പഫ്സ്

സ്നേഹത്തിന് കണക്ക് വയ്ക്കാമോ?
അതല്ലെങ്കില്‍ കണക്ക് വെച്ച് സ്നേഹിക്കാമോ?

രണ്ടിനും അരുതെന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നമ്മുടെ ആത്മാര്‍ത്ഥമെന്ന് പറയുന്ന സ്നേഹം ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞകുറേ വര്‍ഷങ്ങളായി മുടങ്ങാതെ എല്ലാമാസവും ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന ഒരു സഹോദരിയും, ആഴ്ചയിലൊരിക്കല്‍ സുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്ന ഒരു സുഹൃത്തും..മിലി..

അങ്ങനെ രണ്ടുപേരുണ്ട്. അതെ ഈ അരവിന്ദിനെ അന്വേഷിക്കാനും ആളുകളുണ്ട്.
അവര്‍ രണ്ടുപേരും മാസവും ആഴ്ചയുമെന്ന കണക്കുവെച്ച് എന്നെ സ്നേഹിക്കുന്നു. അവരുടെ സ്നേഹത്തിന് ഞാന്‍ കണക്കും വെക്കുന്നു.

മിലിയുമായുള്ള സൗഹൃദംസ്കൂളില്‍ നിന്നുതുടങ്ങിയതാണ്.
അപൂര്‍വ്വമായി മാത്രം ചിരിക്കാന്‍ ശ്രമിക്കുന്ന, എന്നാല്‍ എപ്പോഴും വിഷാദം തളംകെട്ടിയ മുഖവുമായി നടക്കുന്ന മിലിയോട് വളരെപെട്ടന്നാണ് അടുത്തത്. ചില സ്നേഹബന്ധങ്ങള്‍ സഹതാപത്തില്‍ നിന്നാണ് ആരംഭിക്കുന്നത്, സമ്മതിക്കാന്‍ മനസനുവദിക്കില്ലെങ്കിലും അതാണ് സത്യം. അവളുടെ വിഷാദത്തിന്‍റെ കാരണങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍, പിന്നെയവളെ ചിരിപ്പിക്കുന്നതിലായി എന്‍റെ ശ്രദ്ധ. അതില്‍ ഞാന്‍ വിജയിച്ചു. മിലിയെ ചിരിപ്പിച്ചതിന്‍റെ ക്രഡിറ്റ് സ്വന്തമാക്കി ഞാന്‍ പോക്കറ്റിലിട്ടു.

ചിരിയും വിഷാദവും പിണക്കവും ഇണക്കവും കൂട്ടത്തില്‍ പഠനവുമൊക്കെയായി ജീവിതചക്രം ഉരുണ്ടുനീങ്ങി.
അതുരുണ്ടുരുണ്ട് എട്ടാം ക്ലാസിലെത്തി.

അക്കാലത്ത് പറങ്കിയണ്ടിയുടെ സീസണില്‍ മാത്രമാണ് എന്‍റെ രാജയോഗം. സ്വന്തം പറമ്പിലും, അന്യന്‍റെ പറമ്പിലും, റോഡുവക്കിലും എന്നിങ്ങനെ എവിടുന്നു കിട്ടിയാലും അവിടുന്നെല്ലാം പറങ്കിയണ്ടി പെറുക്കികൊണ്ട് വന്നുകൂട്ടിവെച്ച് അമ്മയറിയാതെ വില്‍ക്കും. ആ കാശുമായി സ്കൂളിനടുത്തുള്ള ബേക്കറിയില്‍ നിന്നും മുട്ടപഫ്സ് വാങ്ങിത്തിന്ന് സംതൃപ്തിയും സായൂജ്യവുമടയുന്നതായിരുന്നു എന്‍റെ രാജയോഗം.

പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാല്‍, പത്താംതീയതി കഴിഞ്ഞ ടി പി ബാലഗോപാലന്‍ എം എയുടെ അതെ അവസ്ഥയായിരിക്കും എനിക്കും. ചില്ലുകൂട്ടിലിരിക്കുന്ന പഫ്സിനെ നോക്കി വെള്ളമിറക്കിയങ്ങ് പോകും, അത്ര തന്നെ.

ജീവിതം സിനിമകാണാനും പഫ്സ് തിന്നാനും മാത്രമാണെന്ന് ഉള്‍മനസ് പറഞ്ഞുപഠിപ്പിച്ചിരുന്നോയെന്നു സംശയമുണ്ടായിരുന്നു.

പഫ്സിനോടുള്ള എന്‍റെ പ്രണയം മിലി മനസിലാക്കിയതുമുതല്‍ പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാലും ആഴ്ച്ചയിലൊരിക്കല്‍ പഫ്സ് കഴിക്കാന്‍ യോഗമുണ്ടായി. മിലിക്കെവിടുന്നാ പൈസയെന്നു ചോദിച്ച് ഞാനവളെ ബുദ്ധിമുട്ടിച്ചിട്ടുമില്ല.

തമാശയൊന്നും പറഞ്ഞില്ലെങ്കിലും, ഞാന്‍ പഫ്സ് കഴിക്കുമ്പോഴൊക്കെ അവള്‍ ചിരിക്കുമായിരുന്നു. അവളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് പഫ്സ് കഴിക്കുന്നതെന്ന ഒരുകാരണം കൂടി ഞാന്‍ മെനഞ്ഞെടുത്തു.
എന്നാലും ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന ആകാംഷ ഒരു ദിവസം അവളുടെ ചിരിക്ക് അവധികൊടുത്ത് പഫ്സ് പൊതിഞ്ഞെടുത്തു വീട്ടില്‍ കൊണ്ടുപോയി. അമ്മ അടുക്കളയില്‍ പോയതക്കത്തിന് അലമാരക്കണ്ണാടിയുടെ മുന്നില്‍നിന്ന് ഞാന്‍ പഫ്സ് കഴിച്ചുനോക്കി..
ഇല്ല എനിക്ക് ചിരിവന്നില്ല!

“നിനക്ക് പഫ്സിനോടാണോ, എന്നോടാണോ കൂടുതലിഷ്ടം?”

മിലിയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങിയില്ലെങ്കിലും പരുങ്ങുന്നതായി അഭിനയിച്ചു. ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു
“നിന്നെയും മോഹന്‍ലാലിനെയുമാണ്‌ കൂടുതലിഷ്ടം!”

അതിനും അവള്‍ ചിരിച്ചു
“അപ്പൊ എന്നെയാണോ, മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടം?”

“നിന്നെത്തന്നെ അതിലെന്താ ഇത്ര സംശയം”

പറഞ്ഞത് ഒരു കൊച്ചുകള്ളമാണെങ്കിലും അവള്‍ക് സന്തോഷമായി.

പഫ്സും കളിയും ചിരിയുമൊക്കെയായി ഉരുണ്ടുരുണ്ട് പത്താം ക്ലാസായി. (ഞാന്‍ സ്കൂള്‍ ഫസ്ടോടെ പാസായി..സത്യമായിട്ടും സ്കൂള്‍ ഫസ്റ്റാരുന്നു. സര്ട്ടിഫിക്കറ്റൊക്കെയുണ്ട്..അമ്മയാണെ സത്യം.)
പഫ്സും ചിരിയുമില്ലാത്ത കുറേനാളുകള്‍. ഇടയ്ക്കൊക്കെ കാണും, കാണുമ്പോള്‍ പഫ്സൊഴികെ എല്ലാമുണ്ടാകും. ചിരിച്ചുതന്നെ പിരിയും.

പ്ലസ് വണ്ണും പ്ലസ്ടുവുമൊക്കെ കഴിഞ്ഞ് ഞാനങ്ങ് കോളേജില്‍പോകാനും മാത്രം വളര്‍ന്നിരുന്നു. മിലിയുടെ സത്യക്രിസ്ത്യനികളായ അപ്പനുമമ്മയും പെണ്ണിന് ജീവിക്കാന്‍പ്രായോഗികവിദ്യാഭ്യാസം മതിയെന്ന് തീരുമാനിച്ചിരുന്നു. പതിനേഴ്‌ കഴിയാന്‍ കണ്ണുനട്ട് കാത്തിരുന്ന് പതിനെട്ടാം വയസില്‍ തന്നെ മിലിയെ ജോസിന്‍റെ ഭാര്യയാക്കി.

കര്‍ത്താവ്‌ പിണങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന നേരമത്രയും മുട്ടിപ്പായും അല്ലാതെയും പ്രാര്‍ത്ഥിക്കുന്ന ഭര്‍ത്താവും അച്ഛനും അമ്മയുമുള്ള പുതിയ കൂട്ടില്‍ മിലിയുടെ ജീവിതം തുടങ്ങി.

ദൈവനാമത്തില്‍ മാത്രം സംസാരിക്കുന്ന ജോസിന്, വായ തുറന്നാല്‍ കന്നംതിരിവ് മാത്രം പറയുന്ന എന്നോട് സ്വാഭാവികമായും അകല്‍ച്ച തോന്നേണ്ടതാണ്. പക്ഷെ എന്തോ അതുണ്ടായില്ല. കല്യാണത്തിന് പരിചയപ്പെട്ടത് മുതല്‍ എന്നെ സഹിക്കുവാന്‍ ജോസിനെ കര്‍ത്താവ് സഹായിച്ചു.
പക്ഷെ അക്കാര്യത്തില്‍ ജോസിന്‍റെ അപ്പനെയും അമ്മയെയും കര്‍ത്താവു കൈവിട്ടു.

കൂട്ടിലടച്ച തത്തയായിരുന്നുവെങ്കിലും, ആ കൂട്ടിനുള്ളില്‍ സര്‍വ്വസ്വാതന്ത്ര്യമുള്ള തത്തയായിരുന്നു മിലി. വീട്ടുജോലികള്‍ കഴിഞ്ഞു ഇഷ്ടംപോലെ ടി വിയും കണ്ടുകൊണ്ടിരിക്കാം. ശാലോം ടിവി മാത്രമേ കാണാവൂ എന്നൊരു ചെറിയ നിബന്ധന മാത്രം.

ഇനി ഞാന്‍…
ഞാന്‍ കോളേജിലെത്തിയിട്ടും പഫ്സിനോടുള്ള പ്രണയം മാഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ചോറുണ്ടില്ലെങ്കിലും വൈകിട്ട് പഫ്സുകഴിക്കാന്‍ മറക്കില്ല. ഇനിയിപ്പോ ധൂര്‍ത്തിന്‍റെ പേരില്‍ സിനിമകണ്ടാല്‍ അടുത്ത രണ്ടുദിവസം ഊണ് വേണ്ടെന്ന് വെക്കും, ധൂര്‍ത്തിന്‍റെ വിഷമവും മാറും.

ജോസിന്‍റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍കിട്ടിയാല്‍ ഇടയ്ക്കിടെ എന്നെ വിളിക്കുന്നത് മിലിയുടെ പതിവായിരുന്നു. വല്ലപ്പോഴും ജോസും വിളിക്കും, വിളിപ്പിക്കുന്നതാണോയെന്നറിയില്ല. വിളിക്കുമ്പോഴൊക്കെ മിലി വിഷമങ്ങളും, ഞാന്‍ കഴിഞ്ഞ ദിവസം കണ്ട സിനിമയെക്കുറിച്ചും സംസാരിക്കും.
കാലചക്രം ഉളുരുന്നതിനിടയില്‍ ജോസിന് വന്ന ദൈവവിളിയില്‍ ഇരുപത്തഞ്ചാം വയസിലെങ്കിലും മിലി അമ്മയായി.
തത്തയുടെ കൂട്ടില്‍ ഒരാള്‍ക്കുകൂടി തിക്കിത്തിരക്കാന്‍ സ്ഥലമില്ലത്തത് കൊണ്ടോ എന്തോ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്കല്ലാതെ പുറത്തിറങ്ങാന്‍ മിലിയ്ക്ക് അനുവാദം കിട്ടി. അമ്മയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മകന് മോഹന്‍ദാസ്‌ കരംചന്ദ്‌ ജോസെന്ന് പേരിടെണ്ടതാണ്.

കോളേജും പഠനുവുമൊക്കെ കഴിഞ്ഞ് ഉദ്യോഗക്കാരനായപ്പോള്‍ പ്രാണസഖിയായിരുന്ന പഫ്സ് എന്നോട് ചോദിക്കാതെ തന്നെ എന്‍റെയുള്ളില്‍നിന്ന് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി. വല്ലപ്പോഴുമൊക്കെ പഫ്സ് കഴിക്കനിടവന്നാലും ആ പഴയ പ്രണയമുണ്ടായിരുന്നില്ല.

ശനിയാഴ്ച:
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള തുണികള്‍ മുഴുവന്‍ അലക്കിവിരിച്ചു നടുനിവര്‍ത്തിയപ്പോള്‍ സമയം പത്തായി. മാവേലിക്കര സന്തോഷ്‌ തീയറ്ററില്‍ വിക്രമാദിത്യന്‍ ഓടുന്നുണ്ട്. എന്നാപ്പിന്നെ ദുല്ഖറിനെ കണ്ടുകളയാം എന്ന് തീരുമാനിച്ചത് പെട്ടന്നായിരുന്നു.

പോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഒരു ഫോണ്‍കോള്‍. വിരളി ഷുക്കൂറാണ്.
“എന്താടെ രാവിലെ”

“അളിയാ അയാം ടോണി കാണാന്‍ വരുന്നോ?”

“അയാം ടോണി ഇവിടിറങ്ങിയില്ലെന്നാണല്ലോ കേട്ടത്”

“കൊല്ലത്ത് പോയി കാണാനാണ്..ഉച്ചക്കത്തെ ഷോയ്ക്ക്..വരുന്നോ?”

[ആസിഫലിയുടെ സിനിമയ്ക്ക് വരെ ജില്ലതാണ്ടി പോയി കാണുന്നത്ര നിഷ്കളങ്കനാണ് ഷുക്കൂര്‍]
“ഇല്ലളിയാ, ഇന്ന് വിക്രമാദിത്യന്‍ കാണാനിറങ്ങുവാ..നീ വരുന്നോ?”

“ഇല്ലെടാ..ഞാന്‍ മൂന്ന്‍ തവണ കണ്ടതാ…”

“മൂന്ന്‍ തവണയോ..അത്ര നല്ല സിനിമയാണോ?”

“സൂപ്പര്‍ സിനിമയാണളിയാ..

“ഒന്നൂടെ കാണുന്നോ?”

“ഇല്ലളിയാ..ഇന്ന് ടോണിയാണ്..നീ പോയിവാ”

ഷുക്കൂര്‍ കട്ട് ചെയ്തുകഴിഞ്ഞപ്പോ വിക്രമാദിത്യന്‍ കാണാനുള്ള ആഗ്രഹം ഒന്നുകൂടി വര്‍ധിച്ചു.
അങ്ങനെ വര്‍ധിച്ച ആഗ്രഹവുമായി ഇറങ്ങിയതും ദാ വരുന്നു അടുത്ത വിളി..മിലിയാണ്.

“ഹലോ”

“നീയെവിടാ”

“വീട്ടിലാ, മാവേലിക്കരയ്ക്ക് പോകാനിറങ്ങുവാരുന്നു.”

“ടൌണിലോട്ടാണോ, എന്നാ വേഗം വാ ഞാന്‍ ടൌണിലുണ്ട്. മോന് കുറച്ചുസാധനം വാങ്ങാന്‍ വേണ്ടി വന്നതാ. നീയിനിയിവിടെങ്ങാനം വായിനോക്കിനടപ്പുണ്ടോന്നറിയാന്‍ വിളിച്ചതാ..”

“അയ്യോ..ഡീ ഞാന്‍ വേറെ വഴിക്കാ..ഒരു സിനിമകാണാനിറങ്ങിയതാ..”

“ഏത് സിനിമാ?”

“വിക്രമാദിത്യന്‍”

“ഞാനും വരട്ടേടാ..?”
എന്നെ പരുങ്ങലിലാക്കേണ്ട ഒരു ചോദ്യമാല്ലായിരുന്നെങ്കിലും കാരണമറിയാതൊന്നു പരുങ്ങി. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് മറുപടി പറഞ്ഞത്.

“അതിനെന്താ പോര്”

ഞാന്‍ തീയറ്ററിലെത്തുമ്പോ മിലിയും കുഞ്ഞുജോസും എന്നെയുംകാത്ത് അവിടെയുണ്ടായിരുന്നു.
കൗതുകവും കുഞ്ഞുപിള്ളേരെ താലോലിക്കാനുള്ള ഇഷ്ടവുംകൊണ്ട് കുഞ്ഞുജോസിനെ ഞാന്‍ കൈകളില്‍ വാങ്ങി. അവനെങ്ങാനം മൂത്രമൊഴിച്ച് ഷര്‍ട്ട് വൃത്തികേടാക്കുമോ എന്നൊരു ഉള്‍ഭയം കുടുങ്ങിക്കിടന്നിരുന്നു.
പരിചയക്കാരാരെങ്കിലും പരിസരത്തുണ്ടോന്ന് വെറുതെ ഇടയ്ക്കിടെ നോക്കിത്തന്നെ ടിക്കറ്റുമെടുത്ത് വിക്രമാദിത്യന് മുന്നില്‍ ഹാജരായി.

സ്ക്രീനില് ശ്വാസകോശം സ്പോഞ്ച് പരസ്യം വന്നപ്പോള്‍ മിലിയെന്നെ തോണ്ടിവിളിച്ചിട്ട് ഒരു രഹസ്യം പറഞ്ഞു.

“ഞാനാദ്യമായിട്ടാ തീയറ്ററില്‍ വരുന്നത്”
ശാലോമില്‍ നിന്ന് സന്തോഷിലെത്തിയതിന്‍റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.

മറുപടിയായി ഒരു പുഞ്ചിരിമാത്രം ഞാന്‍ നല്‍കി. എന്‍റെ നേട്ടങ്ങളുടെ ചെറിയ പട്ടികയില്‍ ഒരെണ്ണംകൂടി. ഒരാളെ ആദ്യമായി തീയറ്ററില്‍ കൊണ്ടുവന്നുവെന്ന നേട്ടം!

സിനിമ പകുതിയോളമായപ്പോഴേക്കും കുഞ്ഞ് ഒരുറക്കം കഴിഞ്ഞിരുന്നു. പക്ഷെ ഉണര്‍ന്നിരുന്ന നേരമത്രയും അവന്‍ ബഹളമുണ്ടാക്കാതെ സ്ക്രീനില്‍ നോക്കിയിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.. ഇടവേളയുടെ വെളിച്ചം വീണപ്പോഴാണ് ഞാന്‍ മിലിയെ ശ്രദ്ധിച്ചത്, സിനിമതുടങ്ങിയതില്‍പിന്നെ അവള്‍ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നവിധം പ്രസാദിച്ചിരുന്നു മുഖം.

കുഞ്ഞിനെ അവളെയേല്‍പ്പിച്ചു ഞാന്‍ പുറത്തിറങ്ങി..അങ്കിള്‍ ജോണിന്‍റെ ഐസ്ക്രീം വാങ്ങാനാണ് ചെന്നതെങ്കിലും ചില്ലുകൂട്ടിലിരിക്കുന്ന പഫ്സ് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി.
ഒരു പഫ്സും ഐസ്ക്രീമുമായിട്ടാണ് ഞാന്‍ തിരിച്ചുകയറിയത്. അങ്കിള്‍ ജോണിന് വേണ്ടിയാകണം മിലി കൈ നീട്ടിയത്, പക്ഷെ അങ്കിള്‍ ജോണിനെ നീട്ടിക്കൊണ്ട് ഞാന്‍ പഫ്സ് കയ്യില്‍ വെച്ചുകൊടുത്തു.

“നീയെനിക്ക് പഫ്സ് വാങ്ങിത്തന്നിട്ട് പത്തുവര്‍ഷത്തോളമായി..ഓര്‍മ്മയുണ്ടോ അതൊക്കെ…ഇത് നീയന്ന്‍ വാങ്ങിത്തന്ന പഫ്സുകളുടെ ഓര്‍മ്മയ്ക്കാണ്. ഇന്ന് നീ പഫ്സ് കഴിക്ക്..ഞാന്‍ ചിരിക്കാന്‍ നോക്കട്ടെ”
ഞാന്‍ ചിരിച്ചുതുടങ്ങുന്നതിനുമുന്നേ പഫ്സ് വാങ്ങി മിലി ചിരിച്ചുതുടങ്ങി.
അവള്‍ പഫ്സ് കഴിക്കുമ്പോ എനിക്ക് ചിരിവന്നില്ലെങ്കിലും അവശേഷിപ്പുകള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കണ്ടപ്പോളെനിക്ക് ചിരി വന്നു.

വിക്രമാദിത്യന്‍ തീര്‍ന്നു…ദുല്‍ഖറും ഉണ്ണിമുകുന്ദനും യാത്ര പറഞ്ഞുപോയി.
മിലിയെ ബസ് കയറ്റിവിട്ടിട്ട് ഞാനെന്‍റെ ശകടത്തില്‍ വീട്ടിലേക്കും തിരിച്ചു.

മൈലാഞ്ചി

ഇത് അംബുരു എന്ന അരവിന്ദിന്റെ കഥയാണ്. അരവിന്ദ് എന്നൊരു പേര് അവനുണ്ടെന്ന് അവന്‍തന്നെ മറന്നുപോയിക്കാണണം.

അംബുരുവിന്‍റെ ഒരു ശനിയാഴ്ച:

സാധാരണ ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മണിക്ക് അടിക്കേണ്ട അലാറം, പതിവിനുവിരുദ്ധമായി ആറുമണിക്ക് അടിക്കാൻ പാകത്തിൽ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. എങ്ങാനം അലമുറയിടാന്‍ വൈകിയാലോ എന്ന പേടിയില്‍ അഞ്ചേമുക്കാലിന് തന്നെയുണര്‍ന്ന് അലാറം ഓഫ് ചെയ്തു.
ചുവന്ന വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനം മേശപ്പുറത്ത് ഇരിപ്പുണ്ട്. അലാറം ഓഫ് ചെയ്തിട്ട് ആദ്യം ചെന്നത് മേശയ്യ്ക്കരികിലേക്കാണ്. ജയകൃഷ്ണന്‍ ക്ലാരയെ തഴുകുന്നപോലെ സമ്മാനപ്പൊതിയില്‍ ഒന്ന് തലോടി………….

ആറരയായപ്പോള്‍ തന്നെ കുളിച്ചു സുന്ദരനായി മുറിയ്ക്ക് പുറത്തിറങ്ങിയ (അറ്റാച്ച്ട് ബാത്രൂം ഉണ്ട്) മകനെ കണ്ടിട്ട് അമ്മ അംബുജം ചെറുതായിട്ടൊന്ന് ഞെട്ടി. നീലക്കുറിഞ്ഞി പോലും പൂക്കുമെന്ന വിശ്വാസം ഉണ്ട്, എന്നാലും ഇവന്റെ് കാര്യത്തില്‍ ഇത് സംഭവിക്കുമെന്ന് കരുതിയതല്ല. പരിഭ്രമം മറച്ചുവെച്ച് ആ അമ്മമനസ് സ്നേഹനിധിയായി.

“ഡാ മോനെ, കഴിച്ചിട്ട് പോകെടാ…”

“വേണ്ടമ്മേ..കഴിക്കാന്‍ നിന്നാല്‍ ചിലപ്പോ ട്രെയിന്‍ മിസ്സാകും”

“ഒഹ് പിന്നെ..ഇച്ചിരി പുട്ട് തിന്നുന്ന സമയംകൊണ്ട് നിന്റെി ട്രെയിനൊന്നും പോകില്ല. അല്ലേലും കലക്ടറുദ്യോഗത്തിന്റെ ഇന്‍റര്‍വ്യൂനൊന്നുമല്ലല്ലോ , കൂട്ടുകാരീടെ കല്യാണത്തിനല്ലേ പോകുന്നെ?”

“ശ്ശേടാ..ഈ തള്ളയോടല്ലിയോ പറഞ്ഞത് എനിക്കിപ്പോ ഒന്നും വേണ്ടെന്ന്‍. ഞാന്‍ ട്രെയിനീന്നു വാങ്ങി കഴിച്ചോളാം”

“ഓഹ്..എന്നാ നീ ചെല്ല്, സ്വന്തം തള്ളയ്ക്ക് ഇന്നേവരെ 100 രൂപയ്ക്ക് പോലും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് തരാത്തവനാ കൂട്ടുകാരിയ്ക്ക് 1500 രൂപയുടെ സാരിയും വാങ്ങിച്ചോണ്ട് പോകുന്നത്. ചെല്ലെടാ ചെല്ല്, നീ ചെന്നില്ലെങ്കില്‍ ചിലപ്പോ കല്യാണം നടന്നില്ലെങ്കിലോ..”

അംബുജം കത്തിക്കയറുന്നത് കണ്ടപ്പോള്‍ അംബുരുവിനു പന്തികേട് മനസിലായി. അധികസമയം നിന്ന് ബാക്കികൂടെ വാങ്ങാതെ വേഗം തന്നെ നിന്നിടം കാലിയാക്കി.

അംബുരു ഇത്രയും തിരക്കിട്ട് സമ്മാനവുമായി പോകുന്നത് കോളേജ്പഠനകാലത്ത് കിട്ടിയ കൂട്ടുകാരി നജിലയുടെ നിക്കാഹിനാണ്.

കായംകുളം റയില്‍വേ സ്റ്റേഷന്‍:
ട്രെയിന്‍ പതിവ് തെറ്റിക്കാതെ അരമണിക്കൂര്‍ താമസിച്ച് തന്നെയെത്തി. ചെലവുചുരുക്കലിന്റെ ഭാഗമായതിനാലാണ് പാസ്സഞ്ചറില്‍ പോകാമെന്ന് തീരുമാനിച്ചത്.ഭാഗ്യത്താല്‍ അധികം തിരക്കില്ലാത്ത കമ്പാര്ട്ട്മെന്റില്‍ വിന്‍ഡോസീറ്റ് തന്നെ തരപ്പെട്ടു.

ഇനിയൊരു രണ്ടുരണ്ടര മണിക്കൂര്‍ യാത്രയുണ്ട്. ഭൂതകാലത്തിലെ സൗഹൃദത്തിന്റെ ഓര്മ്മ കള്‍ മനസിലെ അഭ്രപാളിയില്‍ റീവൈന്റും ഫോര്‍വേഡും അടിയ്ക്കാനുള്ള സമയം ധാരാളമുണ്ട്.
ട്രെയിന്‍ ചലിച്ചു തുടങ്ങി. വര്‍ഷങ്ങളായുള്ള ശീലമായതുകൊണ്ട്, പതിവുപോലെതന്നെ ജനാലയ്ക്ക് വെളിയില്‍ കാണുന്ന മരങ്ങളും കെട്ടിടങ്ങളും പിന്നിലേക്ക് ഓടിപ്പോകുന്നുണ്ട്. അവയ്ക്കൊപ്പം മനസിനെയും ഓര്‍മ്മകളെയും പിന്നിലേക്ക് ഓടിച്ചു.

കോളേജ് ജീവിതം ആരംഭിച്ച് നാലഞ്ച് മാസത്തിനുള്ളില്‍ തന്നെ നജിലയുമായി സൗഹൃദത്തിലായി (നീയൊക്കെ കോളേജില്‍ പോയത് പഠിക്കാന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് ഇവിടെ ഒട്ടും തന്നെ പ്രസക്തിയില്ല). നജിലയുമായുള്ള സൗഹൃദം എങ്ങനെ തുടങ്ങിയെന്ന് ഇന്നും ഓര്മകയില്ല. ആ സൗഹൃദം വഴി നജിലയുടെ സുഹൃത്തുക്കളായ തരുണീമണികളിലേക്കും തന്റെ സൗഹൃദം വ്യാപിപ്പിക്കാന്‍ ആദ്യമേതന്നെ ശ്രമിച്ചിരുന്നു. സംവിധാനത്തിലൂടെ അഭിനയത്തിലേക്ക് എന്ന ആ പഴയ ലൈന്‍ തന്നെ. ശ്രമപരിശ്രമങ്ങള്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷെ പോകെപ്പോകെ സൗഹൃദങ്ങള്‍ രണ്ടുമൂന്നുപേരിലേക്ക് ചുരുങ്ങി. അതില്‍ പെണ്ണായൊരുവള്‍ നജിലയും.

പരാതിയും പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും സൗഹൃദത്തില്‍ കലര്പ്പി ല്ലായിരുന്നു. “ഒട്ടും തന്നെ നഞ്ചുകലരാത്ത സൗഹൃദങ്ങള്‍ അവാച്യമായൊരു സുഖം പകരും” എന്ന തന്റെ ഫേമസ് ക്വോട്ട്, താനത്ര ഫേമസ് അല്ലാത്തതുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെപോയതാണ്.
എല്ലാ ആണ്‍-പെണ് സൗഹൃദങ്ങളും പ്രണയത്തില്‍ കലാശിക്കുമെന്ന് പറഞ്ഞ മഹാനോട് പുച്ഛമായിരുന്നു തനിക്ക് അന്ന്. ഇന്നും. ഓള്ക്കും !(ഇത്തിരി കൂടിപ്പോയോന്നൊരു സംശയം).

നാട്ടില്‍ താന്‍ വളരെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തിക്കൊണ്ടുപോകുന്ന ജിഷയുടെ കാര്യവും നജിലയ്ക്ക് അറിയാം. അതായിരിക്കാം തുടക്കത്തിലൊക്കെ ആരൊക്കെ സംശയിച്ചിട്ടും നജിലയ്ക്ക് തന്നില്‍ വിശ്വസം തോന്നാന്‍ കാരണം.

നജിലയ്ക്ക് മൈലാഞ്ചിയുടെ മണമായിരുന്നു.
“മൈലാഞ്ചി മണക്കുന്നല്ലോ, പെണ്ണേ..നീ വരുമ്പോള്‍….” എന്ന് പാടി പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു. മൈലാഞ്ചികൊണ്ട് കൈവെള്ളയില്‍ കോലം വരച്ചല്ലാതെ നജിലയെ കണ്ടിട്ടേയില്ല. കുസൃതികാട്ടി അവളുടെ വലതുകയ്യില്‍ പിടിച്ചു മൈലാഞ്ചിഗന്ധം ആസ്വദിക്കുന്നത് ഒരു സ്ഥിരം വികൃതിയായിരുന്നു. കൈപിടിച്ചു മണംപിടിച്ചശേഷം “അയ്യേ, ബിരിയാണി മണക്കുന്നല്ലോ പെണ്ണേ….” എന്ന് പറഞ്ഞുകളിയാക്കുകയും ചെയ്യും.
“കോഴിയാ ഇല്ല്യോടി…” എന്ന കളിയാക്കലിന്..”അതെ കോഴി തന്നെയാ ഇപ്പൊ മണപ്പിക്കുന്നത്” എന്ന മറുപണിയും വാങ്ങിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയുള്ള സൗഹൃദം, സൗഹൃദത്തിന്റെ താജ്മഹല്‍ പണിയുന്ന സീനിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെങ്കിലും പോകുന്നത് അങ്ങോട്ടല്ല. ഇപ്പൊ ആറാം വര്ഷംം ആഘോഷിക്കുന്ന സൗഹൃദത്തില്‍ രണ്ടേരണ്ടു തവണ നഞ്ചു കലർത്തി താന്‍ പ്രണയത്തിലേക്ക് വഴുതിവീണിരുന്നു.സംഭവം സെക്കന്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. വളരെവേഗം സ്വബോധം വീണ്ടെടുത്ത് കരകയറാന്‍ സാധിച്ചിരുന്നു.

