം കുഞ്ഞിനെ വലിച്ചു പുറത്തിട്ടു. പുറത്തെടുത്ത് കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം-

ഇത്രയും നേരം ഇരുട്ടറയില്‍ കിടന്നതുകൊണ്ടു കുഞ്ഞിന് ഒരു കരുവാളിപ്പ്! കരുവാളിപ്പ് മാറ്റാന്‍ ഇനി ഇന്ക്യുബെട്ടരില്‍ കൊണ്ട് പോയി ടോര്‍ച് അടിക്കണമത്രെ!
“ഒഹ്, അതിനെന്താ അടിച്ചോ” എന്ന് അച്ഛന്‍ കണാരന്‍.
എല്ലാം കഴിഞ്ഞ് കുഞ്ഞിനെ തിരികെ കൊണ്ട് വന്നപ്പോള്‍ കുഞ്ഞിന് ലേശം, അല്ല അത്യാവശ്യം നന്നായി ഇരുട്ടിന്‍റെ നിറവും സൗന്ദര്യവുമുണ്ട്!

കലണ്ടറില്‍ വര്‍ഷങ്ങള്‍ അതിവേഗം കടന്നുപോകുമ്പോള്‍ അതിനൊത്ത് ശരീരം അത്ര കണ്ട് വളരുന്നില്ല എന്ന യഥാര്‍ത്ഥ്യം കുഞ്ഞനന്തന്‍ വേദനയോടെയാണെങ്കിലും പതിയെ മനസിലാക്കി. മുത്തച്ഛന്‍ സ്നേഹവാത്സല്യങ്ങളോടെ അവനു ചാര്‍ത്തിയ പേരായിരുന്നു “കുഞ്ഞനന്തന്‍”.

മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തില്‍ എല്ലാവരും കുഞ്ഞനന്തന്‍ എന്ന് തന്നെ വിളിച്ചിരുന്നു. ഇഴച്ചില്‍ നിര്‍ത്തി ബാല്യത്തിലേക്ക് നടന്നു കയറിയപ്പോള്‍ കുഞ്ഞനന്തന്‍ തേഞ്ഞ് കുഞ്ഞന്‍ ആയി മാറി. ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് ഓടിക്കയറിയപ്പോള്‍ കുഞ്ഞന്‍ തേഞ്ഞ് തേഞ്ഞ് കുന്തന്‍ ആയി മാറി. ചിലര് വേറെ പേരും വിളിക്കാറുണ്ടായിരുന്നു എന്നാണ് കേട്ടറിവ്!

പേര് മാറ്റാന്‍ ചില്ലറ ശ്രമങ്ങളൊക്കെ കുഞ്ഞന്‍ നടത്തിയെങ്കിലും, മുത്തച്ഛന്‍ എന്ന സെന്റ്റിമെന്സില്‍ അമ്മ ഒരു വിലങ്ങുതടിയായി എന്നുമുണ്ടായിരുന്നു. പിന്നെ പിന്നെ ആ വിളികള്‍ ഒരു ശീലമായി.
………………………..കാലം കുറെ ഓടിപോയിരിക്കുന്നു………………
കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കത്തെ വിളിച്ചുവരുത്തുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുഞ്ഞനന്തനിപ്പോള്‍. നാളെ ചെട്ടികുളങ്ങര കുംഭഭരണിയാണ്, അത് മാത്രമല്ല നാളത്തെ വിശേഷം. തന്‍റെ ജീവിതത്തിലെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ദിവസം കൂടിയാണ് നാളെ! താനിവിടെ ഉറക്കത്തോട് മല്ലിടുമ്പോള്‍ പുറത്ത് തന്‍റെ കല്യാണ ഒരുക്കങ്ങള്‍ നടക്കുകയാണ്.

സമയം രാത്രി രണ്ടു മണിയോളമായിരിക്കുന്നു. കലവറയിലെ ബഹളങ്ങള്‍ അവസാനിച്ചിട്ടില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ പുച്ഛം മാത്രം വാരിക്കോരി തന്ന ദുര്‍മോന്തകളായ അമ്മാവന്മാരും സില്‍ബന്ധികളും കൂടി പന്തലില്‍ എന്തൊക്കെയോ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ബഹളം കേള്‍കാം.

