കിനോ

“കുട്ടിമാമാ ഈ കിനോന്ന് പറഞ്ഞാലെന്താ?”

ചാനലുകള്‍ മാറ്റുന്നതിനിടയില്‍ എപ്പോഴെങ്കിലും യോദ്ധയിലെ ഈ ഡയലോഗ് കാണാനിടയായാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നേപ്പാളിന്റെ ചരിത്രഭൂപടമോ, ബുദ്ധനോ, മോഹന്‍ലാലോ അല്ല..അത് സരയുവിന്റെ മുഖമാണ്.

ക്ഷമിക്കണം സരയൂന്നല്ല കിനോ..അതാണല്ലോ ഞങ്ങള്‍ വിളിക്കുന്ന പേര്. കുഞ്ഞുമുഖം, ചപ്പിയ മൂക്കും, വെളുത്ത് കിരിഞ്ഞ് പാണ്ട് വന്നോയെന്ന് സംശയിപ്പിക്കുന്നമാതിരി നിറവും.
അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അന്ന് പേരൊന്നുമിട്ടിട്ടില്ല. ഒരു കുഞ്ഞ്, പെണ്‍കുഞ്ഞ് അത്രെയുള്ളൂ.

എനിയ്ക്കും എനിയ്ക്കൊപ്പം സരോജയക്കയുടെ വീട്ടില്‍ കാണാന്‍ വന്നവര്‍ക്കെല്ലാം ഈ കുഞ്ഞ് ഒരേയൊരു ഭാവമാണ് ഉണര്‍ത്തിയത്. അത്ഭുതം!

ഞങ്ങളെല്ലാവരും ആദ്യമായാണ് ഒരു നേപ്പാളി കുഞ്ഞിനെ കാണുന്നത്. എനിക്ക് അന്നെത്രയെയായിരുന്നു പ്രായം? പന്ത്രണ്ടോ, പതിമൂന്നോ? പതിനാലാവും.

നേപ്പാളിക്കുഞ്ഞെന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് നമ്മളെപ്പോലെ തന്നെയായിരുന്നു. രണ്ടു കയ്യും രണ്ടു കാലുമൊക്കെതന്നെ.

“മൂക്ക് കണ്ടോ വിലാസിനിയെ, ഗൂര്‍ഖകളുടെ കൂട്ടുണ്ട്. ചപ്പിയുറിഞ്ചിയ പോലെ..”

ആരുടെ വകയായിരുന്നു ഈ അടക്കംപറച്ചില്‍. സരസ്വതിയമ്മയുടെയോ അതോ പത്മജത്തിന്റെയോ? ഓര്‍മ്മയില്ല.

നോക്കിനിന്നപ്പോള്‍ ആ കുഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. ഒരു മലയാളി ചിരി വരുന്നില്ല…ചിരിയില്‍ നാടിന്‍റെ ചരിത്രമുറങ്ങുന്നുണ്ടോ?

നേപ്പാളി നേഴ്സിന്‍റെ ഗര്‍ഭപാത്രത്തില്‍ മലയാളി ഡോക്ടര്‍ സൂക്ഷിച്ച രേതസ് വളര്‍ന്ന് ഭ്രൂണമായി പിന്നെയും വളര്‍ന്ന് വയര്‍ പിളര്‍ന്നു വന്നതാണ് ഇവള്‍.

സരസ്വതിയും പത്മജവും ഈ രഹസ്യം പങ്കുവെക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.

അച്ഛന്‍ മലയാളിയാണെങ്കില്‍ പിന്നെങ്ങനെ ഇത് നേപ്പാളിയാകും. അര നേപ്പാളിയല്ലേ ആകൂ. എന്തോ അത് എല്ലാരും സൗകര്യപൂര്‍വ്വം കാര്യമാക്കിയില്ല. അര-നേപ്പാളിയല്ല..മുഴുനേപ്പാളിയായി കാണാനായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പിള്ളേര് സെറ്റിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കുംഅതായിരുന്നു താല്പര്യം എന്ന് തോന്നുന്നു.

കുഞ്ഞിന് പൈതൃകം നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ നാട്ടില്‍തന്നെ ഉപേക്ഷിച്ച് അമ്മ ബുദ്ധന്റെ നാട്ടിലേക്ക് പോയി. അച്ഛന്‍ അച്ഛന്റെ വീട്ടിലേക്കും.

പലകൈകള്‍ മറിഞ്ഞ് ഒടുവില്‍ ആ സങ്കരയിനം വിളവ്‌ നാട്ടിലെ തരിശുഭൂമിയായി മനംനൊന്ത് കിടന്ന മച്ചിയക്ക എന്നാ സരോജയക്കയുടെ കൈകളിലെത്തി..ദത്തുപുത്രി

ആ അത്ഭുതശിശുവിനെ കാണാനായിരുന്നു ഞങ്ങള്‍ നാട്ടുകാര്‍ ഒത്തുകൂടിയത്. ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരൊക്കെ പിരിഞ്ഞുപോയി. ആകാശം മേഘാവൃതമായിരുന്നു, നാട്ടുകാരുടെ മനസും.

“മച്ചിയെന്നും മച്ചി തന്നെ”

“ഇത് വളര്‍ന്ന് വലുതായാല്‍, അത് അതിന്റെ തന്തയെയോ തള്ളയെയോ തേടിപ്പോകും”

“അല്ലേലും ഈ വയസ്കാലത്ത് ഇവര്‍ക്കിതെന്നാത്തിന്റെ കേടാ..”

“വല്ല അനാഥാലയത്തിലും ഈ കൊച്ചു മനസമാധാനമായി കഴിയത്തില്ലായിരുന്നോ”

“അല്ല ഇതിപ്പം കൊച്ചിനെ അറിയിക്കേണ്ട എന്നുവെച്ചാലും കാര്യമില്ല, വലുതായാല്‍ കൊച്ചിന് തന്നെ കാര്യം പിടികിട്ടും”

“അതെങ്ങനാ ആരേലും പറയാതെ”

“തന്തയും തള്ളയും കറുത്തത്, കൊച്ചു നല്ല പാല്പോലെ വെളുത്തത്.അതിനു മനസിലാകും ഇവരുണ്ടാക്കിയതല്ലെന്ന്”

ഇങ്ങനെ ഒരുപാട് ഡയലോഗുകള്‍ ചുറ്റുപാടും മാറ്റൊലി കൊണ്ടിരുന്നു. സരോജവും ഭര്‍ത്താവ് മണിയനും മാത്രം മാറ്റൊലികള്‍ കേട്ടില്ല.

ഒരു ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനും ചിന്തിച്ചു..ഇവള്‍ വളര്‍ന്ന് വലുതായാല്‍ അച്ഛനെയും അമ്മയെയും തേടിപ്പോകുമോ? അമ്മയെ തേടിയാണെങ്കില്‍ അങ്ങ് നേപ്പാള്‍ വരെ പോകണ്ടേ. അവള്‍ക് അങ്ങനെ പോകാനുള്ള ഐഡിയ ഉണ്ടാകുമോ?
എന്തോ എനിക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിച്ചില്ല. അന്ന് സത്യന്‍ അന്തിക്കാട് അച്ഛനെയും അമ്മയെയും തേടിപ്പോകുന്ന മക്കളുടെ കഥയൊന്നും പറഞ്ഞുതുടങ്ങിയിട്ടില്ല.