ഒന്നാം വര്ഷ ബിരുദത്തില്‍ വിരുത് കാട്ടിക്കൊണ്ടിരിക്കുന്ന കാലം. ഹോസ്ടലിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമൊന്നുമില്ലാത്ത ഒരു ഞായറാഴ്ച്ച! എന്തിനോവേണ്ടി കണ്ണുംതുറന്ന് മലര്ന്നു കിടക്കുമ്പോഴാണ് നജില വിളിക്കുന്നത്. അവള്ക്കെന്തോ പര്‍ച്ചേസൊക്കെയുണ്ട്, ഒരു കൂട്ടിന് വിളിച്ചതാണ്. വേഗം ടൌണിലേക്ക് ചെല്ലാന്‍.
സീലിംഗ്ഫാനും നോക്കികിടക്കുന്നവനെന്ത് അസൗകര്യം. ശടപടെന്ന്‍ റെഡിയായി പുറപ്പെട്ടു.

ബസ് സ്റ്റാൻഡിൽ നജില കാത്തുനില്പുപണ്ടായിരുന്നു. ഷോപ്പിങ്ങിനു പോകാനുള്ള ഉന്മേഷം കിട്ടാന്‍ വേണ്ടി ആദ്യം ആര്യാസില്‍ കയറി ഊണ് കഴിച്ചു. ബില്ല് വരുന്നതിനു മുന്‍പ് തന്നെ വിദഗ്ധമായി കൈകഴുകാന്‍ പോയി.
അവളുടെ കയ്യിലെ കാശിന് അവള്‍ നടത്തുന്ന പര്‍ച്ചേസായാതിനാല്‍..പര്‍ച്ചേസ് നീണ്ടുപോയതില്‍ പ്രത്യേകിച്ച് അതൃപ്തിയൊന്നും തോന്നിയില്ല.
പര്‍ച്ചേസൊക്കെ അവസാനിപ്പിച്ച്‌ നടക്കുമ്പോള്‍ ദേ പിന്നേം വൈദ്യന്‍ കല്പിചച്ചപോലെ ഒരു കൂള്‍ബാര്‍ ഞങ്ങളെ മാടിവിളിക്കുന്നു.
നാട്ടീന്ന് കുറ്റീം പറിച്ച് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും ഇപ്പോഴും വലിയ ഹോട്ടലുകളിലൊന്നും കയറാറില്ല. കുടിയ്ക്കാനെന്ത് വേണം എന്ന് ചോദിച്ചാല്‍ പറയാന്‍ നാരങ്ങാവെള്ളം മാത്രമേ അറിയൂ. ഇനിയിപ്പോ കഴിക്കാനെന്താ വേണ്ടെന്ന് ചോദിച്ചാല്‍ മാക്സിമം പോയാ ചിക്കന്‍ ബിരിയാണി എന്ന് പറയാനറിയാം.ഇങ്ങനെയൊരു സംഗതിയുള്ളത് കൊണ്ട് ഇത്തരം സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കിവിടും. ഇനിയഥവാ ആരെങ്കിലും വലിച്ചിഴച്ച് കൊണ്ടുപോയാല്‍ സ്ഥിരം പ്രയോഗിക്കുന്ന നമ്പര്‍
“ഇവിടെ ഓര്ഡചര്‍ ചെയ്തത് തന്നെ മതി” എന്നതാണ്. അങ്ങനെ അടുത്തിരിക്കുന്നവന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റും.

നജില വിളിച്ചത് കൊണ്ട്, അവളെ അനുഗമിച്ച് കൂള്‍ബാറില്‍ കയറി. അകത്തുകയറി സീറ്റ് പിടിച്ച ശേഷം 90ഡിഗ്രി തലങ്ങും വിലങ്ങും തല തിരച്ചു ചുറ്റുപാടും വെറുതെയൊന്നുനോക്കി.
ദേ വരുന്നു തൊപ്പിക്കാരന്‍..
“ഇവിടെ എന്താ സര്‍…വേണ്ടത്”
സര്‍ വിളി സുഖിച്ചെങ്കിലും മറുപടി പറയാതെ നജിലയെ നോക്കി.
“രണ്ടു ചോക്ലേറ്റ് ഷേക്ക്”..അവളുതന്നെ ഓര്ഡലര്‍ ചെയ്തു.

ചോക്ലേറ്റ്….ഷേക്കോ…ചോക്ലേറ്റ് തിന്നിട്ടുണ്ട്. ഷേക്ക് കേട്ടിട്ടുമുണ്ട്..ഇനിയിതെന്ത് പാണ്ടാരമാണാവോ
അതിനെക്കുറിച്ച് ആലോചിച്ച് തലപുകയാന്‍ തുടങ്ങുമ്പോഴേക്കും ഷേക്ക് വന്നു. കൊള്ളാം, കാണാന്‍ നല്ല ലുക്കൊക്കെയുണ്ട്.
ഗ്ലാസില്‍ ഏറ്റവും മുകളിലായി നല്ല കട്ടിയ്ക്ക് ഒരുണ്ട കിടക്കുന്നു. സംഭവം ചോക്ലേറ്റ് ആണെന്ന് രണ്ടുനോട്ടത്തില്‍ തന്നെ പിടികിട്ടി. പക്ഷെ ഷേക്ക് ഗ്ലാസ് കൊണ്ടുവന്ന പ്ലേറ്റില്‍ ഇരിക്കുന്ന സ്ട്രോ എങ്ങനെ ഇതിലിട്ട് ഈ ചോക്ലേറ്റിന്റെ താഴെയുള്ള ഷേക്ക് കുടിയ്ക്കുമെന്നതായിരുന്നു കണ്ഫ്യൂഷന്‍. പണിപാളിയല്ലോ ഈശ്വരാ………..

തലയുയർത്തി നജിലയെ ഒന്നുനോക്കി
“എന്താടാ..കുടിക്കുന്നില്ലേ?”
“കുടിയ്ക്കാം, ആദ്യം നീ കുടിയ്ക്ക്” എന്നൊരു നമ്പരിട്ടു. ഇവള് എങ്ങനെയാണ് കുടിയ്ക്കുന്നതെന്ന് കണ്ടാല്‍ പിന്നെ പ്രശ്നമില്ല.
“നീ കുടിയ്ക്കെടാ”..അവള് വിടാന്‍ ഭാവമില്ല.
“വേണ്ടാ..നീയാദ്യം കുടിയ്ക്ക്”
“”എന്തുവാടാ..ചുമ്മാ ഷോ ഇറക്കുന്നെ?”

ഇനിയും ഡയലോഗടിച്ച് ചളമാക്കേണ്ടാ എന്നുകരുതി ഉള്ള സത്യം തുറന്നുപറഞ്ഞു.
“അതേയ്..ഈ ചോക്ലേറ്റ് മുകളില്‍ കിടക്കുന്നതുകൊണ്ട് സ്ട്രോ എങ്ങനാ ഇടേണ്ടതെന്ന് ഒരു ഡൌട്ട്. ഞാനീ സാധനം ആദ്യായിട്ടാ….”
പറഞ്ഞു നിർത്തിയതും, സ്ഥലകാലബോധമില്ലാതെ അവള് പൊട്ടിച്ചിരിച്ചു.പൊട്ടിച്ചിരിനിര്‍ത്തി മൈലാഞ്ചിക്കൈകൊണ്ട് തലയ്ക്കൊരു കൊട്ടുതന്നു.
“സ്ട്രോ ഇട്ടിളക്കി ചോക്ലെറ്റ് അലിയിച്ചു കുടിയ്ക്കെടാ പൊട്ടാ..ഇതുപോലും അറിയാതെ എഞ്ചിനീയറാകാന്‍ വന്നേക്കുന്നു”
മാനം എന്നൊന്നില്ലാത്തത് കൊണ്ട് മനാഭിമാനം പോയില്ല.

തലയ്ക്ക് ഒരു കൊട്ടുതന്ന്‍, നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നജിലയുടെ നോട്ടം ഒരുനിമിഷം ഉള്ളില്‍ സൗഹൃദത്തിന്റെ മുകളില്‍ കയറിനിന്ന് പ്രണയം നൃത്തം ചവിട്ടി. ആ ചവിട്ടില്‍ നിലതെറ്റി പ്രണയത്തിന്റെ കൊക്കയിലേക്ക് വീണെങ്കിലും നൊടിയിടയില്‍ ഏതോ വള്ളിയില്‍ പിടിച്ചുകരയ്ക്ക്‌ കയറി.
സൗഹൃദത്തില്‍ നഞ്ചു കലർത്തിയ പൈശാചിക നിമിഷത്തെ അവള്‍ കേള്ക്കാതെ പതിയെ ശപിച്ചു. കുറ്റബോധം…പശ്ചാത്താപം എല്ലാം നിമിഷങ്ങള്‍ കൊണ്ട് കടന്നുപോയി.
അങ്ങനെ ഒരു പ്രണയം അവിടെ ജനിച്ചു, അവിടെത്തന്നെ മരിച്ചുവീണു!

പിന്നെ കലാപരമായ ഒരു ആക്രമണം തന്നെ ചോക്ലേറ്റ് ഷേക്കിനുമുന്നില്‍ അഴിച്ചുവിട്ടു. ആസ്വദിച്ചുകുടിച്ചിട്ടുകൂടി അവള്‍ തീര്ക്കുന്നതിനും മുന്‍പേ ഗ്ലാസ് കാലിയാക്കി. അവസാനതുള്ളിയെ സ്ട്രോയിലൂടെ വലിച്ചെടുക്കുമ്പോള്‍ കാറ്റും കൂടെ കയറി ശര്‍ര്‍ ശബ്ദത്തോടെ ഫിനിഷിംഗ് പോയിന്റ് എത്തിയെന്ന് ചുറ്റുമുള്ളവരെക്കൂടി അറിയിച്ചു!

പിന്നെയും വസന്തവും ശിശിരവുമൊക്കെ കടന്നുപോയി. ഓര്‍മ്മകള്‍ക്ക് ചായം പൂശിയ, മൈലാഞ്ചി മണമുള്ള ചാന്ദ്രമാസങ്ങളും ഉന്മാദത്തോടെ കടന്നുപോയി.(പ്രണയ-സൗഹൃദ കഥകളില്‍ ഇങ്ങനെ ചിലതൊക്കെ വേണമെന്നാണ്)

ട്രെയിന്‍ കോട്ടയവും പിന്നിട്ട് പോയിരിക്കുന്നു.

……………………..കോളേജില്‍ നിന്നും പോയ വിനോദയാത്ര! അന്നും മറ്റുള്ളവരോടൊപ്പം എല്ലാ വിനോദങ്ങളിലും ബസിനുള്ളില്‍ വെച്ച് പങ്കെടുത്തു. പത്തുമിനിറ്റ് ആടിയും പാടിയും കുമിളപോലുള്ള ജീവിതം ആസ്വദിച്ചിട്ട്, പിന്നെ പത്തുമിനിറ്റ് നജിലയ്ക്കൊപ്പമിരുന്ന് വിശ്രമിക്കും.
വിനോദവും ഉന്മാദവുമൊക്കെ ഇറക്കിവെച്ച് എല്ലാവരും രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങിതുടങ്ങി. നജിലയും ഉറങ്ങി ഉറങ്ങി ചരിഞ്ഞ് ഉറക്കം തന്റെ് തോളില്‍ മുഖം ചേർത്തായി. എന്തോ തനിക്ക് ഉറക്കം വന്നതേയില്ല! ബസിപ്പോള്‍ ഊട്ടിയുടെ പ്രാന്തപ്രദേശത്തേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോള്‍ ബസ്സ്‌ ചെറുതായൊന്നു കുലുങ്ങി. ആ കുലുക്കത്തില്‍ നജിലയും കുലുങ്ങി. കുലുക്കത്തില്‍ അവളുടെ ചുണ്ടുകള്‍ തന്റെ കവിളില്‍ സ്പര്‍ശിച്ചതായി ഒരു തോന്നല്‍!……..
ആടിയുലഞ്ഞ് കുലുങ്ങി അറിയാതെകിട്ടിയ സ്പര്‍ശനത്തെ വിവേകമില്ലാത്ത ഉപബോധമനസ് ഒരു നിമിഷം സ്നേഹചുംബനമായി വ്യാഖ്യാനിച്ചു!

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ കണ്ണുമിഴിച്ചുനോക്കിയ അവളെ സ്വബോധം വീണ്ടെടുത്ത്, ജനാലയുടെ നേര്ക്ക് കൈചൂണ്ടി പുറത്തെ കാഴ്ചയിലേക്ക് ക്ഷണിച്ചു.ദൈവാധീനം പോലെ അങ്ങകലെ ഏതോ പരിപാടിയുടെ അലങ്കാരപ്പണികളില്‍ കത്തിനില്ക്കുന്ന നൂറുകണക്കിന് ബള്‍ബുകള്‍ – പൊട്ടുകള്‍വാരിവിതറിയപോലൊരു കാഴ്ച!..വശ്യമനോഹരമായ കാഴ്ച! ജനലിലൂടെ തണുപ്പ് അകത്തേക്ക് അരിച്ചുകയറുന്നുണ്ട്.
പുറത്തെ കാഴ്ച കണ്ടു തിരഞ്ഞുനോക്കിയ നജിലയുടെ കണ്ണുകളിലെ തിളക്കവും, നിമിഷങ്ങള്‍ക്ക് മുന്‍പുള്ള മനസിന്റെ പൈശാചികമായ ദുര്‍വ്യാഖ്യാനവും വീണ്ടുമൊരിക്കല്ക്കൂടി സൗഹൃദത്തില്‍ നഞ്ചു കലർത്തി!. അവളുടെ കൈകളിലെ മൈലഞ്ചിയാകാന്‍ മനസ് ഒരു നിമിഷം ആഗ്രഹിച്ചു!

വീണ്ടും കുറ്റബോധവും, പശ്ചാത്താപവും!..
അങ്ങനെ രണ്ടാമത്തെ പ്രണയനിമിഷവും അവിടെ ജനിച്ച് അവിടെത്തന്നെ മരിച്ചു വീണു!

ട്രെയിന്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു..
അരമണിക്കൂര്‍ ബസ് യാത്രയും കഴിഞ്ഞ് കല്യാണസ്ഥലത്തെത്തി. അവിടെയെങ്ങും മാനും, മനുഷ്യനുമില്ല. വീട് തൊട്ടടുത്ത് തന്നെയായതിനാല്‍ നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
കലപിലബഹളങ്ങളും,അലങ്കാരപ്പണികളും, ആള്‍ക്കൂട്ടവും..ഇതിനെയൊക്കെ തരണം ചെയ്ത് സമ്മാനപ്പൊതിയുമായി പെണ്‍പടകള്‍ അവളെ ഒരുക്കുന്നിടത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടു.
“ഡാ ഇപ്പോഴാണോ വരുന്നത്…” നജിലയുടെ സന്തോഷം.
“ഇതിലും നേരത്തെ വരാന്‍ ഇന്ത്യന്‍ റെയില്വേ സമ്മതിച്ചില്ല മോളെ..”
അളിഞ്ഞ വിറ്റായതുകൊണ്ടായിരിക്കാം നജിലയും ചിരിച്ചില്ല, കൂടെയുള്ള പെണ്‍പടകളും ചിരിച്ചില്ല.
നമ്മളിതെത്ര കണ്ടതാ.ചമ്മല്‍ മറച്ചുപിടിച്ച് സമ്മാനപ്പൊതി നീട്ടി

“ഇന്നാ, എന്റെ വകയൊരു ചെറിയ സമ്മാനം”
“ശ്ശോ വേണ്ടായിരുന്നു, എന്തിനാടാ ഇതൊക്കെ, വെറുതെ കാശുകളയേണ്ട വല്ല കാര്യവുമുണ്ടോ”..തുടങ്ങിയ പതിവു ഡയലോഗുകളൊന്നും മറുപടിയായി കിട്ടിയില്ല. ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങിവെച്ചു.

പിന്നെയും മീന്‍ വെട്ടുന്നിടത്ത് പൂച്ച പമ്മിനടക്കുന്നതുപോലെ കുറച്ചു നേരം അവിടെ പതുങ്ങിയ ശേഷം പുറത്തുകടന്നു.
സമയമായപ്പോള്‍ ഓഡിറ്റോറിയത്തിലേക്കും പാഞ്ഞു. സ്വര്ണ്ണത്തിലും, മൈലഞ്ചിയിലും മുക്കിയെടുത്ത നജിലയെ സ്റ്റേജില്‍ ഇരുത്തിയിട്ടുണ്ട്. ആ കൈകളിലെ മൈലാഞ്ചിയാകാനാണ് പണ്ട് മനസ്‌ ആഗ്രഹിച്ചത്, യാതൊരു പ്രകോപനവുമില്ലാതെ മനസ്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു. പിന്നെയൊട്ടും അമാന്തിച്ചില്ല..നേരെ ഭക്ഷണത്തിനുള്ള ഏരിയയിലേക്ക്………………
അവിടെ പരാക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിട്ടിയ സീറ്റില്‍ ഇരുന്നും നിന്നും ബിരിയാണിയില്‍ ചെറുതായൊന്ന് മുങ്ങിനിവര്‍ന്നു. വീണ്ടും മേടയിലേക്ക്.
അവിടെയെത്തിയപ്പോള്‍ അമല്‍ നീരദുമാര്‍ പെണ്ണിനേയും ചെക്കനേയും നിര്‍ത്തി ഡയരക്ഷന്‍ തുടങ്ങിയിട്ടുണ്ട്. തന്നെ കണ്ടതും നജില കൈയ്യാട്ടി വിളിച്ചു.
പോകുന്നവഴിക്ക് ഒരു ഏമ്പക്കവും വിട്ട് നോര്‍മ്മലായിട്ടാണ് കയറിച്ചെന്നത്
സ്റ്റേജില് കയറി ചെക്കന് പുഞ്ചിരി തുളുമ്പുന്ന ഒരു ഹസ്തദാനം
“ഹായ് ഞാന്‍ അരവിന്ദ്, നജിലയുടെ ഫ്രെണ്ടാണ്”
പുയ്യാപ്ല ആകെമൊത്തം ഒന്ന് കുലുങ്ങിചിരിച്ചു
“ഞാന്‍ ഷുക്കൂര്‍”…….
നല്ലൊരു മത്താപ്പ് പ്രതീക്ഷിച്ചു വന്നവന്റെ മുന്പില്‍ നനഞ്ഞ ഓലപ്പടക്കം കത്തിയ്ക്കാന്‍ നോക്കിയ ഫീല്‍ ആയിരുന്നു ആ പേര് കേട്ടപ്പോള്‍.
വേറെ നല്ല പേരൊന്നും കിട്ടിയില്ലേ ചേട്ടാ..എന്ന ചോദ്യം പാതിവഴിയില്‍ വിഴുങ്ങിക്കളഞ്ഞു. എന്തോ ഷുക്കൂര്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മവരുന്നത് പുലിബിനുവിന്റെ നിഴലായ വെരളി ഷുക്കൂറിനെയാണ്.
ആ സമയത്ത് നജില ഇടപെട്ടു.
“ഇവനെന്റെ ബെസ്റ്റ് ഫ്രെണ്ടാണ്. ഒരേയൊരു ബെസ്റ്റ് ഫ്രെണ്ട്!..
കാതിനു നല്ല കുളിര്‍മയൊക്കെ തോന്നിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. എല്ലാത്തിനും ഒരേയൊരു മറുപടി പുഞ്ചിരി!.പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു പരിചയപ്പെടുത്തി.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കണ്ണുകൊണ്ട് പോകുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു.
മടക്കയാത്രയില്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ നജിലയുടെ വാക്കുകള്‍ വീണ്ടുമോർത്തു. എന്നാലും തന്നെയിത്രയും വിശ്വസിച്ചവളെയാണല്ലോ രണ്ടുനിമിഷത്തേക്കെങ്കിലും വഞ്ചിച്ചത്. വീണ്ടും കുറ്റബോധം പിടികൂടി.
തരികെ വീട്ടിലെത്തുമ്പോഴേക്കും കുറ്റബോധമോക്കെ മാഞ്ഞിരുന്നു. സന്തോഷം നിറഞ്ഞ മനസുമായി കട്ടിലില്‍ ഇരിക്കുമ്പോഴാണ് ജിഷയുടെ കാര്യം ഓർത്തത്.
ഈശ്വരാ…ഞാന്‍ ശരിക്കും വഞ്ചിച്ചത് ജിഷയെയാണല്ലോ..ഇതൊക്കെ അവളോട്‌ ചെയ്ത വഞ്ചനയല്ലേ…
വീണ്ടും കുറ്റബോധം…പശ്ചാത്താപം..ഈ മനസ് ഒരുമാതിരി സ്വഭാവമാണല്ലോ കാണിക്കുന്നത്.
പശ്ചാത്താപം കഴിഞ്ഞപ്പോള്‍ ചെറിയ ആശ്വാസം തോന്നി..സാരമില്ല..ലക്ഷക്കണക്കിന് പേജുകളുള്ള ജീവിതത്തില്‍ നിന്ന് രണ്ടേ രണ്ടു പേജ്..അതങ്ങ് കീറിക്കളയാം. ജിഷയും അറിയണ്ട, നജിലയും അറിയണ്ട.
ഒന്നുറങ്ങി എണീറ്റപ്പോള്‍ കുറ്റബോധവും പശ്ചാത്താപവും പമ്പയും എരുമേലിയുമൊക്കെ കടന്ന് എങ്ങോട്ടോ പോയിരുന്നു.

മൈലാഞ്ചി മണക്കുന്നല്ലോ പെണ്ണേ നീ വരുമ്പോള്‍………എന്ന് മൂളിക്കൊണ്ട്, മേശയ്ക്കരികിലെത്തി കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ കണ്ണാടിയിലെ അംബുരു, തന്നെ നോക്കി ചിരിക്കുന്നു. അവനെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു “ആ അംബുരു ഞാനല്ലടാ…………..”

അടിക്കുറിപ്പ് (അടികിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതിപ്പോ തല്ലുകിട്ടാന്‍പാകത്തില്‍ ഒരു യഥാര്‍ത്ഥ കഥയല്ല. എന്നാലും ഒരു സേഫ്ടിക്ക്..അംബുരു, നജില..ഇവരൊക്കെ ആരാണെന്ന് എനിക്കറിയില്ല..ഞാന്‍ കണ്ടിട്ടുമില്ല

ബിനു പുലിയാണ്

“നമുക്ക് അതിരാവിലെ എഴുന്നേറ്റ് പല്ലുതേക്കാം, പിന്നെ കഫെ കോഫീഡെയില്‍ പോയി കാപ്പി കുടിക്കാം. അവിടെ വെച്ച് നീയെന്റെ കാപ്പിയുടെ ബില്ല് കൊടുക്കണം……….” റോസ്മേരിയുടെ മാന്‍പേടകണ്ണുകളില്‍ നോക്കി ബിനു ഈ (ഊള) ഡയലോഗ് പറയുമ്പോ അവന്‍റെ നുണക്കുഴി കവിളുകള്‍ ചുവന്നു തുടുത്തിരുന്നു.

പ്രപ്പോസ് ചെയ്ത് കഴിഞ്ഞു പെണ്ണ് സമ്മതം മൂളിയതിന്റെ രണ്ടാം ദിവസം തന്നെ ഒരു ചമ്മലുമില്ലാതെ ഇങ്ങനെയൊക്കെ ഡയലോഗ് അടിക്കാന്‍ മാവേലിക്കരയില്‍ ബിനുവല്ലാതെ വേറൊരാളുണ്ടാകുമെന്നു തോന്നുന്നില്ല..അല്ല അങ്ങനെ ഒരു പീസേ ഉള്ളു.

“പുലി ബിനു, മാവേലിക്കര” ബിനുവിനു ഒരു കത്തയക്കാന്‍ വിലാസമായി ഇത്രയും മതി, ഇത് തന്നെ ധാരാളം. വീട്ടുപേരും, പിന്‍കോഡും ഒന്നുമില്ലെങ്കിലും കത്ത് കൃത്യമായി അവന്‍റെ കയ്യില്‍ കിട്ടും എന്ന സംഗതി വടക്കന്‍ പാട്ട് പോലെ പ്രസിദ്ധമാണ്. ..അതായിരുന്നു ബിനു, പുലി ബിനു.

രാമന്‍കുട്ടിയാശാന്‍റെ മോന്‍ ബിനു നാട്ടിലൊക്കെ പുലി ബിനുവാണ്. പ്ലാപ്പെറ്റ ശോശാമ്മയുടെ (വീട്ടുപേരല്ല, പേറും  പ്ലാവുമായി ബന്ധപെട്ട ഒരു കഥയാണ്..അത് പിന്നീടു) ഇളയ സന്താനം നാലാം ക്ലാസ്സില്‍ പഠിക്കുന്ന ജോസൂട്ടി മുതല്‍ ടിപ്പറില്‍ മണലടിക്കുന്ന നാട്ടിലെ പ്രധാന മൂങ്ങയായ തങ്കപ്പന്‍ ചേട്ടന്‍ വരെ ബിനുവിനെ ബിനുവണ്ണാ എന്നെ വിളിക്കൂ…..

കാര്യം ബിനു പുലിയാണെങ്കിലും നാളെ വായിക്കേണ്ട ജീവചരിത്രം ഇന്നേ എഴുതി തുടങ്ങുമ്പോള്‍ കല്ലുകടിക്കുന്ന ഏടുകള്‍ ബിനുവിന്‍റെ ഇതുവരെയുള്ള വഴികളിലുണ്ട്.

എന്നും അതിരാവിലെ 9 മണിക്ക് ഷര്‍ട്ടൂരി അരയില്‍ കച്ചകെട്ടി കണ്ണാടിയില്‍ നോക്കി പഞ്ചപാണ്ടവരിലെ ഭീമനെ സ്മരിക്കുന്നത് ബിനുവിന്‍റെ ഒരു ശീലമായിരുന്നു. കാഴ്ച്ചയില്‍ ഭീമന്റെ ഗദയോളം വരില്ലെങ്കിലും ജീവിതസന്ദര്‍ഭങ്ങള്‍ ഏറെക്കുറെ ഭീമന്‍റെ തന്നെയെന്നു ഓര്‍ത്ത് ബിനു നെടുവീര്‍പ്പിടും. ആ നെടുവീര്‍പ്പിന്റെ ഡിജിറ്റല്‍ ഡോള്‍ബി ശബ്ദം അടുക്കള വരെയെത്തി, അതുകേട്ട അമ്മ കുന്തീദേവിയുടെ ഒച്ച പോങ്ങിയാലെ ബിനു കച്ചയഴിക്കൂ…

“എന്നുമെവിടെയും ഭീമനെ പോലെ താനും രണ്ടാമൂഴക്കാരനാണ്, അത് വീട്ടിലായാലും, നാട്ടിലായാലും” എല്ലാ നെടുവീര്‍പ്പുകളിലും ഇതുതന്നെയായിരുന്നു തളംകെട്ടി കിടന്നിരുന്നത്.

ബിനു പുലിയാണെന്ന് ലോകം ആദ്യമറിഞ്ഞത് ബിനുവിന്‍റെ അഞ്ചാം ക്ലാസ് പഠനകാലത്താണ്. ചൂരലിന്റെ വിജ്രംഭനങ്ങളില്‍ കുട്ടികളെ അടക്കിനിര്‍ത്തി കണക്കിന്റെ ഊരാക്കുടുക്കുകളിലേക്ക് സരോജിനി ടീച്ചര്‍ ഊളിയിടുന്ന നേരത്താണ് ബിനുവും ഷുക്കൂറും തമ്മില്‍ ഒരു കലപില..

“ഇതെന്റെ ഡബറാ..താടാ..ഇതെന്റെ ഡബറാന്ന്” ബിനു പതിയെ രോഷം കൊള്ളുന്നു.

ഡബറിന് വേണ്ടിയുള്ള പിടിവലിയുടെ ശബ്ദം കേട്ട സരോജിനിടീച്ചര്‍ തിരിഞ്ഞുനോക്കിയതും ഷുക്കൂര്‍ മാന്യനായി..ഏത് ഡബര്‍, ആരുടെ ഡബര്‍..ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ –അല്ല അള്ളാ എന്ന ഭാവത്തില്‍ ഷുക്കൂര്‍!

“ബിനൂ..എഴുന്നേല്‍ക്കടാ..നിന്നെയൊന്നും ഒരു നടയ്ക്ക് മര്യാദ പഠിപ്പിക്കാന്‍ പറ്റില്ല. ഇനി മുതല്‍ എന്‍റെ ക്ലാസ്സില്‍ നീയീ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുന്നാല്‍ മതി…” സരോജനിടീച്ചറുടെ കല്‍പന.

ക്ലാസിലെ മര്യാദകേടിന്റെശിക്ഷയായി ബിനുവിനെ ഒരു മര്യാദയുമില്ലാതെ ക്ലാസിലെ സുന്ദരിക്കോതകളായ ശരണ്യയുടെയും പാര്‍വ്വതിയുടെയും ഇടയില്‍ പിടിച്ചിരുത്തി.

“അവിടിരി..എന്നാലെ നീയൊക്കെ മര്യാദ പഠിക്കു”

ഇലാമപ്പഴത്തിന്റെ കായ പിഴിഞ്ഞ വിഷം കുടിപ്പിച്ച പോലത്തെ അതികഠിനമായ ശിക്ഷയായിപ്പോയി. ഒരു നിമിഷം, ബിനുവായിപ്പിറന്നിരുന്നെങ്കില്‍ എന്ന് ചിന്തിച്ച പീക്കിരി ആണ്‍സിംഹങ്ങളുടെ നെടുവീര്‍പ്പുകള്‍ ക്ലാസില്‍ നിശബ്ദമായി അലയടിച്ചു.

“ടീച്ചര്‍ ഞാനും സംസാരിച്ചാരുന്നു…..” ഷുക്കൂര്‍ ചാടിയെഴുന്നേറ്റ് ഹരിശ്ചന്ദ്രന്‍ ആയി…..

“ആഹാ നീയും സംസാരിച്ചോ?..എന്നാ നീ പോയി വാതിലിന്റെ വെളിയില്‍ നില്‍ക്ക്..ബെല്ലടിച്ചിട്ട്‌ കയറിയാല്‍ മതി”–ദേ കിടക്കുന്നു കപ്പിയും കയറും.. അങ്ങനെ ഷുക്കൂര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് ആയി.

