അമ്രുതോത്സവം – ഒരു മാധ്യമ പൊറാട്ട് നാടകം

123
അങ്ങനെ വീണ്ടും ഒരു  ശ നിയാഴ്ച കടന്നു വന്നിരിക്കുന്നു. ഈ  ശനിയും ഞായറും ഒരു വല്ലാത്ത ദിവസങ്ങളാണ് . ഒരു ജോലിയും  ഇല്ലാത്തതുകൊണ്ട്  മനസ്  എങ്ങോട്ടൊക്കെ ചാഞ്ചാടും എന്ന് ദൈവം തമ്പുരാന് പോലും പറയാന്‍ പറ്റില്ല. അങ്ങനെ  പ്രഭാത കര്‍മങ്ങള്‍ കഴിഞ്ഞു ഇരിക്കുമ്പോഴാണ് മനസിനെ ചാഞ്ചാട്ടത്തില്‍ നിന്നും ഒഴിവാക്കാന്‍ പത്രവായന തുടങ്ങിയത്  , പത്രം ഒന്നോടിച്ചു നോക്കിയപ്പോള്‍ തന്നെ  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി . മാവേലിക്കരയില്‍ കേരള സര്‍വകലാശാല കലോത്സവം നടക്കുന്നു .
പോയാലോ ?
പിന്നെയൊന്നും ആലോചിച്ചില്ല. നേരെ വെച്ച് പിടിച്ചു കലോത്സവ വേദിയിലേക്ക് . അവിടെ ചെന്നാല്‍ കാണാന്‍ പോകുന്ന കളര്‍ഫുള്‍ ചിത്രങ്ങളായിരുന്നു യാത്രാമധ്യേ മനസ്സ് മുഴുവന്‍ . പത്തു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി . ആദ്യം കയറിയത് വേദി മൂന്നില്‍. ഒരുപാട് കളര്‍ പ്രതീക്ഷിച്ചു ഓടിചെന്ന ഞാന്‍ അവിടുത്തെ അന്തരീക്ഷം കണ്ടു ശശി യായി . അലങ്കാരത്തിനു തൂക്കുന്ന സീരിയല്‍ ബള്‍ബ്‌ മാലയുടെ വര്‍ണ്ണ പ്രപഞ്ചം പ്രതീക്ഷിച്ച എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത് കുറെ സര്‍കാര്‍ സ്ട്രീറ്റ് ലൈറ്റ് കളാണ് . ഒന്ന് രണ്ടെണ്ണം കത്തുന്നുണ്ട് , ചിലത് മിന്നും പക്ഷെ കത്തില്ല . പിന്നെ ചിലത് ബള്‍ബ്‌ പൊട്ടിയ നിലയില്‍ .
അങ്ങനെ ശശി യായി നില്കുംബോളാണ് ഞാന്‍ ആ രഹസ്യം അറിഞ്ഞത് , നാടോടി നൃത്തവും മറ്റു മെയിന്‍ പരിപാടികളും നടക്കുന്നത് വേദി ഒന്നിലാണ് . അല്ലെങ്കിലും  കാണുന്നെങ്കില്‍ നാടോടി നൃത്തം കാണണം . എന്താ  ഒരു ….ഒരു  ഇത് . ഏതു ? അതു തന്നെ . അവിടെയെത്തിയപ്പോള്‍ ആദ്യത്തെ സങ്കടം മാറി മനസ് നിറഞ്ഞു . ചിത്രശ ലഭങ്ങള്‍ ധാരാളമുണ്ട് …..അങ്ങനെ പനോരമിക് വ്യൂ കിട്ടുന്ന ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു നാടോടി നൃത്തം കാണാന്‍ തുടങ്ങി .അപ്പോഴാണ് അടുത്തിരിക്കുന്ന രണ്ടു പുരുഷ കേസരികളുടെ സംസാരം ഞാന്‍ ഒളിഞ്ഞു കേള്കാതെ തന്നെ കേള്കാനിടയായി . ആ സംസരത്തിലേക്ക് ….
ഒന്നാമന്‍ : ഡാ സുകു ഇന്നലെ അമൃതയുടെ അടി ഉണ്ടായിരുന്നു . നീ കണ്ടോ?
രണ്ടാമന്‍ : തോന്ന്യാസം പറയരുത് . അവള്‍ അത്തരക്കാരിയല്ല .
ഒന്നാമന്‍ : ഓ അവളല്ലെട, ഞാന്‍ പറഞ്ഞത് തിരുവനന്തപുരംകാരി കരാട്ടെ അമൃത .
രണ്ടാമന്‍ : ഓ ആ അമൃത . അതിനു അവള്‍ അടിയല്ലല്ലോ , ഇടിയല്ലേ ?
ഒന്നാമന്‍ : ഇവന്‍ കുളമാക്കും .
രണ്ടാമന്‍ : ശ രിയാ അവളുടെ ഇടി കൊണ്ട അവന്മാരുടെ നെഞ്ച് കുളമല്ല, പുഞ്ചപ്പാടം ആയെന്നാണ്‌ നികേഷ് കുമാര്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .
ഒന്നാമന്‍ : എടാ പുല്ലേ ഞാന്‍ പറഞ്ഞത് ആ ഇടിയല്ല , ഇത് അടി – ഡ്രംസ് അടി . ഇന്നലെ അവളുടെ ഡ്രംസ് അടി മത്സരം ഉണ്ടായിരുന്നു . ഒരു ഒന്നൊന്നര  അടിയായിരുന്നു .
രണ്ടാമന്‍ : ഓ അതായിരുന്നോ ? ഞാന്‍ കണ്ടില്ലടെ .