കുഞ്ഞനന്തന് വല്ലാത്ത ദേഷ്യം തോന്നി
“നാശങ്ങള്‍, ഞാനപ്പോഴേ പറഞ്ഞതാ..സദ്യയൊക്കെ വല്ല കാറ്റെറിംഗ്കാരെയും ഏല്പിച്ചാല്‍ മതിയെന്ന്..ആരും കേട്ടില്ല! എങ്ങനെ കേള്‍കാനാ? നമുക്ക് പക്വതയില്ലല്ലോ!
ദിവസത്തില്‍ മൂന്നുനേരം സൂപ്പര്‍മാക്സ് ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും ഷേവ്ചെയ്തിട്ടും ചോണനുറുമ്പ് ചിതറികിടക്കുന്ന പോലത്തെ പഴുതാര മീശയാണ് ആകെ വന്നത്. ആ മീശയിലൊന്നും അച്ഛനും അമ്മയും പക്വത കണ്ടിട്ടില്ല…വിധി അല്ലാണ്ടെന്തുപറയാനാ…”

പക്വത കാതങ്ങള്‍ക്കകലെയാണെന്ന് വീണ്ടും തോന്നിയപ്പോള്‍ കുഞ്ഞന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു, ചുവരില്‍ നിന്നും വാല്‍കണ്ണാടിയെടുത്ത് തന്‍റെ മുഖം ഒന്ന് കൂടി നോക്കി. തന്‍റെ മുഖം കണ്ണാടിയില്‍ കണ്ടതും കുടംപുളി കടിച്ചത് മാതിരിയുള്ള ഒരു പുളിച്ച ഭാവം മുഖത്തേക്ക് ഒഴുകിയെത്തി…ആ ഭാവം വാക്കുകളായി പുറത്തേക്ക് ഒഴുകി…..
“ഉണ്ടാക്കി വെച്ചിരിക്കുവാ…നിറവുമില്ല, മുടിയുമില്ല……..”

കൂടുതല്‍ ഒന്നും പറയാതെ കണ്ണാടി തിരകെവെച്ചു. വീണ്ടും കട്ടിലിലേക്ക്….ആദ്യം കമിഴ്ന്ന്‍ കിടന്നു, അത് ശരിയാകാതെ വന്നപ്പോള്‍ മലര്‍ന്ന് കിടന്നു. മുകളില്‍ കറങ്ങികൊണ്ടിരിക്കുന്ന ഫാനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ മനസിലേക്ക് നീലിമയുടെ മുഖം ഓടിയെത്തി……
അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണോ ആവൊ? അവളും തന്നെപ്പോലെ നാളത്തെ കാര്യങ്ങള്‍ ആലോചിച്ച് ഉറക്കമില്ലാതെ ഉറങ്ങുകയായിരിക്കും…

ഇത്രയും സുന്ദരിയായൊരു പെണ്ണിനെ തനിക്ക് കിട്ടിയതില്‍ കൂടെയുള്ള കുരുപ്പുകള്‍ക്കും, ചില വായിനോക്കികള്‍ക്കും അസൂയയുണ്ട്. ആകെയുള്ള ആശ്വാസം കിടു ബിനു ഒരു താങ്ങായി തനിക്കൊപ്പമുള്ളതാണ്. അവനാണെങ്കില്‍ കല്യാണം കഴിച്ച എക്സ്പീരിയ്ന്‍സും ഉണ്ട്. ബാകിയുള്ളവന്മാരോക്കെ ഇപ്പോഴും വായില്‍ കപ്പലോടിച്ചു നടക്കുന്ന ടീംസാണ്….

നീലിമയെ ആദ്യം കണ്ടത് കുഞ്ഞനന്തന്‍ ഒരു പുഞ്ചിരിയോടെ മനസിലോര്‍ത്തു…
കേളി സാംസ്കാരിക വേദി നടത്തുന്ന സ്റ്റാര്‍ നൈറ്റിനുപോയി സീന്‍ പിടിക്കാനും (സീറ്റ്‌ പിടിക്കാന്‍ എന്നും പറയും) കിടു ബിനുവിനും ഷുക്കൂറിനുമൊപ്പം മാവേലിയ്കരയ്ക് ഒരു ബസില്‍ പോകുകയായിരുന്നു അന്ന്. ബസില്‍ ഒഴിഞ്ഞു കിടന്ന, സ്ത്രീകള്‍ക്ക് തീറെഴുതികൊടുത്ത ഒരു സീറ്റിലിരുന്ന് യാത്ര തുടങ്ങി. സ്ടോപ്പുകള്‍ ഓരോന്ന് കഴിയുമ്പോഴും സ്ത്രീകളുടെ എണ്ണം ബസില്‍ കൂടികൂടി വന്നു. എന്നാല്‍ ഈ പെങ്ങന്മാരെയൊന്നും ഞങ്ങള്‍ കാണുന്നേയില്ല എന്ന ഭാവത്തില്‍ ഒരു ദയയുമില്ലാതെ യാത്ര തുടര്‍ന്നു. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്നും വെള്ളച്ചുരിദാറണിഞ്ഞ ഒരു സുന്ദരി കയറി കുഞ്ഞന്‍റെ സീറ്റിനരികിലായി നിലയുറപ്പിച്ചു.