ഒരു വേലിയ്ക്കിപ്പുറത്ത് നിന്ന് ആ നേപ്പാളിന്റെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകള്‍ എനിക്ക് കാണാമായിരുന്നു.

ആ നേപ്പാളികുഞ്ഞിന് അവര്‍ സരയു എന്ന് പേരിട്ടു. പക്ഷെ ആ മുഖത്ത് നോക്കി സരയൂ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അയല്‍പക്കത്തെ നല്ലനടപ്പുകാരായ പിള്ളേര് കൂട്ടം.ഞങ്ങളുടെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഞാന്‍ അവള്‍ക് കിനോ എന്ന് പേരിട്ടു…ആദ്യം ഞാന്‍ വിളിച്ചു “കിനോ”..പിന്നെ ഞങ്ങളെല്ലാവരും വിളിച്ചു “കിനോ…”അങ്ങനെ സരയു കിനോയായി.

കിനോ വളര്‍ച്ചയുടെ ഓരോ പടവും കയറുമ്പോ, പ്രകടമായ മാറ്റങ്ങള്‍ മണിയനിലായിരുന്നു. ആദ്യമൊക്കെ കിനോ മണിയന് തന്റെ പരസ്യമായ ഒരു അഹങ്കാരമായിരുന്നു. നാട്ടിലെ ഏറ്റവും സുന്ദരി തന്‍റെ മകളാണെന്ന് മണിയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. സംഗതി അവള്‍ സുന്ദരിയാണെങ്കിലും പ്രഖ്യാപനം കേട്ടാല്‍ ഞങ്ങള്‍ ചിരിക്കും.

വളര്‍ച്ചയുടെ പടവുകള്‍ കയറി കയറി വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. കിനോ ഋതുമതിയായി, ആയോന്നറിയില്ല, ആയിക്കാണണം. ഇതൊക്കെ ഞാനെങ്ങനെ അറിയാനാ.എന്തായാലും അധികം താമസിയാതെ സരോജയക്ക ദേഹം ഉപേക്ഷിച്ച് യാത്രയായി. ആ ചെറിയ വീട്ടില്‍ മണിയനും കിനോയും മാത്രമായി.
പിന്നീടുള്ള ദിവസങ്ങള്‍ നാട്ടുകാരില്‍ ചിരിയും, മണിയനില്‍ ഭയവും, കിനോയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മറ്റേതോ വികാരവും നിറയ്ക്കുന്നതയിരുന്നു.

കിനോ പഠിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ തന്‍റെ മകളെ നശിപ്പിക്കും എന്ന ചിന്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആ ചിന്ത മണിയനിലേക്ക് എങ്ങനെ കുടിയേറി എന്നത് എനിക്ക് ഓര്‍മ്മയില്ല, അല്ല അറിയില്ല എന്നതാണ് സത്യം.

അങ്ങനെ 14 വയസുകാരിയെ ദിവസവും അച്ഛന്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും. വീട്ടില്‍ നിന്നറങ്ങി സ്കൂളില്‍ എത്തുന്നത്‌വരെയും കിനോയുടെ കയ്യില്‍ മണിയന്‍ മുറുകെ പിടിച്ചിരിക്കും, ഒരു പരുന്തിനും റാഞ്ചാന്‍ പറ്റാത്തവിധം.

വൈകിട്ട് ദേശിയഗാനം മുഴങ്ങും മുന്‍പേ മണിയന്‍ സ്കൂളില്‍ ഹാജരാകും, കിനോയെ കൂട്ടിമടങ്ങാന്‍. വഴിവക്കിലെങ്ങാനം സഹപാഠികള്‍ സംസാരിക്കാന്‍ വന്നാല്‍ മണിയന്‍ അവരെ ആട്ടിയോടിക്കും. മണിയന്‍റെ കണ്ണുകളില്‍ എപ്പോഴും ഭയം മാത്രം.

ആ ഭയം വളര്‍ന്ന് ഏതോ നിലയില്‍ എത്തിയപ്പോള്‍ മകളെ സ്കൂളില്‍ വിടുന്നത് തന്നെ ആപത്താണെന്ന് മണിയന്‍ തീരുമാനിച്ചു. പതിനാലാം വയസില്‍ തന്നെ കിനോയുടെ സ്കൂള്‍ജീവിതം അവസാനിച്ചു.
മണിയന്‍ എല്ലാവര്ക്കും ചിരിക്കാനുള്ള വകയായി അതിവേഗം വളര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ഛന്‍ മകള്‍ക്ക് വീട്ടില്‍ കാവലിരുന്നു. ആണുങ്ങളെല്ലാം കാമപ്പിശാചുക്കളാണെന്ന അരുളിപ്പാട് മണിയനുണ്ടായി എന്നാണ് പത്മജം അടക്കം പറഞ്ഞത്.

ഊണും ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പറമ്പില്‍ ചുറ്റിനടക്കലും..ഇതായി കിനോയുടെ ദിനചര്യ.

പോകപ്പോകെ മണിയന് അയല്‍പക്കത്തെ ആണ്‍കുട്ടികളെയും പേടിയായി. മണിയന്‍ ഉറക്കംപോലുമുപേക്ഷിച്ചു കിനോയ്ക്ക് കാവലിരുന്നു.

മണിയന്‍ ആരോടും മിണ്ടില്ല, കിനോയ്ക്ക് മിണ്ടാനുള്ള അവസരവുമില്ല. അവരുടെ ലോകം ദിനംപ്രതി ചെറുതായിക്കൊണ്ടിരുന്നു. പകലും രാത്രിയുമൊക്കെ അനാവശ്യമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കിനോയെ വീടിനു പുറത്തുകണ്ടു. ഉല്ലാസവതിയായി പറമ്പില്‍ ചുറ്റി നടക്കുന്നു. മണിയനെ വെളിയിലെങ്ങും കാണുന്നുമില്ല. ആകാംഷയുടെ പ്രേരണയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഞാന്‍ വേലിയ്ക്കല്‍ ചെന്ന് കിനോയെ വിളിച്ചു..

“സരയൂ..”

വിളികേട്ട് അവള്‍ തിരിഞ്ഞു നോക്കി, ഓടി വേലിയ്ക്കരികില്‍ എത്തി.

“എന്താ ചേട്ടാ”

അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാമായിരുന്നു. ഒരുപക്ഷെ വളരെനാള്‍ കൂടി മണിയനല്ലാതൊരു മനുഷ്യജീവിയോട് സംസാരിക്കാന്‍ കഴിഞ്ഞതിനാലാകും.

“നിന്‍റെ അച്ഛനെവിടെ?”