ഇത്രയും കേട്ടപ്പോള്‍ എനിക്കൊരു കാര്യം മനസിലായി . ഇത്രയ്ക്കു പോപ്പുലറായ അമൃതയെ അറിയാത്ത ഭാവം നടിച്ചാല്‍ ഞാനൊരു ജാഡ തെണ്ടിയാണെന്ന്  ആള്‍കാര്‍ വിചാരിക്കും .

പിന്നെയും രണ്ടു ഐറ്റം കൂടി കഴിഞ്ഞു ഏതെങ്കിലും  നല്ല  മോഹിനിയാട്ടികളെ  കാണാന്‍ പറ്റുമൊ എന്നറിയാന്‍ ഞാന്‍ റോന്തു ചുറ്റാന്‍ ഇറങ്ങിയപ്പോള്‍, ദാ വരുന്നു മൂന്നു പേര്‍ . മൂന്നു പേരും ഓരോ ദിനപത്രം വീതം എല്ലാവര്‍ക്കും കൊടുക്കുന്നു . എനിക്കും കിട്ടി മൂന്നെണ്ണം- മാതൃഭൂമി , മനോരമ , കേരള കൌമുദി . ആദ്യം മാതൃഭൂമി തന്നെ നിവര്‍ത്തി. രണ്ടും മൂന്നും പേജ് കലോത്സവ വാര്‍ത്തകളാണ് . പേജ് കണ്ടു ഞാന്‍ ഒന്ന് ഞെട്ടി. പേജ് നിറയെ അമൃത . അമൃത ഇരിക്കുന്നു , നടക്കുന്നു, ചിരിക്കുന്നു , കൂട്ടുകാരികളോട് സംസാരിക്കുന്നു ……….. സര്‍വത്ര അമൃത മയം. അതിനിടയില്‍ പേരിനു മാത്രം മറ്റു വാര്‍ത്തകളും . ആവെസത്തില്‍ മനോരമ നിവര്‍ത്തി . കടിച്ചതിനെക്കാള്‍ വലുത് ദേ പുനത്തില്‍ . അവിടെയും അമ്രിതമയം .