സരോജിനിടീച്ചര്‍ വീണ്ടും കണക്കിലേക്കിറങ്ങി. ടീച്ചര്‍ ബോര്‍ഡിലെഴുതുന്ന സമവാക്യങ്ങള്‍ നോക്കിയിരിക്കുന്ന ശരണ്യയുടെയും, പാര്‍വ്വതിയുടെയും പിന്നിയിട്ട മുടിയിലേക്ക് ഇമവെട്ടാതെ കഴുത്ത് മാത്രം വെട്ടിച്ച് ബിനു നോക്കിക്കൊണ്ടേയിരുന്നു.

ഏതോ സമവാക്യം സരോജിനിടീച്ചര്‍ മറന്നുപോയിട്ടാണെന്നുതോന്നുന്നു, അത് കണ്ടുപിടിച്ച് ബോര്‍ഡിലെഴുതാന്‍ ശരണ്യയയെ വിളിച്ചു. സമവാക്യം കണ്ടുപിടിക്കാനുള്ള ആവേശത്തില്‍ ചാടിയെഴുന്നേറ്റു മുന്നോട്ടാഞ്ഞ ശരണ്യയ്ക്കൊപ്പം ഒരു ചെറിയ നിലവിളിയോടെ പാര്‍വ്വതിയും ബിനുവിനെ തട്ടമറിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തീവണ്ടിയുടെ ബോഗ്ഗികള്‍ ഘടിപ്പിക്കും വിധം ശരണ്യയുടെയും പാര്‍വ്വതിയുടെയും മുടി കൂട്ടികെട്ടിയ നിലയില്‍…..

“എടാ ബിനു…ഇവിടെ വാടാ….” സരോജിനിയമ്മ അലറുന്നു.

ശരണ്യപാര്‍വ്വതികള്‍ കൂട്ടികെട്ടിയ മുടിയഴിക്കുന്ന നേരം സരോജിനി ടീച്ചറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി. പൊങ്ങിയ ചൂരല്‍ താഴേക്ക് പതിച്ച് ബിനുവിന്‍റെ കൈവെള്ളയില്‍ തട്ടി തടഞ്ഞു നിന്ന് വിജ്രംഭിച്ചു..ഒരിക്കലല്ല, പലവട്ടം. ബിനുവിന്‍റെ കണ്ണില്‍ നിന്നും തടം വെട്ടി വെള്ളമൊഴുകി…

കണക്കുപീരിയഡ് തീര്‍ന്നതിന്റെ ,മണിയടി ശബ്ദം മുഴങ്ങുമ്പോള്‍ ക്ലാസ് ഒന്നടങ്കം മനസില്‍ പറഞ്ഞു…ബിനു പുലിയാണ്!

അഞ്ചാംക്ലാസ്സില്‍ നിന്നും മലക്കം മറിഞ്ഞ് ,മറിഞ്ഞ് പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും ബിനുവിനെ ഖ്യാതി വാനോളം ഉയര്‍ന്നിരുന്നു. ബിനു സുന്ദരിമാരുടെ കണ്ണിലെ കൃഷ്ണമണിയായി ഓളംവെട്ടിയിരുന്ന സമയം. കല്യാണത്തിന്‍റെ ലോങ്ങ്‌ലീവ് കഴിഞ്ഞ് സന്തോഷ്‌ സാര്‍ തിരിച്ചെത്തിയ ദിവസം..ബിനുവിന്‍റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് നാട്ടിയ ദിവസം!

ഹിസ്റ്ററിയില്‍ മുഖം കഴുകി, ഹിസ്റ്ററിയില്‍ പല്ലുതേച്ച്, ഹിസ്റ്ററിയില്‍ കിടക്കുന്ന സന്തോഷ്‌ സാര്‍….കല്യാണം കഴിഞ്ഞ പുതുമോടിക്കാരന്റെ അടയാളമായ അഞ്ചുപവനോളം വരുന്ന ഒരു സ്വര്‍ണ്ണച്ചെയിന്‍ സാറിന്റെ കറുത്ത കൈയ്യില്‍ കയറിയിട്ടുണ്ട്. മധുവിധുവിന്റെ ചമ്മല്‍ മാറ്റാനെന്നോണം, വന്നുകയറിയ ഉടനെ സന്തോഷന്‍ ചോദ്യോത്തരവേള ആരംഭിച്ചു. ഒരു സൈഡില്‍ നിന്നും തുടങ്ങിയ പരിപാടി ബിനുവിലെത്തിയപ്പോള്‍ ചോദ്യം മാനവതാവാദം ആയിരുന്നു….

“ബിനൂ…എന്താണ് മാനവതാവാദം?  പറയൂ…”

ഇതേതു വാതം എന്നോര്‍ത്ത് കണ്ണുമിഴിച്ച് അടുത്തിരുന്ന പൊടിമോനെ നോക്കി..പൊടിമോന്‍ ബുക്ക് മലര്‍ത്തി..ബിനുവിന്‍റെ കണ്ണുകളില്‍ അവ്യക്തത. ബുദ്ധിമുട്ട് മനസിലാക്കിയിട്ടെന്നോണം പൊടിമോന്‍ പതിയെ ഉത്തരം വായിച്ചു തുടങ്ങി

“മാനവതാവാദം ലൌകികമാണ്…..”

ആദ്യവരികിട്ടിയ ആക്രാന്തത്തില്‍ സാറിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയും ആത്മവിശ്വാസവും നിറച്ച് ബിനു ഉത്തരം പറഞ്ഞു..

“മാനവതാവാദം ലൈംഗികമാണ്………………………………………………………………………………………………………………..”

കലപില കൂട്ടിയിരുന്ന ക്ലാസ്സ് ഒന്നടങ്കം നിശബ്ദമായി..ആരുടെയൊക്കെയോ ഗദ്ഗദങ്ങള്‍ മാറ്റൊലിക്കൊള്ളാതെ വിറങ്ങലിച്ചു…ബിനുവിന് അപ്പോഴും റിലെ കിട്ടിയിരുന്നില്ല…

മധുവിധുവിന്റെ മണം മാറാത്ത സന്തോഷ്‌ സാര്‍ ഒരു കൂമനെ പോലെ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഒറ്റപ്പോക്ക്….

അന്നും ആരൊക്കെയോ പറഞ്ഞു….”ബിനു പുലിയാണ്”

ഇന്ന് ബിനു സൈക്കിളില്‍ അഭ്യാസം കാണിച്ചും, ചാമ്പയ്ക്ക പറിച്ചുകൊടുത്തും തമാശകള്‍ പറഞ്ഞും കറക്കിയെടുത്ത രണ്ടാമത്തെ പെണ്‍കിടാവാണ് റോസ്മേരി..ആദ്യം കറക്കിയെടുത്ത സിന്ധുവിനെ കരകാണാകടലിനക്കരേയ്ക്ക് അവളുടെ അച്ഛന്‍ അന്തസ്സായി കെട്ടിച്ചു വിട്ടു.

ഒരു ക്രിസ്മസ് രാത്രിയില്‍ ചെഗുവേരയെ വെല്ലുന്ന ധൈര്യത്തില്‍ ആരുമറിയാതെ റോസ്മേരിയുടെ വീടിന്റെ ഓടിളക്കി അകത്തുകയറിയതല്ല….ഇപ്പോള്‍ അവളുമായുള്ള വിവാഹത്തില്‍ കലാശിച്ചതെന്നു ബിനു ആണയിട്ടു പറഞ്ഞു.

ആഞ്ഞുചവിട്ടിയിട്ടായാലും ഒരുമാസം ബിനു തള്ളി നീക്കി…മഞ്ഞു പെയ്യുന്ന രാവുകളുടെ കാലം കലണ്ടര്‍ തെറ്റിച്ചുകൊണ്ട് വന്നിരിക്കുന്നു..വാദ്യമേളഘോഷങ്ങളോന്നുമില്ലാതെ മംഗല്യം കഴിഞ്ഞു…അല്ല കഴിപ്പിച്ചു..

ഇന്ന് ബിനുവിന്‍റെ ആദ്യരാത്രിയാണ്….

കരടി ബിജുവിന്റെ ഉപദേശങ്ങള്‍ മണിയറയിലേക്ക് കയറും മുന്‍പ് ബിനു മനസിലോര്‍ത്തു..

“ഡാ ബിനു, ആദ്യ ദിവസം വെറുതെ സംസാരിചിരുന്നാല്‍ മതി..ഉറക്കം വരുമ്പോള്‍ അങ്ങ് കിടന്നുറങ്ങിയേക്കണം..അല്ലാതെ…..”

“അപ്പൊ കാര്യങ്ങള്‍ ഒക്കെയോ?”

“അതൊക്കെ രണ്ടാം ദിവസം മതി. അതാണതിന്റെ ശരി…നീ വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്ക്.”

ശരിയാണ്, ബിജു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവന് നല്ല വിവരമാണ്..

പ്രതീക്ഷയുടെ പിച്ചിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മുഖമായിരുന്നു മണിയറയില്‍ റോസ്മേരിയുടേത്. പിച്ചിപ്പൂവിന്റെ സൗന്ദര്യം ആസ്വദിക്കാതെ സുഗന്ധം ആസ്വദിച്ച് സൊറപറഞ്ഞിരുന്ന് ബിനു സമയം തള്ളി നീക്കി. സംഭാഷണങ്ങളെ വഴിതിരിച്ചുവിടാനുള്ള വ്യഗ്രത റോസ്മേരിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും, അതിലൊന്നും വഴുതിവീഴാതെ ബിജുവിനെ മനസ്സില്‍ ധ്യാനിച്ച് മുന്നോട്ട് പോയി.

ബൂസ്ടിട്ട പാലാണെങ്കിലും, അല്ലെങ്കിലും, പാടകെട്ടിയതാണെങ്കിലും അല്ലെങ്കിലും ഒറ്റവലിക്ക് ഒരു ഗ്ലാസ്‌ പാല് കുടിച്ചു തീര്‍ക്കുന്ന ബിനുവിന്‍റെ ശീലം ഒറ്റദിവസം കൊണ്ട് മാറി. അരഗ്ലാസ് പാല് സിപ്പടിച്ചു സിപ്പടിച്ചു തീര്‍ക്കാന്‍ പാടുപെട്ടു…ഇടയ്ക്കെപ്പോഴോ ഗ്ലാസ് കാലിയായി. റോസ് ഇടത്തോട്ടും, ബിനു വലത്തോട്ടും തിരിഞ്ഞു കിടന്നു..അദൃശ്യമായൊരു ചൈന വന്മതില്‍ ഇടയില്‍ തീര്‍ക്കപെട്ടു.

ബിനു ഉറങ്ങിയിരുന്നില്ല..നാളത്തെ പരിപാടികള്‍ മനസ്സില്‍ ആസൂത്രണം ചെയ്തു. ഷുക്കൂറിന്റെ ബുള്ളറ്റ് വാങ്ങി അതില്‍’ റോസിനെയും കൂട്ടി ഒന്ന് കറങ്ങണം..ഓടിക്കാനറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകളുള്ള പൊളിടെക്നിക്ക് ഗീക്ക് അല്ല താന്‍..എന്നാലും ഒരാഗ്രഹം..

ഷുക്കൂറിന്റെ ബുള്ളറ്റ് എന്നുപറഞ്ഞാല്‍ ഒരൊന്നൊന്നര സാധനമാണ്…മാസത്തിലൊരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍ കയറ്റി മോഡല്‍ ചെയ്യിപ്പിച്ചെടുക്കുന്ന സാധനമാണ്. ആരു കണ്ടാലും, കേട്ടാലും ഒന്നു നോക്കും….

അടുത്ത ദിവസം പതിവിലും നേരത്തെ തന്നെ കിഴക്ക് വെള്ളകീറി. കിടക്കയില്‍ ബിനുവും എന്തോ ഒന്ന് കീറി….ആ കീറിയ കാറല്‍ കേട്ട് പുതുപ്പെണ്ണ് കൈവളകള്‍ കിലുക്കി മുത്തുപൊഴിയും പുഞ്ചിരിയുമായി കിടക്കവിട്ടെഴുന്നേറ്റു………………………………………….

(ബിനു പുലിയാണെന്നോ അല്ലെന്നോ അവള്‍ മനസ്സില്‍പോലും പറഞ്ഞില്ല എന്ന് ബിനു ഉറപ്പുവരുത്തി)

ഇനി ഷുക്കൂറിനെ വിളിച്ച് ബുള്ളറ്റ് തരപ്പെടുത്തണം.

ആഹാരം, വസ്ത്രം, ബുള്ളറ്റ്,  പാര്‍പ്പിടം പിന്നെ ഭാര്യ എന്ന് പറഞ്ഞു ജീവിക്കുന്നവനാണ്. പോരാഞ്ഞിട്ട് ആദ്യരാത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഇക്കിളിപ്പെടാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പോര്‍ക്കാ……

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കാര്യം സാധിച്ചു…ബുള്ളറ്റ് കൈമാറുമ്പോള്‍ ഷുക്കൂറിന്റെ ചങ്കൊന്നു പിടച്ചു.

“സൂക്ഷിച്ചു കൊണ്ടുപോകണം, പിന്നെ ഗട്ടറിലൊന്നും ചാടിക്കരുത്..സ്വല്പം കണ്ടീഷന്‍ മോശമാണ്..രണ്ടു ദിവസം കഴിഞ്ഞ് വര്‍ക്ക്ഷാപ്പില്‍ കൊണ്ട് പോകാനുള്ളതാ..”

“ഓ ശരി” എന്ന് പറഞ്ഞു ബിനു വീട്ടിലെത്തി. റോസ് ഇതിനോടകം അണിഞ്ഞൊരുങ്ങി നിന്നിരുന്നു..

ഘട…ഘട…ഘടാ.ഘടാ…………………………………………………………………………………..

ഹെല്‍മെറ്റും വെക്കാതെ, ഇടയ്ക്കൊക്കെ റോസിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ അല്പം തലചരിച്ചും ബിനു ബുള്ളറ്റ് പറപ്പിച്ചു….

ചെട്ടികുളങ്ങര റെയില്‍വേ ഗേറ്റിന്റെ ആദ്യ ഹമ്പില്‍ കയറിയിറങ്ങിയതും അലൂമിനിയം കലം ചോറോട്കൂടി വീഴുന്ന ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…

“ചേട്ടാ വണ്ടിയേന്ന് ഏതാണ്ട് പൊയീ………………” റോസിന്റെ കൈകള്‍ ബിനുവിന്‍റെ ചുമലില്‍ അള്ളി…

രണ്ടാമത്തെ ഹമ്പില്‍ കയറിയിറങ്ങിയ ബിനു ബുള്ളറ്റ് നിര്‍ത്തി, സൈഡ്സ്റ്റാന്‍ഡില്‍ വെച്ച് റോസിനെ ഒന്ന് നോക്കി ഗൗരവത്തില്‍, ഞാന്‍ നോക്കിയിട്ട് വരാം എന്ന ഭാവത്തില്‍ ബുള്ളറ്റില്‍ നിന്നും പോയ സാമഗ്രിയുടെ അടുത്തേക്ക് നടന്നു..

ദാ കിടക്കുന്നു കുഴലുപോലത്തെ എന്തോ ഒരു സാധനം…ഇത്രേയുള്ളോ എന്ന ഭാവത്തില്‍ റോസിനെ നോക്കിയൊന്ന് പുഞ്ചിരിച്ച്…….

“ഇത് എൻഫീൽഡിന്റെ ഒരു സുനാപ്പിയാ..” എന്നും പറഞ്ഞ് മസില് ലൂസാക്കി ഒന്ന് കുനിഞ്ഞ് വലതുകൈകൊണ്ട് സുനാപ്പി എടുത്തതും…

“അമ്മേ……………………………………………………………….”എന്നൊരു നിലവിളിയാണ് റോസ് കേട്ടത്.

ഇടതുകൈകൊണ്ട് വലതുകൈതണ്ടയില്‍ പിടിച്ച് കണ്ണുമിഴിച്ചു ബോധാമുണ്ടോ, ഇല്ലയോ എന്ന് തിരച്ചറിയാന്‍ വയ്യാത്ത അവസ്ഥയില്‍ ബിനു w പോലെ കിടപ്പുണ്ട്. റോസിന് അകെ പരിഭ്രമമായി..ബിനുവിന്‍റെ വലതുകൈവെള്ള പൊള്ളിക്കുടുത്ത് ,മാംസമൊക്കെ വെളിയില്‍ വന്നിരിക്കുന്നു….

നിലവിളികേട്ടോടി വന്ന ഗേറ്റ്കീപ്പര്‍ വാസുവണ്ണന്‍ പോള്ളിക്കുടുത്ത ബിനുവിന്‍റെ കൈകണ്ട് അറിയാണ്ട് ചോദിച്ചുപോയി…..”ഇതാണോ കൈക്കുടുന്ന നിലാവ്”..

റോസ്മേരിയുടെ കണ്ണും, സിറ്റ്വേഷന്റെ സീരിയസ്നെസും മനസിലാക്കിയ വാസുവണ്ണന്‍ അതുവഴിവന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ബിനുവിനെപൊക്കി വാണ്ടിയിലിട്ട് , ബുള്ളറ്റ് ഓരം ചേര്‍ത്ത് പൂട്ടി താക്കോല്‍ റോസിനെ ഏല്‍പിച്ചു ഓട്ടോയില്‍ കേറ്റിയയച്ചു..

ആശുപത്രിയില്‍ നിന്ന് മരുന്ന് ഭദ്രമായി വലതുകയ്യില്‍ തന്നെ തേച്ചുമിനുക്കി വീട്ടിലെത്തിയപ്പോഴേക്കും സംഭവമറിഞ്ഞ ഷുക്കൂറും എത്തി..

“അളിയാ..അത് ബുള്ളറ്റിന്റെ സൈലന്‍സര്‍ ബഫല്ലോ ആരുന്നടാ…” ഷുക്കൂര്‍ വിവരിച്ചുകൊടുത്തു.

“ബഫല്ലോയോ..” വേദന കടിച്ചമര്‍ത്തി ബിനു സംശയിച്ചു…..

“ബഫല്ലയോ, ബാസിലോ, ബെസിലോ..അങ്ങനെന്തോ ഒരു സാധനമാണ്..നിനക്ക് പറഞ്ഞാലറിയില്ല..അത് ചൂടായ സാധനമാണ്,പിടിച്ചാല്‍ പൊള്ളുമെന്നറിയാത്ത പോഴന്‍…”

“അതേയ്..ഞാനീ പോളീടെക്നിക്കിലോന്നും പഠിച്ചിട്ടില്ല…കൈയ്യൊന്ന് നേരെയിക്കോട്ടേ..നിന്നെ കണ്ടു ബുള്ളറ്റില്‍ ശിഷ്യപ്പെടുന്നുണ്ട്…”

ഇനിയും നിന്നാല്‍ വാപ്പ വീട്ടിലിരുന്ന് തുമ്മും എന്ന് മനസിലായപ്പോള്‍ ഷുക്കൂര്‍ സ്കൂട്ടായി…..”അളിയാ താക്കോല്‍ എടുത്തിട്ടുണ്ട്…വണ്ടി ഞാന്‍ പോയെടുത്തോളാം”

“ഓ ശരി”

എങ്ങനെയൊക്കെയോ ഇരുട്ടു വീണു..രണ്ടാം രാത്രി….വിശ്രമത്തിലായത് കൊണ്ട് 8 മണി മുതലേ ബിനു കട്ടിലില്‍ തന്നെയുണ്ട്‌. കുങ്കുമപ്പൂവും, പാരിജാതവും പാദസരവും എല്ലാം കഴിഞ്ഞ് റോസ്മേരിയും മുറിയിലെത്തി..കിടക്കയില്‍ ഇരുന്നു..കുറെ നേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു…

നിശബ്ദതയെ ഭേദിക്കാന്‍ റോസ്മേരി തന്നെ മുന്‍കയ്യെടുത്തു..

“എന്നാലും എന്‍റെ ബുനുവേട്ടാ..നിങ്ങള് എന്തുംമാത്രം ധൈര്യം ഉള്ളയാളായിട്ടാ അന്ന് രാത്രി ഞങ്ങടെ വീട്ടില്‍ ഓടിളക്കി കയറിയത്..അല്ലെ?”

വലതു കയ്യുടെ വേദന ബിനു ലേശം മറന്നു…പുതപ്പിനുള്ളിലേക്ക് വലതുകയ്യറിയാതെ ഇടതുകയ്യാല്‍ റോസിനെയും ആനയിച്ചുകൊണ്ട് ബിനു മെല്ലെ അവളുടെ കാതുകളില്‍ പറഞ്ഞു:

“കള്ളന്മാരും പിടിച്ചുപറിക്കാരുമൊക്കെയുള്ള ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രി കൊണ്ട് ഓടി നടന്നു കണ്ടവനാണീ ബിനു..ആയെനിക്ക് നിന്‍റെ വീട്ടില്‍ രാത്രി കയറുക എന്നത് പൂ പറിക്കുന്നത് പോലെത്തെ ഈസിയായ പരിപാടിയാണ്…”

ഇല്ല തീരുന്നില്ല, ബിനുവിന്‍റെ ഊളഡയലോഗുകള്‍ അവസാനിക്കുന്നില്ല…

ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയാതിരിക്കട്ടെ എന്ന പോലെ ഇടതു കൈ പുതപ്പ് വലിച്ചു മൂടി……പുതപ്പിനുള്ളില്‍ നിന്നും റോസിന്റെ പുഞ്ചിരിയില്‍ കലര്‍ന്ന ” ബിനുവേട്ടന്‍ പുലിയാണ്” എന്ന ഡയലോഗ്, ഖൈത്താന്‍ ഫാനിന്റെ ശബ്ദം അലിയിച്ചു കളഞ്ഞു….

അതെ ബിനു പുലിയാണ്…………………………………………………………

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : കിട്ടാനുള്ളത് എന്തായാലും കിട്ടും, എന്നാലും പറയാം..കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്..മറിച്ചു തോന്നരുത്..എന്നിട്ടും പോരെങ്കില്‍ ബിനുവണ്ണനോട്…ഈ ആഴ്ച ഞാന്‍ മാവേലിക്കരയ്ക്ക് വരില്ല, വരുമ്പോള്‍ സൗകര്യം പോലെ വാങ്ങിച്ചോളാം

ജീവന്‍ ഹിന്ദുവാണ്

ജീവനും ഞാനും എഴാം ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്. വന്ന ദിവസം തന്നെ രജിസ്റ്ററില്‍ ജീവന്‍റെ മതം കാണാനില്ലെന്ന ക്ലാസ്ടീച്ചറുടെ സംശയത്തിനുമുന്‍പില്‍ “എനിക്ക് മതമില്ല ടീച്ചര്‍” എന്ന് പറഞ്ഞ നിഷ്കളങ്കനായ് ആ ബാലന്‍റെ മുഖം ഇന്നും ഒളിമങ്ങാതെ എന്‍റെ ഓര്‍മയിലുണ്ട്.
“എനിക്ക് അച്ഛനില്ല”, “എനിക്ക് അമ്മയില്ല”, എന്തിനേറെ പറയുന്നു.. “എനിക്ക് നിക്കാറില്ല” എന്ന് വരെ പറഞ്ഞ കൂട്ടുകാരെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്ക് മതമില്ല എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
എന്താണീ മതം, ആരാണീ മതം ഇങ്ങനെയുള്ള കുഴയ്ക്കുന്ന ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ കടല്‍ തീര്‍ത്തു. ഉച്ചയൂണ് കഴിഞ്ഞു സ്കൂളിനുപുറത്ത്
പോയി വാങ്ങുന്ന ബോംബെ പൂട പോലെയുള്ള വല്ല സാധനവുമാണോ?
അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ? അന്വേഷിച്ചു, പക്ഷെ കണ്ടെത്തിയില്ല.
മുട്ടുവിന്‍ തുറക്കപ്പെടും എന്നും കേട്ടു. മുട്ടി നോക്കി..മുട്ടിയ വാതിലുകള്‍ എല്ലാം തുറന്നു..പക്ഷെ പറഞ്ഞത് മാത്രം മനസിലായില്ല.

അങ്ങനെ മതമന്വേഷിച്ചുള്ള യാത്രക്ക് ചെറിയ വിരാമമിട്ടുകൊണ്ട് ജീവനുമായി കൂടുതല്‍ അടുത്തു.
ജീവന്‍ ലേശം കറുത്തിട്ടാണ്, ഞാന്‍ ലേശം വെളുത്തിട്ടും. ജീവന്‍റെ വീട്ടുകാരെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടി വീണ്ടും വിസ്മയിപ്പിച്ചു…
അവന്‍റെ അമ്മയുടെ പേര് ഭാരതി എന്നാണത്രേ..അതില്‍ അതിശയമൊന്നുമില്ല..പക്ഷെ അവന്‍റെ അച്ഛന്‍റെ പേരും ഭാരതി എന്നാണത്രേ…………അതെങ്ങനെ ശരിയാകും…
അച്ഛനും അമ്മയ്ക്കും ഒരേ പേര്? അങ്ങനെ ഉത്തരം കിട്ടാത്ത സംശയങ്ങളുടെ കൂടെ ഒരെണ്ണം കൂടി. ആ സംശയം ജീവനോട്‌ ചോദിച്ചില്ല. ഉള്ളിലെ
കനലുകളില്‍ ഇട്ടു ഊതിക്കാച്ചി.

ഉച്ചയൂണിനു ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. ജീവന്‍റെ കൊച്ചു ഡബ്ബയില്‍ ചോറിനൊപ്പം എന്നും തൈരും, മുട്ട വറുത്തതും കാണും. അതിന്‍റെ
പങ്ക് പറ്റാന്‍ എനിക്ക് ഒട്ടും തന്നെ വിഷമം തോന്നിയിരുന്നില്ല, എനിക്ക് പകുത്ത് നല്‍കുവാന്‍ ജീവനും മടിയുണ്ടായിരുന്നില്ല.

സൗഹൃദത്തിന്‍റെ ഒന്നര ആഴ്ച പിന്നിട്ടു കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്ചയാണ് മറ്റൊരു സ്കൂളില്‍ നിന്നും ടി സിയും വാങ്ങി ഞങ്ങള്‍ക്കിടയിലേക്ക് ഗോവിന്ദന്‍ നായര്‍
എന്ന വെളുത്ത് തുടുത്ത വെണ്ണക്കട്ടി കടന്നുവരുന്നത്. എനിക്കും ജീവനുമൊപ്പം ഒരെബെഞ്ചില്‍ സ്ഥാനം കിട്ടി ഞങ്ങള്‍ക്കിടയിലേക്ക്..

വന്നതിന്‍റെ രണ്ടാം ദിവസം തന്നെ ഗോവിന്ദന്‍റെ ഒരു ചോദ്യം എന്നോട്…”നീ ഹിന്ദുവാണോ?”
“മ്, സര്‍ട്ടിഫിക്കട്ടിലോക്കെ അങ്ങനാ, പിന്നെ അമ്മ പറഞ്ഞതും അങ്ങനാ..എന്താ ഗോവിന്ദാ?”
എന്‍റെ മറുപടി അവനില്‍ പുഞ്ചിരിയുടെ മഴവില്ല് വിരിയിക്കുന്നത് ഞാന്‍ കണ്ടു.

“ജീവനോ? അവന്‍ ഹിന്ദുവാണോ?”
“ആ എനിക്കറിയില്ല”

“എന്നാ നീ അവനോടൊന്നു ചോദിക്ക്. അഹിന്ദുക്കളുമായുള്ള സഹവാസം എനിക്ക് പറ്റില്ല. അതുകൊണ്ടാ”

ഗോവിന്ദന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലായില്ലെങ്കിലും, ജീവന്‍ ഹിന്ദുവാണോന്ന്‍ ചോദിക്കാമെന്ന് ഞാനേറ്റു.
അന്ന് തന്നെ ജീവനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കൌതുകം വിടാതെ ഞാന്‍ ചോദിച്ചു
“ജീവന്‍ ഹിന്ദുവാണോ?”

എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് ആദ്യം ഒരു പുഞ്ചിരിയായിരുന്നു മറുപടി..പിന്നെ പുഞ്ചിരി മാഞ്ഞു. ഇപ്പോള്‍ ആ മുഖത്ത് കുട്ടിക്കളിയില്ല, അച്ഛന്‍റെ മുഖത്ത് കാണാറുള്ള ഗൗരവം കലര്‍ന്ന ചിരി.

“ഇല്ല പൊടിമോനെ, എനിക്ക് മതമില്ല”
ങേ..ദേ പിന്നേം മതമില്ലെന്ന്

അപ്പൊ ഈ ഹിന്ദു എന്ന് പറയുന്നതാണ് മതം..അങ്ങനെ വരട്ടെ….
അങ്ങനെ ഒരു സംശയത്തിന്‍റെ തോട് പൊളിച്ച സന്തോഷത്തില്‍ ഞാന്‍ ഗോവിന്ദന്‍റെ അടുത്തെത്തി കാര്യം പറഞ്ഞു..നായര്‍ക്ക് വിശ്വാസം വന്നില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനും എനിക്കുമൊപ്പം നായരും ഉച്ചയൂണിനു കൂടി. ഒരുമിച്ചിരുന്നാലും നായര്‍ ജീവനെ കഴിവതും സ്പര്‍ശിക്കതിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നും..ജീവന്‍റെ തൈരും മുട്ടയും പഴയത് പോലെ രണ്ടായി തന്നെ പകുത്തുപോന്നു..നായര്‍ ഒഴിഞ്ഞു നിന്നു.

കാലം കോഴികൂവിയും, കാക്കകരഞ്ഞും, കലണ്ടര്‍ മറിച്ചും കടന്നുപോയി…
എഴാം ക്ലാസില്‍ നിന്നും എട്ടിലേക്ക്, നായര്‍ ഞങ്ങളുടെ ബെഞ്ചില്‍ നിന്നും ഒരു ബെഞ്ച്‌ പിന്നിലേക്ക്‌..
എട്ടില്‍ നിന്നും ഒന്പതിലേക്കും, ഒന്‍പതില്‍ നിന്നും പത്തിലേക്കും പറന്നു കയറി..നായര്‍ പിന്നെയും പിന്നെയും പിന്നിലേക്ക് പറന്നു മാറി.