“അച്ഛന് ദീനമാ, തീരെ വയ്യ..അകത്ത് കിടക്കുവാ…”

അച്ഛന് ദീനമാണെന്ന് പറയുമ്പോ സാധാരണ മക്കള്‍ക്കുണ്ടാകേണ്ട വിഷമം അവളുടെ ശബ്ദത്തിലില്ലായിരുന്നു. ആ ദുഖത്തിനും മേലെ നില്‍ക്കുന്ന സന്തോഷം ഉണ്ടാകും…

എന്തായാലും ഈ നേപ്പാളി പെണ്ണ് എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ ചെറുതായൊന്ന് അത്ഭുതപ്പെട്ടു.

“വെറുതെയല്ല നിന്നെ വെളിയില്‍ കണ്ടത്, അപ്പൊ സ്വാതന്ത്ര്യദിനമായിട്ട് എന്താ പരിപാടി?”
എന്‍റെയാ തമാശയ്ക്ക് ഞാന്‍ മാത്രം ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരകളില്‍ വേലിയിറക്കം കണ്ടു.

ആ വേലിയിറക്കം നോക്കിനില്‍ക്കുമ്പോഴാണ് ഒരു അശരീരി..

“ഡാ…….നീയെന്‍റെ മോളെ..”

ദീനമായിക്കിടക്കുന്നു എന്ന് പറഞ്ഞ മണിയന്‍ വാതിലും കടന്ന് ഞങ്ങളുടെ നേര്‍ക്ക്ചീറിപ്പാഞ്ഞു വരുന്നു
ഓടിയടുത്തെത്തി മണിയന്‍ കിനോയെ വലിച്ച് നെഞ്ചോട്‌ ചേര്‍ത്തു, പിന്നെയെന്തൊക്കെയോ അലമുറയിട്ടു. ഒരു ബഹളത്തിന്‍റെ സൂചനകിട്ടിയ അയല്‍ക്കാരൊക്കെ നിമിഷനേരം കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും കൂടി. കൂട്ടത്തില്‍ രാവിലെ അമ്പലത്തില്‍ പോയ അച്ഛനോ അമ്മയോ ഉണ്ടോന്നു ഞാന്‍ പാളി നോക്കി, ഭാഗ്യം വന്നിട്ടില്ല, ഉടനെയെങ്ങും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം ഞാന്‍ കണ്ടെത്തി.

“ഇവനെന്‍റെ മോളെ നശിപ്പിക്കും, എനിക്കറിയാം..പറയടാ നായേ…നിനക്കെന്‍റെ മോളെ നശിപ്പിക്കാണോ…”

കാഴ്ചക്കാരുടെ എണ്ണം ഒന്നൊന്നായി കൂടിവന്നു. ആരുമൊന്നും മിണ്ടിയില്ല..കഴച്ചക്കാരായി തന്നെ ന്നിന്നു.

“പറയടാ നായെ, നിനക്കെന്‍റെ മോളെ നശിപ്പിക്കണോ….കൊല്ലുമെടാ നിന്നെ ഞാന്‍.”
മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളുകയായിരുന്നു.

ഇത്രയും കേട്ടപ്പോ എനിക്കും അഭിമാനക്ഷതം
“പരട്ടുകിളവാ..തോന്ന്യാസം പറയരുത്..തന്‍റെ മോളെ ഇവിടാരും നശിപ്പിക്കില്ല..താനായിട്ട് നശിപ്പിക്കാതിരുന്നാ മതി…അതെങ്ങനാ തന്‍റെ മോളല്ലല്ലോ..ചിലപ്പോ താന്‍ തന്നെ വേണേല്‍…”

“നായിന്‍റെ മോനെ..എന്താടാ പറഞ്ഞേ..നീ നീ നീയാണ്..നീ എന്‍റെ മോളെ നശിപ്പിക്കും” മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളി.

ചുറ്റും കാഴ്ചക്കാരായി നിന്നവരുടെ മുന്നില്‍വെച്ചേറ്റ അഭിമാനക്ഷതവും, ആവേശവും, രോഷവും എന്‍റെ ഞരമ്പുകളില്‍ ഇരച്ചുകയറി. വലതുകാലുയര്‍ത്തി അയാളുടെ നെഞ്ചുംകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു.
ലക്‌ഷ്യം നെഞ്ചിന്‍കൂടായിരുന്നെങ്കിലും അടിവയറുവരയെ കാല് പോങ്ങിയുള്ളൂ…പക്ഷെ ആദ്യചവിട്ടില്‍ തന്നെ പുറകിലേക്ക് മറിഞ്ഞുവീണു.
വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ എന്‍റെ ദേഹത്തെ മണ്ണ് തട്ടികുടയുമ്പോഴും അയാള്‍ കിനോയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അയാളുടെ പ്രായത്തെ വെല്ലുന്ന ദൃഡപേശികളില്‍ അവളുടെ മുഖം ഞെരിഞ്ഞമര്‍ന്ന് വേദനിക്കുന്നുണ്ടോ എന്ന് തോന്നി.
ഭയാശങ്കകളുടെ നിഴലുകള്‍ വീണ മുഖത്ത് രണ്ടുകണ്ണുകളുടെ തേരോട്ടം നടതുന്നതായാണ് മണിയന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കാണാനായത്.

ആള്‍ക്കൂട്ടം എപ്പോഴോ പിരിഞ്ഞുപോയി. എല്ലാവരും വീടണഞ്ഞു. വേലിയ്ക്കല്‍ നിന്നിരുന്ന അമ്പഴം ഇലപൊഴിക്കാന്‍ തുടങ്ങിയിരുന്നു. മണിയന്‍ സരയുവിനെയും ചേര്‍ത്ത്പിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. മുന്‍വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

അന്നത്തെ ദിവസം ആ വാതില്‍ തുറന്നതേയില്ല. രണ്ടാം ദിവസം ഞാന്‍ ഉറ്റുനോക്കിയിരുന്നു. ഇല്ല വാതിലും ജനലുകളും അന്നും തുറന്നതേയില്ല.

ഭയത്തിന്‍റെ വിത്തുകള്‍ എന്‍റെ മനസിലും വീണുതുടങ്ങിയിരുന്നു. മൂന്നാം ദിവസം പുലര്‍ന്നിട്ടും ആ വാതില്‍ തുറന്നില്ല. പലരും തട്ടിയും മുട്ടിയും നോക്കി, തുറന്നില്ല. ഞാനും മുട്ടി നോക്കി, തുറക്കപ്പെട്ടില്ല.

വൈകുന്നേരം പത്മജത്തിന്‍റെ മകന്‍ മണിയന്‍റെ വീട്ടിലെ മുന്‍വശത്തെ ജനലില്‍ മുഖം ചേര്‍ത്ത് ഉള്ളിലെ കാഴ്ച വല്ലതും തടയുന്നുണ്ടോ എന്ന് നോക്കുന്നത് കണ്ടു. സ്വകാര്യതയുടെ ചുക്കിച്ചുളിവുകള്‍ നിവര്‍ത്തിനോക്കി ഇക്കിളിപ്പെടാനുള്ള പ്രായം അവനായിട്ടുണ്ട്. ആവനും നിരാശ മുറ്റിയ മുഖവുമായിട്ടാണ് മടങ്ങിയത്. മൂന്നാം നാള്‍ അവസാനിപ്പിക്കാന്‍ സൂര്യന്‍ യാത്രയായപ്പോഴും ആ വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല.