ഇനിയുള്ളത്  ഒരു  കിലോ  പഞ്ചസാര പൊതിഞ്ഞാലും  കീറിപ്പോകും എന്ന  ഒറ്റക്കാരണം കൊണ്ട്  മലയാളികള്‍ തഴഞ്ഞ കൗമുദിയാണ് . ഒടുവില്‍ കൌമുദി നിവര്‍ത്തി .  ഹോ സമാധാനമായി . അമ്രിതയുടെ ഒരു വാര്‍ത്ത‍ മാത്രം.
” തിരുവനന്തപുരത്ത് മൂന്ന്  പുരുഷന്മാരെ ഒറ്റയ്ക്ക് തല്ലിയ അമൃത മാവേലിക്കരയില്‍ നിധിന്റെ അടി കൊണ്ട് പുളഞ്ഞു” .
ഞാന്‍ വീണ്ടും ഞെട്ടി . ഈശ്വരാ വീണ്ടും സ്ത്രീ പീഡനമോ . വാര്‍ത്ത‍ വിശദമായി വായിച്ചപ്പോളാണ് പിടികിട്ടിയത്  , അത്  അമൃത ഡ്രംസ് അടിയില്‍ പരാജയപ്പെട്ട വാര്‍ത്തയാണ്  . നിധിന്‍ എന്ന  മത്സരാര്‍ഥിയാണ് വിജയിച്ചത് . അതാണ്  കൗമുദി  പറഞ്ഞത് . ബാകിയൊക്കെ ആര്‍കും വേണ്ടാത്ത മറ്റു വിജയികളുടെ വാര്‍ത്തകള്‍ . എന്തായാലും കൌമുദിയുടെ പത്ര ധര്മത്തില്‍ എനിക്ക് അഭിമാനം തോന്നി . കാരണം മറ്റു  പത്രക്കാരെല്ലാം അമ്രിതയുടെ വാര്‍ത്ത‍  കൊണ്ട് പേജ്  നിറച്ചപ്പോള്‍ , കൗമുദി അത് ചെയ്തില്ല . ആ സന്തോഷം, അതോന്നറിയി ക്കാന്‍ കലോത്സവ മീഡിയ സെന്റ്റെരില്‍ ചെന്നപ്പോള്‍ അവിടെ എന്റെ സുഹൃത്തും കൌമുദി ബ്യുറോ ചീഫും ആയ അനൂപേട്ടനെ കണ്ടു . മാധ്യമ ധര്‍മം കാത്ത എന്റെ സുഹൃത്തിനോട്‌ ഞാന്‍ കാര്യം തിരക്കി
“എന്താ അനൂപേട്ടാ നിങ്ങള്‍ ഇന്ന് അമ്രിതയെ വിട്ടുകളഞ്ഞത് . ചൂട് വാര്‍ത്തയ ല്ലരുന്നോ ?
അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് വെള്ളി യാഴ്ചതെ പത്രം എടുത്തു തന്നു . അത് നിവര്‍ത്തിയ ഞാന്‍ വീണ്ടും ഞെട്ടി . ദേ കൌമുദി നിറയെ അമൃത. ” അമൃത കലോത്സവത്തില്‍ പങ്കെടുക്കും”, അമൃത അടിക്കാനുള്ള പരിശീ ലനത്തില്‍ “, അമൃത മാവേലികരയില്‍ “, “പെണ്സിംഹം നാളെ വേദിയില്‍” ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍ .
” മോനെ മറ്റൊരു പ്പത്രത്തിലും വെള്ളിയാഴ്ച അമ്രിതയെ പറ്റി വാര്‍ത്തയില്ല, ഇത് കൌമുദിയില്‍ മാത്രം ” അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്നാലും നിങ്ങളെങ്ങനെ ?”
” മിനിയാന്ന് വൈകിട്ട് പുന്നമൂട് വഴി പോകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോഴാണ് ഞാന്‍ അറിഞ്ഞത് ഇവിടെ അടുത്തൊരു വീട്ടില്‍ അമൃത എത്തിയിട്ടുണ്ടെന്നു . അമൃതാനന്ദമയി അമ്മയാണെന്ന് കരുതി ഓടി ചെന്ന് നോക്കുമ്പോള്‍ , ദേ നമ്മുടെ അമൃത  . പിന്നെ താമസിച്ചില്ല . രണ്ടു മൂന്ന് ഫോട്ടോയും പിടിച്ചു അപ്പോള്‍ തന്നെ വാര്‍ത്ത പ്രിന്റ്‌ വിഭാഗത്തില്‍ എത്തിച്ചു – എങ്ങനെയുണ്ട് ? ഈ വര്തയുള്ളപ്പോള്‍ പിന്നെ എന്തിനാടാ ഇന്നത്തെ ഈ ആറിയ കഞ്ഞി നമുക്ക് ”

ഇപ്പോഴാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത് .ഇതാണ് മോനെ പത്ര ധര്‍മം. ഒരു കാര്യത്തില്‍ അഭിമാനിക്കാം, അമൃത കാരണം കലോത്സവം ശരിക്കും അമ്രിതോല്സവം ആയി മാവേലികര മൊത്തം ഒന്ന് ചൂടായി. അങ്ങനെ  കല്ല്‌  ചൂടായി കിടന്നപ്പോള്‍ പത്രക്കാരൊക്കെ  ഓരോ അപ്പം ചുട്ടു . അത്രേയുള്ളൂ . കാക്കയുടെ വിശപ്പും മാറും , പശുവിന്റെ കടിയും തീരും !

കുറിപ്പ് : മുന്‍പ് ഈ പോസ്റ്റ്‌ വായിച്ച എന്റെ സുഹൃത്തുകള്‍ വീണ്ടും  അവിചാരിതമായി ഇവിടെ വന്നാല്‍ ഈ കഥയുടെ തലക്കെട്ട്‌ മാറിയതായി കാണാം. എന്റെ ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍ണമായ അഭ്യര്‍ഥനയെ (ഭീഷണിയെന്ന് ചിലര്‍ കളിയാക്കി പറയും ) തുടര്‍ന്നാണ് പഴയെ തലക്കെട്ട്‌ മാറ്റിയതു എന്ന് പൊടിമോന്‍ ഇവിടെ വ്യക്തമാക്കുന്നു.