ആദ്യകാഴ്ചയില്‍ തന്നെ ഒരു ആകര്‍ഷണം തോന്നിയതിനാല്‍ കുഞ്ഞന്‍ അവളെ തന്നെ അടിമുടി സ്കാന്‍ ചെയ്തുകൊണ്ടിരിന്നു. നോട്ടത്തിനു കാന്തികശക്തിയുണ്ടെന്ന് വളരെ പെട്ടന്ന് മനസിലായി!  കുഞ്ഞന്‍റെ കണ്ണില്‍ നിന്നും ബഹിര്‍ഗമിച്ച x-റെ രശ്മികള്‍ അവളുടെ വെള്ളചുരിദാറും തുളച്ച് അകത്തുകടന്ന് അവളുടെ മേനിയില്‍ ഇക്കിളി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഞെട്ടിതിരിഞ്ഞു….

“കുറെ നേരമായല്ലോടാ നോക്കി ചോരകുടിക്കാന്‍ തുടങ്ങിയിട്ട്, എന്താ തീര്‍ന്നില്ലേ?” – വെള്ളചുരിദാറുകാരി വിറഞ്ഞുതുള്ളി.

രംഗം വഷളാകാനുള്ള ആദ്യത്തെ കതിനയായിരുന്നു അത്.

എന്തെങ്കിലും പറയാന്‍ വേണ്ടി നാവ് അനങ്ങിയപ്പോഴേക്കും അവള്‍ക്ക് ചുറ്റും കോറസ്സായി കലപില തുടങ്ങി. കൂട്ടത്തില്‍ നിന്നും ഒരു മദ്ധ്യവയസ്ക എരിതീയില്‍ എണ്ണ വാരിക്കോരിയോഴിച്ചു…
“അല്ലെങ്കിലും ഇവന്മാരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇവനെയൊക്കെ ഉണ്ടാക്കി വിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ”……
(ദേ കിടക്കുന്നു ഫ്രീയായിട്ട് അച്ഛന് മകന്‍റെ വക ഒരു സമ്മാനം.)

അത് നിര്‍ത്തിയതും മറ്റൊരുത്തി നുരഞ്ഞുപൊങ്ങി……”ഇവന്‍റെയൊക്കെ നോട്ടം നമ്മുടെ വേണ്ടാത്തിടത്തോട്ടാ…”

ഇത് കുഞ്ഞന് സഹിക്കാവുന്നതിലപ്പുറമായിരുന്നു…..കുഞ്ഞന്‍ ചീറി….
“വേണ്ടാത്തതാണെങ്കില്‍ എന്തിനാ ചേച്ചി ഇങ്ങനെ കഷ്ടപ്പെട്ട് കൊണ്ടുനടക്കുന്നെ, ഇങ്ങു തന്നേരെ ഞങ്ങള്‍ പൊന്നുപോലെ നോക്കികോളാം..”

ആവേശം തിരതല്ലി പഞ്ച് ഡയലോഗ് പറഞ്ഞുതീര്‍ന്നതും കവിളത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു. പിന്നെയും ആരൊക്കയോ കുരവയിട്ടു, കുറെ കതിനകള്‍ അടുത്തുകൂടി വന്നിട്ട് പൊട്ടാതെ പോയി……ഞങ്ങള് ഈ നാട്ടുകാരേയല്ല എന്ന മട്ടില്‍ ഷുക്കൂറും, ബിനുവും വഴിയോരകാഴ്ചകളില്‍ കണ്ണും നട്ടിരിക്കുന്നു…….

മാവേലിയ്കരയിലെത്തുമ്പോള്‍ പൂരം കഴിഞ്ഞ പൂരപറമ്പ് പോലെ മനസും മുഖവും മ്ലാനമായിരുന്നു. ബസില്‍ നിന്നിറങ്ങി തിരിഞ്ഞുപോലും നോക്കാതെ നേരെ വിട്ടു സിക്സര്‍ ബാറിലേക്ക്….

ആ സര്‍പ്രൈസ് കഴിഞ്ഞ് നാലുമാസങ്ങള്‍ക് ശേഷമാണ് പൊടിമീശ വന്നതിന്‍റെ ബലത്തില്‍ വിവാഹാലോചനകള്‍ തുടങ്ങിയത്. ബ്രോക്കര്‍ ശശിപിള്ള കൊണ്ടുവന്ന ഫോട്ടോകളില്‍ കയറിയിറങ്ങിയ അമ്മ ഒരു സുന്ദരിയെയും കൊണ്ട് പൊങ്ങി വന്നു….അമ്മ തിരഞ്ഞെടുത്ത ഫോട്ടോ കണ്ടു ആദ്യമൊന്നു ഞെട്ടി…അതെ അതവള്‍ തന്നെ…..ആ വെള്ളച്ചുരിദാറുകാരി.