മാറ്റൊലികള്‍ വീണ്ടുമുണ്ടായി. പത്മജവും സരസ്വതിയും പുതിയ അതിഥികളും പങ്കെടുത്തു.

“അങ്ങേരാ കൊച്ചിനെ കൊന്നുകാണുമോ ?”

“പോലീസില്‍ അറിയിച്ചാലോ ?”

“നമുക്ക് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയാലോ ?”

“അങ്ങേരു തന്നെ ആ കൊച്ചിനെ നശിപ്പിച്ചിട്ടുണ്ടാകും”

“എനിക്കും അങ്ങനാ തോന്നുന്നേ..പണ്ടേ നശിപ്പിച്ചിട്ടുണ്ടാകും..സ്വന്തം മോളല്ലല്ലോ”

“എന്നാലും ആ കൊച്ച്, അങ്ങേരതിനെ എന്ത് ചെയ്തോ ആവൊ?”

മാറ്റൊലികള്‍ കുറെയുണ്ടായി, ആരും മണിയനെന്ത് സംഭവിച്ചുകാണും എന്ന് ആശങ്കപ്പെട്ടില്ല
നാളെ വാതില്‍ തുറക്കുമായിരിക്കും. തുറന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഇതിനോടകം എല്ലാവരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തീരുമാനം കൈക്കൊണ്ട ശേഷം എല്ലാവരും വീടണഞ്ഞു.
നാളെ നേരം വെളുക്കട്ടെയെന്നു പറഞ്ഞ് ഞാനും ഉറങ്ങാന്‍ കിടന്നു

മൈലാഞ്ചി

ഇത് അംബുരു എന്ന അരവിന്ദിന്റെ കഥയാണ്. അരവിന്ദ് എന്നൊരു പേര് അവനുണ്ടെന്ന് അവന്‍തന്നെ മറന്നുപോയിക്കാണണം.

അംബുരുവിന്‍റെ ഒരു ശനിയാഴ്ച:

സാധാരണ ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മണിക്ക് അടിക്കേണ്ട അലാറം, പതിവിനുവിരുദ്ധമായി ആറുമണിക്ക് അടിക്കാൻ പാകത്തിൽ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. എങ്ങാനം അലമുറയിടാന്‍ വൈകിയാലോ എന്ന പേടിയില്‍ അഞ്ചേമുക്കാലിന് തന്നെയുണര്‍ന്ന് അലാറം ഓഫ് ചെയ്തു.
ചുവന്ന വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനം മേശപ്പുറത്ത് ഇരിപ്പുണ്ട്. അലാറം ഓഫ് ചെയ്തിട്ട് ആദ്യം ചെന്നത് മേശയ്യ്ക്കരികിലേക്കാണ്. ജയകൃഷ്ണന്‍ ക്ലാരയെ തഴുകുന്നപോലെ സമ്മാനപ്പൊതിയില്‍ ഒന്ന് തലോടി………….

ആറരയായപ്പോള്‍ തന്നെ കുളിച്ചു സുന്ദരനായി മുറിയ്ക്ക് പുറത്തിറങ്ങിയ (അറ്റാച്ച്ട് ബാത്രൂം ഉണ്ട്) മകനെ കണ്ടിട്ട് അമ്മ അംബുജം ചെറുതായിട്ടൊന്ന് ഞെട്ടി. നീലക്കുറിഞ്ഞി പോലും പൂക്കുമെന്ന വിശ്വാസം ഉണ്ട്, എന്നാലും ഇവന്റെ് കാര്യത്തില്‍ ഇത് സംഭവിക്കുമെന്ന് കരുതിയതല്ല. പരിഭ്രമം മറച്ചുവെച്ച് ആ അമ്മമനസ് സ്നേഹനിധിയായി.

“ഡാ മോനെ, കഴിച്ചിട്ട് പോകെടാ…”

“വേണ്ടമ്മേ..കഴിക്കാന്‍ നിന്നാല്‍ ചിലപ്പോ ട്രെയിന്‍ മിസ്സാകും”

“ഒഹ് പിന്നെ..ഇച്ചിരി പുട്ട് തിന്നുന്ന സമയംകൊണ്ട് നിന്റെി ട്രെയിനൊന്നും പോകില്ല. അല്ലേലും കലക്ടറുദ്യോഗത്തിന്റെ ഇന്‍റര്‍വ്യൂനൊന്നുമല്ലല്ലോ , കൂട്ടുകാരീടെ കല്യാണത്തിനല്ലേ പോകുന്നെ?”

“ശ്ശേടാ..ഈ തള്ളയോടല്ലിയോ പറഞ്ഞത് എനിക്കിപ്പോ ഒന്നും വേണ്ടെന്ന്‍. ഞാന്‍ ട്രെയിനീന്നു വാങ്ങി കഴിച്ചോളാം”

“ഓഹ്..എന്നാ നീ ചെല്ല്, സ്വന്തം തള്ളയ്ക്ക് ഇന്നേവരെ 100 രൂപയ്ക്ക് പോലും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് തരാത്തവനാ കൂട്ടുകാരിയ്ക്ക് 1500 രൂപയുടെ സാരിയും വാങ്ങിച്ചോണ്ട് പോകുന്നത്. ചെല്ലെടാ ചെല്ല്, നീ ചെന്നില്ലെങ്കില്‍ ചിലപ്പോ കല്യാണം നടന്നില്ലെങ്കിലോ..”

അംബുജം കത്തിക്കയറുന്നത് കണ്ടപ്പോള്‍ അംബുരുവിനു പന്തികേട് മനസിലായി. അധികസമയം നിന്ന് ബാക്കികൂടെ വാങ്ങാതെ വേഗം തന്നെ നിന്നിടം കാലിയാക്കി.

അംബുരു ഇത്രയും തിരക്കിട്ട് സമ്മാനവുമായി പോകുന്നത് കോളേജ്പഠനകാലത്ത് കിട്ടിയ കൂട്ടുകാരി നജിലയുടെ നിക്കാഹിനാണ്.

കായംകുളം റയില്‍വേ സ്റ്റേഷന്‍:
ട്രെയിന്‍ പതിവ് തെറ്റിക്കാതെ അരമണിക്കൂര്‍ താമസിച്ച് തന്നെയെത്തി. ചെലവുചുരുക്കലിന്റെ ഭാഗമായതിനാലാണ് പാസ്സഞ്ചറില്‍ പോകാമെന്ന് തീരുമാനിച്ചത്.ഭാഗ്യത്താല്‍ അധികം തിരക്കില്ലാത്ത കമ്പാര്ട്ട്മെന്റില്‍ വിന്‍ഡോസീറ്റ് തന്നെ തരപ്പെട്ടു.

