അയാൾ

അയാൾ ഒരു ചുവരെഴുത്തുകാരനായിരുന്നു. പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ലാത്ത, മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു മലയാളിയായിരുന്നു അയാൾ. വരയ്‌ക്കാൻ മാത്രം അറിയുന്ന ഒരു മലയാളി. പേപ്പറിൽ എഴുതിക്കൊടുക്കുന്നത് നോക്കി ചുവരിൽ വരച്ചു വെക്കുന്നവനെ എന്നിട്ടും എഴുത്തുകാരൻ എന്ന് അവനു ചുറ്റുമുള്ളവർ വിളിച്ചു.

ദിനം ദിനം പുതുമയുമായി ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിനുമുന്നിൽ ഓടാൻ കഴിയാതെ നടന്നു നടന്നു പകച്ചു ക്ഷീണിച്ചു നിൽക്കുന്ന പഴഞ്ചനായ ചുവരെഴുത്തുകാരൻ എന്ന് അയാളെ നാട്ടിലെ ബുദ്ധിജീവികൾ വിളിച്ചു. ചുവരെഴുത്തിന്റെ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോഴേക്കും അയാൾ എണ്ണിയാലൊടുങ്ങാത്തത്ര അക്ഷരങ്ങൾ വരച്ചു കഴിഞ്ഞിരുന്നു. കവിതകളും, മുദ്രാവാക്യങ്ങളും, പരസ്യങ്ങളും, രാഷ്ട്രീയ സൂക്തങ്ങളും, പാർട്ടി ചിഹ്നങ്ങളായും അങ്ങനെ ഒരുപാട് ചിത്രങ്ങൾ.
അക്ഷരങ്ങളുടെ മേൽ ഇത്രെയേറെ അഭ്യാസം നടത്തിയിട്ടും അയാൾ മലയാളം വായിക്കാനും, നോക്കാതെ എഴുതാനും പഠിച്ചില്ലേ എന്ന ഒരു സംശയം നാട്ടിലെ ബുദ്ധിജീവികൾക്കും, സാധാരണക്കാർക്കും വന്നു തുടങ്ങി.

വൈകിട്ടത്തെ പതിവുള്ള ഉഴുന്നുവട കഴിക്കാനായി കയ്യിൽ പുരണ്ട നീലം കഴുകിക്കളഞ്ഞു കൊണ്ട് നില്ക്കുംമ്പോഴാണ് ചായക്കടയ്ക്ക് പുറത്തെ ബഞ്ചിലിരുന്ന ആസ്ഥാന ബുദ്ധിജീവി ബാലൻ നാട്ടുകാർക്ക് വേണ്ടി ആ സംശയം അയാളോട് ചോദിച്ചത്.

“നിനക്കിപ്പോഴും എഴുതാനും വായിക്കാനും ഒന്നും അറിയില്ലേടാ? വേറെയാരെങ്കിലും ആയിരുന്നേൽ ഈ കാലംകൊണ്ട് വല്ല എഴുത്തുകാരനുമായി സാഹിത്യ അക്കാദമി അവാർഡും വാങ്ങി വീട്ടിൽ വെച്ചേനെ”

കൈക്കുമ്പിളിൽ വെള്ളം പിടിച്ചു വായിലൊഴിച്ചു കുലുക്കുഴിഞ്ഞു നീട്ടിതുപ്പിയിട്ടു അയാൾ ബാലനെ നോക്കി ഒന്ന് ചിരിച്ചു. അവിടെ നിന്ന് കഴിക്കാതെ പതിവുള്ള വടയമെടുത്തു അയാൾ വേഗത്തിൽ നടന്നു.

അന്ന് രാത്രിയിൽ വീട്ടിലെത്തിയ അയാൾ അമ്മയുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തി തന്റെ ട്രങ്ക് പെട്ടി തുറന്നു ഒരു കെട്ട് വെള്ളക്കടലാസുകൾ പുറത്തെടുത്തു വെച്ചു.ചേർത്തുവെച്ചാൽ രണ്ടുനോട്ടുബുക്കോളം വരുന്ന കടലാസുകൾ. തറയിൽ ചമ്രം പാഞ്ഞിരുന്ന് നടുവളച്ചു കുനിഞ്ഞിരുന്ന് അയാൾ ആ കടലാസുകെട്ടിലേക്ക് നോക്കിയിരുന്നു. കെട്ടഴിച്ചു ഏറ്റവും മുകളിലിരുന്ന് കടലാസെടുത്തു നോക്കുമ്പോ അയാളുടെ കണ്ണുകളും ചുണ്ടുകളും വിരിഞ്ഞിരുന്നു. കണ്ണിൽ നിന്നും പുറപ്പെട്ട പ്രകാശത്തിലെന്നോണം കടലാസിലെ അക്ഷരങ്ങൾ തെളിഞ്ഞു വന്നു

“….അരിവാളോ? അതെന്തെന്നു ചോദിച്ചൂ ചെറുമകൾ,
ചെങ്കൊടിയിൽ പാറുന്നൊരാ സൂത്രമെന്ന് ചൊന്നു മുത്തശ്ശി
…..”