പണി പാലും വെള്ളത്തില്‍ കിട്ടാന്‍ പോകുന്നു എന്ന് ഉള്ളിന്‍റെ ഉള്ളില്‍ ഇരുന്നാരോ വിളിച്ചു പറയുന്നത് പോലെയൊരു തോന്നല്‍.പക്ഷെ അവളുടെ സൗന്ദര്യത്തില്‍ തന്‍റെ ഭയം അലിഞ്ഞു പോയപ്പോള്‍ എന്തായാലും ഒന്ന് പയറ്റി നോക്കാന്‍ തന്നെ കുഞ്ഞന്‍ തീരുമാനിച്ചു.

അങ്ങനെ എന്തും നേരിടാനുള്ള മനക്കരുത്തുമായി പെണ്ണുകാണലിന് ചെന്നു. തന്നെ കണ്ട മാത്രയില്‍ തന്നെ ചൂട് ചായ കൊണ്ടുവന്ന്‍ മുഖത്തേക്കൊഴിക്കുന്നതില്‍ കുറഞ്ഞ സ്നേഹപ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ല…

പക്ഷെ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പറത്തികൊണ്ട് നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായാണ്‌ അവള്‍ “നീലിമ” അരങ്ങിലേക്ക് വന്നത്. അമ്മയുടെ സാരിയുടെ മറവില്‍ പാതി മറഞ്ഞുനിന്നുകൊണ്ട് അവള്‍ കുഞ്ഞനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ കുഞ്ഞന്‍ അറിയാതെ കവിള്‍ തലോടി.
അന്ന് ഈറ്റപ്പുലിയെ പോലെ ചീറിയവളാണോ ഇത്?

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവാം” – എവിടെനിന്നോ ഒരു അശരീരി.
അച്ഛന്‍റെ വായില്‍ നിന്നാണ്. ഹോ ഭാഗ്യം. 26 വര്‍ഷത്തിനിടയില്‍ കായും പൂവും കൊണ്ട് തന്നെ അഭിഷേകം ചെയ്ത നാവില്‍ നിന്ന് ഉപകാരപ്രദമായ ഒരു വരി വന്നല്ലോ.

പെണ്ണും ചെറുക്കനും മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. കുളിക്കടവില്‍ സീന്‍ പിടിക്കുന്ന മാതിരി പമ്മലോടെ ഞങ്ങള്‍ നിങ്ങളെ ശ്രെദ്ധിക്കുന്നതേയില്ല എന്ന ഭാവത്തില്‍ സഭ കൂടിയവരെല്ലാം ഒളിഞ്ഞുനോക്കുന്നുണ്ട്.

ധൈര്യം ആവോളം സംഭരിച്ച് അവളുടെ കണ്ണുകളില്‍ നോക്കി തന്നെ ചോദിച്ചു “നീലിമയ്ക്ക് എന്നോട് വിരോധമോന്നുമില്ലേ?..അന്നത്തെ ആ സംഭവം…..”

“ഏയ്‌ അന്ന് ഞാന്‍ ശരിക്കും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു…ഈ പ്രായത്തില്‍ അതൊക്കെ എന്ജോയ്‌ ചെയ്യേണ്ടതാണ്. അന്നത്തെ സംഭവത്തിന്‌ ശരിക്കും ഞാനാണ്‌ കുഞ്ഞനന്തനോട്
സോറി പറയേണ്ടത്”

——————-ഹോ ഐസ് കട്ടകള്‍ ഷര്‍ട്ടിനുള്ളിലേക്ക് വാരിയിട്ട സുഖം………………………………………………………
“അപ്പൊ നീലിമയ്ക്ക് എന്നെ ഇഷ്ടായോ?”

“മ്” (മൂളല്‍ മാത്രം)

തന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി….അത് മതി. ഇനി കൂടുതല്‍ എന്തെങ്കിലും സംസാരിച്ച് ഉള്ള ഇഷ്ടം കളയേണ്ട എന്ന തീരുമാനത്തില്‍ കുഞ്ഞന്‍ ആ രംഗത്തിനു തിരശ്ശീലയിട്ടു.

പിന്നെയെല്ലാം ശട പടെ, ശട പടെന്നായിരുന്നു…അതിപ്പോള്‍ കല്യാണം വരെ എത്തി നില്‍കുന്നു.