ഇനിയൊരു രണ്ടുരണ്ടര മണിക്കൂര്‍ യാത്രയുണ്ട്. ഭൂതകാലത്തിലെ സൗഹൃദത്തിന്റെ ഓര്മ്മ കള്‍ മനസിലെ അഭ്രപാളിയില്‍ റീവൈന്റും ഫോര്‍വേഡും അടിയ്ക്കാനുള്ള സമയം ധാരാളമുണ്ട്.
ട്രെയിന്‍ ചലിച്ചു തുടങ്ങി. വര്‍ഷങ്ങളായുള്ള ശീലമായതുകൊണ്ട്, പതിവുപോലെതന്നെ ജനാലയ്ക്ക് വെളിയില്‍ കാണുന്ന മരങ്ങളും കെട്ടിടങ്ങളും പിന്നിലേക്ക് ഓടിപ്പോകുന്നുണ്ട്. അവയ്ക്കൊപ്പം മനസിനെയും ഓര്‍മ്മകളെയും പിന്നിലേക്ക് ഓടിച്ചു.

കോളേജ് ജീവിതം ആരംഭിച്ച് നാലഞ്ച് മാസത്തിനുള്ളില്‍ തന്നെ നജിലയുമായി സൗഹൃദത്തിലായി (നീയൊക്കെ കോളേജില്‍ പോയത് പഠിക്കാന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് ഇവിടെ ഒട്ടും തന്നെ പ്രസക്തിയില്ല). നജിലയുമായുള്ള സൗഹൃദം എങ്ങനെ തുടങ്ങിയെന്ന് ഇന്നും ഓര്മകയില്ല. ആ സൗഹൃദം വഴി നജിലയുടെ സുഹൃത്തുക്കളായ തരുണീമണികളിലേക്കും തന്റെ സൗഹൃദം വ്യാപിപ്പിക്കാന്‍ ആദ്യമേതന്നെ ശ്രമിച്ചിരുന്നു. സംവിധാനത്തിലൂടെ അഭിനയത്തിലേക്ക് എന്ന ആ പഴയ ലൈന്‍ തന്നെ. ശ്രമപരിശ്രമങ്ങള്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷെ പോകെപ്പോകെ സൗഹൃദങ്ങള്‍ രണ്ടുമൂന്നുപേരിലേക്ക് ചുരുങ്ങി. അതില്‍ പെണ്ണായൊരുവള്‍ നജിലയും.

പരാതിയും പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും സൗഹൃദത്തില്‍ കലര്പ്പി ല്ലായിരുന്നു. “ഒട്ടും തന്നെ നഞ്ചുകലരാത്ത സൗഹൃദങ്ങള്‍ അവാച്യമായൊരു സുഖം പകരും” എന്ന തന്റെ ഫേമസ് ക്വോട്ട്, താനത്ര ഫേമസ് അല്ലാത്തതുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെപോയതാണ്.
എല്ലാ ആണ്‍-പെണ് സൗഹൃദങ്ങളും പ്രണയത്തില്‍ കലാശിക്കുമെന്ന് പറഞ്ഞ മഹാനോട് പുച്ഛമായിരുന്നു തനിക്ക് അന്ന്. ഇന്നും. ഓള്ക്കും !(ഇത്തിരി കൂടിപ്പോയോന്നൊരു സംശയം).

നാട്ടില്‍ താന്‍ വളരെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തിക്കൊണ്ടുപോകുന്ന ജിഷയുടെ കാര്യവും നജിലയ്ക്ക് അറിയാം. അതായിരിക്കാം തുടക്കത്തിലൊക്കെ ആരൊക്കെ സംശയിച്ചിട്ടും നജിലയ്ക്ക് തന്നില്‍ വിശ്വസം തോന്നാന്‍ കാരണം.

നജിലയ്ക്ക് മൈലാഞ്ചിയുടെ മണമായിരുന്നു.
“മൈലാഞ്ചി മണക്കുന്നല്ലോ, പെണ്ണേ..നീ വരുമ്പോള്‍….” എന്ന് പാടി പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു. മൈലാഞ്ചികൊണ്ട് കൈവെള്ളയില്‍ കോലം വരച്ചല്ലാതെ നജിലയെ കണ്ടിട്ടേയില്ല. കുസൃതികാട്ടി അവളുടെ വലതുകയ്യില്‍ പിടിച്ചു മൈലാഞ്ചിഗന്ധം ആസ്വദിക്കുന്നത് ഒരു സ്ഥിരം വികൃതിയായിരുന്നു. കൈപിടിച്ചു മണംപിടിച്ചശേഷം “അയ്യേ, ബിരിയാണി മണക്കുന്നല്ലോ പെണ്ണേ….” എന്ന് പറഞ്ഞുകളിയാക്കുകയും ചെയ്യും.
“കോഴിയാ ഇല്ല്യോടി…” എന്ന കളിയാക്കലിന്..”അതെ കോഴി തന്നെയാ ഇപ്പൊ മണപ്പിക്കുന്നത്” എന്ന മറുപണിയും വാങ്ങിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയുള്ള സൗഹൃദം, സൗഹൃദത്തിന്റെ താജ്മഹല്‍ പണിയുന്ന സീനിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെങ്കിലും പോകുന്നത് അങ്ങോട്ടല്ല. ഇപ്പൊ ആറാം വര്ഷംം ആഘോഷിക്കുന്ന സൗഹൃദത്തില്‍ രണ്ടേരണ്ടു തവണ നഞ്ചു കലർത്തി താന്‍ പ്രണയത്തിലേക്ക് വഴുതിവീണിരുന്നു.സംഭവം സെക്കന്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. വളരെവേഗം സ്വബോധം വീണ്ടെടുത്ത് കരകയറാന്‍ സാധിച്ചിരുന്നു.

ഒന്നാം വര്ഷ ബിരുദത്തില്‍ വിരുത് കാട്ടിക്കൊണ്ടിരിക്കുന്ന കാലം. ഹോസ്ടലിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമൊന്നുമില്ലാത്ത ഒരു ഞായറാഴ്ച്ച! എന്തിനോവേണ്ടി കണ്ണുംതുറന്ന് മലര്ന്നു കിടക്കുമ്പോഴാണ് നജില വിളിക്കുന്നത്. അവള്ക്കെന്തോ പര്‍ച്ചേസൊക്കെയുണ്ട്, ഒരു കൂട്ടിന് വിളിച്ചതാണ്. വേഗം ടൌണിലേക്ക് ചെല്ലാന്‍.
സീലിംഗ്ഫാനും നോക്കികിടക്കുന്നവനെന്ത് അസൗകര്യം. ശടപടെന്ന്‍ റെഡിയായി പുറപ്പെട്ടു.