പത്താം ക്ലാസില്‍ എത്തിയിട്ടും ഗോവിന്ദന് മാറ്റമില്ല..മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ല!
ഗോവിന്ദന്‍റെ സംശയങ്ങള്‍ എന്നെ വീണ്ടും സംശയാലുവാക്കി. ഞാന്‍ വീണ്ടും ജീവനരികില്‍ എത്തി ചോദ്യം മറ്റൊരുതരത്തില്‍ ആവര്‍ത്തിച്ചു..
“ജീവന്‍ ഹിന്ദുവല്ലേ?”
“പൊടിമോന്‍ വരൂ..”
ജീവന്‍ എന്‍റെ കൈയും പിടിച്ചു പള്ളിക്കൂടത്തിന്‍റെ തെക്കേമൂലയിലെ വലിയ നെല്ലിമരത്തിന്‍റെ ചോട്ടിലേക്ക് എത്തി. കരിഞ്ഞുണങ്ങിയ നെല്ലിയിലകളും, പഴുത്ത് മഞ്ഞിച്ച നെല്ലിയിലകളും തീര്‍ത്ത പരവതാനിയില്‍ ഇരിപ്പുറപ്പിച്ച ശേഷം ജീവന്‍ എന്‍റെ കൈപിടിച്ച് അടുത്തിരുത്തി.
മുകളില്‍ പൊട്ടുപോലെ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിയ്ക്കുന്ന നെല്ലിയ്ക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ജീവനരികിലിരുന്നു. ഈ സമയം മൂത്രപ്പുരയില്‍ നിന്നും ഇറങ്ങി വന്ന മജീദ്‌ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു..
“ഇങ്ങള് എന്തെടുക്കുവാ?”
മജീദിന്‍റെ ചോദ്യത്തിന് ജീവനാണ് മറുപടി പറഞ്ഞത്..
“ഓ ചുമ്മാ..നെല്ലിയ്ക്ക നോക്കിയിരിക്കുവാരുന്നു..”
ഇതൊക്കെ കേട്ടും കണ്ടും എതിരെ വന്ന റസിയ വാ പൊത്തി ചിരിച്ചുകൊണ്ട് മൂത്രപ്പുരയിലേക്ക് ഓടി.
കണ്ണിലെ കൃഷ്ണമണി ഒന്ന് കറക്കി ചുറ്റിലും നോക്കി ചിരിച്ചുകൊണ്ട് മജീദ്‌ പെട്ടന്ന് തന്‍റെ തുറന്നുകിടന്ന നിക്കറിന്‍റെ സിബ്ബ് വലിച്ചിട്ടുകൊണ്ട് ക്ലാസ്സിലേക്കോടി.
പെട്ടന്ന് തളം കെട്ടിയ മൗനത്തിനു തിരശ്ശീലയിട്ടുകൊണ്ട് ജീവന്‍ മുരടനക്കി.

“ഞാന്‍ പൊടിമോനെ ഇവിടേക്ക് വിളിച്ചുകൊണ്ട് വന്നത് ഒരു രഹസ്യം പറഞ്ഞു തരാനാണ്..”
“എന്ത് രഹസ്യം” എന്‍റെ ജിജ്ഞാസ കൂടി.

“ആരാണ് ഈ ഹിന്ദു എന്ന കാര്യം”

“ആരാണീ ഹിന്ദു..ഞാനല്ലേ?”

“ഹിന്ദു ആരാണെന്നു അറിയുന്നതിന് മുന്‍പ് മതമെന്താണെന്ന് അറിയണം..
മതം എന്ന വാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്..അതായത് ക്രിസ്തുമതമെന്നാല്‍ ക്രിസ്തുവിന്‍റെ അഭിപ്രായങ്ങള്‍..അത്രേയുള്ളൂ..അതൊക്കെ അഭിപ്രായങ്ങളാണ്..വേണെമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ ഉപേക്ഷിക്കാം”

“അല്ല, ഹിന്ദു മതത്തിന്‍റെ കാര്യമല്ലേ നമ്മള് പറഞ്ഞുവന്നത്”

“അതെ, ഹിന്ദുമതം..അതായത് ഹിന്ദുവിന്‍റെ അഭിപ്രായങ്ങള്‍..അപ്പോള്‍ ആരാണീ ഹിന്ദു,,അത് ഒരാളാണോ..അങ്ങനെ ഒരാളാക്കാന്‍ പറ്റുമോ?…”
“ആപ്പോള്‍…?” എനിക്കൊന്നും മനസിലായില്ല.
“അപ്പോള്‍ ആരാണീ ഹിന്ദു എന്നല്ലേ?..പറയാം…
സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

“ഉം മനസിലായി,..” ഒന്നും മനസിലായില്ലെങ്കിലും മനസിലായി എന്ന മട്ടില്‍ തലയാട്ടി.
പിന്നെയും എന്തൊക്കെയോ പറഞ്ഞു…..
അതാ മണിയടി ശബ്ദം കേള്‍ക്കുന്നു..പപ്പുവേട്ടന്‍ മണിയടിക്കുന്നു..കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ കേറുന്ന പോലെ എല്ലാവരും ക്ലാസ്സുകളിലെക്കോടി..ഞങ്ങളും.

പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സില്‍ കുഴഞ്ഞു]മറിഞ്ഞു കിടക്കുന്നു..
ക്ലാസ്സുകള്‍ പിന്നെയും…മണി സാറും, രഘു സാറും, ഗീത ടീച്ചറും വന്നുപോയി..എന്തൊക്കെയോ കുത്തിക്കുറിച്ചു..

കൃത്യനിഷ്ഠയുള്ള പപ്പുവേട്ടന്‍ കൃത്യം നാലുമണിക്ക് തന്നെ കൂട്ടമണിയടിച്ചു..കോഴിക്കൂട് തുറന്നുവിട്ട പോലെ പരക്കം പാച്ചില്‍..എല്ലാവരും ഓട്ടം തുടങ്ങി. എന്‍റെ മനസ്സ് കലുഷിതമായിരുന്നു.
കണ്ണുകള്‍ ഗോവിന്ദനെ പരതുകയായിരുന്നു. ഗോവിന്ദനും ഓടാനുള്ള ഒരുക്കത്തിലാണ്..പോക്ക് കണ്ടാല്‍ തോന്നും എന്തോ അത്യാവശ്യമാണെന്ന്..ഒരു കാര്യവുമില്ല..റോഡുവക്കിലെയും, അടുത്ത പറമ്പിലെയുമൊക്കെ കശുവണ്ടി പെറുക്കിക്കൂട്ടാനുള്ള വെപ്രാളമാണ്.

“ഗോവിന്ദാ…” ഞാനുറക്കെ വിളിച്ചു.
കലപിലകള്‍ക്കിടയിലൂടെ ഒഴുകിയെത്തിയ എന്‍റെ ഘോരശബ്ദം അവന്‍റെ കാത് തുളച്ചു. ഗോവിന്ദന്‍ തിരിഞ്ഞു നിന്നു.

“എന്താണ്ട്രാ..”
“നീ വന്നേ, രൌ കാര്യം പറയാനുണ്ട്‌”
ഞാന്‍ ഗോവിന്ദനെയും കൂട്ടി നെല്ലിമരചോട്ടിലെക്കോടി.
“എന്തടാ കാര്യം..നീ പറ”
“ഡാ നമ്മുടെ ജീവന്‍ ഹിന്ദുവാണ്”
ഗോവിന്ദന്‍റെ കണ്ണുകള്‍ ചെറുതായി ഒന്ന് തള്ളിയോ എന്ന് തോന്നി.
“ഓഹോ അവന്‍ നിന്നോട് പറഞ്ഞോ?”
“ഉം, അത് മാത്രമല്ല, നീയും ഞാനും, മജീദും, റസിയയും എല്ലാരും ഹിന്ദുക്കളാണെന്നും പറഞ്ഞു.”
“ഓഹോ അപ്പൊ അവന്‍ കളിയാക്കിയതാണല്ലേ”
“അതല്ലെടാ…ഈ ഗോത്ര സംസ്കാരത്തിന്‍റെ ഇരുണ്ട കാലഘട്ടമാണല്ലോ ദൈവങ്ങളെ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളുമായും ബന്ധപ്പെടു…..”
“ങേ..നീ എന്തോന്നെടെ, ആറാംതമ്പുരാനിലെ ഡയലോഗ് വിടുന്നോ? നീയും ആളെ കളിയാക്കാന്‍ ഇറങ്ങിയതാണോ?”

“ഛെ..ഇതല്ല..ഈ ഹിന്ദുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം……ഒഹ് എല്ലാം മറന്നു പോയി ഗോവിന്ദാ…ഛെ..നാളെ ഞാന്‍ ജീവനോട്‌ ചോദിച്ചിട്ട് പറയാം”
“പോടെ, ചുമ്മാ മനുഷ്യന്‍റെ സമയം കളയാന്‍, എനിക്ക് പോയിട്ട് അണ്ടി പെറുക്കാനുള്ളതാ, നീ പോയെ..”
മറവി വരുത്തിയ നാണക്കേടില്‍ തലകുനിച്ചു ഞാനും കളമൊഴിഞ്ഞു.

പിറ്റേന്ന് ഉച്ചക്ക് കാര്യങ്ങള്‍ ഒന്നുകൂടി പഠിക്കാന്‍ ജീവനെ നോക്കിയപ്പോള്‍, ജീവന്‍ അതാ ഗോവിന്ദന്‍റെ കൈയ്യും പിടിച്ചു നെല്ലിമരചോട്ടിലേക്ക് പോകുന്നു. ഹോ രക്ഷപെട്ടു.
പത്താം ക്ലാസ്സ് പാസായി..വഴികള്‍ പലതായി പിരിഞ്ഞു..ജീവന്‍ എങ്ങോട്ടോ മാഞ്ഞു പോയി..ഗോവിന്ദന്‍ കണ്മുന്‍പില്‍ തന്നെയുണ്ടായിരുന്നു. ഇടയ്ക്കിടെ പലയിടങ്ങളിലായി ഗോവിന്ദനെ കാണുന്നത് കൊണ്ട് ആ പരിചയം മാത്രം തുടര്‍ന്നു….
ഗോവിന്ദന്‍ ഇന്ന് പ്രശസ്തിയിലെക്ക് കുതിക്കാന്‍ പോകുന്ന ഒരു ചെറിയ കുത്തക കമ്പനിയുടെ കേരളത്തിലെ ഓഫിസിന്‍റെ തലപ്പത്ത് എവിടെയോ ആണ്.

ഒരു ഞായറാഴ്ച്ചയുടെ ആലസ്യത്തില്‍ ചുവരുകള്‍ കൊണ്ട് നഗ്നത മറച്ച് കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
ഗോവിന്ദനാണ്

“ഹലോ..”
“ഡാ പൊടി, ഞാനാ ഗോവിന്ദന്‍”
“ആ..പറയടാ..എന്താണ് വിശേഷം”
“ഒരത്യാവശ്യ കാര്യമാണ്..നിന്‍റെ പരിചയത്തില്‍ ജാവ അറിയാവുന്ന ഫ്രീലാന്‍സ് ചെയ്യുന്ന പിള്ളേര് ആരെങ്കിലുമുണ്ടോ?”
“ഉം..നോക്കാം..”
“ഉം നീ ഒന്ന് കാര്യമായിട്ട് തിരക്കണം, അത്യാവശ്യമാണ്..പിന്നേ..”
“വേറെന്ത്?”
” നീ നോക്കുമ്പോ, ഹിന്ദുക്കള്‍ ആയിട്ടുള്ള ആരെങ്കിലും വേണം. നമ്മുടെ കമ്പനിക്ക് ഹിന്ദുക്കള്‍ മതി അതുകൊണ്ടാ..മറ്റവന്‍മാരുമായിട്ടുള്ള ഇടപാട് എനിക്ക് ശരിയാവുകയില്ല. അതുകൊണ്ടാ”
“ഉം..ശരിയെടാ..ഞാന്‍ ഒന്ന് നോക്കട്ടെ…..”

സംഭാഷണം അവസാനിച്ചു. ചുവരുകള്‍ നാണത്തോടെ നോക്കിയപ്പോള്‍ വീണ്ടും ബെഡ്ഷീറ്റിനുള്ളിലെക്ക് ഊളിയിട്ടു.

കണ്ണടച്ചു, നിദ്രാദേവി ഒന്ന് കൂടി കനിഞ്ഞിരുന്നെങ്കില്‍…
ജീവന്‍റെ ശബ്ദം വീണ്ടും കേള്‍ക്കുന്ന പോലെയൊരു തോന്നല്‍

“സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

 

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതൊക്കെയും പൊടിമോന്റെ സ്വന്തം കഥാപാത്രങ്ങളും, അഭിപ്രയങ്ങളുമാണ്..ആരുമായും, ഒന്നുമായും ഇതിനു യാതൊരു സമയവുമില്ല. അങ്ങനെ തോന്നിയാല്‍ ക്ഷമിക്കുക.

കുഞ്ഞനന്തന്റെ കഥ

കൊട്ടും കുരവയും, ആര്‍പ്പുവിളികളും കെട്ടുകാഴ്ചകളും സൗന്ദര്യമത്സരങ്ങളുമായി ഓണാട്ടുകരയുടെ തിരുഹൃദയമായ ചെട്ടികുളങ്ങര ആടിതിമിര്‍ക്കുന്ന ദിവസമാണ് കുംഭത്തിലെ ഭരണി, ചെട്ടികുളങ്ങര ഭരണി!. അങ്ങനെയൊരു ഭരണിനാളിലാണ്‌ കുഞ്ഞനന്തന്‍ ഭൂജാതനായത്‌.

ഗര്‍ഭപാത്രത്തില്‍ നിന്നും  പുറത്തേക്കുള്ള വഴിയില്‍ അണിഞ്ഞൊരുങ്ങിയ ബാലികമാര്‍ താലപ്പൊലിയുമെന്തി വെള്ളിവെളിച്ചം വിതറി സ്വീകരിക്കാന്‍ തയ്യാറായി നിന്നിട്ടും, എല്ലാവരുടെയും മുഖത്ത് കാറും കോളും നിറച്ചു ഗര്‍ഭാപാത്രമെന്ന ഇരുട്ടറയില്‍ കുറച്ചു നേരം കൂടി അള്ളിപ്പിടിച്ചുകിടന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ആയിരുന്നു അവന്‍റെ തിരുപ്പിറവി. പുറത്തേക്കുവരാന്‍ സമയമായിട്ടും വരാന്‍ കൂട്ടാക്കാതിരുന്ന കുഞ്ഞും, ആ വികൃതികള്‍ സഹിച്ച അമ്മയുടെ അവസ്ഥയും കുറച്ചൊന്നുമല്ല ലേബര്‍ റൂമിലെ മാലാഖമാരെയും ഡോക്ടറേയും വിഷമിപ്പിച്ചത്.

അന്ന് അമീര്‍ഖാന്‍റെ ത്രീ ഇടിയട്ട്സ് ഒന്നും ഇറങ്ങിയിട്ടില്ല, അല്ലെങ്കില്‍ വാക്വം ട്യുബോ, സൈകിള്‍ ട്യുബോ ഒക്കെകൊണ്ട് ഡോക്ടര്‍ ഒന്ന് പയറ്റി നോകിയേനെ. എന്തായാലും കരഞ്ഞും, കൂവിയും, അലമുറയിട്ടും, പ്രാര്‍ത്ഥിച്ചും ഒരു വിധം കുഞ്ഞിനെ വലിച്ചു പുറത്തിട്ടു. പുറത്തെടുത്ത് കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം-

ഇത്രയും നേരം ഇരുട്ടറയില്‍ കിടന്നതുകൊണ്ടു കുഞ്ഞിന് ഒരു കരുവാളിപ്പ്! കരുവാളിപ്പ് മാറ്റാന്‍ ഇനി ഇന്ക്യുബെട്ടരില്‍ കൊണ്ട് പോയി ടോര്‍ച് അടിക്കണമത്രെ!
“ഒഹ്, അതിനെന്താ അടിച്ചോ” എന്ന് അച്ഛന്‍ കണാരന്‍.
എല്ലാം കഴിഞ്ഞ് കുഞ്ഞിനെ തിരികെ കൊണ്ട് വന്നപ്പോള്‍ കുഞ്ഞിന് ലേശം, അല്ല അത്യാവശ്യം നന്നായി ഇരുട്ടിന്‍റെ നിറവും സൗന്ദര്യവുമുണ്ട്!

കലണ്ടറില്‍ വര്‍ഷങ്ങള്‍ അതിവേഗം കടന്നുപോകുമ്പോള്‍ അതിനൊത്ത് ശരീരം അത്ര കണ്ട് വളരുന്നില്ല എന്ന യഥാര്‍ത്ഥ്യം കുഞ്ഞനന്തന്‍ വേദനയോടെയാണെങ്കിലും പതിയെ മനസിലാക്കി. മുത്തച്ഛന്‍ സ്നേഹവാത്സല്യങ്ങളോടെ അവനു ചാര്‍ത്തിയ പേരായിരുന്നു “കുഞ്ഞനന്തന്‍”.

മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തില്‍ എല്ലാവരും കുഞ്ഞനന്തന്‍ എന്ന് തന്നെ വിളിച്ചിരുന്നു. ഇഴച്ചില്‍ നിര്‍ത്തി ബാല്യത്തിലേക്ക് നടന്നു കയറിയപ്പോള്‍ കുഞ്ഞനന്തന്‍ തേഞ്ഞ് കുഞ്ഞന്‍ ആയി മാറി. ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് ഓടിക്കയറിയപ്പോള്‍ കുഞ്ഞന്‍ തേഞ്ഞ് തേഞ്ഞ് കുന്തന്‍ ആയി മാറി. ചിലര് വേറെ പേരും വിളിക്കാറുണ്ടായിരുന്നു എന്നാണ് കേട്ടറിവ്!

പേര് മാറ്റാന്‍ ചില്ലറ ശ്രമങ്ങളൊക്കെ കുഞ്ഞന്‍ നടത്തിയെങ്കിലും, മുത്തച്ഛന്‍ എന്ന സെന്റ്റിമെന്സില്‍ അമ്മ ഒരു വിലങ്ങുതടിയായി എന്നുമുണ്ടായിരുന്നു. പിന്നെ പിന്നെ ആ വിളികള്‍ ഒരു ശീലമായി.
………………………..കാലം കുറെ ഓടിപോയിരിക്കുന്നു………………
കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കത്തെ വിളിച്ചുവരുത്തുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുഞ്ഞനന്തനിപ്പോള്‍. നാളെ ചെട്ടികുളങ്ങര കുംഭഭരണിയാണ്, അത് മാത്രമല്ല നാളത്തെ വിശേഷം. തന്‍റെ ജീവിതത്തിലെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ദിവസം കൂടിയാണ് നാളെ! താനിവിടെ ഉറക്കത്തോട് മല്ലിടുമ്പോള്‍ പുറത്ത് തന്‍റെ കല്യാണ ഒരുക്കങ്ങള്‍ നടക്കുകയാണ്.

സമയം രാത്രി രണ്ടു മണിയോളമായിരിക്കുന്നു. കലവറയിലെ ബഹളങ്ങള്‍ അവസാനിച്ചിട്ടില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ പുച്ഛം മാത്രം വാരിക്കോരി തന്ന ദുര്‍മോന്തകളായ അമ്മാവന്മാരും സില്‍ബന്ധികളും കൂടി പന്തലില്‍ എന്തൊക്കെയോ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ബഹളം കേള്‍കാം.

കുഞ്ഞനന്തന് വല്ലാത്ത ദേഷ്യം തോന്നി
“നാശങ്ങള്‍, ഞാനപ്പോഴേ പറഞ്ഞതാ..സദ്യയൊക്കെ വല്ല കാറ്റെറിംഗ്കാരെയും ഏല്പിച്ചാല്‍ മതിയെന്ന്..ആരും കേട്ടില്ല! എങ്ങനെ കേള്‍കാനാ? നമുക്ക് പക്വതയില്ലല്ലോ!
ദിവസത്തില്‍ മൂന്നുനേരം സൂപ്പര്‍മാക്സ് ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും ഷേവ്ചെയ്തിട്ടും ചോണനുറുമ്പ് ചിതറികിടക്കുന്ന പോലത്തെ പഴുതാര മീശയാണ് ആകെ വന്നത്. ആ മീശയിലൊന്നും അച്ഛനും അമ്മയും പക്വത കണ്ടിട്ടില്ല…വിധി അല്ലാണ്ടെന്തുപറയാനാ…”

പക്വത കാതങ്ങള്‍ക്കകലെയാണെന്ന് വീണ്ടും തോന്നിയപ്പോള്‍ കുഞ്ഞന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു, ചുവരില്‍ നിന്നും വാല്‍കണ്ണാടിയെടുത്ത് തന്‍റെ മുഖം ഒന്ന് കൂടി നോക്കി. തന്‍റെ മുഖം കണ്ണാടിയില്‍ കണ്ടതും കുടംപുളി കടിച്ചത് മാതിരിയുള്ള ഒരു പുളിച്ച ഭാവം മുഖത്തേക്ക് ഒഴുകിയെത്തി…ആ ഭാവം വാക്കുകളായി പുറത്തേക്ക് ഒഴുകി…..
“ഉണ്ടാക്കി വെച്ചിരിക്കുവാ…നിറവുമില്ല, മുടിയുമില്ല……..”

കൂടുതല്‍ ഒന്നും പറയാതെ കണ്ണാടി തിരകെവെച്ചു. വീണ്ടും കട്ടിലിലേക്ക്….ആദ്യം കമിഴ്ന്ന്‍ കിടന്നു, അത് ശരിയാകാതെ വന്നപ്പോള്‍ മലര്‍ന്ന് കിടന്നു. മുകളില്‍ കറങ്ങികൊണ്ടിരിക്കുന്ന ഫാനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ മനസിലേക്ക് നീലിമയുടെ മുഖം ഓടിയെത്തി……
അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണോ ആവൊ? അവളും തന്നെപ്പോലെ നാളത്തെ കാര്യങ്ങള്‍ ആലോചിച്ച് ഉറക്കമില്ലാതെ ഉറങ്ങുകയായിരിക്കും…

ഇത്രയും സുന്ദരിയായൊരു പെണ്ണിനെ തനിക്ക് കിട്ടിയതില്‍ കൂടെയുള്ള കുരുപ്പുകള്‍ക്കും, ചില വായിനോക്കികള്‍ക്കും അസൂയയുണ്ട്. ആകെയുള്ള ആശ്വാസം കിടു ബിനു ഒരു താങ്ങായി തനിക്കൊപ്പമുള്ളതാണ്. അവനാണെങ്കില്‍ കല്യാണം കഴിച്ച എക്സ്പീരിയ്ന്‍സും ഉണ്ട്. ബാകിയുള്ളവന്മാരോക്കെ ഇപ്പോഴും വായില്‍ കപ്പലോടിച്ചു നടക്കുന്ന ടീംസാണ്….

നീലിമയെ ആദ്യം കണ്ടത് കുഞ്ഞനന്തന്‍ ഒരു പുഞ്ചിരിയോടെ മനസിലോര്‍ത്തു…
കേളി സാംസ്കാരിക വേദി നടത്തുന്ന സ്റ്റാര്‍ നൈറ്റിനുപോയി സീന്‍ പിടിക്കാനും (സീറ്റ്‌ പിടിക്കാന്‍ എന്നും പറയും) കിടു ബിനുവിനും ഷുക്കൂറിനുമൊപ്പം മാവേലിയ്കരയ്ക് ഒരു ബസില്‍ പോകുകയായിരുന്നു അന്ന്. ബസില്‍ ഒഴിഞ്ഞു കിടന്ന, സ്ത്രീകള്‍ക്ക് തീറെഴുതികൊടുത്ത ഒരു സീറ്റിലിരുന്ന് യാത്ര തുടങ്ങി. സ്ടോപ്പുകള്‍ ഓരോന്ന് കഴിയുമ്പോഴും സ്ത്രീകളുടെ എണ്ണം ബസില്‍ കൂടികൂടി വന്നു. എന്നാല്‍ ഈ പെങ്ങന്മാരെയൊന്നും ഞങ്ങള്‍ കാണുന്നേയില്ല എന്ന ഭാവത്തില്‍ ഒരു ദയയുമില്ലാതെ യാത്ര തുടര്‍ന്നു. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്നും വെള്ളച്ചുരിദാറണിഞ്ഞ ഒരു സുന്ദരി കയറി കുഞ്ഞന്‍റെ സീറ്റിനരികിലായി നിലയുറപ്പിച്ചു.

ആദ്യകാഴ്ചയില്‍ തന്നെ ഒരു ആകര്‍ഷണം തോന്നിയതിനാല്‍ കുഞ്ഞന്‍ അവളെ തന്നെ അടിമുടി സ്കാന്‍ ചെയ്തുകൊണ്ടിരിന്നു. നോട്ടത്തിനു കാന്തികശക്തിയുണ്ടെന്ന് വളരെ പെട്ടന്ന് മനസിലായി!  കുഞ്ഞന്‍റെ കണ്ണില്‍ നിന്നും ബഹിര്‍ഗമിച്ച x-റെ രശ്മികള്‍ അവളുടെ വെള്ളചുരിദാറും തുളച്ച് അകത്തുകടന്ന് അവളുടെ മേനിയില്‍ ഇക്കിളി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഞെട്ടിതിരിഞ്ഞു….

“കുറെ നേരമായല്ലോടാ നോക്കി ചോരകുടിക്കാന്‍ തുടങ്ങിയിട്ട്, എന്താ തീര്‍ന്നില്ലേ?” – വെള്ളചുരിദാറുകാരി വിറഞ്ഞുതുള്ളി.

രംഗം വഷളാകാനുള്ള ആദ്യത്തെ കതിനയായിരുന്നു അത്.

എന്തെങ്കിലും പറയാന്‍ വേണ്ടി നാവ് അനങ്ങിയപ്പോഴേക്കും അവള്‍ക്ക് ചുറ്റും കോറസ്സായി കലപില തുടങ്ങി. കൂട്ടത്തില്‍ നിന്നും ഒരു മദ്ധ്യവയസ്ക എരിതീയില്‍ എണ്ണ വാരിക്കോരിയോഴിച്ചു…
“അല്ലെങ്കിലും ഇവന്മാരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇവനെയൊക്കെ ഉണ്ടാക്കി വിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ”……
(ദേ കിടക്കുന്നു ഫ്രീയായിട്ട് അച്ഛന് മകന്‍റെ വക ഒരു സമ്മാനം.)

അത് നിര്‍ത്തിയതും മറ്റൊരുത്തി നുരഞ്ഞുപൊങ്ങി……”ഇവന്‍റെയൊക്കെ നോട്ടം നമ്മുടെ വേണ്ടാത്തിടത്തോട്ടാ…”

ഇത് കുഞ്ഞന് സഹിക്കാവുന്നതിലപ്പുറമായിരുന്നു…..കുഞ്ഞന്‍ ചീറി….
“വേണ്ടാത്തതാണെങ്കില്‍ എന്തിനാ ചേച്ചി ഇങ്ങനെ കഷ്ടപ്പെട്ട് കൊണ്ടുനടക്കുന്നെ, ഇങ്ങു തന്നേരെ ഞങ്ങള്‍ പൊന്നുപോലെ നോക്കികോളാം..”

ആവേശം തിരതല്ലി പഞ്ച് ഡയലോഗ് പറഞ്ഞുതീര്‍ന്നതും കവിളത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു. പിന്നെയും ആരൊക്കയോ കുരവയിട്ടു, കുറെ കതിനകള്‍ അടുത്തുകൂടി വന്നിട്ട് പൊട്ടാതെ പോയി……ഞങ്ങള് ഈ നാട്ടുകാരേയല്ല എന്ന മട്ടില്‍ ഷുക്കൂറും, ബിനുവും വഴിയോരകാഴ്ചകളില്‍ കണ്ണും നട്ടിരിക്കുന്നു…….

മാവേലിയ്കരയിലെത്തുമ്പോള്‍ പൂരം കഴിഞ്ഞ പൂരപറമ്പ് പോലെ മനസും മുഖവും മ്ലാനമായിരുന്നു. ബസില്‍ നിന്നിറങ്ങി തിരിഞ്ഞുപോലും നോക്കാതെ നേരെ വിട്ടു സിക്സര്‍ ബാറിലേക്ക്….

ആ സര്‍പ്രൈസ് കഴിഞ്ഞ് നാലുമാസങ്ങള്‍ക് ശേഷമാണ് പൊടിമീശ വന്നതിന്‍റെ ബലത്തില്‍ വിവാഹാലോചനകള്‍ തുടങ്ങിയത്. ബ്രോക്കര്‍ ശശിപിള്ള കൊണ്ടുവന്ന ഫോട്ടോകളില്‍ കയറിയിറങ്ങിയ അമ്മ ഒരു സുന്ദരിയെയും കൊണ്ട് പൊങ്ങി വന്നു….അമ്മ തിരഞ്ഞെടുത്ത ഫോട്ടോ കണ്ടു ആദ്യമൊന്നു ഞെട്ടി…അതെ അതവള്‍ തന്നെ…..ആ വെള്ളച്ചുരിദാറുകാരി.

പണി പാലും വെള്ളത്തില്‍ കിട്ടാന്‍ പോകുന്നു എന്ന് ഉള്ളിന്‍റെ ഉള്ളില്‍ ഇരുന്നാരോ വിളിച്ചു പറയുന്നത് പോലെയൊരു തോന്നല്‍.പക്ഷെ അവളുടെ സൗന്ദര്യത്തില്‍ തന്‍റെ ഭയം അലിഞ്ഞു പോയപ്പോള്‍ എന്തായാലും ഒന്ന് പയറ്റി നോക്കാന്‍ തന്നെ കുഞ്ഞന്‍ തീരുമാനിച്ചു.

അങ്ങനെ എന്തും നേരിടാനുള്ള മനക്കരുത്തുമായി പെണ്ണുകാണലിന് ചെന്നു. തന്നെ കണ്ട മാത്രയില്‍ തന്നെ ചൂട് ചായ കൊണ്ടുവന്ന്‍ മുഖത്തേക്കൊഴിക്കുന്നതില്‍ കുറഞ്ഞ സ്നേഹപ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ല…

പക്ഷെ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പറത്തികൊണ്ട് നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായാണ്‌ അവള്‍ “നീലിമ” അരങ്ങിലേക്ക് വന്നത്. അമ്മയുടെ സാരിയുടെ മറവില്‍ പാതി മറഞ്ഞുനിന്നുകൊണ്ട് അവള്‍ കുഞ്ഞനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ കുഞ്ഞന്‍ അറിയാതെ കവിള്‍ തലോടി.
അന്ന് ഈറ്റപ്പുലിയെ പോലെ ചീറിയവളാണോ ഇത്?

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവാം” – എവിടെനിന്നോ ഒരു അശരീരി.
അച്ഛന്‍റെ വായില്‍ നിന്നാണ്. ഹോ ഭാഗ്യം. 26 വര്‍ഷത്തിനിടയില്‍ കായും പൂവും കൊണ്ട് തന്നെ അഭിഷേകം ചെയ്ത നാവില്‍ നിന്ന് ഉപകാരപ്രദമായ ഒരു വരി വന്നല്ലോ.

പെണ്ണും ചെറുക്കനും മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. കുളിക്കടവില്‍ സീന്‍ പിടിക്കുന്ന മാതിരി പമ്മലോടെ ഞങ്ങള്‍ നിങ്ങളെ ശ്രെദ്ധിക്കുന്നതേയില്ല എന്ന ഭാവത്തില്‍ സഭ കൂടിയവരെല്ലാം ഒളിഞ്ഞുനോക്കുന്നുണ്ട്.

ധൈര്യം ആവോളം സംഭരിച്ച് അവളുടെ കണ്ണുകളില്‍ നോക്കി തന്നെ ചോദിച്ചു “നീലിമയ്ക്ക് എന്നോട് വിരോധമോന്നുമില്ലേ?..അന്നത്തെ ആ സംഭവം…..”