വീണ്ടും കൊട്ടും, കുരവയും, കാലുപിടിക്കലും, ഫോട്ടം പിടുത്തവും, കെട്ടും, പുഷ്പവൃഷ്ടിയും…….ഒടുവില്‍ സദ്യയും…പകല്‍ ചടങ്ങുകള്‍ക്ക് കലാശം.
രാത്രി എട്ടുമണി ആയിട്ടേയുള്ളൂ. എല്ലാവരും ടിവിയുടെ മുന്നില്‍ തന്നെയുണ്ട്‌….കുഞ്ഞനന്തന്‍റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങുന്നുണ്ട്….ടിവിയുടെ ശബ്ദം കാരണം അതാരും കേട്ടില്ല. കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ തന്‍റെ ആദ്യരാത്രിയാണ്..ഓര്‍കുംബോഴെല്ലാം ഒരു ചെറിയ വിറയല്‍ ദേഹമാസകലം പടരുന്നു.

“ഈ നശിച്ച വിറയല്‍ ഒന്ന് മാറിയാല്‍ മതിയാരുന്നു. ഈശ്വരാ…നീയെന്നെ നാണം കെടുത്തുമോ?..”

എട്ടര വരെ ഒരു വിധം പിടിച്ചുനിന്നു. പയ്യെ റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അതാ പുറകില്‍ നിന്നൊരു ശബ്ദം
“എന്താടാ നേരത്തെ കിടക്കാന്‍ പോകുവാണോ? എന്നും പതിനൊന്നു കഴിയാതെ ഉറങ്ങാത്തവനാ….”

അളിയന്‍ ക്നാപ്പന്‍റെ ശബ്ദം..ഇത് മനപ്പൂര്‍വമാ…..
മറുപടിയൊന്നും പറയാതെ ഒരു വളിച്ച ചിരി തിരികെ കൊടുത്ത് റൂമിലേക്ക്, കുഞ്ഞന്‍ റൂമിലേക്ക് കയറിയതും പുതുപെണ്ണ്‍ റൂമില്‍ നിന്നും വെളിയിലേക്കിറങ്ങി……നാണത്തില്‍ പൊതിഞ്ഞ ഒരു ചരിഞ്ഞ നോട്ടവുമായി….

മണിയറയില്‍ കയറിയിട്ടും വിറയലിനു ശമനമില്ല. പതിയെ കട്ടിലില്‍ ഇരുന്നു, പിന്നെ ഒന്നമര്‍ന്നു നോക്കി..കുഴപ്പമില്ല!

തുടര്‍ന്നുള്ള നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ തോന്നി…നെഞ്ചിടിപ്പും, ക്ലോക്കിന്‍റെ സൂചിയുടെ ചലനവും വ്യക്തമായി തന്നെ കേള്‍ക്കാന്‍ സാധിക്കുന്നു, വാതില്പടിക്കപ്പുറം കാല്പെരുമാറ്റം കേട്ടുതുടങ്ങിയതും ഹൃദയം ഒരു മയവുമില്ലാതെ മാരത്തോണ്‍ വേഗത്തില്‍ മിടിച്ചുതുടങ്ങി…
കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി പ്രതീക്ഷിച്ച പോലെതന്നെ നീലിമ കയറിവന്നു. പാല്‍ഗ്ലാസ്‌ മേശപ്പുറത്ത് വെച്ചിട്ട് ഓള് തന്നെ വാതില്‍ കുറ്റിയിട്ട്,  ബെഡില്‍ അടുത്ത് വന്നിരുന്നപ്പോള്‍ കുഞ്ഞന്‍റെ വിറയല്‍ കൂടി….ദൈവമേ..ഇവള്‍ തന്നെ എല്ലാത്തിനും മുന്‍കൈയ്യെടുക്കുന്ന ലക്ഷണമാണല്ലോ കാണുന്നത്. ബിനു അണ്ണന്‍ പറഞ്ഞു തന്നതെല്ലാം കാറ്റില്‍ പറക്കുമെന്നാ തോന്നുന്നേ…….മനസിനെ ബലപ്പെടുത്താന്‍ ബിനുവിന്‍റെ വാക്കുകള്‍ മനസിലോര്‍ത്തു….
“മോനെ കുഞ്ഞാ….ആക്രാന്തം കാട്ടി ആദ്യരാത്രി കുളമാക്കരുത്. ആദ്യദിവസം എന്തെങ്കിലുമൊക്കെ സംസാരിച്ചു മനസുകള്‍ പൊരുത്തപ്പെടുത്തിയെടുക്കണം.അത് വരാനിരിക്കുന്ന ദിനരാത്രങ്ങള്‍ക്ക് ഗുണം ചെയ്യും….”—-ഒരുപാട് സിനിമകളില്‍ കേട്ടുപരിചയമുള്ള ഉപദേശം ആണെങ്കിലും ഇത്തരം കാര്യങ്ങള്‍ ബിനുവിന്‍റെ വായില്‍ നിന്ന് കേട്ടാല്‍ ഒരു പ്രത്യേക ആശ്വാസമാണ്.