ബസ് സ്റ്റാൻഡിൽ നജില കാത്തുനില്പുപണ്ടായിരുന്നു. ഷോപ്പിങ്ങിനു പോകാനുള്ള ഉന്മേഷം കിട്ടാന്‍ വേണ്ടി ആദ്യം ആര്യാസില്‍ കയറി ഊണ് കഴിച്ചു. ബില്ല് വരുന്നതിനു മുന്‍പ് തന്നെ വിദഗ്ധമായി കൈകഴുകാന്‍ പോയി.
അവളുടെ കയ്യിലെ കാശിന് അവള്‍ നടത്തുന്ന പര്‍ച്ചേസായാതിനാല്‍..പര്‍ച്ചേസ് നീണ്ടുപോയതില്‍ പ്രത്യേകിച്ച് അതൃപ്തിയൊന്നും തോന്നിയില്ല.
പര്‍ച്ചേസൊക്കെ അവസാനിപ്പിച്ച്‌ നടക്കുമ്പോള്‍ ദേ പിന്നേം വൈദ്യന്‍ കല്പിചച്ചപോലെ ഒരു കൂള്‍ബാര്‍ ഞങ്ങളെ മാടിവിളിക്കുന്നു.
നാട്ടീന്ന് കുറ്റീം പറിച്ച് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും ഇപ്പോഴും വലിയ ഹോട്ടലുകളിലൊന്നും കയറാറില്ല. കുടിയ്ക്കാനെന്ത് വേണം എന്ന് ചോദിച്ചാല്‍ പറയാന്‍ നാരങ്ങാവെള്ളം മാത്രമേ അറിയൂ. ഇനിയിപ്പോ കഴിക്കാനെന്താ വേണ്ടെന്ന് ചോദിച്ചാല്‍ മാക്സിമം പോയാ ചിക്കന്‍ ബിരിയാണി എന്ന് പറയാനറിയാം.ഇങ്ങനെയൊരു സംഗതിയുള്ളത് കൊണ്ട് ഇത്തരം സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കിവിടും. ഇനിയഥവാ ആരെങ്കിലും വലിച്ചിഴച്ച് കൊണ്ടുപോയാല്‍ സ്ഥിരം പ്രയോഗിക്കുന്ന നമ്പര്‍
“ഇവിടെ ഓര്ഡചര്‍ ചെയ്തത് തന്നെ മതി” എന്നതാണ്. അങ്ങനെ അടുത്തിരിക്കുന്നവന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റും.

നജില വിളിച്ചത് കൊണ്ട്, അവളെ അനുഗമിച്ച് കൂള്‍ബാറില്‍ കയറി. അകത്തുകയറി സീറ്റ് പിടിച്ച ശേഷം 90ഡിഗ്രി തലങ്ങും വിലങ്ങും തല തിരച്ചു ചുറ്റുപാടും വെറുതെയൊന്നുനോക്കി.
ദേ വരുന്നു തൊപ്പിക്കാരന്‍..
“ഇവിടെ എന്താ സര്‍…വേണ്ടത്”
സര്‍ വിളി സുഖിച്ചെങ്കിലും മറുപടി പറയാതെ നജിലയെ നോക്കി.
“രണ്ടു ചോക്ലേറ്റ് ഷേക്ക്”..അവളുതന്നെ ഓര്ഡലര്‍ ചെയ്തു.

ചോക്ലേറ്റ്….ഷേക്കോ…ചോക്ലേറ്റ് തിന്നിട്ടുണ്ട്. ഷേക്ക് കേട്ടിട്ടുമുണ്ട്..ഇനിയിതെന്ത് പാണ്ടാരമാണാവോ
അതിനെക്കുറിച്ച് ആലോചിച്ച് തലപുകയാന്‍ തുടങ്ങുമ്പോഴേക്കും ഷേക്ക് വന്നു. കൊള്ളാം, കാണാന്‍ നല്ല ലുക്കൊക്കെയുണ്ട്.
ഗ്ലാസില്‍ ഏറ്റവും മുകളിലായി നല്ല കട്ടിയ്ക്ക് ഒരുണ്ട കിടക്കുന്നു. സംഭവം ചോക്ലേറ്റ് ആണെന്ന് രണ്ടുനോട്ടത്തില്‍ തന്നെ പിടികിട്ടി. പക്ഷെ ഷേക്ക് ഗ്ലാസ് കൊണ്ടുവന്ന പ്ലേറ്റില്‍ ഇരിക്കുന്ന സ്ട്രോ എങ്ങനെ ഇതിലിട്ട് ഈ ചോക്ലേറ്റിന്റെ താഴെയുള്ള ഷേക്ക് കുടിയ്ക്കുമെന്നതായിരുന്നു കണ്ഫ്യൂഷന്‍. പണിപാളിയല്ലോ ഈശ്വരാ………..

തലയുയർത്തി നജിലയെ ഒന്നുനോക്കി
“എന്താടാ..കുടിക്കുന്നില്ലേ?”
“കുടിയ്ക്കാം, ആദ്യം നീ കുടിയ്ക്ക്” എന്നൊരു നമ്പരിട്ടു. ഇവള് എങ്ങനെയാണ് കുടിയ്ക്കുന്നതെന്ന് കണ്ടാല്‍ പിന്നെ പ്രശ്നമില്ല.
“നീ കുടിയ്ക്കെടാ”..അവള് വിടാന്‍ ഭാവമില്ല.
“വേണ്ടാ..നീയാദ്യം കുടിയ്ക്ക്”
“”എന്തുവാടാ..ചുമ്മാ ഷോ ഇറക്കുന്നെ?”

ഇനിയും ഡയലോഗടിച്ച് ചളമാക്കേണ്ടാ എന്നുകരുതി ഉള്ള സത്യം തുറന്നുപറഞ്ഞു.
“അതേയ്..ഈ ചോക്ലേറ്റ് മുകളില്‍ കിടക്കുന്നതുകൊണ്ട് സ്ട്രോ എങ്ങനാ ഇടേണ്ടതെന്ന് ഒരു ഡൌട്ട്. ഞാനീ സാധനം ആദ്യായിട്ടാ….”
പറഞ്ഞു നിർത്തിയതും, സ്ഥലകാലബോധമില്ലാതെ അവള് പൊട്ടിച്ചിരിച്ചു.പൊട്ടിച്ചിരിനിര്‍ത്തി മൈലാഞ്ചിക്കൈകൊണ്ട് തലയ്ക്കൊരു കൊട്ടുതന്നു.
“സ്ട്രോ ഇട്ടിളക്കി ചോക്ലെറ്റ് അലിയിച്ചു കുടിയ്ക്കെടാ പൊട്ടാ..ഇതുപോലും അറിയാതെ എഞ്ചിനീയറാകാന്‍ വന്നേക്കുന്നു”
മാനം എന്നൊന്നില്ലാത്തത് കൊണ്ട് മനാഭിമാനം പോയില്ല.

തലയ്ക്ക് ഒരു കൊട്ടുതന്ന്‍, നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നജിലയുടെ നോട്ടം ഒരുനിമിഷം ഉള്ളില്‍ സൗഹൃദത്തിന്റെ മുകളില്‍ കയറിനിന്ന് പ്രണയം നൃത്തം ചവിട്ടി. ആ ചവിട്ടില്‍ നിലതെറ്റി പ്രണയത്തിന്റെ കൊക്കയിലേക്ക് വീണെങ്കിലും നൊടിയിടയില്‍ ഏതോ വള്ളിയില്‍ പിടിച്ചുകരയ്ക്ക്‌ കയറി.
സൗഹൃദത്തില്‍ നഞ്ചു കലർത്തിയ പൈശാചിക നിമിഷത്തെ അവള്‍ കേള്ക്കാതെ പതിയെ ശപിച്ചു. കുറ്റബോധം…പശ്ചാത്താപം എല്ലാം നിമിഷങ്ങള്‍ കൊണ്ട് കടന്നുപോയി.
അങ്ങനെ ഒരു പ്രണയം അവിടെ ജനിച്ചു, അവിടെത്തന്നെ മരിച്ചുവീണു!