“ഏയ്‌ അന്ന് ഞാന്‍ ശരിക്കും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു…ഈ പ്രായത്തില്‍ അതൊക്കെ എന്ജോയ്‌ ചെയ്യേണ്ടതാണ്. അന്നത്തെ സംഭവത്തിന്‌ ശരിക്കും ഞാനാണ്‌ കുഞ്ഞനന്തനോട്
സോറി പറയേണ്ടത്”

——————-ഹോ ഐസ് കട്ടകള്‍ ഷര്‍ട്ടിനുള്ളിലേക്ക് വാരിയിട്ട സുഖം………………………………………………………
“അപ്പൊ നീലിമയ്ക്ക് എന്നെ ഇഷ്ടായോ?”

“മ്” (മൂളല്‍ മാത്രം)

തന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി….അത് മതി. ഇനി കൂടുതല്‍ എന്തെങ്കിലും സംസാരിച്ച് ഉള്ള ഇഷ്ടം കളയേണ്ട എന്ന തീരുമാനത്തില്‍ കുഞ്ഞന്‍ ആ രംഗത്തിനു തിരശ്ശീലയിട്ടു.

പിന്നെയെല്ലാം ശട പടെ, ശട പടെന്നായിരുന്നു…അതിപ്പോള്‍ കല്യാണം വരെ എത്തി നില്‍കുന്നു.

വീണ്ടും കൊട്ടും, കുരവയും, കാലുപിടിക്കലും, ഫോട്ടം പിടുത്തവും, കെട്ടും, പുഷ്പവൃഷ്ടിയും…….ഒടുവില്‍ സദ്യയും…പകല്‍ ചടങ്ങുകള്‍ക്ക് കലാശം.
രാത്രി എട്ടുമണി ആയിട്ടേയുള്ളൂ. എല്ലാവരും ടിവിയുടെ മുന്നില്‍ തന്നെയുണ്ട്‌….കുഞ്ഞനന്തന്‍റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങുന്നുണ്ട്….ടിവിയുടെ ശബ്ദം കാരണം അതാരും കേട്ടില്ല. കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ തന്‍റെ ആദ്യരാത്രിയാണ്..ഓര്‍കുംബോഴെല്ലാം ഒരു ചെറിയ വിറയല്‍ ദേഹമാസകലം പടരുന്നു.

“ഈ നശിച്ച വിറയല്‍ ഒന്ന് മാറിയാല്‍ മതിയാരുന്നു. ഈശ്വരാ…നീയെന്നെ നാണം കെടുത്തുമോ?..”

എട്ടര വരെ ഒരു വിധം പിടിച്ചുനിന്നു. പയ്യെ റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അതാ പുറകില്‍ നിന്നൊരു ശബ്ദം
“എന്താടാ നേരത്തെ കിടക്കാന്‍ പോകുവാണോ? എന്നും പതിനൊന്നു കഴിയാതെ ഉറങ്ങാത്തവനാ….”

അളിയന്‍ ക്നാപ്പന്‍റെ ശബ്ദം..ഇത് മനപ്പൂര്‍വമാ…..
മറുപടിയൊന്നും പറയാതെ ഒരു വളിച്ച ചിരി തിരികെ കൊടുത്ത് റൂമിലേക്ക്, കുഞ്ഞന്‍ റൂമിലേക്ക് കയറിയതും പുതുപെണ്ണ്‍ റൂമില്‍ നിന്നും വെളിയിലേക്കിറങ്ങി……നാണത്തില്‍ പൊതിഞ്ഞ ഒരു ചരിഞ്ഞ നോട്ടവുമായി….

മണിയറയില്‍ കയറിയിട്ടും വിറയലിനു ശമനമില്ല. പതിയെ കട്ടിലില്‍ ഇരുന്നു, പിന്നെ ഒന്നമര്‍ന്നു നോക്കി..കുഴപ്പമില്ല!

തുടര്‍ന്നുള്ള നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ തോന്നി…നെഞ്ചിടിപ്പും, ക്ലോക്കിന്‍റെ സൂചിയുടെ ചലനവും വ്യക്തമായി തന്നെ കേള്‍ക്കാന്‍ സാധിക്കുന്നു, വാതില്പടിക്കപ്പുറം കാല്പെരുമാറ്റം കേട്ടുതുടങ്ങിയതും ഹൃദയം ഒരു മയവുമില്ലാതെ മാരത്തോണ്‍ വേഗത്തില്‍ മിടിച്ചുതുടങ്ങി…
കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി പ്രതീക്ഷിച്ച പോലെതന്നെ നീലിമ കയറിവന്നു. പാല്‍ഗ്ലാസ്‌ മേശപ്പുറത്ത് വെച്ചിട്ട് ഓള് തന്നെ വാതില്‍ കുറ്റിയിട്ട്,  ബെഡില്‍ അടുത്ത് വന്നിരുന്നപ്പോള്‍ കുഞ്ഞന്‍റെ വിറയല്‍ കൂടി….ദൈവമേ..ഇവള്‍ തന്നെ എല്ലാത്തിനും മുന്‍കൈയ്യെടുക്കുന്ന ലക്ഷണമാണല്ലോ കാണുന്നത്. ബിനു അണ്ണന്‍ പറഞ്ഞു തന്നതെല്ലാം കാറ്റില്‍ പറക്കുമെന്നാ തോന്നുന്നേ…….മനസിനെ ബലപ്പെടുത്താന്‍ ബിനുവിന്‍റെ വാക്കുകള്‍ മനസിലോര്‍ത്തു….
“മോനെ കുഞ്ഞാ….ആക്രാന്തം കാട്ടി ആദ്യരാത്രി കുളമാക്കരുത്. ആദ്യദിവസം എന്തെങ്കിലുമൊക്കെ സംസാരിച്ചു മനസുകള്‍ പൊരുത്തപ്പെടുത്തിയെടുക്കണം.അത് വരാനിരിക്കുന്ന ദിനരാത്രങ്ങള്‍ക്ക് ഗുണം ചെയ്യും….”—-ഒരുപാട് സിനിമകളില്‍ കേട്ടുപരിചയമുള്ള ഉപദേശം ആണെങ്കിലും ഇത്തരം കാര്യങ്ങള്‍ ബിനുവിന്‍റെ വായില്‍ നിന്ന് കേട്ടാല്‍ ഒരു പ്രത്യേക ആശ്വാസമാണ്.

ബിനുവിന്‍റെ വാക്കുകള്‍ ചെറിയൊരു ധൈര്യം നല്‍കി. ശാരീരത്തിന്‍റെ വിറയല്‍ മാറ്റി മനസ് ഒന്ന് ശാന്തമാക്കുവാന്‍ ഒന്ന് നടക്കണം. അതിനൊരു ഉപാധിയായി അലമാരയില്‍ നിന്നും പെര്‍ഫ്യും എടുത്ത് പൂശാം…അലമാര വരെയെങ്കിലും നടക്കാമല്ലോ…..
നീലിമയുടെ കൃഷ്ണമണികള്‍ക്ക് കോണുകളിലേക്ക് ചലനം സാധ്യമാക്കിക്കൊണ്ട് കുഞ്ഞന്‍ അലമാര ലക്ഷ്യമാക്കി നടന്നു. വിറയ്കുന്ന കരങ്ങളും, പിടയ്കുന്ന മനസുമായി അലമാര തുറന്നതും ഒരു ഭീമാകാര രൂപം കുഞ്ഞന്‍റെ മേലേക്ക് ചാടിവീണതും ഒരുമിച്ചായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയന്ന കുഞ്ഞന്‍ ദിഗന്തങ്ങള്‍ നടുങ്ങുമാറ് ഒച്ചയില്‍ നിലവിളിച്ചുകൊണ്ട് കുഞ്ഞന്‍ ആ രൂപത്തോടൊപ്പം പിന്നോക്കം നിലംപതിച്ചു…കുറച്ചു നിമിഷങ്ങള്‍ തീര്‍ത്തും നിശബ്ദം..ഇടവേള കഴിഞ്ഞു നീലിമയില്‍ നിന്നുമുതിര്‍ന്നു ഒരു കുഞ്ഞു വലിയ നിലവിളി…..

കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ്‌ വന്ന നീലിമ കാണുന്നത് തന്‍റെ പകുതിയോളം വലുപ്പമുള്ള ഒരു ടെഡി ബിയറിനെയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ തുറന്നു
മലര്‍ന്ന് കിടക്കുന്ന കുഞ്ഞനന്തനെയാണ്.

ഭാഗ്യം ബോധം പോയിട്ടില്ല. നീലിമ തന്നെ കുഞ്ഞനെ ടെഡി ബിയറില്‍ നിന്നും വേര്‍പെടുത്തി എഴുന്നേല്‍പിച്ചു ബെഡില്‍ ഇരുത്തി.

ഒരു മിനിറ്റ് പോലും തികഞ്ഞില്ല. എന്തെ വരാഞ്ഞത് എന്നോര്‍ത്ത വിളികളും, തട്ടലും മുട്ടലും വാതിലിനു പുറത്തുകേട്ടുതുടങ്ങി.

വാതിലില്‍ ആരൊക്കെയോ മുട്ടിവിളിക്കുന്നു. ഡാ കുഞ്ഞാ, കുഞ്ഞാ…എന്നുള്ള കോറസ് നിലവിളികളും കേള്‍കാം. പുറത്തിറങ്ങി ചെന്നാല്‍ എന്ത് പറയണമെന്ന് അറിയാതെ കുഞ്ഞന്‍ കുഴങ്ങി.

കാലങ്ങളായി സ്ഥിരം സന്ദര്‍ഭത്തില്‍ “എന്തോ കണ്ടു പേടിച്ചതാ…..” എന്ന ഡയലോഗും ആക്കിയുള്ള ചിരിയും സിനിമകളില്‍ നിന്നും കണ്ടു ശീലിച്ച
മലയാളികള്‍ തന്നെയാണ് പുറത്തുള്ളത്. അവള്‍ നിലവിളിച്ചതിന് ന്യായീകരണം കണ്ടെത്തിയാലും താന്‍ നിലവിളിച്ചതിന്‍റെ സംശയവിത്തുകള്‍ അവരുടെ മനസ്സില്‍ എന്തായിരിക്കുമോ എന്തോ?

എന്തായാലും നാണം കെടും എന്ന കാര്യത്തില്‍ തീര്‍ത്തും സംശയമില്ല…എന്നാലും ആരായിരിക്കും ഈ കൊലച്ചതി ചെയ്തത്….
.നീലിമയെ പിന്നില്‍ തന്നെനിര്‍ത്തി കുഞ്ഞന്‍ വാതില്‍ തുറന്നു. പുറത്തു സകല തലകളുമുണ്ട്. അച്ഛന്‍, അമ്മ, പെങ്ങള്‍, അളിയന്‍റെ അബദ്ധങ്ങള്‍ രണ്ടെണ്ണം……അളിയന്‍ മാത്രമില്ല

“എന്താടാ എന്തു പറ്റി. എന്ന ചോദ്യം പ്രതീക്ഷിചിടത്ത് കരഞ്ഞു നിലവിളിക്കുന്ന അമ്മയെയും പെങ്ങളെയുമോക്കെയാണ് കണ്ടത്.
“എന്താ അമ്മെ എന്ത് പറ്റി…..”
“കുഞ്ഞാ വേഗം വാടാ…സുഗതനെ പാമ്പ്‌ കടിച്ചെഡാ..നമ്മുടെ മുറ്റത്ത് വെച്ച്….നീ വേഗം വാടാ ആസ്പത്രിയില്‍ പോകണം…..”
“ങേ…..”
അച്ഛന്‍ ഡ്രൈവിംഗ് പടിക്കാഞ്ഞതിന്‍റെ ഭവിഷ്യത്ത് …..ഞാന്‍ താന്‍ തന്നെ പോകണം…
അളിയനെ വാരി കാറിനുപിന്നിലിട്ടു അച്ഛനെയും കൂട്ടി ആസ്പത്രിയിലേക്ക് വിട്ടു….പോകും മുന്‍പ് നീലിമയെ ഒന്ന് നോക്കി…..എന്നോട് ക്ഷമിക്കു മോളെ
എന്ന രീതിയില്‍ ഒരു നോട്ടവും കൊടുത്തിട്ട് കാറ്‌ വിട്ടു…..അവള്‍ക് കൂട്ട് അമ്മയുണ്ട്‌. എന്നാലും ആരുണ്ടായാലും ഈ ദിവസം താനില്ലെങ്കില്‍ അവള്‍കെന്താഘോഷം…..
പല പല മനോവിചാരങ്ങളിലൂടെ മനസും, ഏതൊക്കെയോ വഴികളിലൂടെ കാറും സഞ്ചരിച്ച് ആസ്പത്രിയിലെത്തി….പാമ്പിന്‍റെ വായില്‍ കാല് കൊണ്ട് വെച്ച് കൊടുത്ത അളിയന്‍റെ ഈ ദിവസത്തെ പെര്‍ഫോമന്‍സ് ഓര്‍ത്തു മനസ്സില്‍ അളിയനെ നിമിഷം തോറും ശപിച്ചുകൊണ്ടിരുന്നു…ഏതൊക്കെയോ നിമിഷത്തില്‍ അളിയന്‍റെ അച്ഛനെയും, പെങ്ങളെ ഇങ്ങേര്‍ക്ക് തന്നെ കെട്ടിച്ചു കൊടുത്ത സ്വന്തം അച്ഛനെയും മനസാ ശപിച്ചു…….

മൂന്നാല് മണിക്കൂറുകള്‍ നീണ്ടു നിന്ന ഡോക്ടറുടെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞു അളിയനെ പുറത്തുകൊണ്ടുവന്നു. രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം രക്ഷകന്‍റെ കണ്ണുകളില്‍ കാണാം….ഇനി നാളെ ഡിസ്ചാര്‍ജ് ചെയ്ത് പോയാല്‍ മതിയെന്ന് ഒരു ഉപദേശവും തന്നു ഡോക്ടറുടെ വക
അല്ലെങ്കിലും ഇന്നിനി പോയിട്ട് കാര്യമൊന്നുമില്ല എന്ന് പറയണമെന്നുണ്ടായിരുന്നു കുഞ്ഞന്.

അളിയന്‍റെ കാല്കല്‍ ഒരു കസേരയിലിരുന്നു അച്ഛന്‍ ഉറക്കം തുടങ്ങി…തലയ്കല്‍ ഒരു കസേര വലിച്ചിട്ടു  കുഞ്ഞനും ഇരുന്നു

“എന്നാലുമെന്‍റെ അളിയാ ഇത് വല്ലാത്ത ചതിയായി പോയി…”
അളിയന്‍ ഒന്ന് ചിരിച്ചു…
“അതൊക്കെ പോട്ടെ കുഞ്ഞാ ഞാന്‍ പാമ്പ് കടിച്ചു കിടന്നപ്പോള്‍ നിന്‍റെ റൂമില്‍ നിന്നും ഒരു നിലവിളി കേട്ടല്ലോ? എന്ത് പറ്റി”

“ഒഹ് അതേതോ കൃമികടി കൊണ്ടവന്‍ കാണിച്ച വേല, അലമാരയ്ക്കുള്ളില്‍ ഒരു പാവയെ കൊണ്ട് വെച്ചിരിക്കുന്നു…”
“അളിയാ അത് കൃമികടി കൊണ്ടാവനല്ല, പാമ്പ് കടി കൊണ്ടാവനാ…ഞാനാ അത് കൊണ്ട് വെച്ചത്, മോള്‍ക്ക് വേണ്ടി വാങ്ങിയതാ…ഞങ്ങടെ അലമാരയില്‍ വെയ്കാന്‍ സ്ഥലമില്ലാഞ്ഞിട്ടു……”

“ഓഹോ…തന്നെ പാമ്പായിരുന്നില്ല കടിക്കേണ്ടത്…എന്നെകൊണ്ടൊന്നും പറയിക്കരുത്…ഇവിടെ മനുഷ്യന്‍ അറ്റുനോറ്റ് ഇരുന്ന് കിട്ടിയ ആദ്യരാത്രി പാവയും പാമ്പും എല്ലാം കൂടി ചേര്‍ത്ത് കുളമാക്കിയപ്പോള്‍ തനിക്ക് സമാധാനമായല്ലോ…പെങ്ങള് വഴിയാധാരമായി പോകും എന്നോര്‍ത്തിട്ടാ, അല്ലേല്‍….”

രോഷപ്രകടനം കേട്ടു അച്ഛന്‍ ഉണരുമോ എന്ന് തോന്നിയപ്പോള്‍ കുഞ്ഞന്‍ ശാന്തനായി….

അളിയന്‍ വിഷമസന്ധിയിലായി…..ഒരുത്തന്‍റെ കന്നിയങ്കത്തിന് തടസ്സമാകേണ്ടി വന്നതിന്‍റെ വൈക്ലബ്യം ആ മുഖത്തുണ്ടായിരുന്നു….
“അളിയാ സോറി…എന്നോട് ക്ഷമിക്ക്…ഈ ഒരു രാത്രിയല്ലേ…അത് സാരമില്ല”

കുഞ്ഞന്‍ വീണ്ടും ഫോമായി…..
“ഒരുമാതിരി മറ്റേടത്തെ വര്‍ത്തമാനം പറയരുത്…..പല രാത്രി കഴിഞ്ഞവന് ഒരു രാത്രി ഒരു പ്രശ്നമായിരിക്കില്ല, പക്ഷെ ഈ ഒരു രാത്രി എനിക്കാദ്യരാത്രിയാ…അതോര്‍മ വേണം
കുഞ്ഞന്‍റെ തൊണ്ടയിടറി..കണ്ണുകള്‍ നിറഞ്ഞു”
അല്ലെങ്കിലും ആ ഊള ബിനു ഉപദേശിച്ചപ്പോഴേ തീര്‍ന്നു…..വര്‍ക്കത്തില്ലാത്തവന്‍”

അളിയന്‍ തിരഞ്ഞു കിടന്നു……കുഞ്ഞന്‍ കസേരയില്‍ ചരിഞ്ഞു കിടന്നു……മുകളില്‍ കറങ്ങുന്ന ഫാനുണ്ട്….ഉറക്കത്തിന്‍റെ തിരശ്ശീല കുഞ്ഞന് മാത്രം വീണില്ല.
വീട്ടില്‍ നീലിമ ബെഡില്‍ സുഖമായി കിടന്നു…ഇവിടെയും മുകളില്‍ കറങ്ങുന്ന ഫാനുണ്ട്, ഉറക്കത്തിന്‍റെ തിരശ്ശീല ഇതുവരെ വീണില്ല, ഇപ്പൊ വീഴുമായിരിക്കും.അടുത്ത് കിടന്നുറങ്ങുന്ന അമ്മയ്ക്ക് തിരശ്ശീല എപ്പോഴേ വീണു…..

ഖൈത്താന്‍ ഫാനിനു ശബ്ദം കുറച്ചു കൂടുതലാണ്……

അടിക്കുറിപ്പ്: മരുഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്ത് നീലിമ ചേച്ചിയെയും എന്തിനും പോന്ന രണ്ടെണ്ണത്തിനെയും പോറ്റുന്ന കുഞ്ഞനന്തന്റെ വിവാഹ വാര്‍ഷികത്തിനു പോടിമോന്റെ വക ഒരു സ്നേഹ സമ്മാനം. ഫെബ്രുവരിയില്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ ക്യാമറയുടെ കാര്യം മറക്കേണ്ട…അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു, ഇവിടെ പ്രത്യേകിച്ചു അസുഖമൊന്നുമില്ല…

അന്നാമ്മ, ദി വിച്ച് ഫ്രം ഹെല്‍

തിരമാലകള്‍ ശാന്തമായിരുന്നില്ല, പ്രക്ഷുബ്ധമായ കടലിലേക്ക്‌ കണ്ണും പായിച്ചിരിക്കുമ്പോള്‍ അന്നാമ്മ ചേടത്തിയുടെ മനസ്സും കടല്‍ പോലെ പ്രക്ഷുബ്ധമായിരുന്നു. റോമില്‍ നിന്നും ഇത്ര തിടുക്കപ്പെട്ടു വന്നത് വെറും വരവായിപോയി എന്ന് തോന്നുന്നു.

മനസിലെ ഇരമ്പല്‍ ഒന്ന് മാറ്റാന്‍ കോവളത്ത് വന്നു കടലില്‍ ഒരു പത്തു വാര നീന്തണം, നീന്തി അരിശം തീര്കണം, മനസ് ശാന്തമാക്കണം……എല്ലാം പാഴായ വേദന ആ മുഖത്തുണ്ട്‌. ആവേശം അരിശത്തിന്‍റെ കൂട്ട് പിടിച്ചു അലമുറയിടുന്ന കടലില്‍ നീന്താനിറങ്ങുന്നത് വിവരക്കേടാണ്.
ഇനിയെന്തെന്ന ചോദ്യം മാത്രം ബാകിയാകുന്നു.

ലോകത്തോട്‌ മുഴുവന്‍ പലതും വിളിച്ചു പറയണമെന്നുണ്ട്. അടിവേരോടെ പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് താനിന്നു. അന്നാമ്മ ഓര്‍മകളിലേക്ക് ഊളിയിട്ടു…

നീണ്ട പതിറ്റാണ്ടുകളുടെ നരകവാസത്തില്‍ വീണു കിട്ടിയ പരോളില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.
ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണം, ആരോട്? അറിയില്ല….

“കടല, കടല…കടലേ…….” കയ്യില്‍ ഒരു കുട്ടയുമായി ഒരു പയ്യന്‍ വന്നു നിന്ന് തൊള്ള തുറക്കുന്നു.

“ഡാ ചെക്കാ, ഇത് കടലാണെന്ന് നീ പറഞ്ഞിട്ടു വേണ്ട എനിക്ക് മനസിലാകാന്‍…”

ചെക്കന്‍റെ മുഖഭാവം തെല്ലൊന്നു മാറി

“തള്ളെ..അത് കടലാണെന്നല്ല പറഞ്ഞത്. ദേ ഈ കുട്ടയിലിരിക്കുന്ന വറുത്ത കടലയുടെ കാര്യമാ പറഞ്ഞത്. കഴിക്കാന്‍ കടല വേണോന്നു?”

അന്നാമ്മ ചേടത്തി ഒന്ന് ചമ്മി. പമ്മിയിരുന്ന പട്ടിയുടെ അണ്ണാക്കില്‍ വിരലിട്ടു കുത്തിയിട്ട് കടി വാങ്ങിയ അവസ്ഥ. എന്തായാലും മുഖത്തെ ഭാവവ്യത്യാസം
ലാലേട്ടന്‍റെ ഭാവാഭിനയത്തെ വെല്ലുന്ന വേഗത്തില്‍ മായ്ച്ചു കളഞ്ഞു.

“ഓ അപ്പോഴേക്കും പിണങ്ങിയോ?…മോനൊരു കടലയെട്…”

“അമ്മച്ചി ഏതാ?”

അമ്മച്ചി നിന്‍റെ അപ്പച്ചന്‍ എന്ന് പറയാന്‍ വന്നത് അന്നാമ്മ വിഴുങ്ങി..
“ഞാന്‍ അന്നാമ്മ…ഒരു പഴയ വിച്ചാണ് മോനെ”

“വിച്ചോ? അതെന്തോന്നു?”
വിച്ചും, വാട്ടും…ഈ തള്ളയ്ക്ക് വട്ടാന്നാ തോന്നുന്നേ…(ആത്മഗതം).

“ഓഹ്…വിച്ചെന്നു പറഞ്ഞാല്‍ മോനറിയില്ല അല്ലെ? പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു നാട്ടില്‍ ഞങ്ങളെ പോലെയുള്ള കുറച്ചു സ്ത്രീകളെ വിച്ചുകള്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. നിങ്ങള്‍ ദുര്‍മന്ത്രവാദിനി എന്നൊക്കെ പറയും.”

“അയ്യോ..അപ്പൊ അമ്മച്ചി ദുര്‍മന്ത്രവാദിയാ ?”

“ദുര്‍മന്ത്രവാദിയല്ല..മോനെ, ദുര്‍മന്ത്രവാദിനി! ഈ വിച്ചുകളില്‍ പുരുഷന്മാരില്ല, സ്ത്രീകള്‍ മാത്രമേയുള്ളൂ. പിന്നെ ദുര്‍മന്ത്രവാദിനി എന്നൊക്കെ അന്നത്തെ ക്രൈസ്തവ സഭ പറഞ്ഞതാ. സത്യത്തില്‍ ഞങ്ങള്‍ക്ക് മന്ത്രവാദം ഒന്നുമറിയില്ല.
കുറച്ചു മാജിക്കൊക്കെ അറിയാമായിരുന്നു….പിന്നെ നല്ല വിവരവും.  പറയുമ്പോള്‍ അഹങ്കാരമാണെന്ന് മോന്‍ വിചാരിക്കരുത്, ഞങ്ങള്‍ ധാരാളം വായിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് നല്ല അറിവുമുണ്ടായിരുന്നു. ആ അറിവൊക്കെ അന്നത്തെ നസ്രാണികള്‍കൊക്കെ ഒന്ന് പകര്‍ന്നു കൊടുത്തു അവരെ ഒന്ന് നന്നാക്കാന്‍ ഇറങ്ങി. അത് അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ക്ക് പിടിച്ചില്ല. അവരെല്ലാം കൂടി ഞങ്ങള്‍ പടുവൃദ്ധകളെ വിച്ചുകള്‍ എന്ന് വിളിച്ചാക്ഷേപിച്ചു, വിചാരണ പ്രഹസനമൊക്കെ നടത്തി ചുട്ടു കൊന്നു.”

“ങേ..അപ്പൊ അമ്മച്ചിയെ…?”

“എന്നെയും അങ്ങനെയൊരു കാലത്ത് ചുട്ടു കൊന്നതാ മോനെ…”

അത് കേട്ടതും പയ്യന്‍റെ കയ്യിലിരുന്ന കടലയുടെ കുട്ട കയ്യില്‍ നിന്നും വഴുതി കാല്‍ വഴി താഴെയെത്തി. താഴെ വീണ കടലകള്‍ കാലില്‍ നിന്നും ഒഴുകിയിറങ്ങിയ ജലപ്രവാഹത്തില്‍ നനഞ്ഞു കുതിര്‍ന്നു.

“അപ്പൊ അമ്മച്ചി പ്രേ..പ്രേ…പ്രേതം…..?”
“ഹും…അങ്ങനെയൊക്കെ വേണേല്‍ പറയാം. പിന്നെ മോന്‍ പേടിക്കുകയൊന്നും വേണ്ട. ഞാന്‍ മോനെ ഒന്നും ചെയ്യില്ല.
ഈ പ്രേതങ്ങള്‍ ചോര കുടിക്കും, കൊല്ലും എന്നൊക്കെ പറയുന്നത് ചുമ്മാതാ…ജീവിച്ചിരിക്കുമ്പോ അങ്ങനെയൊക്കെ വേണേല്‍ ചെയ്യാം, ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഇതിനൊന്നും പറ്റൂല്ല..”

പയ്യന് പേടി കുറച്ചൊന്നു മാറി

“പിന്നെ അമ്മച്ചി…അല്ല അന്നാമ്മ ചേടത്തി എന്തിനാ ഇങ്ങോട്ട് വന്നത്”

“ഓഹ്.. മനസിലെ ഭാരമൊക്കെ ആരോടെങ്കിലും ഒന്ന് പറയാമെന്നു കരുതി വന്നതാ. ഇവിടെ വന്നു നിജേഷിനെയും, ബ്രൂട്ടോസിനെയും കണ്ടു. രണ്ടു പേരും മൈന്‍റ് ചെയ്തത്പോലുമില്ല. അവര്‍ക്ക് സരിതയോ, ശാലുവോ ഒക്കെ മതിയെന്ന്. ഒരു പഞ്ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ വരുന്നത് അങ്ങേ ലോകത്തൂന്നാന്ന് പറഞ്ഞപ്പോ അവര്ക് സ്വര്‍ഗത്തിലെ ടി പി യോ, സി പി യോ അങ്ങനെയാരെയോ സെറ്റ് ആക്കി കൊടുക്കമോന്നു..നാല് പച്ച തെറിയും പറഞ്ഞു അവിടുന്നിറങ്ങി ഇവിടെയെത്തി..”

“ചേടത്തി വിഷമിക്കണ്ട, ചേടത്തിയുടെ വിഷമം എന്നോട് പറ”

“വിഷമം ഒന്നുമല്ല മോനെ…കുറെ സത്യങ്ങള്‍ ആയിരുന്നു പറയാനുള്ളത്. മോനൊരു കാര്യമറിയുമോ? അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ ഞങ്ങളെ ശരിക്കും ഭയന്നിരുന്നു. വര്‍ഷങ്ങളുടെ നീണ്ട പഠനത്തിലൂടെ ഞങ്ങള്‍ അറിവ് നേടി പോപ്പിനെക്കാളും, ബിഷപ്പിനെക്കാളും ഉയരത്തിലെത്തിയാലോ എന്ന് ഭയന്നാണ് അവര്‍ ഞങ്ങളെ വേട്ടയാടിയത്.
ജ്ഞാനവൃദ്ധ എന്ന അര്‍ഥം മാറ്റി വിച്ചിനു പുതിയ മാനങ്ങള്‍ നല്‍കി അവര്‍ ഞങ്ങളെ ക്രൂശിച്ചു.”

“എന്നാലും പിടിച്ചു തീവെച്ച് കൊല്ലാനും മാത്രം കുറ്റമൊന്നും ആയില്ലല്ലോ? ” പയ്യന്‍സിനു സംശയം.

“ഇല്ല, കൊല്ലാന്‍ എന്തെങ്കിലും കാരണം വേണ്ടേ? അതിനു വേണ്ടി ഞങ്ങള്‍ വിച്ചുകള്‍ ………………….”

“വിച്ചുകള്‍?” പയ്യന്‍സിനു ആകാംഷയായി.

“ആട്ടെ മോന് എത്ര വയസ്സായി?”

“19”

“ഓ പ്രായപൂര്‍ത്തിയായതാ..അപ്പൊ പറയുന്നതില്‍ കുഴപ്പമില്ല…
അതായതു ഞങ്ങള്‍ വിച്ചുകള്‍ ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നവരാണെന്നുള്ള ഒരു വലിയ കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തി.”

“ഈ വേഴ്ച എന്ന് പറഞ്ഞാല്‍ മറ്റേ സംഭവമല്ലേ?”

“ങ്ഹാ അത് തന്നെ….”

“ശരിക്കും അങ്ങനെ വല്ലതും ഉണ്ടാരുന്നോ?”

“നീ സംശയിച്ചതല്ലെയുള്ളൂ…അന്നത്തെ പ്രമാണിമാര്‍ അത് ജനങ്ങളെ വിശ്വസിപ്പിച്ചു. ചെകുത്താനുമായുള്ള വേഴ്ചയുടെ പേരില്‍ ഞങ്ങളെ ക്രൂശിച്ചു കൊലപ്പെടുത്തി. തെളിവിനു ഒരു യു ട്യൂബ് വീഡിയോ പോലുമില്ലാതിരുന്നിട്ടും ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു…”

“അതിലിപ്പോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചേടത്തി, എല്ലാവരും അത് വിശ്വസിച്ചു കാണും.” പയ്യന്‍ ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.