ബിനുവിന്‍റെ വാക്കുകള്‍ ചെറിയൊരു ധൈര്യം നല്‍കി. ശാരീരത്തിന്‍റെ വിറയല്‍ മാറ്റി മനസ് ഒന്ന് ശാന്തമാക്കുവാന്‍ ഒന്ന് നടക്കണം. അതിനൊരു ഉപാധിയായി അലമാരയില്‍ നിന്നും പെര്‍ഫ്യും എടുത്ത് പൂശാം…അലമാര വരെയെങ്കിലും നടക്കാമല്ലോ…..
നീലിമയുടെ കൃഷ്ണമണികള്‍ക്ക് കോണുകളിലേക്ക് ചലനം സാധ്യമാക്കിക്കൊണ്ട് കുഞ്ഞന്‍ അലമാര ലക്ഷ്യമാക്കി നടന്നു. വിറയ്കുന്ന കരങ്ങളും, പിടയ്കുന്ന മനസുമായി അലമാര തുറന്നതും ഒരു ഭീമാകാര രൂപം കുഞ്ഞന്‍റെ മേലേക്ക് ചാടിവീണതും ഒരുമിച്ചായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയന്ന കുഞ്ഞന്‍ ദിഗന്തങ്ങള്‍ നടുങ്ങുമാറ് ഒച്ചയില്‍ നിലവിളിച്ചുകൊണ്ട് കുഞ്ഞന്‍ ആ രൂപത്തോടൊപ്പം പിന്നോക്കം നിലംപതിച്ചു…കുറച്ചു നിമിഷങ്ങള്‍ തീര്‍ത്തും നിശബ്ദം..ഇടവേള കഴിഞ്ഞു നീലിമയില്‍ നിന്നുമുതിര്‍ന്നു ഒരു കുഞ്ഞു വലിയ നിലവിളി…..

കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ്‌ വന്ന നീലിമ കാണുന്നത് തന്‍റെ പകുതിയോളം വലുപ്പമുള്ള ഒരു ടെഡി ബിയറിനെയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ തുറന്നു
മലര്‍ന്ന് കിടക്കുന്ന കുഞ്ഞനന്തനെയാണ്.

ഭാഗ്യം ബോധം പോയിട്ടില്ല. നീലിമ തന്നെ കുഞ്ഞനെ ടെഡി ബിയറില്‍ നിന്നും വേര്‍പെടുത്തി എഴുന്നേല്‍പിച്ചു ബെഡില്‍ ഇരുത്തി.

ഒരു മിനിറ്റ് പോലും തികഞ്ഞില്ല. എന്തെ വരാഞ്ഞത് എന്നോര്‍ത്ത വിളികളും, തട്ടലും മുട്ടലും വാതിലിനു പുറത്തുകേട്ടുതുടങ്ങി.

വാതിലില്‍ ആരൊക്കെയോ മുട്ടിവിളിക്കുന്നു. ഡാ കുഞ്ഞാ, കുഞ്ഞാ…എന്നുള്ള കോറസ് നിലവിളികളും കേള്‍കാം. പുറത്തിറങ്ങി ചെന്നാല്‍ എന്ത് പറയണമെന്ന് അറിയാതെ കുഞ്ഞന്‍ കുഴങ്ങി.

കാലങ്ങളായി സ്ഥിരം സന്ദര്‍ഭത്തില്‍ “എന്തോ കണ്ടു പേടിച്ചതാ…..” എന്ന ഡയലോഗും ആക്കിയുള്ള ചിരിയും സിനിമകളില്‍ നിന്നും കണ്ടു ശീലിച്ച
മലയാളികള്‍ തന്നെയാണ് പുറത്തുള്ളത്. അവള്‍ നിലവിളിച്ചതിന് ന്യായീകരണം കണ്ടെത്തിയാലും താന്‍ നിലവിളിച്ചതിന്‍റെ സംശയവിത്തുകള്‍ അവരുടെ മനസ്സില്‍ എന്തായിരിക്കുമോ എന്തോ?