പിന്നെ കലാപരമായ ഒരു ആക്രമണം തന്നെ ചോക്ലേറ്റ് ഷേക്കിനുമുന്നില്‍ അഴിച്ചുവിട്ടു. ആസ്വദിച്ചുകുടിച്ചിട്ടുകൂടി അവള്‍ തീര്ക്കുന്നതിനും മുന്‍പേ ഗ്ലാസ് കാലിയാക്കി. അവസാനതുള്ളിയെ സ്ട്രോയിലൂടെ വലിച്ചെടുക്കുമ്പോള്‍ കാറ്റും കൂടെ കയറി ശര്‍ര്‍ ശബ്ദത്തോടെ ഫിനിഷിംഗ് പോയിന്റ് എത്തിയെന്ന് ചുറ്റുമുള്ളവരെക്കൂടി അറിയിച്ചു!

പിന്നെയും വസന്തവും ശിശിരവുമൊക്കെ കടന്നുപോയി. ഓര്‍മ്മകള്‍ക്ക് ചായം പൂശിയ, മൈലാഞ്ചി മണമുള്ള ചാന്ദ്രമാസങ്ങളും ഉന്മാദത്തോടെ കടന്നുപോയി.(പ്രണയ-സൗഹൃദ കഥകളില്‍ ഇങ്ങനെ ചിലതൊക്കെ വേണമെന്നാണ്)

ട്രെയിന്‍ കോട്ടയവും പിന്നിട്ട് പോയിരിക്കുന്നു.

……………………..കോളേജില്‍ നിന്നും പോയ വിനോദയാത്ര! അന്നും മറ്റുള്ളവരോടൊപ്പം എല്ലാ വിനോദങ്ങളിലും ബസിനുള്ളില്‍ വെച്ച് പങ്കെടുത്തു. പത്തുമിനിറ്റ് ആടിയും പാടിയും കുമിളപോലുള്ള ജീവിതം ആസ്വദിച്ചിട്ട്, പിന്നെ പത്തുമിനിറ്റ് നജിലയ്ക്കൊപ്പമിരുന്ന് വിശ്രമിക്കും.
വിനോദവും ഉന്മാദവുമൊക്കെ ഇറക്കിവെച്ച് എല്ലാവരും രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങിതുടങ്ങി. നജിലയും ഉറങ്ങി ഉറങ്ങി ചരിഞ്ഞ് ഉറക്കം തന്റെ് തോളില്‍ മുഖം ചേർത്തായി. എന്തോ തനിക്ക് ഉറക്കം വന്നതേയില്ല! ബസിപ്പോള്‍ ഊട്ടിയുടെ പ്രാന്തപ്രദേശത്തേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോള്‍ ബസ്സ്‌ ചെറുതായൊന്നു കുലുങ്ങി. ആ കുലുക്കത്തില്‍ നജിലയും കുലുങ്ങി. കുലുക്കത്തില്‍ അവളുടെ ചുണ്ടുകള്‍ തന്റെ കവിളില്‍ സ്പര്‍ശിച്ചതായി ഒരു തോന്നല്‍!……..
ആടിയുലഞ്ഞ് കുലുങ്ങി അറിയാതെകിട്ടിയ സ്പര്‍ശനത്തെ വിവേകമില്ലാത്ത ഉപബോധമനസ് ഒരു നിമിഷം സ്നേഹചുംബനമായി വ്യാഖ്യാനിച്ചു!

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ കണ്ണുമിഴിച്ചുനോക്കിയ അവളെ സ്വബോധം വീണ്ടെടുത്ത്, ജനാലയുടെ നേര്ക്ക് കൈചൂണ്ടി പുറത്തെ കാഴ്ചയിലേക്ക് ക്ഷണിച്ചു.ദൈവാധീനം പോലെ അങ്ങകലെ ഏതോ പരിപാടിയുടെ അലങ്കാരപ്പണികളില്‍ കത്തിനില്ക്കുന്ന നൂറുകണക്കിന് ബള്‍ബുകള്‍ – പൊട്ടുകള്‍വാരിവിതറിയപോലൊരു കാഴ്ച!..വശ്യമനോഹരമായ കാഴ്ച! ജനലിലൂടെ തണുപ്പ് അകത്തേക്ക് അരിച്ചുകയറുന്നുണ്ട്.
പുറത്തെ കാഴ്ച കണ്ടു തിരഞ്ഞുനോക്കിയ നജിലയുടെ കണ്ണുകളിലെ തിളക്കവും, നിമിഷങ്ങള്‍ക്ക് മുന്‍പുള്ള മനസിന്റെ പൈശാചികമായ ദുര്‍വ്യാഖ്യാനവും വീണ്ടുമൊരിക്കല്ക്കൂടി സൗഹൃദത്തില്‍ നഞ്ചു കലർത്തി!. അവളുടെ കൈകളിലെ മൈലഞ്ചിയാകാന്‍ മനസ് ഒരു നിമിഷം ആഗ്രഹിച്ചു!

വീണ്ടും കുറ്റബോധവും, പശ്ചാത്താപവും!..
അങ്ങനെ രണ്ടാമത്തെ പ്രണയനിമിഷവും അവിടെ ജനിച്ച് അവിടെത്തന്നെ മരിച്ചു വീണു!

ട്രെയിന്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു..
അരമണിക്കൂര്‍ ബസ് യാത്രയും കഴിഞ്ഞ് കല്യാണസ്ഥലത്തെത്തി. അവിടെയെങ്ങും മാനും, മനുഷ്യനുമില്ല. വീട് തൊട്ടടുത്ത് തന്നെയായതിനാല്‍ നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
കലപിലബഹളങ്ങളും,അലങ്കാരപ്പണികളും, ആള്‍ക്കൂട്ടവും..ഇതിനെയൊക്കെ തരണം ചെയ്ത് സമ്മാനപ്പൊതിയുമായി പെണ്‍പടകള്‍ അവളെ ഒരുക്കുന്നിടത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടു.
“ഡാ ഇപ്പോഴാണോ വരുന്നത്…” നജിലയുടെ സന്തോഷം.
“ഇതിലും നേരത്തെ വരാന്‍ ഇന്ത്യന്‍ റെയില്വേ സമ്മതിച്ചില്ല മോളെ..”
അളിഞ്ഞ വിറ്റായതുകൊണ്ടായിരിക്കാം നജിലയും ചിരിച്ചില്ല, കൂടെയുള്ള പെണ്‍പടകളും ചിരിച്ചില്ല.
നമ്മളിതെത്ര കണ്ടതാ.ചമ്മല്‍ മറച്ചുപിടിച്ച് സമ്മാനപ്പൊതി നീട്ടി

“ഇന്നാ, എന്റെ വകയൊരു ചെറിയ സമ്മാനം”
“ശ്ശോ വേണ്ടായിരുന്നു, എന്തിനാടാ ഇതൊക്കെ, വെറുതെ കാശുകളയേണ്ട വല്ല കാര്യവുമുണ്ടോ”..തുടങ്ങിയ പതിവു ഡയലോഗുകളൊന്നും മറുപടിയായി കിട്ടിയില്ല. ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങിവെച്ചു.