ചേടത്തിയുടെ കണ്ണുകള്‍ നനഞ്ഞു, കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രായത്തിന്‍റെ ചുളിവുകളില്‍ തട്ടിതടഞ്ഞൊഴുകി.

“അതെന്താ മോനെ, ഒരു നാട് മുഴുവന്‍ മണ്ടന്മാരയിരുന്നോ? അവര്‍ക്ക് ഒന്നാലോചിച്ചാല്‍ തന്നെ ഞങ്ങള്‍ തെറ്റുകാരല്ലെന്നു മനസിലാകുമായിരുന്നു.”

“അതെങ്ങനെ?”

“ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പെട്ടിരുന്നു എന്ന് പറയപ്പെടുന്ന ഞങ്ങള്‍ വിച്ചുകള്‍ എല്ലാം തന്നെ പടുവൃദ്ധകള്‍ ആയിരുന്നു. നീണ്ട കാലത്തെ പഠനം കഴിഞ്ഞു  അവര്‍ പറഞ്ഞ പോലെ ഞങ്ങള്‍ വിച്ചുകള്‍ ആകുമ്പോഴേക്കും വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കും.
നാട്ടില്‍ ലക്ഷകണക്കിന് സുന്ദരിമാരായ, ചെറുപ്പക്കാരികളായ സ്ത്രീകള്‍ ഉള്ളപ്പോള്‍ ഈ ചെകുത്താന് ഞങ്ങളെ പോലെയുള്ള
പടുവൃദ്ധകളുടെ അടുത്ത ഇമ്മാതിരി പരിപാടിക്ക് വരേണ്ട ആവശ്യമുണ്ടോ?
നല്ലൊരു വക്കീലുണ്ടായിരുന്നെങ്കില്‍ ഈ ഒരൊറ്റ പോയിന്‍റു മതിയായിരുന്നു ഞങ്ങളെ രക്ഷിക്കാന്‍….ഇനി പറഞ്ഞിട്ടെന്താ കാര്യം.”

“ശരിയാണല്ലോ, ഇത് ഞാനും അങ്ങോട്ട്‌ ചിന്തിച്ചില്ല..ശ്ശോ എന്തായാലും വല്യ കഷ്ടമായി പോയി”

“ആരെയും പറഞ്ഞിട്ട് കാര്യമില്ല. നിന്നോടായത് കൊണ്ട് ഞാന്‍ ഒരു കാര്യം പറയാം, ഈ അടുത്ത കാലത്ത് നരകത്തില്‍ വെച്ച് സെന്‍ട് ജോര്‍ജു പുണ്യാളനെ കണ്ടപ്പോ ഞാന്‍ ഈ കഥയൊക്കെ പറഞ്ഞതാ, പുള്ളിക്കാരന്‍ പോലും വിശ്വസിച്ചില്ല, പിന്നയല്ലേ പാവം ജനങ്ങള്‍..”
“പുണ്യാളനെ നരകത്തില്‍ വെച്ച് കണ്ടെന്നോ? അതെങ്ങനെ? പുണ്യാളന്‍ സ്വര്‍ഗത്തിലല്ലേ?” പയ്യന് അതിശയം അടക്കാന്‍ കഴിയുന്നില്ല.

“അത് വല്യ തമാശയാ മോനെ…പുള്ളിക്കാരന്‍ കുറച്ചു കാലമായി നരകത്തിലുണ്ട്. ഒരു ശിക്ഷ കിട്ടിയതാ..ഇവിടെ ഏതോ പ്രാഞ്ചിയേട്ടനെ അനുഗ്രഹം കൊടുക്കാമെന്നു പറഞ്ഞു വഞ്ചിച്ചെന്ന് ആണ് കേസ്. വഞ്ചന വല്യ കുറ്റമല്ലിയോ. അതിന്‍റെ ശിക്ഷയാ ഇപ്പൊ അനുഭവിക്കുന്നത്…”

“ശ്ശോ എന്നാലും പുണ്യാളന്‍”
“അവിടെ എല്ലാര്ക്കും ഒരു നിയമമാ മോനെ, അല്ലാതെ പുണ്യാളനൊരു നിയമം, സ്വാമിമാര്‍ക്ക് വേറൊരു നിയമം, ബാകിയുള്ളവര്‍ക്ക്‌ വേറൊരു നിയമം അങ്ങനെയൊന്നും അവിടെ നടക്കില്ല”

അന്നാമ്മ ചേടത്തിയുടെ മുഖം ഒന്ന് തെളിഞ്ഞു.

“തീര്‍ന്നിട്ടില്ല മോനെ, ഇപ്പൊ പുണ്യാളന്‍ സദാ സമയം കരച്ചിലാ..”

“അതെന്തിനാ..?”

“അവിടെ ഞങ്ങളെല്ലാവരും ജോര്‍ജു പുണ്യാളനെ, പി സി ജോര്‍ജിന്‍റെ പേര് പറഞ്ഞു കളിയാക്കും. രണ്ടു പേര്‍ക്കും ഒരേ പേരാണെന്നും പറഞ്ഞുള്ള ചൊറി…ശല്യം സഹിക്കവയ്യാഞ്ഞിട്ടു പുണ്യാളന്‍ ജോര്‍ജെന്നുള്ള പേര് മാറ്റാന്‍ ഗസറ്റില്‍ പരസ്യവും കൊടുത്തു കാത്തിരിക്കുവാ…”

ഇത് പറഞ്ഞു തീര്‍ത്തു കണ്ണൊന്നു ചിമ്മിയിട്ടു നോകുമ്പോള്‍ പയ്യനെ കാണാനില്ല…പി സി ജോര്‍ജെന്ന് പറഞ്ഞപ്പോള്‍ പയ്യനുമില്ല, കടലയുമില്ല…..

“ഒന്നും പറഞ്ഞിട്ട് കാര്യമില്ല…പുണ്യാളനും കാണില്ലേ ശനിദശ..”

കലികാല വൈഭവം…..

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഈ കഥയ്ക്ക്‌ ജീവിച്ചിരുന്നവരോ മരിച്ചവരോ, ആരുമായും ഒരു സാമ്യവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. എന്നെ കുറ്റം പറയരുത്. ആമേന്‍!

കടപ്പാട്: ഗുരു ഓഷോ രജനീഷ്

അവരോഹണങ്ങള്‍

“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്”
വാക്കുകള്‍ കാതുകളില്‍ വീണ്ടും പ്രതിധ്വനിക്കുന്നു..ശരിയാണ് ആവനാഴിയില്‍ ഇനിയും അമ്പുകള്‍ അവശേഷിക്കുന്നുണ്ട്…………

സൂര്യപെണ്‍കിടാവിന്‍റെ ആര്‍ത്തവരക്തത്താല്‍ ചുവന്നു തുടുത്ത സായാഹ്നം, ചുറ്റിലും പരക്കുന്ന വൈകിയ കാറ്റിനും ഒരു
ചുവപ്പ് രേഖയുണ്ട്. കാറ്റിനു നിറമുണ്ടോ? ഉണ്ട്. അതിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. ചരിത്രങ്ങള്‍ ഒരുപാട് പറയാന്‍ വെമ്പി
നില്‍കുന്ന പൊട്ടിയടര്‍ന്നു തുടങ്ങിയ കനാല്‍ പടിയിലിരുന്നുകൊണ്ട് അങ്ങ് ദൂരെ ആകാശത്തില്‍ നിന്നും താഴേക്കിറങ്ങി വന്നു മണ്ണിനെ
ഉമ്മവ്യ്കാനൊരുങ്ങുന്ന ചുവന്ന സുന്ദരിയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇന്നലെകള്‍ ഒരു വിങ്ങലോടെ മനസ്സില്‍ മുളപൊട്ടിയിരുന്നു.

ഒരുപാട് പിന്നിലുള്ള ഇന്നലകള്‍ തൊട്ടടുത്ത്‌ തന്നെ നില്കുന്നു. എന്നാണു ആദ്യമായി അവളെ കണ്ടത് ? അല്ല..പിന്നെയും പിന്നിലേക്ക്‌
പോകേണ്ടിയിരിക്കുന്നു. കാണുന്നതിനും വര്‍ഷങ്ങള്‍ക് മുന്‍പ് കേട്ടിരുന്നു…അതാണ്‌ ശരി.
എന്നാണ് ആദ്യമായി കേട്ടത്?

ബാല്യം കൊഴിഞ്ഞു തീര്‍ന്നു, കൌമാരത്തിലേക്ക് തെന്നിനീങ്ങുന്ന കാലം…പക്വതയുടെ അര്‍ഥം മനസിനു മനസിലാക്കാന്‍ കഴിയാത്ത കാലം.
ലസാഗുവും ഉസാഘയും ഒക്കെ മനസ്സില്‍ ഇടം നേടിയ കാലത്തായിരുന്നു ആദ്യമായി അവളെ പറ്റി കേട്ടത്.
ആരു കണ്ടാലും കൊതിച്ചുപോകുന്ന ചിത്രങ്ങള്‍ തീര്‍ക്കുന്ന ഒരു പെണ്കുട്ടിയെപറ്റി ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞ ദിവസം മുതല്‍ ആ ചിത്രങ്ങള്‍ തീര്‍ത്ത കൈകള്‍ കാണുവാന്‍ മോഹമായി..ദിവസങ്ങള്‍ കൊഴിയുമ്പോള്‍ ആഗ്രഹങ്ങള്‍ ചിറകുവിടര്‍ത്തി പറക്കുവാന്‍ തുടങ്ങി. കൈകള്‍ കാണുവാനുള്ള മോഹം, ജാലകം തുറന്നു കൈകളുടെ ഉടമയെ കാണുവാനുള്ള വെമ്പലായി പുറത്തു വന്നു.

നീണ്ട ഒന്നര വര്‍ഷങ്ങള്‍, ആഗ്രഹങ്ങള്‍ക് തിരശ്ശീലയിട്ടുകൊണ്ട് ആദ്യമായി ആ മുഖം കണ്ടു!
കാണലുകള്‍ പതിവായി. ഓരോ ദിവസവും പിറക്കുന്നത്‌ അതിനു വേണ്ടിയായിരുന്നു, അസ്തമനങ്ങളും!. ക്ഷേത്രങ്ങളും ദൈവങ്ങളും ബലിയാടുകള്‍.
കാണലുകള്‍ ലോലമനസിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചു.
ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ദൂരകാഴ്ചകളുടെ മൂന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ശബ്ദം ഒന്ന് കേള്‍ക്കാന്‍. ഓര്‍ത്തുവെക്കാന്‍ കാല്പനികമായ
കാവ്യസങ്കേതങ്ങള്‍ ഒന്നും കൂട്ടിനില്ലാത്ത ജൂണിലെ ഒരു മഴയില്ലാത്ത തെളിഞ്ഞ സായാഹ്നം. അന്നാണ് ആദ്യമായി ആ ശബ്ദം കേള്കുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടറിവുമാത്രമുള്ള, ഞാന്‍ അവളെക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന അവള്‍ വരച്ച ആ ചിത്രങ്ങളെപറ്റി പറഞ്ഞപ്പോള്‍
മറുപടിയായി തന്ന പുഞ്ചിരിയും ആ കണ്ണുകളിലെ തിളക്കവും ചിപ്പിക്കുള്ളിലെ മുത്തുപോലെ ഇന്നും ഓര്‍മയില്‍ ചിതലരിക്കാതെ അവശേഷിക്കുന്നു.

പിന്നെയുള്ള നാളുകള്‍ ആഘോഷങ്ങളായിരുന്നു..ഓരോ പുലരിയും ഓരോ ആഘോഷം. ചുറ്റിലും ഉള്ള ചലനങ്ങള്‍ കാണാന്‍ കഴിയാതെ, പറന്നു നടക്കുന്ന ഉന്മാദാവസ്ഥ. ഭൂമിയില്‍ രണ്ടു മനുഷ്യജീവികളെയുള്ളൂ എന്ന് തോന്നിയ പലനിമിഷങ്ങള്‍. ചുറ്റിനും നിറങ്ങള്‍ വാരിക്കോരി ചൊരിയുന്ന പ്രകൃതിയ്ക്ക് അതുവരെയില്ലാതിരുന്ന, അല്ലെങ്കില്‍ കാട്ടാതിരുന്ന സ്നേഹം. മഴവില്ലിന്‍റെ സുഗന്ധം പോലും അന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

സുവര്‍ണനിമിഷങ്ങള്‍ക് ചിത്രശലഭത്തിന്‍റെ ആയുസ്സേ ഉള്ളു എന്ന് പറയുന്നത് ശരിയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കൊടിയിറങ്ങുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
ഭ്രാന്തന്‍ ചിന്തകളില്‍ ആടിയുലഞ്ഞു, ജീവിതത്തില്‍ നിന്നും ഒളിച്ചോടിയ ചുരുങ്ങിയ നാളുകള്‍ മതിയായിരുന്നു ആ കൊടിയിറങ്ങുവാന്‍..
ഭ്രാന്തുകള്‍ അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോള്‍ ആ മുഖത്ത് നിന്നും കേള്‍കാന്‍  കഴിഞ്ഞത് പിശുക്കി പിടിച്ച വാകുകളായിരുന്നു.
“ഇനി നമ്മള്‍ തമ്മില്‍ കാണരുത്..കാണാന്‍ ശ്രമിക്കരുത്..കൂടുതലൊന്നും പറയാനില്ല”
ആ മുഖത്ത് വികാരവിക്ഷോഭങ്ങള്‍ ഇല്ലായിരുന്നു. വാക്കുകളുടെ അര്‍ത്ഥം കാണാന്‍ കഴിയാതെ നിന്ന കണ്ണില്‍ നിന്നും അവള്‍ നടന്നകന്നു.

നാളുകള്‍ പിന്നെയും കൊഴിഞ്ഞിരിക്കുന്നു..ശരിയാണ് വെറുക്കാന്‍ എന്‍റെ അനുവാദം അവള്‍കാവശ്യമില്ല..സ്നേഹിക്കാന്‍ അവളുടെ അനുവാദം എനിക്കും…
ഇന്നിപ്പോള്‍ കാണരുതെന്ന് പാടി പോയവള്‍ മറ്റൊരു ദേഹത്തിന്‍റെ പാതിയുമായി കയ്യും കണ്ണുമെത്തുന്ന ദൂരത്തുവന്നിരിക്കുന്നു. അലയോതുങ്ങി കിടന്ന
കടലില്‍ പിന്നെയും വേലിയേറ്റമുണ്ടായി..അത് താങ്ങാതെ വന്നപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നു

“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്” മറ്റൊരു ദേഹിയുടെതെന്ന ന്യായമായ കാരണവും അപേക്ഷക്ക് കൂട്ടുണ്ടായിരുന്നു. വെറുപ്പിന്‍റെ കാരണം ഇന്നും
അറിയിക്കാതെ നിഴലിനോപ്പം അവള്‍ നടന്നകന്നു.

ആശ്വാസത്തിനായി മോഹങ്ങളേ അവരോഹണക്രമത്തിലാക്കി…അതെ അവളെയല്ല, ആ കൈകളെയാണ് സ്നേഹിച്ചത്….
അല്ല ആ കൈകള്‍ തീര്‍ത്ത ചിത്രങ്ങളെയാണ് സ്നേഹിച്ചത്.
ഇല്ല അവരോഹണങ്ങള്‍ കടുപ്പമാണ്…പക്ഷെ ശ്രമിച്ചാല്‍ പരിചയപ്പെടും….

രക്തശോഭ മാഞ്ഞ് സൂര്യപെണ്‍കിടാവ് കൂടണയുന്നു. നഷ്ടങ്ങുടെ കണക്കുപുസ്തകത്തില്‍ അവള്കായി താളുകളില്ല.
സ്വപ്നങ്ങളില്‍ പോലും അവളെ കന്യകയായി അവശേഷിപ്പിച്ച നല്ല നാളുകള്‍ ആ പുസ്തകത്തില്‍ ഇടം തേടില്ല..

ഷുക്കൂര്‍ പാവമാണ്!

മേഘപാളികളെ കീറിമുറിച്ചുകൊണ്ട് ദുബായ് ലക്ഷ്യമാക്കി പറന്നുകൊണ്ടിരിക്കുന്ന ആ ആകാശനൌകയുടെ ജനാലക്കരികിലുള്ള സീറ്റില്‍ ചാരി ഇരിക്കുമ്പോഴും അവന്റെി മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഐസ്ക്രീം നൊട്ടിനുണയുന്ന ഒരു കുട്ടിയുടെ (കുഞ്ഞാലിക്കുട്ടിയല്ല) നിഷ്കളങ്കത ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഈ യാത്ര!… ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

അവന്‍, ആര്നോളഡ് പ്രഭാകരന്‍ എന്ന ആപ്ര. സ്ഥിരമായി ജിംനേഷ്യത്തില്‍ പോയി പാറ പോലെ ഉറച്ച ശരീരം നേടി അതിനെ പുറത്തേക്കു പ്രസരിപ്പിക്കുന്ന കുഞ്ഞു ഉടുപ്പുകളും ഇട്ടു വന്നു പെണ്കുട്ടികള്ക്‍ രോമാഞ്ചം ആദായ വിലയ്ക്ക് നല്കി്യത് വഴി അവര്‍ അവനെ സ്നേഹത്തോടെ അര്നോളഡ് എന്ന് വിളിച്ചു. അതിലും സ്നേഹമുള്ള അവന്റെ് ചങ്ങാതിമാര്‍ ആര്നോളഡ് പ്രഭാകരന്‍ എന്നത് ചുരുക്കി ആപ്ര എന്ന് വിളിച്ചു.ഷാജി കൈലാസ് ഒരിക്കല്‍ തമ്പാനൂരില്‍ വെച്ച് തന്നെ കണ്ടിട്ട് പുതിയ സിനിമയില്‍ ദുല്കെര് സല്മാന് പകരം നായകനാക്കാം എന്ന് പറഞ്ഞിട്ടും അത് വേണ്ടെന്നു വെച്ച് തിരികെ പോന്ന കഥ എല്ലാവരും നിര്ബുന്ധിച്ചപ്പോള്‍ മാത്രമാണ് അവന്‍ പറഞ്ഞു തന്നത്. അത്രയ്ക്ക് നിഷ്കു ആണ് ആപ്ര. അരയിലെ ബെല്റ്റും , സുരക്ഷക്കായിട്ട സീറ്റ് ബെല്റ്റും തന്റെച സിക്ക്സ് പാക്കിനിടയില്‍ കയറി ഞെരുങ്ങുന്നതിന്റെറ ഒരു അസ്വസ്ഥത ഫീല്‍ ചെയ്തപ്പോള്‍ അവന്‍ മസില്‍ ലൂസാക്കി പിടിച്ചു അതിനൊരു പോംവഴി കണ്ടെത്തി……

അങ്ങനെ ആപ്ര പറക്കുകയാണ്….തന്റെസ സ്വപ്നദേശതെക്ക്. മുട്ടിലിഴഞ്ഞിരുന്ന പ്രായത്തില്‍ തന്നെ ആകാശത്തില്‍ പറക്കുന്ന പറവകളെ അവന്‍ അസൂയയോടെ നോകിയിരുന്നു. ഒരിക്കല്‍ താനും ഇതു പോലെ ചിറകുകള്‍ മുളപ്പിച്ചു ആകാശവീഥികളിലൂടെ ഒരു കാക്കയെ പോലെ പറന്നു കളിക്കുന്ന കാഴ്ച അവന്‍ സ്വപ്നം കണ്ടിരുന്ന നാളുകള്‍.

ഇന്ന് ആ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞിരിക്കുകയാണ്. ദുബായ് എത്തിയോ എന്നറിയാന്‍ ജനാല തുറന്നു പുറത്തേക്കു നോകണം എന്ന് മനസിലുണ്ടെങ്കിലും, അടുത്തിരിക്കുന്നവന്‍ എന്ത് വിചാരിക്കും എന്ന ഒറ്റക്കാരണം കൊണ്ട് ആ ഉദ്യമത്തില്‍ നിന്നും അവന്‍ സ്വയം പിന്തിരിഞ്ഞു. അല്ലാതെ ദുബായ് കണ്ടാല്‍ തിരിച്ചറിയാന്‍ വയ്യാത്തത് കൊണ്ടൊന്നുമല്ല. മമ്മുക്കയുടെ ദുബായ് എത്ര തവണ താന്‍ കണ്ടിരിക്കുന്നു…

അതേ സമയത്ത് തന്നെ കാലിഫോര്ണിയയിലേക്ക് ചരക്കു ദുബായ് വഴി കൊണ്ടുപോകുന്ന മറ്റൊരു ചരക്കു വിമാനത്തില്‍ നിറയെ ചരക്കുകളോടൊപ്പം ജനാലസീറ്റില്‍ പറക്കുകയായിരുന്നു ഷുക്കൂര്‍. ഒരു സീറ്റില്‍ ഒതുങ്ങാത്തത് കൊണ്ട് ഒരു ഒന്നൊന്നര സീറ്റില്‍ ഇരിന്നു അവനും പറക്കുകയാണ്. ചരക്കു വിമാനത്തില്‍ സീറ്റ് ബെല്ട്ര ചോദിച്ചിട്ട് കൊടുക്കാഞ്ഞതിന്റെു പരിഭവത്തില്‍ അന്നാദ്യമായി പാന്സി്ന്റെ ബെല്റ്റ്ട‌ ഊരി സീറ്റ് ബെല്ടാക്കിയാണ് അവന്റെത യാത്ര. ബെല്ടിടാന്‍ ഒരു കൈസഹായത്തിനു ജര്മ്മന്‍ സുന്ദരിയായ എയര്‍ ഹോസ്റ്റെസ്സിനെ വിളിച്ചപ്പോള്‍ അവള്‍ പുച്ഛഭാവം നല്കിയതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

ഇടക്കെപ്പോഴോ വിമാനവീഥികളില്‍ കുറുകെ പറന്ന ഏതോ ഒരു പറവക്കു വേണ്ടി വിമാനം സൈഡ് കൊടുത്തപ്പോള്‍ വിമാനം ഒന്ന് ചരിഞ്ഞു. ഷുക്കൂര്‍ ഒന്ന് ആടിയുലഞ്ഞു. ഇതുവരെ സീറ്റില്‍ ഇരിക്കുകയായിരുന്ന താന്‍ പെട്ടന്ന് സീറ്റും മലര്ത്തി കിടന്നു പോയതില്‍ അത്ഭുതപ്പെട്ടു. ബെല്ടിട്ടിരുന്നത് കൊണ്ട് മാത്രം സീറ്റില്‍ നിന്നും തെന്നിപ്പോയില്ല.ആ കിടപ്പില്‍ നിന്നും അവന്‍ സീറ്റില്‍ എഴുന്നേറ്റിരിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല!….സാധിക്കുന്നില്ല. ആകെ മൊത്തം ഒരു പരിഭ്രാന്തി. ഇപ്പോള്‍ വിമാനവും ചെറുതായിട്ട് ആടിയുലയുന്നുണ്ട്. മരണം മുന്നിലേക്ക്‌ വിമാനത്തില്‍ കയറി വരികയാണോ? വിമാനം ഒന്ന് മലക്കം മറിഞ്ഞു.. ആ മറിചിലില്‍ വിമാനത്തിന്റെറ ജനാലയും തുറന്നു ഷുക്കൂര്‍ പുറത്തേക്കു വീണു. വീഴ്ചയില്‍ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റ്‌ അവന്‍ ചുറ്റും നോക്കി…അതെ താന്‍ വീണത്‌ വിമാനത്തില്‍ നിന്നല്ല, കട്ടിലില്‍ നിന്നാണ്. അപ്പോള്‍ താന്‍ ഈ കണ്ടതൊക്കെ വെറും സ്വപ്നം! ഛെ!…

കലിച്ച് വന്നതൊക്കെ കടിച്ചിറക്കി കലിപ്പില്‍ നില്കുമ്പോള്‍ അതാ പുറത്തു ഒരു വിമാനത്തിന്റെ ശബ്ദം. അഴിഞ്ഞു വീണ കൈലിമുണ്ട് എടുക്കാനൊന്നും നില്കാ്തെ അവന്‍ പുറത്തേക്കോടി. അതാ ആകാശവീഥിയില്‍ ഒരു വിമാനം പറന്നു പോകുന്നു. അതിലിരുന്നു ആര്നോളഡ് പ്രഭാകരന്‍ തന്നെ കൊഞ്ഞനം കുത്തുന്നതായി അവനു തോന്നി. ആ തോന്നല്‍ അവന്റെ കണ്ണുകള്‍ കലക്കി. കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്‍ തിരികെ മുറിയിലെത്തി. തറയില്‍ വീണു കിടന്ന കൈലിമുണ്ട് വാരിയുടുത്തു, വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.കയ്പ് നിറഞ്ഞ ആ സംഭവങ്ങള്‍ മറക്കാന്‍ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു…തിരിഞ്ഞും മറിഞ്ഞും കൈലിമുണ്ട് വീണ്ടും അഴിഞ്ഞു പോയി താന്‍ ദിഗംബരനായതല്ലാതെ മറ്റൊന്നും നടന്നില്ല എന്നവനു മനസിലായി. വിഷമം മാറ്റാന്‍ വേണ്ടി മൊബൈല്‍ എടുത്തു ഫേസ്ബുക്കില്‍ കയറി വെറുതെ സ്ക്രോല്‍ ചെയ്തു കൊണ്ടിരുന്നു.

അങ്ങനെ സ്ക്രോള്ചെോയ്തു കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു കിടു ബിനുവിന്റെ് കോള്‍..

ഷുക്കൂര്‍ കോള്‍ അറ്റന്ഡ് ചെയ്തു:

“ഹലോ”

“അളിയാ.. ഷുക്കൂര്‍ മോനെ… ഒരു സ്കീം ഉണ്ട്, ഇവിടെ പഞ്ചമി ബാറില്‍. നീ വരുന്നോ? “

മദ്യം ഹറാമാണ്‌.അത് തനിക്കറിയാം…പക്ഷെ മറ്റൊരു ഹറാംപിറന്നവന്‍ 8ന്റെ പണികള്‍ തുടര്ച്ച യായി തന്നു തന്നെ ശശിയാക്കിയതിന്റെ വിഷമം മാറ്റണം. അതിനിത്തിരി വിഷം ചെന്നാലും തരക്കേടില്ല. രണ്ടാമതൊന്നു ആലോചിച്ചില്ല….

“അളിയാ ഞാനുമുണ്ട്…ഒരു 10 മിന്ട്ട്. ഞാന്‍ ദേ വന്നു…..”

ബാപ്പയും, ഉമ്മയും ഉറക്കതിലായത് കൊണ്ട് അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ പിന്‍വാതില്‍ വഴി പുറത്തിറങ്ങി കുറച്ചു ദൂരം ബൈക്ക് ഉരുട്ടി കൊണ്ടുപോയ ശേഷം മാത്രമാണ് സ്റ്റാര്ട്ട് ‌ ചെയ്തു പറന്നത്.

പത്തു മിനിറ്റെന്നു പറഞ്ഞെങ്കിലും അഞ്ചു മിനിട്ട് കൊണ്ട് പഞ്ചമിയിലെത്തി. അകത്തു കയറിയപ്പോള്‍ ഒരു ടേബിള്‍ ബുക്ക്‌ ചെയ്തു കിടു ബിനുവും, കരടി ബിജുവുമുണ്ട്. കരടി ബിജുവിനെ ഒരിക്കലെ കണ്ടിട്ടുള്ളു. ബിനുവിന്റെ് ഫ്രണ്ട് ആണ്. അന്ന് പരിചയപ്പെട്ടതിനു ശേഷം ഇന്നാണ് പിന്നെ കാണുന്നത്

“ടെ നീ വെള്ളമടിക്കുവോടെ?” ഷുക്കൂറിന് ആശ്ചര്യം.

“അതെന്താടാ ഞാന്‍ അടിച്ചാല്‍ ഇറങ്ങില്ലേ?” കരടി പുഞ്ചിരിയില്‍ പൊതിഞ്ഞൊരു ഡയലോഗ് വിട്ടു.

“അപ്പൊ നമ്മള് മൂന്നാളെ ഉള്ളു, മൂന്നു പേര് കൂടിയാല്‍……….” ഷുക്കൂര്‍ ഒന്ന് ശങ്കിച്ചു.

ബിനു : “ഓഹ് പിന്നെ ഇതിനൊക്കെ മൂന്നാ നല്ലത്. പിന്നെ വേണമെങ്കി നമുക്ക് പെരുമാളെ വിളിക്കാം, നമ്മുടെ വിജൈ പെരുമാളു….”

ഷുക്കൂര്‍ ഒന്ന് സംശയിച്ചു. “അവന്‍ വേണോ. ആള് അടിച്ചാല്‍ തിരിച്ചടിക്കുന്ന ഇനമാണ്”

കരടി: അതെന്താടെ അവന്‍ അടിയോണ്ടാക്കുന്ന ടൈപ്പ് ആണോ?”

“ഏയ്‌. അതൊന്നുമല്ല. അടിച്ചാല്‍ തിരിച്ചടിക്കും എന്ന് പറഞ്ഞത്, അവന്‍ രണ്ടു പെഗ്ഗടിച്ചാല്‍ തന്നെ നാല് പെഗ്ഗിന്റെ വാളും വെക്കും, രണ്ടു പെഗ്ഗ് കൂടി ചെന്നാല്‍ ആ അടിച്ച വാള് എടുത്തു അവന്‍ തന്നെ തിരിച്ചടിക്കും ,അഞ്ചാമത്തെ പെഗ്ഗാണെന്നും പറഞ്ഞ്. അത്രേയുള്ളൂ.. വേറെ പ്രശ്നമൊന്നുമില്ല” ഷുക്കൂര്‍ ചിരിച്ചുകൊണ്ട് തന്നെ വ്യക്തമാക്കി.

“എങ്കില്‍ നമുക്ക്, മൂങ്ങ സതീഷിനെ വിളിച്ചാലോ, അവന്‍ ഈ ഏരിയായില്‍ എവിടെയോ ഉണ്ടെന്നാ കുറച്ചു മുന്പ് വിളിച്ചപ്പോള്‍ പറഞ്ഞത്” കരടി ഒരു അഭിപ്രായം പറഞ്ഞു.

ഇത്തവണയും ഷുക്കൂര്‍ പുച്ഛമാണ് പുറത്തേക്ക് ഒഴുക്കിയത്. “ പോടെ പോടെ… അവനെയൊക്കെ വിളിച്ചാല്‍ മദ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ ഭൂമിയില്‍ ജനിച്ചത്‌ തന്നെ കല്യാണം കഴിക്കാനും, ഷാര്ജ ജൂസ് കുടിക്കാനുമാണെന്ന് കരുതി ജീവിക്കുന്നവനാണ്. അവനെയൊക്കെ വിളിച്ചു വെറുതെ നാണം കെടേണ്ട. നമുക്ക് മൂന്നു പേര്ക്കും കൂടി അലക്കാം..”