എന്തായാലും നാണം കെടും എന്ന കാര്യത്തില്‍ തീര്‍ത്തും സംശയമില്ല…എന്നാലും ആരായിരിക്കും ഈ കൊലച്ചതി ചെയ്തത്….
.നീലിമയെ പിന്നില്‍ തന്നെനിര്‍ത്തി കുഞ്ഞന്‍ വാതില്‍ തുറന്നു. പുറത്തു സകല തലകളുമുണ്ട്. അച്ഛന്‍, അമ്മ, പെങ്ങള്‍, അളിയന്‍റെ അബദ്ധങ്ങള്‍ രണ്ടെണ്ണം……അളിയന്‍ മാത്രമില്ല

“എന്താടാ എന്തു പറ്റി. എന്ന ചോദ്യം പ്രതീക്ഷിചിടത്ത് കരഞ്ഞു നിലവിളിക്കുന്ന അമ്മയെയും പെങ്ങളെയുമോക്കെയാണ് കണ്ടത്.
“എന്താ അമ്മെ എന്ത് പറ്റി…..”
“കുഞ്ഞാ വേഗം വാടാ…സുഗതനെ പാമ്പ്‌ കടിച്ചെഡാ..നമ്മുടെ മുറ്റത്ത് വെച്ച്….നീ വേഗം വാടാ ആസ്പത്രിയില്‍ പോകണം…..”
“ങേ…..”
അച്ഛന്‍ ഡ്രൈവിംഗ് പടിക്കാഞ്ഞതിന്‍റെ ഭവിഷ്യത്ത് …..ഞാന്‍ താന്‍ തന്നെ പോകണം…
അളിയനെ വാരി കാറിനുപിന്നിലിട്ടു അച്ഛനെയും കൂട്ടി ആസ്പത്രിയിലേക്ക് വിട്ടു….പോകും മുന്‍പ് നീലിമയെ ഒന്ന് നോക്കി…..എന്നോട് ക്ഷമിക്കു മോളെ
എന്ന രീതിയില്‍ ഒരു നോട്ടവും കൊടുത്തിട്ട് കാറ്‌ വിട്ടു…..അവള്‍ക് കൂട്ട് അമ്മയുണ്ട്‌. എന്നാലും ആരുണ്ടായാലും ഈ ദിവസം താനില്ലെങ്കില്‍ അവള്‍കെന്താഘോഷം…..
പല പല മനോവിചാരങ്ങളിലൂടെ മനസും, ഏതൊക്കെയോ വഴികളിലൂടെ കാറും സഞ്ചരിച്ച് ആസ്പത്രിയിലെത്തി….പാമ്പിന്‍റെ വായില്‍ കാല് കൊണ്ട് വെച്ച് കൊടുത്ത അളിയന്‍റെ ഈ ദിവസത്തെ പെര്‍ഫോമന്‍സ് ഓര്‍ത്തു മനസ്സില്‍ അളിയനെ നിമിഷം തോറും ശപിച്ചുകൊണ്ടിരുന്നു…ഏതൊക്കെയോ നിമിഷത്തില്‍ അളിയന്‍റെ അച്ഛനെയും, പെങ്ങളെ ഇങ്ങേര്‍ക്ക് തന്നെ കെട്ടിച്ചു കൊടുത്ത സ്വന്തം അച്ഛനെയും മനസാ ശപിച്ചു…….

മൂന്നാല് മണിക്കൂറുകള്‍ നീണ്ടു നിന്ന ഡോക്ടറുടെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞു അളിയനെ പുറത്തുകൊണ്ടുവന്നു. രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം രക്ഷകന്‍റെ കണ്ണുകളില്‍ കാണാം….ഇനി നാളെ ഡിസ്ചാര്‍ജ് ചെയ്ത് പോയാല്‍ മതിയെന്ന് ഒരു ഉപദേശവും തന്നു ഡോക്ടറുടെ വക
അല്ലെങ്കിലും ഇന്നിനി പോയിട്ട് കാര്യമൊന്നുമില്ല എന്ന് പറയണമെന്നുണ്ടായിരുന്നു കുഞ്ഞന്.

അളിയന്‍റെ കാല്കല്‍ ഒരു കസേരയിലിരുന്നു അച്ഛന്‍ ഉറക്കം തുടങ്ങി…തലയ്കല്‍ ഒരു കസേര വലിച്ചിട്ടു  കുഞ്ഞനും ഇരുന്നു

“എന്നാലുമെന്‍റെ അളിയാ ഇത് വല്ലാത്ത ചതിയായി പോയി…”
അളിയന്‍ ഒന്ന് ചിരിച്ചു…
“അതൊക്കെ പോട്ടെ കുഞ്ഞാ ഞാന്‍ പാമ്പ് കടിച്ചു കിടന്നപ്പോള്‍ നിന്‍റെ റൂമില്‍ നിന്നും ഒരു നിലവിളി കേട്ടല്ലോ? എന്ത് പറ്റി”