പതിഞ്ഞ താളത്തിൽ, പതിഞ്ഞ ശബ്ദത്തിൽ ആ വരികൾ ചൊല്ലുമ്പോ അയാൾ നിലത്തുനിന്നും ഉയർന്നു ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറിയിരുന്നു.

താനെഴുതിയ കവിതകൾ, താൻ മാത്രം കണ്ട കവിതകൾ ഇതൊക്കെ താനെഴുതിയതാണെന്ന് ലോകത്തോട് വിളിച്ചു കൂവണമെന്ന് തോന്നി. താനെഴുതിയെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ.

“……ദൈവമല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവരാണ്
ഇന്നലെ കണ്ടത് ഇന്ന് കണ്ടില്ലെന്നു പറയുന്നവരാണ്
പറയരുതേ അവരോടൊന്നും…..”

ആ രാത്രി മുഴുക്കെ അയാൾ ഉണർന്നിരുന്നു. കടലാസുകൾ ഒന്നൊന്നായി വായിച്ചുകൊണ്ടിരുന്നു. വായിച്ചവ വീണ്ടും വീണ്ടും വന്നതും അയാളറിഞ്ഞില്ല. രാത്രി മാറി പകലായപ്പോൾ കടലാസ്സുകളൊക്കെ ഭദ്രമായി പെട്ടിയിൽ തിരിച്ചുവെച്ചു.

പഞ്ചായത്തു വഴിക്കിണറിൽ എം എൽ എ യുടെ പേര് വരയ്ക്കാനുള്ള പണിയായിരുന്നു അന്ന്. വൈകുന്നേരം കിണറു കാണാൻ വന്ന മെംബർ വറീതാണ് ആദ്യം ആളെക്കൂട്ടിയത്

എന്ത് തോന്ന്യാസമാണ് ഈ കാണിച്ചുവെച്ചേക്കുന്നത്, പഞ്ചായത്തീന്നു കാശ് കൊടുത്തു അവനെ പണിക്കു നിർത്തിയത് അവനു തോന്നിയത് എഴുതിവെക്കാനാണോ. വറീത് ഉറഞ്ഞു തുള്ളുകയായിരുന്നു.
വന്നവർ വന്നവർ കിണറിനു ചുറ്റും കറങ്ങി നടന്ന് വായിച്ചു

“ബന്ദിയാക്കിവന്റെ മതം നോക്കാൻ ഞരമ്പ്
മുറിച്ചു രക്തത്തിന്റെ നിറം നോക്കിയവരെ,
രക്തത്തിനു ചുവപ്പു പോരെന്നു പറഞ്ഞവരെ,
തൊട്ടാൽ കറുപ്പ് പുരളുമെന്നു പറഞ്ഞവരെ നിങ്ങൾ കുടിക്കാതിരിക്കാൻ
തുപ്പിയിട്ടുണ്ട് ഈ കിണറ്റിൽ, കോരികുടിച്ചോളൂ”

അയാളെ അവിടെയെങ്ങും കണ്ടില്ല. മെമ്പറും കൂട്ടരും അയാളുടെ വീട്ടിലേക്ക് ചെന്നു . അയാളെ വിളിച്ചു പുറത്തിറക്കി തെറിപറഞ്ഞു, ശകാരിച്ചു. പഞ്ചായത്ത് വക മുതലുകളിലൊന്നും ഇനി മേലാൽ സ്വന്തം സൃഷ്ടികൾ പാടില്ല എന്ന നിയമം അയാളെ അറിയിച്ചു. എല്ലാം മായ്ച്ചു കളഞ്ഞു സ്വന്തം ചിലവിൽ എം എൽ എയുടെ പേരെഴുതാൻ ആജ്ഞാപിച്ചിട്ട് വറീതും കൂട്ടരും പിരിഞ്ഞുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ നാട്ടാർക്ക് വഴിമരങ്ങളിലും, മതിലുകളിലും, ചായപ്പീടികയുടെ ചുവരുകളിലും, ദേവീ ക്ഷേത്രത്തിലെ ചുവരുകളും ആൽത്തറയിലുമൊക്കെയായി അയാളുടെ കവിതകൾ കാണാൻ കഴിഞ്ഞു. പ്രണയവും, വിശപ്പും, ആവേശവും, ആദർശവും, ഭക്തിയുമെല്ലാം അയാൾ വരച്ചുവെച്ചു.