അങ്ങനെ ഒരു കുപ്പി തേനീച്ചയുടെ കഴുത്ത് അറുത്ത് അവര്‍ അങ്കം കുറിച്ചു. ആദ്യമാദ്യം എണ്ണം വെച്ചു ആണ് അടിച്ചത്. എണ്ണിയെണ്ണി പതം വന്നപ്പോള്‍ പിന്നെ അതിനൊന്നും മിനക്കെട്ടില്ല.

അങ്ങനെ മൂന്നു പേരും ഉപബോധ മനസ്സിന്റെ പിടിയില്‍ ആയപ്പോള്‍ ആദ്യം ഷുക്കൂര്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞു ശബ്ദം കുറഞ്ഞു കുറഞ്ഞു സൈലന്റ്റ് ആയപ്പോള്‍ കരടിയും, ബിനുവും ഞെട്ടിയുണര്ന്നു.

“അളിയാ.. നീ കരയരുത്. ഒരു ഓണ്സൈററ്റ് അല്ലെ, അതങ്ങ് പോട്ടെന്നു വെക്കണം. ഇന്നല്ലെങ്കില്‍ നാളെ നിനക്ക് ഒരെണ്ണം വീണ്ടും വരും.” ബിനു ആശ്വസിപ്പിച്ചു.

പൊട്ടന്‍ ആട്ടം കാണുന്ന മാതിരി കണ്ണുകള്‍ ചലിപ്പിച്ചു കൊണ്ട് കരടി വായും പിളര്ന്ന് തന്റെ സംശയം ആരാഞ്ഞു. “അല്ല സത്യത്തില്‍ എന്താ സംഭവിച്ചേ? “

ഒരു പെഗ്ഗ് തേന്‍ കൂടി അകത്താക്കി ഷുക്കൂര്‍ ഫ്ലാഷ്ബാകിന്റെ് കെട്ടഴിച്ചു.

“ബിജൂ…ഞാനും കിടുവിന്റെ് ഓഫീസില്‍ വര്ക്ക് ചെയ്യുന്ന സോഫ്റ്റ്‌വയറന്‍ ആണെന്ന് നിനക്കറിയാമല്ലോ..ഞാന്‍ ശരിക്കും ഇവന്റെ ഡൊമൈന്‍ അല്ല. ഞാന്‍ വെറും html ഡവലപ്പര്‍ ആണ്. നമ്മുടെ തന്നെ ഒരു ദോസ്ത് ഉണ്ട്, ആര്നോനളഡ്. അവനും html തന്നെ, പക്ഷെ ജാവാസ്ക്രിപ്റ്റ് കൂടി അറിയാം. കമ്പനിയില്‍ എത്തി രണ്ടര വര്ഷം കൊണ്ട് കഷ്ടപ്പെട്ട് ഞാന്‍ ഒരു നായര് കൊച്ചിനെ വളച്ചെടുത്തു. അതും ഈ പന്നിക്കറിയാം. നമ്മുടെ കയ്യിലുള്ള html വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകുന്ന സമയം.”

“ഓള്ടെ പേരെന്താ” കരടിക്ക് സംശയം.

“പേര് …. അല്ലെ വേണ്ട പേര് നീ അറിയണ്ട”

“ഓഹ് ശരി. എന്നാല്‍ ബാകി കഥ പറ”

“ഉം..അങ്ങനെ ഇരിക്കുമ്പോള്‍, രണ്ടാഴ്ച മുന്പ് പ്രൊജക്റ്റ്‌ മാനേജര്‍ എന്റെ അടുക്കല്‍ വന്നു എനിക്ക് പാസ്പോര്ട്ട് ‌ ഉണ്ടോയെന്നു ചോദിച്ചു? ഇല്ലെങ്കില്‍ ഉടനെയെടുക്കനമെന്നും പറഞ്ഞു. പാസ്പോര്ട്ട് ‌ ഉണ്ടെന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, അതെത്രയും വേഗം പ്രൊഫൈല്‍ ഡീടൈല്സിടല്‍ അപ്ഡേറ്റ് ചെയ്യാന്‍ പറഞ്ഞു.ഇത്രയും പറഞ്ഞു മാനേജര്‍ വന്ന വഴിക്ക് പോകുകയും ചെയ്തു. അന്ന് ഉച്ചക്കാണ് ഞാന്‍ വേറൊരു കുരുപ്പ് പറഞ്ഞറിഞ്ഞതു, കമ്പനിയില്‍ ഒരു ദുബായ് ഓണ്സൈരറ്റ് വന്നിട്ടുണ്ടെന്നും, അതിനു വേണ്ടി ആയിരിക്കും നിന്നോട് പാസ്പോര്ട്ട് ‌ ചോദിച്ചതെന്നും.

എന്തോ.. അവന്റെ വാക്കുകള്‍ എനിക്ക് അമൃത് പോലെയായിരുന്നു. അന്ന് പിന്നെ കോഡ് ചെയ്യാനേ തോന്നിയില്ല..എന്തൊക്കെയോ കാട്ടികൂട്ടി വൈകുന്നേരം നേരത്തെ ഇറങ്ങി ഒരു ഷോപ്പിങ്ങും അങ്ങ് നടത്തി. പുതിയ പാന്റും ഷര്ട്ടും വാങ്ങിയ കൂട്ടത്തില്‍ ഒരു രസത്തിനു ഞാന്‍ ഒരു അറബിക്കുപ്പായം കൂടി വാങ്ങി. അങ്ങ് ദുബായില്‍ ചെന്ന് അറബിക്കുപ്പായത്തില്‍ നില്കുടന്ന ഒരു ഫോട്ടോ എടുത്തു ഫേസ്ബുക്കില്‍ ഇടണം….

അങ്ങനെ ഷോപ്പിങ്ങും കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആപ്രയെ അവിടെ വെച്ച് കണ്ടു. ഷോപ്പിങ്ങിനു വന്നതാണെന്ന് പറഞ്ഞു അവന്‍ അകത്തേക്കും ഞാന്‍ പുറത്തേക്കും പോയി.”

കഥ തുടരാന്‍ ഒരു സപ്പോര്ട്ട് കിട്ടാന്‍ വേണ്ടി ഒരു പെഗ്ഗ് തേന്‍ കൂടി അകത്താകി.

“അങ്ങനെ പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ഞാന്‍ ആ ഞെട്ടിക്കുന്ന വാര്ത്ത അറിഞ്ഞത്. ദുബായില്‍ ഓണ്സൈറ്റ് പോകുന്നത് ആപ്ര ആണത്രേ. അവനു ജാവാസ്ക്രിപ്റ്റ് അറിയാം എന്ന പ്ലസ്‌ പോയിന്റ്‌ ആണത്രേ തുണയായത്. ഇതൊന്നുമല്ല കരടി എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. മെയില്‍ തുറന്നു നോക്കിയപ്പോഴാണ് ആ സത്യം ഞാന്‍ മനസിലാകിയത്. ഇത്രയും നാള്‍ പാസ്പോര്ട്ട് ‌ ഡീടൈല്സി ല്‍ അപ്ഡേറ്റ് ചെയ്യാഞ്ഞതിനുള്ള hr ന്റൊ വാര്ണിംഗ് മെയില്‍. ഇനിയും അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇത്തവണ സാലറി ഹൈക് തരില്ലെന്ന്. എനിക്ക് പൊട്ടിക്കരയണം എന്ന് തോന്നി. എങ്കിലും ഞാന്‍ പിടിച്ചു നിന്നു. ടീ ബ്രേക്ക്‌ സമയമായപ്പോള്‍ ഒരു ആശ്വാസത്തിനായി ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചായ കുടിക്കാന്‍ വിളിച്ചു.

ആശ്വാസവാക്കുകളുടെ പെരുമഴ പ്രതീക്ഷിച്ച എന്‍റെ മുഖത്ത് നോക്കി അവള്‍ ഒരു കൂസലുമില്ലാതെ പറയുകയാണ്‌…

“ഷുക്കൂര്‍ ഒന്നും വിചാരിക്കരുത്. എന്നെ ഇനി ഒരു സുഹൃത്തായി കാണണം. പഴയ പോലെ എന്നോട് സംസാരിക്കുകയുമരുത്. അച്ചു കണ്ടാല്‍ തെറ്റിധരിക്കും”

അച്ചു തെറ്റിധരിക്കുമെന്ന്. എന്ന് വെച്ചാല്‍ ആപ്ര!….എന്ന അച്ചു……. “നീ എന്തൊക്കെയാ ഈ പറയുന്നേ. ആപ്രയുമായി നീ…? എപ്പോള്‍?”

“അതെ ഷുക്കൂര്‍, ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. കുറച്ചു കാലമായി..നിന്നോട് പറയാനിരിക്കുവാരുന്നു…”

“അപ്പോള്‍ ഇത്രയും നാള്‍ എന്നോട് കാണിച്ചത്….?”

“എന്റെ നല്ല സൌഹൃദത്തെ നീ തെറ്റിദ്ധരിച്ചതാണ്..തന്നെയുമല്ല പ്രാക്ടിക്കല്‍ ആയി നോക്കിയാല്‍..”

“ഓഹോ അപ്പോള്‍ പ്രാക്ടിക്കല്‍ ഒക്കെ കഴിഞ്ഞോ…? എന്റെ് കണ്ണ് നിറഞ്ഞു തള്ളി…

“അതല്ല, പ്രാക്ടിക്കല്‍ ആയിട്ട് ചിന്തിച്ചാല്‍, ഒരു html ഡവലപ്പര്‍ മാത്രമായ നിന്നെക്കാള്‍ ഗ്രോത്ത് ജാവാസ്ക്രിപ്റ്റ് കൂടി അറിയാവുന്ന അച്ചുവിനാണ്..അതുകൊണ്ട്……”

പിന്നെയുള്ളത് കേള്കാ ന്‍ നില്കാകതെ തകര്ന്ന മനസുമായി ഞാന്‍ പിന്‍വലിഞ്ഞെടാ ബിജു…

“ദാമ്പത്യ ജീവിതത്തില്‍ ജാവാസ്ക്രിപ്റ്റ്നു ഇത്രയും പ്രാധാന്യം ഉണ്ടെന്നു അന്നാണ് ഞാന്‍ മനസിലാക്കിയത്. ഇതാണ് ബിജു നടന്നത്…” അങ്ങനെ ഷുക്കൂര്‍ ക്ലൈമാക്സില്‍ എത്തിച്ചു.

തേനിച്ചരണ്ടെണ്ണം തീര്ന്നിരിക്കുന്നു. സത്യം മന്സിലാകിയ ബിനു ഒരെണ്ണത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു.

കഥ പറഞ്ഞത് ഷുക്കൂര്‍ ആണെങ്കിലും കേട്ടിരുന്ന ബിജുവിന്റെി കണ്ണ് നിറഞ്ഞു.

“ നീ വിഷമിക്കതെടാ, ഇന്ന് ജാവാസ്ക്രിപ്റ്റ്നു വേണ്ടി വേലി ചാടിയ അവള്‍ നാളെ ശരിക്കും ജാവക്ക് വേണ്ടിയോ ഡോട്നെറ്റിനു വേണ്ടിയോ മതിലു ചാടും.”

ഷുക്കൂര്‍ ചെറുതായിട്ടൊന്നു തണുത്തു.

ബിജു വീണ്ടും കെട്ടഴിച്ചു “പിന്നെ ഈ കല്യാണം എന്നൊക്കെ പറയുന്നത്, അതൊന്നും നീ വല്യ കാര്യമാക്കേണ്ട. ഒരു ചായ കുടിക്കാന്‍ വേണ്ടി എന്തിനാട ചായക്കട വാങ്ങുന്നത്…”

ഇത് കേട്ടതും കിടു ബിനു ഞെട്ടി പിടഞ്ഞെഴുന്നേറ്റു, തള്ള വിരലും ചൂണ്ടു വിരലും കൂടി അച്ചാറില്‍ മുക്കിയെടുത്തു വായിലേക്ക് വെച്ച് ഒരു വലി. പിന്നെ സിംഹം സട കുടഞ്ഞു വരുന്ന മാതിരി ഇരുന്നിട്ട് പറഞ്ഞു

“എടാ പുല്ലേ.. കുറെ നാളായി നിന്നെ പോലെയുള്ള ഊളകള്‍ ഇമ്മാതിരി ഡയലോഗ് പറയുന്നു..ചായ കുടിക്കാന്‍ ചായക്കട വങ്ങേണ്ട പോലും….. എടാ കരടി… നീ ചായക്കടയില്‍ പോയി ചായ കുടിക്കുമ്പോള്‍, ആ ഗ്ലാസില്‍ ഒരു പാട് പേര് ചായ കുടിചിട്ടുണ്ടാകും…പക്ഷെ സ്വന്തം വീട്ടില്‍ ചായ ഇട്ടാല് അത് നിനക്ക് ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച് ചൂടാറാതെ എപ്പോള്‍ വേണമെങ്കിലും കുടിക്കാം, സ്വന്തം ഗ്ലാസില്‍ ഒഴിച്ച് കുടിക്കുകയും ചെയ്യാം. മനസിലായോ….ഇനി ഇമ്മാതിരി ഊള ഡയലോഗ് ഞാനിരിക്കുമ്പോള്‍ പരയുരുത്…”

സംഗതികള്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കരടി രംഗം പിരിച്ചു വിട്ടു. അങ്ങനെ മൂന്നു പേരും മൂന്ന് വഴിക്ക് യാത്രയായി..

ഷുക്കൂര്‍ തന്റെ ബൈക്ക് കൊണ്ട് S ആകൃതിയില്‍ റോഡിന്റെ നീളവും, വീതിയും അളന്നു ഒരു വിധം വീട്ടിലെത്തി. ആരെയും ഉണർത്താതെ  അകത്തു കയറി ചരിഞ്ഞു.

പിറ്റേന്ന് പ്രഭാതം പൊട്ടിവിടര്ന്നപ്പോള്‍ കാര്‍മേഘം മൂടിയ ഓര്‍മകളുടെ പായലും പടലയും നീക്കി ഷുക്കൂര്‍ പ്രഭാതഭക്ഷണത്തിനായി ഇരുന്നു. മകന് ഏറ്റവും പ്രിയപ്പെട്ട പാല്ക്ഞ്ഞി ഉമ്മ തയ്യാറാക്കിയിരുന്നു. പാല്‍കഞ്ഞി മുന്നിലേക്ക്‌ നീക്കി വെച്ച് കൊടുത്തിട്ട് ഉമ്മ അടുക്കളയിലേക്കു പോയി.

ഷുക്കൂര്‍ കഞ്ഞികുടി തുടങ്ങി.

മട വെട്ടി വിട്ടു വെള്ളം പോകുന്ന വേഗത്തില്‍ കഞ്ഞി അപ്രത്യക്ഷമായി.

അടുക്കളയില്‍ നിന്നും തിരിച്ചെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂര്‍ കഞ്ഞി ഇല്ലാത്ത പാത്രത്തില്‍ സ്പൂണ്‍ ഇട്ടു കോരിക്കൊണ്ടിരിക്കുന്നതാണ്. ശൂന്യമായ സ്പൂണ്‍ ഇടയ്ക്കിടെ ആ വായിലേക്ക് പോകുന്നുണ്ട്. കണ്ണും മനസ്സും മറ്റേതോ ശൂന്യാകാശത്തും.

എന്തോ പന്തികേട്‌ മണത്തു ഉമ്മ ഷുക്കൂറിനെ തട്ടി വിളിച്ചു.

“ മോനെ….”

ഉമ്മാ.. എനിക്ക് വിശക്കുന്നു എന്ന മറുപടി പ്രതീക്ഷിച്ച ഉമ്മയുടെ കണ്ണുകളിലേക്കു തന്റെ് കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഉയർത്തി അവൻ പറഞ്ഞു …

“ഉമ്മാ.. എനിക്ക് ഇപ്പൊ നിക്കാഹു കഴിക്കണം….”

കേട്ടത് എന്തായാലും ഉമ്മ ഞെട്ടിയില്ല. പക്ഷെ പുറത്തു ബാപ്പയുടെ ഒരു നിലവിളി കേട്ടു..ഓടി പുറത്തെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂറിന്റെ ബാപ്പ ചേതക് സ്കൂട്ടെരും കെട്ടി പിടിച്ചു നിലത്തു കിടക്കുന്നതാണ്. സ്കൂട്ടെരിന്റെ കിക്കെര്‍ കുറച്ചു അകലെയായി വിശ്രമിക്കുന്നുണ്ട്, കൂട്ടെ ബാപ്പയുടെ ഹവായി ചപ്പലും. മകന്റെ ആഗ്രഹത്തിന്റെ് ആഴം അപ്പോഴാണ് ഉമ്മാക്ക് മനസിലായത്. അപ്പോഴും പാത്രത്തില്‍ സ്പൂണ്‍ ഇളകുന്ന ശബ്ദം കേള്കു്ന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ചലിക്കുന്ന സ്പൂണ്‍……………

ഇടവേള കഴിഞ്ഞ് ആപ്ര, ഷേക്ക്‌ അല്‍ – ആപ്ര ആയി തിരിച്ചു വരുന്ന നാളുകള്‍ വിരലില്‍ എണ്ണി “അവളും” കാത്തിരുന്നു……..

കൊളോണിയല്‍ ബ്രദേഴ്സ്

കായലിലേക്ക് ചരിഞ്ഞു കുഞ്ഞോളങ്ങളെ ഉമ്മവച്ചു കിടക്കുന്ന ഒരു തെങ്ങ്, ഓളങ്ങള്‍ പരസ്പരം മത്സരിച്ചു ആ കരിക്കിന്‍ കുലകളെ ഉമ്മവെക്കാനായി ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.  ആലപ്പുഴയുടെ കായല്‍ ഭംഗി ഒരു കോട്ടജിന്റെ അരികിലുള്ള പച്ചപ്പുല്‍തറയില്‍ ഇരുന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നു അയാള്‍.  തലമുടി നീട്ടി വളര്‍ത്തി തോളൊപ്പം എത്തിയിരിക്കുന്നു, സാമാന്യം നല്ലരീതിയില്‍ താടി മീശ രോമങ്ങളുമുണ്ട്.  ആകെ മൊത്തത്തില്‍ ഒരു മെല്ലിച്ച ആള്‍രൂപം. കണ്ണുകള്‍ ശാന്തമാണ്, പക്ഷെ വല്ലാത്തൊരു തിളക്കം ആ കണ്ണുകളില്‍ കാണാന്‍ സാധിക്കും.  ആ തിളക്കം മുഖത്തേക്കും പടര്‍ന്നിട്ടുണ്ടോ എന്ന് കാണുന്നവര്‍ക് തോന്നിയാല്‍ അതില്‍ അതിശയോക്തി ഇല്ല.
അത് മറ്റാരുമല്ല! ലോകത്തിനു മുഴുവന്‍ സ്നേഹ സമാധാന സന്ദേശം പകര്‍ന്ന, ഹൃദയവിശാലതയുടെ പര്യായമായ, കരുണാമയനായ
ആ ദൈവപുത്രന്‍, യേശു എന്ന യേശു ക്രിസ്തു!.  ചിന്താകുഴപ്പമോ, ആശയക്കുഴപ്പമോ, ഏതോ ചോദ്യത്തിന്‍റെ ഉത്തരതിനുള്ള ആകാംഷയോ ഒന്നും തന്നെ ആമുഖത്തില്ല.  ഒരു നിത്യ ശാന്തത!

തനിക്കു ചുറ്റും ഒരു പ്രഭാവലയം ഉണ്ട് എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഇടയ്ക്കിടയ്ക്ക് തന്‍റെ ചുറ്റും നോക്കുന്നുണ്ട്. അങ്ങനെ കായലിന്‍റെ ആഴ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുംബോളാണ് പിന്നില്‍ പുല്‍നാമ്പുകള്‍ ചവിട്ടിയരക്കുന്ന ഒരു കാലടി ശബ്ദം കേട്ടത്. ആ ശബ്ദം ഒരു ആള്‍രൂപമായിതന്‍റെ അരികില്‍ വന്നിരുന്നിട്ടും അദ്ദേഹം കായലില്‍ നിന്നും കണ്ണുകള്‍ പിന്‍വലിചില്ല. കറുത്ത് കുറിയ ആ മനുഷ്യന്‍ യേശുവിന്‍റെ മുഖത്തേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ഒരു നിമിഷം! എന്തോ ഒന്ന് കണ്ടു പിടിച്ചത്‌ പോലെ, മനസില്‍ ഒരായിരം ലഡ്ഡു പൊട്ടിയത് മുഖത്തേക്ക് വാരിവിതറി ആശ്ചര്യത്തില്‍ പൊതിഞ്ഞ ഒരു ചോദ്യം
“ബാബു ആന്‍റണി അല്ലെ ? സിനിമാനടന്‍ ?”
“അല്ല എ കെ ആന്‍റണി. എന്താ ?” ഒരല്പം ദേഷ്യം കലര്‍ന്ന സ്വരമായിരുന്നു മറുപടി.

“ചുമ്മാ കള്ളം പറയാതെ സാറെ. എനിക്കറിയാം ചന്ത സിനിമയിലെ അതേ ബാബു ആന്‍റണി. എന്‍റെ പേര് മണി, സാറെന്താ ഇവിടെ ?” മണി വിടാന്‍ ഉദ്ദേശമില്ല!

“എന്‍റെ പൊന്നു സഹോദരാ, ഞാന്‍ ബാബു ആന്‍റണിയുമല്ല, എ കെ ആന്‍റണിയുമല്ല, ചന്ത സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. പിന്നെ സിനിമ! ഞാന്‍ അഭിനയിചിട്ടോക്കെയുണ്ട്, പക്ഷെ അതൊന്നും മണി കാണാന്‍ സാധ്യതയില്ല, എല്ലാം അവാര്‍ഡു പടങ്ങളായിരുന്നു”

മണിക്ക് ആകപ്പാടെയൊരു ആശയക്കുഴപ്പം.
“അപ്പൊ സാറിന്‍റെ പേരെന്താ?” മണിക്ക് വീണ്ടും സംശയം.

ഇവന് അറിയേണ്ടത് അറിയാതെ ഇവിടുന്നു പോവില്ല എന്ന് യേശുവിനു മനസിലായി.
“ഞാന്‍ യശോധ കൃഷ്‌…….., അല്ല യേശു. അങ്ങനെ പറഞ്ഞാലേ എല്ലാരും അറിയൂ ”

മണിക്ക് എന്തോ പിടികിട്ടിയ സന്തോഷം. ” അപ്പൊ നമ്മുടെ യേശുദാസിന്‍റെ ബന്ധു ആണല്ലേ. അങ്ങനെ വരട്ടെ, അതാണ് എനിക്ക് നല്ല പരിചയം തോന്നിയത്”

യേശുവിനു സഹികെട്ടു. “എന്‍റെ പൊന്നു മണിയാ, ഞാന്‍ അവരെക്കാളൊക്കെ മുന്‍പേ ജനിച്ചതാ. ഞാന്‍ യേശു, യേശു ക്രിസ്തു ഫ്രം ജറുസലേം. ഇപ്പം മനസിലായോ ?”

അതുവരെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ ചിലച്ചു കൊണ്ടിരുന്ന മണി അത്ഭുദപരതന്ത്രനായി ചാടി എഴുന്നേറ്റു.
“എന്‍റെ ദൈവമേ,  സോറി. എന്‍റെ കര്‍ത്താവെ… ഞാന്‍ എന്തായി കാണുന്നത്. ഇതിപ്പോ പ്രാഞ്ചിയേട്ടനു കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യമാണല്ലോ എനിക്ക് കിട്ടിയിരിക്കുന്നത്.  കര്‍ത്താവെ ഞാന്‍ ഒരു ഹിന്ദുവാണ്, എന്നാലും സാരമില്ല…എന്നെയൊന്നനുഗ്രഹിക്കണം.”

പൊയ്പോയ ശാന്തത വീണ്ടും കൈവരിച്ച് അദ്ദേഹം മണിയെ തന്‍റെ അരികില്‍ പിടിച്ചിരുത്തി.
“മണി ഇവിടിരിക്കൂ…ഞാന്‍ ഒന്ന് മനസുതുറക്കട്ടെ. പോകുന്നതിനു മുന്‍പ് ഞാന്‍ മണിയെ തീര്‍ച്ചയായും അനുഗ്രഹിക്കാം”

മതമേതായാലും ദൈവപുത്രന്‍റെ അരികില്‍ ഇരിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷിച്ചു മണി യേശുവിനരികില്‍ ഇരുന്നു.
“ഞാന്‍ ആദ്യം പേര് ചോദിച്ചപ്പോള്‍ യശോധ എന്നോ മറ്റോ പറഞ്ഞല്ലോ, അതെന്താ സംഭവം ? ” മണി വീണ്ടും നിഷ്കളങ്കമായി ചോദിച്ചു.

“അതൊരു വലിയ കഥയാണ് മണി. അധികം ആര്‍ക്കും അറിയാത്ത ഒരു കഥ. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു…ഇതൊക്കെ മണിയോട് പറയാനായിരിക്കും ദൈവനിശ്ചയം.
മണീ.. ഞാന്‍ ഇനി പറയാന്‍ പോകുന്നത് ശരിക്കും മണി മാത്രമല്ല ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ട ചരിത്രമാണ്.  ഇത് മനസിലാക്കിയാല്‍ ഒരുപക്ഷെ മതത്തിന്‍റെ പേരിലുള്ള സ്പര്‍ദ്ധ ഒരു പരിധി വരെ കുറയും.”

ഓര്‍മകളുടെ ജനാലകള്‍ തുറക്കുവനെന്നോണം വിദൂരതയിലേക്ക് കണ്ണ് പായിച്ചു അദ്ദേഹം തുടര്‍ന്നു….
“എന്‍റെ മറ്റാര്‍ക്കും അറിയാത്ത ഒരു പേരുണ്ട്..യശോധ കൃഷ്ണന്‍! അമ്മയുടെ പേര് യശോധയെന്നും, അച്ഛന്‍റെ പേര് നന്ദഗോപരെന്നുമായിരുന്നു. എന്‍റെ ജന്മദിനം തന്നെ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ആണ്. b c 2 മുതല്‍ 6 വരെയുള്ള ഏതോ ഒരു വര്‍ഷത്തിലാണ് ഞാന്‍ ജനിച്ചതെന്ന് ആരൊക്കെയോ പറയുന്നത് കേള്‍ക്കാം. b c ക്ക് അവര്‍ കൊടുത്ത വിവരണം ബിഫോര്‍ ക്രൈസ്റ്റ് എന്നും.  അതായതു ഞാന്‍ ജനിക്കുന്നതിനു മുന്പെന്നു. അല്ല മണി, മണി തന്നെ പറ..ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള ഏതോ ഒരു വര്‍ഷത്തില്‍ ഞാന്‍ എങ്ങനെയാ ജനിക്കുന്നത്.”

മണിക്ക് ആകപ്പാടെ കണ്‍ഫ്യൂഷന്‍ ആയി. മണിയുടെ കണ്‍ഫ്യൂഷന്‍ കൈ വഴി തലയിലേക്ക് കയറി തല ചൊറിയുന്നത് കണ്ടിട്ട് യേശു വീണ്ടും തുടര്‍ന്നു…

“ഞാന്‍ ജനിച്ചത്‌ ശരിക്കും ശകവര്‍ഷം ഏതാണ്ട്….അല്ലേല്‍ വേണ്ട മനോരമ കലെണ്ടര്‍ മാത്രം കണ്ടു വളര്‍ന്ന മണിയോട് ശകവര്‍ഷകണക്കു പറഞ്ഞിട്ട് എന്താ കാര്യം. അന്നും ഇന്നും  കലെണ്ടര്‍ മനോരമയാണല്ലോ?.  അപ്പോള്‍ മണി….ഞാന്‍ പറഞ്ഞു വന്നത്….ലോകത്തിന്‍റെ ഒരു കോണില്‍ ധര്‍മം പുനസ്ഥപിക്കാനും, മറ്റു നല്ല കാര്യങ്ങള്‍കുമായി ശ്രീകൃഷ്ണനെ  (മണിക്ക് അറിയില്ലേ എന്ന ഭാവത്തില്‍ പുരികം കൊണ്ട് ഒരു ചലനം) നന്ദഗോപരും യശോധയും കൂടി വളര്ത്തിയപ്പോള്‍, ലോകത്തിന്‍റെ മറ്റേ കോണിലേക്ക് രക്ഷകനായി സമാനനായ ഒരാളെ വേണ്ടി വന്നു.  അത്തരം ഒരു അടിയന്തിര ഘട്ടത്തിലാണ് അന്നത്തെ ഏറ്റവും നല്ല ഡോക്ടറും, ശാസ്ത്രന്ജ്നും ആയ വ്യാസനെ കൊണ്ടുവന്ന്, നന്ദഗോപരുടെയും യശോധയുടെയും
പിന്നെ കംസന്‍റെ വീട്ടില്‍ പോയി ആരുമറിയാതെ വസുദേവരുടേയും ദേവകിയുടെയും ജീനുമെടുത്തു ക്ലോണിംഗ് വഴി എന്നെ സൃഷ്ടിച്ചു.”

ഈ കേള്‍ക്കുന്നതൊക്കെ ഉള്ളതാണോ എന്ന സംശയവും, ഭീതിയും, ആശ്ചര്യവും ഒക്കെ മണിയുടെ മുഉഖത്ത് മിന്നി മറഞ്ഞു.

“മണിക്ക് ഒരു സത്യമറിയുമോ, ഞാനാണ്‌ ശരിക്കും ആദ്യത്തെ ക്ലോണിംഗ് വഴി ജനിച്ച ആള്‍. പക്ഷെ വ്യാസന്‍ അന്ന് ചീപ്പ്‌ പുബ്ലിസിറ്റിക്ക് വേണ്ടി അത് മൂടി വെച്ച്.  അല്ലെങ്കിലും ക്ലോണിംഗ് വഴി ഒരാളെ സൃഷ്ടിക്കുന്നതിനെക്കാള്‍ ക്രെഡിറ്റ്‌ കിട്ടുന്നത് 101 പേരെ ക്ലോണ്‍ ചെയ്യുംമ്പോഴനാല്ലോ.ഹും അതൊക്കെ പോട്ടെ..

അങ്ങനെ ജനിച്ചയുടന്‍ തന്നെ എന്നെ ബെതലേഹെമില്‍ നിന്നും വന്ന ഒരു ഡെന്നിസിന്‍റെ കയ്യില്‍ കൊടുത്തു ബെതലേഹെമിലേക്ക് അയച്ചു. ഇവിടെ ശ്രീകൃഷ്ണന്‍ ജനിച്ചതും വളര്ന്നതുമായ സാഹചര്യങ്ങളുമായി സാമ്യമുള്ള രീതിയില്‍ തന്നെ ആകണം എന്റെയും ജീവിതമെന്ന് യശോധാമ്മക്ക് നിര്‍ബന്ധമായിരുന്നു. പിന്നീടു ചരിത്രമാകുമ്പോള്‍ ലോജിക്കല്‍ മിസ്ടക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു  ആ നിര്‍ബന്ധം.”

മണിക്ക് എന്തൊക്കെയോ മനസിലായി തുടങ്ങിയെന്നു തോന്നുന്നു. മുഖത്ത് നിന്നും ഭീതിയും സംശയവും മാറിയിരിക്കുന്നു. ഇപ്പോള്‍ ആശ്ചര്യം മാത്രമേയുള്ളൂ.