പിന്നെയും മീന്‍ വെട്ടുന്നിടത്ത് പൂച്ച പമ്മിനടക്കുന്നതുപോലെ കുറച്ചു നേരം അവിടെ പതുങ്ങിയ ശേഷം പുറത്തുകടന്നു.
സമയമായപ്പോള്‍ ഓഡിറ്റോറിയത്തിലേക്കും പാഞ്ഞു. സ്വര്ണ്ണത്തിലും, മൈലഞ്ചിയിലും മുക്കിയെടുത്ത നജിലയെ സ്റ്റേജില്‍ ഇരുത്തിയിട്ടുണ്ട്. ആ കൈകളിലെ മൈലാഞ്ചിയാകാനാണ് പണ്ട് മനസ്‌ ആഗ്രഹിച്ചത്, യാതൊരു പ്രകോപനവുമില്ലാതെ മനസ്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു. പിന്നെയൊട്ടും അമാന്തിച്ചില്ല..നേരെ ഭക്ഷണത്തിനുള്ള ഏരിയയിലേക്ക്………………
അവിടെ പരാക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിട്ടിയ സീറ്റില്‍ ഇരുന്നും നിന്നും ബിരിയാണിയില്‍ ചെറുതായൊന്ന് മുങ്ങിനിവര്‍ന്നു. വീണ്ടും മേടയിലേക്ക്.
അവിടെയെത്തിയപ്പോള്‍ അമല്‍ നീരദുമാര്‍ പെണ്ണിനേയും ചെക്കനേയും നിര്‍ത്തി ഡയരക്ഷന്‍ തുടങ്ങിയിട്ടുണ്ട്. തന്നെ കണ്ടതും നജില കൈയ്യാട്ടി വിളിച്ചു.
പോകുന്നവഴിക്ക് ഒരു ഏമ്പക്കവും വിട്ട് നോര്‍മ്മലായിട്ടാണ് കയറിച്ചെന്നത്
സ്റ്റേജില് കയറി ചെക്കന് പുഞ്ചിരി തുളുമ്പുന്ന ഒരു ഹസ്തദാനം
“ഹായ് ഞാന്‍ അരവിന്ദ്, നജിലയുടെ ഫ്രെണ്ടാണ്”
പുയ്യാപ്ല ആകെമൊത്തം ഒന്ന് കുലുങ്ങിചിരിച്ചു
“ഞാന്‍ ഷുക്കൂര്‍”…….
നല്ലൊരു മത്താപ്പ് പ്രതീക്ഷിച്ചു വന്നവന്റെ മുന്പില്‍ നനഞ്ഞ ഓലപ്പടക്കം കത്തിയ്ക്കാന്‍ നോക്കിയ ഫീല്‍ ആയിരുന്നു ആ പേര് കേട്ടപ്പോള്‍.
വേറെ നല്ല പേരൊന്നും കിട്ടിയില്ലേ ചേട്ടാ..എന്ന ചോദ്യം പാതിവഴിയില്‍ വിഴുങ്ങിക്കളഞ്ഞു. എന്തോ ഷുക്കൂര്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മവരുന്നത് പുലിബിനുവിന്റെ നിഴലായ വെരളി ഷുക്കൂറിനെയാണ്.
ആ സമയത്ത് നജില ഇടപെട്ടു.
“ഇവനെന്റെ ബെസ്റ്റ് ഫ്രെണ്ടാണ്. ഒരേയൊരു ബെസ്റ്റ് ഫ്രെണ്ട്!..
കാതിനു നല്ല കുളിര്‍മയൊക്കെ തോന്നിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. എല്ലാത്തിനും ഒരേയൊരു മറുപടി പുഞ്ചിരി!.പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു പരിചയപ്പെടുത്തി.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കണ്ണുകൊണ്ട് പോകുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു.
മടക്കയാത്രയില്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ നജിലയുടെ വാക്കുകള്‍ വീണ്ടുമോർത്തു. എന്നാലും തന്നെയിത്രയും വിശ്വസിച്ചവളെയാണല്ലോ രണ്ടുനിമിഷത്തേക്കെങ്കിലും വഞ്ചിച്ചത്. വീണ്ടും കുറ്റബോധം പിടികൂടി.
തരികെ വീട്ടിലെത്തുമ്പോഴേക്കും കുറ്റബോധമോക്കെ മാഞ്ഞിരുന്നു. സന്തോഷം നിറഞ്ഞ മനസുമായി കട്ടിലില്‍ ഇരിക്കുമ്പോഴാണ് ജിഷയുടെ കാര്യം ഓർത്തത്.
ഈശ്വരാ…ഞാന്‍ ശരിക്കും വഞ്ചിച്ചത് ജിഷയെയാണല്ലോ..ഇതൊക്കെ അവളോട്‌ ചെയ്ത വഞ്ചനയല്ലേ…
വീണ്ടും കുറ്റബോധം…പശ്ചാത്താപം..ഈ മനസ് ഒരുമാതിരി സ്വഭാവമാണല്ലോ കാണിക്കുന്നത്.
പശ്ചാത്താപം കഴിഞ്ഞപ്പോള്‍ ചെറിയ ആശ്വാസം തോന്നി..സാരമില്ല..ലക്ഷക്കണക്കിന് പേജുകളുള്ള ജീവിതത്തില്‍ നിന്ന് രണ്ടേ രണ്ടു പേജ്..അതങ്ങ് കീറിക്കളയാം. ജിഷയും അറിയണ്ട, നജിലയും അറിയണ്ട.
ഒന്നുറങ്ങി എണീറ്റപ്പോള്‍ കുറ്റബോധവും പശ്ചാത്താപവും പമ്പയും എരുമേലിയുമൊക്കെ കടന്ന് എങ്ങോട്ടോ പോയിരുന്നു.

മൈലാഞ്ചി മണക്കുന്നല്ലോ പെണ്ണേ നീ വരുമ്പോള്‍………എന്ന് മൂളിക്കൊണ്ട്, മേശയ്ക്കരികിലെത്തി കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ കണ്ണാടിയിലെ അംബുരു, തന്നെ നോക്കി ചിരിക്കുന്നു. അവനെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു “ആ അംബുരു ഞാനല്ലടാ…………..”

അടിക്കുറിപ്പ് (അടികിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതിപ്പോ തല്ലുകിട്ടാന്‍പാകത്തില്‍ ഒരു യഥാര്‍ത്ഥ കഥയല്ല. എന്നാലും ഒരു സേഫ്ടിക്ക്..അംബുരു, നജില..ഇവരൊക്കെ ആരാണെന്ന് എനിക്കറിയില്ല..ഞാന്‍ കണ്ടിട്ടുമില്ല