“ഒഹ് അതേതോ കൃമികടി കൊണ്ടവന്‍ കാണിച്ച വേല, അലമാരയ്ക്കുള്ളില്‍ ഒരു പാവയെ കൊണ്ട് വെച്ചിരിക്കുന്നു…”
“അളിയാ അത് കൃമികടി കൊണ്ടാവനല്ല, പാമ്പ് കടി കൊണ്ടാവനാ…ഞാനാ അത് കൊണ്ട് വെച്ചത്, മോള്‍ക്ക് വേണ്ടി വാങ്ങിയതാ…ഞങ്ങടെ അലമാരയില്‍ വെയ്കാന്‍ സ്ഥലമില്ലാഞ്ഞിട്ടു……”

“ഓഹോ…തന്നെ പാമ്പായിരുന്നില്ല കടിക്കേണ്ടത്…എന്നെകൊണ്ടൊന്നും പറയിക്കരുത്…ഇവിടെ മനുഷ്യന്‍ അറ്റുനോറ്റ് ഇരുന്ന് കിട്ടിയ ആദ്യരാത്രി പാവയും പാമ്പും എല്ലാം കൂടി ചേര്‍ത്ത് കുളമാക്കിയപ്പോള്‍ തനിക്ക് സമാധാനമായല്ലോ…പെങ്ങള് വഴിയാധാരമായി പോകും എന്നോര്‍ത്തിട്ടാ, അല്ലേല്‍….”

രോഷപ്രകടനം കേട്ടു അച്ഛന്‍ ഉണരുമോ എന്ന് തോന്നിയപ്പോള്‍ കുഞ്ഞന്‍ ശാന്തനായി….

അളിയന്‍ വിഷമസന്ധിയിലായി…..ഒരുത്തന്‍റെ കന്നിയങ്കത്തിന് തടസ്സമാകേണ്ടി വന്നതിന്‍റെ വൈക്ലബ്യം ആ മുഖത്തുണ്ടായിരുന്നു….
“അളിയാ സോറി…എന്നോട് ക്ഷമിക്ക്…ഈ ഒരു രാത്രിയല്ലേ…അത് സാരമില്ല”

കുഞ്ഞന്‍ വീണ്ടും ഫോമായി…..
“ഒരുമാതിരി മറ്റേടത്തെ വര്‍ത്തമാനം പറയരുത്…..പല രാത്രി കഴിഞ്ഞവന് ഒരു രാത്രി ഒരു പ്രശ്നമായിരിക്കില്ല, പക്ഷെ ഈ ഒരു രാത്രി എനിക്കാദ്യരാത്രിയാ…അതോര്‍മ വേണം
കുഞ്ഞന്‍റെ തൊണ്ടയിടറി..കണ്ണുകള്‍ നിറഞ്ഞു”
അല്ലെങ്കിലും ആ ഊള ബിനു ഉപദേശിച്ചപ്പോഴേ തീര്‍ന്നു…..വര്‍ക്കത്തില്ലാത്തവന്‍”

അളിയന്‍ തിരഞ്ഞു കിടന്നു……കുഞ്ഞന്‍ കസേരയില്‍ ചരിഞ്ഞു കിടന്നു……മുകളില്‍ കറങ്ങുന്ന ഫാനുണ്ട്….ഉറക്കത്തിന്‍റെ തിരശ്ശീല കുഞ്ഞന് മാത്രം വീണില്ല.
വീട്ടില്‍ നീലിമ ബെഡില്‍ സുഖമായി കിടന്നു…ഇവിടെയും മുകളില്‍ കറങ്ങുന്ന ഫാനുണ്ട്, ഉറക്കത്തിന്‍റെ തിരശ്ശീല ഇതുവരെ വീണില്ല, ഇപ്പൊ വീഴുമായിരിക്കും.അടുത്ത് കിടന്നുറങ്ങുന്ന അമ്മയ്ക്ക് തിരശ്ശീല എപ്പോഴേ വീണു…..

ഖൈത്താന്‍ ഫാനിനു ശബ്ദം കുറച്ചു കൂടുതലാണ്……

അടിക്കുറിപ്പ്: മരുഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്ത് നീലിമ ചേച്ചിയെയും എന്തിനും പോന്ന രണ്ടെണ്ണത്തിനെയും പോറ്റുന്ന കുഞ്ഞനന്തന്റെ വിവാഹ വാര്‍ഷികത്തിനു പോടിമോന്റെ വക ഒരു സ്നേഹ സമ്മാനം. ഫെബ്രുവരിയില്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ ക്യാമറയുടെ കാര്യം മറക്കേണ്ട…അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു, ഇവിടെ പ്രത്യേകിച്ചു അസുഖമൊന്നുമില്ല…