“അങ്ങനെ ബെതലേഹെമില്‍ എത്തിയ ഡെന്നിസ് എന്നെ ഒരു കാലിത്തൊഴുത്തില്‍ മനോഹരമായ പുല്‍കൂടുണ്ടാക്കി അതില്‍ കിടത്തി. കൃഷ്ണന്‍ കാരാഗ്രഹത്തില്‍ ജനിച്ചത്‌ കൊണ്ട് സമാനത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതുപോലെ ശ്രീകൃഷ്ണന്‍ ദേവകിക്ക് ദിവ്യഗര്‍ഭത്തില്‍ ഉണ്ടായ പുത്രന്‍ ആയതുകൊണ്ട്, അതെ പോലൊരു അന്തരീക്ഷവും കഥയും സൃഷ്ടിക്കുവാന്‍ ബെതലേഹെമിലെ മേരിയെന്നൊരു സ്ത്രീ ലോകനന്മയെ മുന്നില്‍ കണ്ടു തയ്യാറായി. അങ്ങനെ ഞാന്‍ മേരിക്ക് ദിവ്യഗര്‍ഭത്തില്‍ ബെതലെഹെമിലെ പുല്‍കൂട്ടില്‍ ജനിച്ചു.

ചുരുക്കി പറഞ്ഞാല്‍ യശോധ കൃഷ്ണന്‍ എന്ന ഞാന്‍ പേര് ചുരുക്കി യേശു ക്രിസ്തു ആയി ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഒരു ജനതയുടെ മുഴുവന്‍ രക്ഷകനാകാന്‍ വേണ്ടി. മാര്‍ഗമല്ല ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം.”

ഇത്രയും കേട്ടപ്പോള്‍ തന്നെ മണിക്ക് വല്ലാത്ത സന്തോഷം തോന്നി. ” അപ്പോള്‍ അങ്ങ് ഞങ്ങടെ കൃഷ്ണന്‍റെ……” മണി മുഴുമിപ്പിച്ചില്ല.

“അതെ മണി…ഞാനും കൃഷ്ണനും കൊളോണിയല്‍ ബ്രദേഴ്സ് ആണ്.”

“കൊളോണിയല്‍ ബ്രദേഴ്സൊ ?.”.മണിക്ക് വീണ്ടും സംശയം.

“അതെ ക്ലോണിംഗ് വഴിയുള്ള ബ്രദേഴ്സ് ”

“അങ്ങെന്താ ഇപ്പൊ ഇവിടെ, ആലപ്പുഴയില്‍ ?”

“ഇവിടെയും അവിടെയും….അങ്ങനെയൊന്നുമില്ല മണി. എല്ലാ സ്ഥലവും നമുക്ക് ഒരു പോലെയാണ്, എല്ലാവരും എന്‍റെ സഹോദരങ്ങളാണ്. ഏതൊക്കെയോ കുടില ബുധിക്കാര്‍ ലോകം വിഭജിച്ചു ഭരിക്കുവാന്‍ വേണ്ടി മതങ്ങളുണ്ടാകിയപ്പോള്‍ ഞങ്ങളും നിങ്ങളും എന്ന അവസ്ഥയില്‍ എത്തി. അതാണ് സത്യം.
പിന്നെ ആലപ്പുഴയില്‍ വന്നത്. കേരളത്തില്‍ വന്നാല്‍ ശാന്തമായിരിക്കാന്‍ പറ്റിയ ഒരു നല്ല സ്ഥലമാണ്‌ ആലപ്പുഴ. വേറെ എവിടെയെങ്കിലും ആണെങ്കില്‍ വല്ല ചാനലുകാരും കാണും. പിന്നെ ഇന്റര്‍വ്യൂ,,  നേരെ ചൊവ്വേ,  എന്‍കൌണ്ടെര്‍ എന്നൊക്കെ പറഞ്ഞു സ്റ്റുഡിയോവിലേക്ക് കൊണ്ടുപോകും. ഇവിടാകുമ്പോള്‍ വലിയ കുഴപ്പമില്ല.

അപ്പൊ മണിക്ക് അനുഗ്രഹം വേണ്ടേ ?”

“അയ്യോ പിന്നെ അനുഗ്രഹം വേണ്ടേ. ഒരഞ്ചു മിനിട്ട് വെയിറ്റ് ചെയ്യാമെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്ന് എല്ലാവരെയും കൊണ്ടുവരാം. അവരെ കൂടി ഒന്നനുഗ്രഹിക്കണം”

സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ആ നിഷ്കളങ്കത കണ്ടു അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ശരി മണി വേഗം പൊയ് വരൂ. ഞാന്‍ ഇവിടെ കാണും.”

ആ ഒരു പുഞ്ചിരി മതിയായിരുന്നു മണിയുടെ മനസ്സ് നിറയാന്‍. അയാള്‍ വീടിലെക്കോടി, കുടുംബമടക്കം തിരിച്ചുവരാന്‍. പുണ്യാളന്‍ പ്രഞ്ചിയെട്ടനെ പറ്റിക്കുമായിരിക്കും, പക്ഷെ യേശു, മണിയെയെന്നല്ല ആരെയും പറ്റിക്കില്ല, അദ്ദേഹത്തിന് സ്നേഹിക്കാന്‍ മാത്രമേ അറിയൂ… ആ വിശ്വാസം മണിക്കുണ്ടായിരുന്നു.

കായലില്‍ ഓളങ്ങള്‍ വീണ്ടും കരിക്കിന്‍ കുലകളെ ഉമ്മ വെച്ച് കടന്നു പോയി. ശാന്തമായ ആ കണ്ണുകളില്‍ തിളക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രപഞ്ചം മുഴുവന്‍ വായിലോതുക്കിയ ജ്യേഷ്ട്ടനെപ്പോലെ,  പ്രപഞ്ചം മുഴുവന്‍ ആ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. സമത്വ സുന്ദര സാഹോദര്യത്തിന്റെ നാളുകള്‍ ആ കണ്ണുകള്‍ സ്വപ്നം കാണുന്നുണ്ട്……

ആമേന്‍!
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്!

 

ഇത് തികച്ചും ഒരു ഭാവന സൃഷ്ടി മാത്രമാണ്. ഞാൻ ആരാധിക്കുന്ന ,തമാശകൾ ഇഷ്ടപ്പെടുന്ന എന്റെ ക്രിസ്തുവും , എന്റെ കൃഷ്ണനും ആണ് ഇതിലെ കഥാപാത്രങ്ങൾ .  മറ്റു കഥകളുമായിട്ടോ, വ്യക്തികളുമായിട്ടോ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് . പൊടിമോൻ

അർദ്ധനാരീസ്പർശം

തിരക്കിൽ തിരക്കിലേക്ക് പായുന്ന, കെമിക്കലിന്റെ മണമുള്ള മണ്ണ് – മുംബൈ! മുംബൈലെ ലോകമാന്യ തിലക് റെയിൽവേ  സ്റ്റേഷനിൽ എത്തി അവിടെനിന്നും വാസസ്ഥലമായി അനുവദിച്ചു കിട്ടിയ അന്ധേരിയിലേക്കുള്ള യാത്രയിലാണ് ഞാൻ . ഒരു സത്യം താനിന്നു മനസിലാകിയിരിക്കുന്നു, അതെ മുംബൈ ആകെ മാറി പോയി. തന്റെ മനസിലെ മുംബൈ ഇങ്ങനെയായിരുന്നില്ല. മലയാളത്തിലെ ചില അധോലോക സിനിമകളിലൂടെ താൻ മുംബൈ നഗരത്തെ പറ്റി ഉണ്ടാക്കിവെച്ചിരുന്ന ചിത്രങ്ങളെല്ലാം തെറ്റായിരുന്നു.

സമയം  ആറര  ആയിരിക്കുന്നു, ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ എത്ര മണി ആയികാണുമോ ആവോ ? കൂട്ടികൊണ്ട് പോകുവാൻ വന്ന അളിയനൊപ്പം ഒരു ഓട്ടോറിഖ്ഷയിൽ അന്ധേരിയിലേക്കു പുറപ്പെട്ടു. അളിയന്റെ മുഖത്തൊരു സന്തോഷമേയില്ല. പെങ്ങളെ കെട്ടിയ വകയിൽ ഇനിയൊന്നും കൊടുക്കാനില്ലല്ലോ ? പിന്നെന്താ  ഇങ്ങനെ ? ഒരുമാതിരി വേലിയേലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്ത് വെച്ചു പണിമേടിച്ച മാതിരിയുള്ള ഒരു മുഖഭാവം .

അങ്ങനെ പൊടിപറത്തി ഓട്ടോ ഒരു സിഗ്നലിൽ പച്ചയും കാത്തു കിടന്നു. കാഴ്ച കാണാൻ ഞാൻ തല വെളിയിലേക്കിട്ടു നോക്കി. ബാന്ദ്രയെന്നോ സന്ദ്രയെന്നോ മറ്റോ അളിയൻ പറയുന്നതും കേട്ടു . പെട്ടന്നാണ് ആ കാഴ്ച എന്റെ കണ്ണിലുടക്കിയത് – ഓട്ടോയ്കരികിൽ സിഗ്നൽ കാത്തു കിടക്കുന്ന ടാക്സി കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരിയും യാത്രക്കാരനും തമ്മിൽ ഉഗ്രൻ ഫ്രെഞ്ച് വിപ്ലവം. വിപ്ലവം കുറേനേരം നീണ്ടു, പക്ഷെ എന്റെ ചിന്ത മുഴുവൻ ആ ഡ്രൈവറെ കുറിച്ചായിരുന്നു. പുറകിൽ നടക്കുന്ന വിപ്ലവമൊന്നും  താൻ അറിയുന്നേയില്ല എന്ന  ഭാവത്തിലിരിക്കുന്ന ഒരു മൻമോഹൻ സിംഗ്.   ഹും അതൊക്കെ നമ്മുടെ നാട്ടിലെ  ഡ്രൈവർ സാബു , അവനാരുന്നേൽ പിന്നിലോട്ടു തിരിഞ്ഞിരുന്നു മുന്നിലേക്ക്‌ വണ്ടിയോടിച്ചേനെ .  വേണ്ടി വന്നാൽ ആ ഇരുപ്പിൽ അവൻ 8 അല്ല H അല്ല 9 വരെ എടുത്തേനെ.
അധിക സമയം ആ വിപ്ലവത്തിന് സാക്ഷിയാകുവാൻ കഴിഞ്ഞില്ല, പച്ച സിഗ്നൽ കണ്ടതും ഞങ്ങളുടെ ഡ്രൈവർ ഞങ്ങളുടെ വഴിക്ക് പാഞ്ഞു. അങ്ങനെ കുറച്ചു സമയങ്ങൾക്കകം ഞങ്ങൾ അന്ധേരിയിലെത്തി. കുറെ നടന്നു നീങ്ങിയപ്പോൾ നിരനിരയായുള്ള കൊച്ചുമുറികൾ കണ്ടുതുടങ്ങി. അതിലൊന്നിൽ ചൂണ്ടികാണിച്ചു അളിയൻ പറഞ്ഞു
“അതാണ് നമ്മുടെ ഗല്ലി ”
“ഗല്ലിയോ ” ഞാൻ ആകെ കേട്ടിട്ടുള്ളത് വിജയുടെ തമിഴ് സിനിമ ഗില്ലിയാണ്. ങ്ഹാ എന്ത് പുല്ലെങ്കിലുമാകട്ടെ.

റൂമിലെത്തി കുറച്ചു സമയം അന്ധേരിയുടെ മണവും അളിയന്റെ പ്രഭാഷണവും ആസ്വദിച്ചിട്ടു ഞാൻ നിദ്രയിലാണ്ടു . അന്ധേരിയിൽ കോഴിയും കൂവിയില്ല, സെറ്റ് ചെയ്ത അലാറം കേട്ടതുമില്ല , എന്നിട്ടും നന്നേ  പുലർച്ചെ തന്നെ  ഞാൻ ഉറക്കം വിട്ടുണർന്നു. ജോയിൻ  ചെയ്യേണ്ട ദിവസമാണ് , ഓഫീസ് ചർനിരോടിൽ ആണ്.  “ചര്നിരോട് ” കേട്ടിട്ട് ഒരു സുഖമില്ലാത്ത പേര്.  അന്ധേരിയിൽ നിന്നും  ട്രെയിനിൽ വേണം പോകുവാൻ.
അളിയൻ  രാവിലെ തന്നെ നിർദേശങ്ങളുടെ കെട്ടഴിച്ചു. അഴിച്ചു വിട്ടതൊക്കെ വാരി മെമ്മറിയിൽ ശേഖരിച്ചു യാത്രക്ക് തയ്യാറായി . ആദ്യദിവസമായതു കൊണ്ട് അളിയന്റെ വക എസ്കോർട്ട് കിട്ടി. അന്ധേരിയിലെത്തി, പാഞ്ഞു വന്ന ഒരു ലോക്കൽ ട്രെയിനിലേക്ക്‌ നിർദാക്ഷിണ്യം അളിയൻ എന്നെ തള്ളിക്കയറ്റി. ട്രെയിൻ  നിർത്തി കഴിഞ്ഞിട്ടാണ് എന്നെ തള്ളികയറ്റിയതെന്നു എന്ന്  മനസിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു. തമിഴ്നാട്ടിൽ നിന്നും ഇറച്ചികോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറിയുടെ ഉള്ളിൽപെട്ട അവസ്ഥയായിരുന്നു ട്രെയിനിനുള്ളിൽ. ഒരുപാട് മൽപിടുത്തങ്ങൾക്ക്  ശേഷം ഒരുവിധം ചര്നിരോടിലെത്തി. എന്നെ ഓഫീസിലാക്കിയിട്ടു അളിയൻ സ്കൂട്ടായി.

ഓഫീസിലെ യമകിങ്കരന്മാരൊക്കെ ഹും, ഹൈ , ഹോ ഒക്കെ ചേർത്ത് എന്തൊക്കെയോ ചോദിക്കുന്നു. ഉച്ചയായപ്പോൾ ജോയിൻ ചെയ്ത ദിവസമായതു കൊണ്ട് പൊയ്കോളാൻ പറഞ്ഞു. അത് മാത്രം വ്യക്തമായി മനസിലായി.

ഓ ഇനി നേരെ  റൂമിലേക്ക്‌ കയറിച്ചെന്ന് അളിയന്റെ പുച്ഛം കാണേണ്ടിവരും. അതോർത്തപ്പോൾ തന്നെ ഓക്കാനം വന്നു. അപ്പോഴാണ്  അളിയൻ പറഞ്ഞ കാര്യം ഓർത്തത്‌ – അന്ധേരിയിലേക്കു ഒരു ടിക്കറ്റ്‌ എടുത്താൽ ഏതു അന്ധേരി ലോക്കൽ ട്രെയിനിലും കയറി അന്ധെരിക്ക് മുന്പുള്ള ഏതു സ്റ്റേഷൻലും കയറിയിറങ്ങാം , ഒരു ദിവസം മുഴുവൻ. എങ്കിൽ പിന്നെ എല്ലാം ഒന്ന് കണ്ടുകളയാം.

അങ്ങനെ ആദ്യം കിട്ടിയ അന്ധേരി ട്രെയിനിൽ കയറി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി- ഗ്രാന്റ് റോഡ്‌ ! കൊള്ളാം  നല്ല പേര്.
അങ്ങനെ ഗ്രാന്റ് റോഡിൽ എന്റെ കാലടികൾ പതിഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ആദ്യം കണ്ട വഴിയിലൂടെ നടന്നു. റോഡു നിറഞ്ഞാണ് ആളുകൾ  നടക്കുന്നത്. ഹോണടിച്ചും  അല്ലാതെയും ചില  വണ്ടികൾ നടന്നു പോകുന്നവരുടെ കാലിന്നിടയിലൂടെ വരെ പോകുന്നുണ്ട്.  ചുറ്റിലുമുള്ള കടകളും തിരക്കും നാട്ടിലെ ഉത്സവങ്ങളെ ഓർമിപ്പിച്ചു. അങ്ങനെ കാഴ്ച കണ്ടു മുന്നേറുംബോഴാണ് പെട്ടന്ന് ഗന്ജര കൊട്ടും സംഘഗാനവും ഉച്ചത്തിൽ  കേട്ടത്.
ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ അതാ വരുന്നു  ഒരു കൂട്ടം ഹിജഡകൾ. ഇവരെയും സിനിമകളിൽ കണ്ടിട്ടുള്ള പരിചയമാണ് . ഹിജഡയെന്നു കേൾകുമ്പോൾ തന്നെ ചിരിയാണ് വരുന്നത്, മനസ്സിൽ സലിം  കുമാറിന്റെ ലീലാ കൃഷ്ണൻ എന്ന ഹിജഡ വേഷവും.
ഇവറ്റകളുടെ  കയ്യിൽ  പെട്ടാൽ തീർന്നു ! കയ്യിലുള്ള കാശും, എന്തിനു കളസം വരെ ഊരി  വാങ്ങുന്ന ടീംസ്  ആണ് .
അവരുടെ കണ്ണിൽ  പെടാതിരിക്കാൻ തൊട്ടടുത്ത്‌ കണ്ട കടയുടെ മറവിലേക്ക് മാറി ഞാൻ ഒളിച്ചിരുന്നു. സംഘഗാനം  അകന്നു പോയപ്പോൾ മറവിൽ നിന്നും ഞാൻ നിവര്ന്നു.
“സാബ്  ദോ C D പച്ചാസ് രുപ്യെ ”
ഹിന്ദിയിലുള്ള ആശിരീരി കേട്ട് ഞാൻ ബോധം വീണ്ടെടുത്തു ആശിരീരി കേട്ടിടത്തേക്ക് നോക്കി.

അതെ  ഞാൻ നില്കുന്നത് ഒരു CD കടയുടെ സൈഡിൽ ആണ്. അപ്പോഴാണ്  ഞാൻ നിഷ്കളങ്കനായ എന്റെ വലതു കയ്യുടെ സ്ഥാനം ശ്രെദ്ധിചത് . അവൻ വിശ്രമിക്കുന്നത് നമ്മുടെ മലയാളം നടിമാരായ ഷ(ക്ക്) – മ(റി) – സി(ന്ധ് ) മാരുടെ പടമുള്ള സിഡിയിലാണ്. മലയാള സിനിമയുടെ മാർക്കറ്റ്‌ ഓർത്തു അഭിമാനിക്കാനുള്ള ത്വരയൊന്നും അപ്പോൾ ഉണ്ടായില്ല.
ഈശ്വര ഇനിയിപ്പോ ഈ  C D യൊന്നും വേണ്ടയെന്നു ഈ മറുതയോട് ഞാൻ എങ്ങനെ പറയും.ഇതെല്ലാം കണ്ടതാണെന്ന് പറയാനുള്ള ഹിന്ദിയും അറിഞ്ഞുകൂടാ.
നിഷ്കളങ്കമായ മുഖഭാവത്തോടെ ഒരുവിധം അതങ്ങ് ഒപ്പിച്ചു – “സാബ്‌ മേരെ പാസ് പച്ചാസ് നഹി ഹൈ . ഈ സിനിമാസ് മൊത്തം  മേം ദേഖിസ് ഹൈ ”
സംഭവം പുള്ളിക്ക് മനസിലായെന്നു തോന്നുന്നു. ആ മറുത എന്തെങ്കിലും തിരിച്ചു പറയും മുൻപ് ഞാൻ ശരവേഗത്തിൽ സ്കൂട്ടായി. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളിൽ നിന്നും കളർഫുൾ വസ്ത്രങ്ങളും, ചുവന്നു തുടുത്ത ചുണ്ടുകളുമായി ചേച്ചിമാർ റോഡിലൂടെ പോകുന്ന പലരെയും കയ്യാട്ടി വിളിക്കുന്നു. പലരും വിളികേട്ടു ഞാനാണോ ഞാനാണോ എന്ന  സംശയ ദ്രിഷ്ടിയോടെ നടന്നു പോകുന്നുണ്ട്. എനിക്കാകെ കണ്‍ഫ്യൂഷൻ ആയി.
ഈ സീൻ എവിടെയോ കണ്ടതായി ഓർകുന്നു. പക്ഷെ ഏതാണെന്ന് പിടികിട്ടുന്നില്ല.
അങ്ങനെ തലപുകഞ്ഞു ചുവന്ന ചുണ്ടും നോകി നില്കുംബോളാണ് മൊബൈൽ ഫോണ്‍ ചിലച്ചത് . അളിയനാണ് , ഇങ്ങേർക് വേറെ പണിയൊന്നുമില്ലേ?

“ഹലോ അളിയാ .. ”
“നീ എവിടെയാ ?”
“ഞാൻ ഗ്രാന്റ് റോഡിൽ  നില്കുവാ. ഇന്ന്  ഉച്ച വരെയേ ഓഫീസുണ്ടായിരുന്നുള്ളൂ ”
“ഗ്രാന്റ് റോഡിലോ ?! . ഓഹോ അപ്പോൾ നീ ഇതിനാണ് ബോംബയ്ക്ക് വന്നത് അല്ലെടാ” -അളിയന്റെ സ്വരത്തിൽ ഒരു കലിപ്പ്.
“അതെന്താ അളിയാ ? ഗ്രാന്റ് റോഡിനെന്താ കുഴപ്പം ?”
“ഹും ഓഫീസിൽ ജോയിൻ ചെയ്ത ദിവസം തന്നെ റെഡ് സ്ട്രീറ്റിൽ പോയിട്ട് എന്താ കുഴപ്പമെന്ന് ? ഒരു കുഴപ്പവുമില്ലെഡാ . ഇതിനു കുഴപ്പമെന്നല്ല പറയുന്നത് , ക ….. അല്ലേൽ  വേണ്ട ഞാനൊന്നും പറയുന്നില്ല.”

അളിയൻ ഫോണ്‍ കട്ട്‌ ചെയ്തിരിക്കുന്നു .  ഈശ്വര അപ്പോൾ ഇതാണ് റെഡ് സ്ട്രീറ്റ് ! എന്റെ  എല്ലാ കണ്‍ഫ്യൂഷൻസും മാറി. അപ്പോൾ  അഭിമന്യുവും സൂത്രധാരനുമോക്കെയാണ് കുറച്ചു മുൻപ് എനിക്ക് കണ്‍ഫ്യൂഷൻ ഉണ്ടാകിയത്. എന്തായാലും ഇനി അധിക സമയം നില്കേണ്ട.

ഫോണ്‍ തിരിച്ചു പാന്റിന്റെ പോക്കറ്റിൽ ഇട്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത് -എന്റെ  പേഴ്സ് ഏതോ ഗ്രാന്റ് റോടുകാരൻ കൊണ്ടുപോയിരിക്കുന്നു !
ഇടി വെട്ടിയവന്റെതലയിൽ  പാമ്പ് കടിച്ച അവസ്ഥ .

തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ കയ്യിലുണ്ട്. ഷർട്ട്‌ന്റെ പോക്കറ്റിലേക്ക് നീങ്ങിയ വലതു കൈ ഉള്ളിൽ  ഒളിച്ചിരുന്ന രണ്ടു രൂപ കണ്ടെടുത്തു. ആ രണ്ടു  രൂപാ തുട്ടു തിരിച്ചും മറിച്ചും നോക്കുമ്പോൾ കണ്ടത് ഇന്ത്യയുടെ ഭൂപടമായിരുന്നില്ല, ഈരേഴു പതിനാലു ലോകവുമായിരുന്നു. ഇനി എത്രെയും പെട്ടന്ന് റൂമിൽ എത്തിയാൽ മതിയെന്നായി.

അകാരണമായ ഒരു ഭയം പിടികൂടിയിരിക്കുന്നു. ഓടി കിതച്ചു സ്റ്റേഷനിൽ എത്തി നോക്കുമ്പോൾ അതാ നിർത്തിയിട്ടിരിക്കുന്നു ഒരു Churchgate – Andheri -Virar F . ഹോ ഭാഗ്യം അന്ധേരി വഴിയാണ്. ആദ്യം കണ്ട ബോഗിയിലേക്കു ചാടികയറിയതും , അതേ സ്പീഡിൽ തിരിച്ചു പ്ലാറ്റ്ഫോർമിൽ എത്തി . സൂചി കുത്താൻ സ്ഥലമില്ലാത്ത തിരക്ക്
‘ഇല്ല ആലോചിച്ചു നില്കാൻ സമയമില്ല ‘ കിട്ടിയ വിടവിലൂടെ നുഴഞ്ഞു കയറി ഒരു സ്ഥാനത്ത് നിലയുറപ്പിച്ചു.
സ്ഥാനം കിട്ടിയപ്പോൾ ശ്വാസത്തിനാണ് ബുദ്ധിമുട്ട്. സഹയാത്രികരുടെ കൈകൾ എന്റെ കണ്ണിലും , കഴുത്തിലും , കവിളിലുമൊക്കെ മാറി മാറി പതിക്കുന്നുണ്ട് .ശ്വാസത്തിനായി പല അഭ്യാസങ്ങളും കാണിച്ചു .
അതാ lcd പാനെലിൽ അന്ധേരി ഓടുന്നു. അയ്യോ അന്ധേരി എത്തിയോ ? ട്രെയിൻ  നിർത്തിയപ്പോൾ ഞാൻ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി . ഇല്ല ചലിക്കാൻ സാധിക്കുന്നില്ലഎന്റെ കഴുത്തിൽ ഒന്നിൽ കൂടുതൽ കൈമുട്ടുകൾ വിശ്രമിക്കുന്നുണ്ട്.
“എനിക്കിവിടെ ഇറങ്ങണം . പ്ലീസ് വഴി മാറ് ” എന്നൊക്കെ അലറിവിളിചെങ്കിലും അതൊക്കെ ചെറു ശബ്ദങ്ങളായി പുറത്തേക്കു വന്നു. രാഷ്ട്ര ഭാഷ അല്ലാത്തതിനാൽ ആര്ക്കും ഒന്നും മനസിലായില്ല .

ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയിരിക്കുന്നു . ആ വെപ്രാളത്തിൽ ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട എന്നെ  യാത്രക്കാർ  ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു . കേട്ട ടോണ്‍ വെച്ച് അതൊക്കെ നല്ല ഉഗ്രൻ  തെറിയാണെന്ന്  മനസിലായി.
വിഷമവും ദേഷ്യവും എന്റെ സ്ഥലകാലബോധം നശിപ്പിച്ചു.
“എടാ മൈ **@ * എനിക്കിറങ്ങണമെന്നു, എടാ കഴു ***@ ** മോനെ എന്റെ കഴുത്തേന്നു കൈയ്യെടട ”
ഇങ്ങനെ പലതും വിളിച്ചു കൂവി …. ഒന്നും നടന്നില്ല , ട്രെയിൻ ചലിച്ചു തുടങ്ങി …… ഞാൻ കരഞ്ഞു തുടങ്ങി ……
കരഞ്ഞു തളർന്നപ്പോൾ  നല്ല കാറ്റു കിട്ടിയ പോലെ. ട്രെയിൻ വിരാർ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. പ്ലാറ്റ്ഫോര്മിലേക്കിറങ്ങി ഒന്ന് കണ്ണോടിച്ചു , ഈശ്വരാ 8ൽ കൂടുതൽ പ്ലാട്ഫോര്മുകൾ . രണ്ടോ മൂന്നോ ആണെങ്കിൽ തന്നെ വലഞ്ഞുപോകും , ഇതിപ്പോൾ എവിടെ പൊയ് നിന്നാൽ അന്ധേരിയിലേക്കു പോകും. തിരിച്ചു പോകാനുള്ള ടിക്കെട്ടോ, അതിനുള്ള കാശോ  കയ്യിലില്ല. ഫോണെടുത്തു അളിയനെ വിളിച്ചു കാര്യം പറഞ്ഞു. നല്ല നാലു നാടൻ  തെറികല്ക് ശേഷം പ്ലാട്ഫോരം നമ്പർ  കിട്ടി. നമ്പർ 5. അങ്ങനെ അന്ജിലെത്തി ട്രെയിനിനായി കാത്തു നിൽകുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ തോന്നി.

അങ്ങനെ വിജ്രംഭിച്ചു നിൽകുമ്പോൾ  അതാ വീണ്ടും ആ പഴയ സംഘഗാനം.
ഹിജഡകൾ …. ഞാൻ ചുറ്റും നോക്കി . അടുത്ത് ഒരാൾ  പോലുമില്ല ഒരു കൂട്ടിനു. ഇത്തവണ പെട്ടു !
ജീവിതത്തിന്റെ അന്ത്യനിമിഷമാണ് വരുന്നതെന്ന് തോന്നി. സംഘഗാനം തൊട്ടടുത്തെത്തി .
കരഞ്ഞു കലങ്ങിയ കണ്ണുകളും , വിയർത്തു വിളറിയ മുഖവുമായി നില്കുന്ന എന്റെ മുന്നില് ഒരു പറ്റം ഹിജഡകൾ കൈ കൊട്ടി പാടി . അതിലൊരാൾ എന്റെ നേരെ കൈ നീട്ടി .  എന്റെ കൈകൾ ആ രണ്ടു രൂപയുമായി തിരിച്ചെത്തി . ആ നാണയം ഹിജഡയുടെ നീട്ടിയ കൈകളിലേക്ക് വച്ചതും, എന്റെ  കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ  അണക്കെട്ട് തകർത്തു  പുറത്തേക്കൊഴുകി ..

അടുത്ത നിമിഷം പണം വാങ്ങാൻ നീട്ടിയ ആ കൈകൾ എന്റെ കുഞ്ഞു മുഖം കോരിയെടുത്തു ! വെറ്റിലക്കറയിൽ  ചുവന്ന ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു ! കവിളിലെ കണ്ണുനീര് തുടച്ചു , ആ രണ്ടു രൂപ എന്റെ പോക്കറ്റിൽ തിരികെ വെച്ചിട്ട് ആ സംഘം നടന്നകന്നു . ചുംബനം തന്ന ചുണ്ടുകളിൽ ചെറു പുഞ്ചിരി എന്റെ കലങ്ങിയ കണ്ണുകൾ കണ്ടെടുത്തു .
അന്നോളം കിട്ടിയ ചുംബനങ്ങളിൽ അമ്മയുടെ ചുംബനം പോലെ മാധുര്യമുള്ളത്‌ എന്ന് തോന്നി .  അർദ്ധനാരി എന്ന  മാന്യമായ വാകുണ്ടായിരുന്നിട്ടും ഹിജഡ എന്ന വാക്ക് വഴങ്ങിയിരുന്ന നാവിനെ കുറിച്ചോർത്തു ആദ്യമായി വിഷമം തോന്നി.
മറ്റൊരു അന്ധേരി ട്രെയിനിനായി കാത്തിരുന്നു . മാനത്തു കുറെ നക്ഷത്രങ്ങളുണ്ട് . ആ സംഘഗാനം ഒന്നു കൂടി കേൾകുവാൻ മനസ്സു വെമ്പി . അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ ….. വെറുതെ ആശിചുപോയി …..