ക്ഷേത്ര ചുവരുകളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തുകൾ എഴുതിയതിനെ വിശ്വാസികൾ ആൽത്തറയിലിട്ട് ചോദ്യം ചെയ്തു. ഇനി മേലാൽ ക്ഷേത്രത്തിൽ കയറിപ്പോകരുതെന്ന് ഒരു വിഭാഗം വിശ്വാസികൾ വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിൽ കയറിക്കോട്ടെ, പക്ഷെ ദേവീ സ്തുതികൾ ചുവരുകളിൽ എഴുതിക്കോളൂ എന്ന് ഒരു കൂട്ടം പുരോഗമന ചിന്താഗതിക്കാരായ വിശ്വാസികൾ അലിവുകാട്ടി. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അയാൾക്ക് ക്ഷേത്ര വിലക്കേർപ്പെടുത്തി.

ചായക്കടയുടെ ചുവരുകളിൽ കവിതയെഴുതിയത് തോന്ന്യാസമാണെന്ന് ചായകുടി സംഘങ്ങൾ വിലയിരുത്തി. അയാൾക്ക് ചായയും വടയും വിലക്കി!

വഴിമരങ്ങളിൽ കവിതയെഴുതുന്നത് നിയമവിരുദ്ധമാണെന്ന് വില്ലേജ് ഓഫീസർ രമണൻ നാട്ടുകാരെ അറിയിച്ചപ്പോഴാണ് തങ്ങൾ വിട്ടുപോയ പഴുത് തിരിച്ചറിഞ്ഞത്. വഴിമരങ്ങളുടെ തണൽ അയാൾക്ക് നിഷേധിക്കപ്പെട്ടു.

ചിത്രം വരക്കാനുള്ള ചുവരുകൾ തേടി അയാൾ നടന്നു. കൃത്യമായ നിർദേശങ്ങളുടെയും, കൃത്യമായ മേൽനോട്ടത്തിന് കീഴിലും അയാൾക്ക് ചെറിയ ചെറിയ ചുവരുകൾ കിട്ടി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം അയാളെ സന്തോഷിപ്പിച്ചു. പിന്നെയെന്താ ഉച്ചക്കത്തെ ഊണ് പൊതിഞ്ഞു കൊണ്ടാണ് പണിക്കു വരേണ്ടത്. വൈകിട്ടത്തെ ചായയും വടയും അമ്മയുണ്ടാക്കിയത് കഴിക്കാം, അത് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ട്. താൻ ഭാഗ്യവാനാണ് ലോകം മുഴുവൻ തന്നെ വിലക്കിയിട്ടില്ല. ലോകത്തിനു വിലക്കാൻ കഴിയാത്ത കൂടാണല്ലോ വീട്, അവിടുത്തെ നിയമം അമ്മയാണല്ലോ.

ഇങ്ങനെ ദിവസങ്ങൾ പകലുകളായും രാവുകളായും കൊഴിഞ്ഞുകൊണ്ടിരുന്നു. വീടിന്റെ ചുമരുകളിലെല്ലാം കരിയിൽ തീർത്ത കവിതകൾ പിറന്നുകൊണ്ടിരുന്നു. മകന്റെ അവസ്ഥയിൽ അമ്മക്ക് നല്ല മനോവിഷമം ഉണ്ടായി. മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ദല്ലാൾ കൃഷ്ണനെ ഏർപ്പാടാക്കി.

“എന്റെ കൃഷ്ണൻ കുട്ടി, ഒരു പെണ്ണൊക്കെ കെട്ടി സ്വസ്ഥമായാൽ അവന്റെ മനസ്സിനൊരു സമാധാനം കിട്ടും. കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയുള്ള അവന്റെ ഈ പിടച്ചിൽ എനിക്ക് കാണാൻ വയ്യ. നീ എങ്ങനെങ്കിലും ഒരു പെണ്ണിനെ കണ്ടുപിടിക്കണം” അമ്മ തന്റെ ആധി കൃഷ്ണൻ കുട്ടിയോട് പറഞ്ഞു സമാധാനം കണ്ടെത്തി.

ഒന്നരമാസത്തെ തിരച്ചിലിൽ അയാൾക്ക് പെണ്ണിനെ കണ്ടുപിടിച്ചു. പത്തുവരെ പഠിച്ച പെണ്ണിനെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

അവനെ കെട്ടിയാൽ മൂന്നുനേരം ചോറുണ്ണാൻ പറ്റിയില്ലെങ്കിലും എന്റെ കുഞ്ഞിന് രണ്ടു നേരം കഞ്ഞികുടിച്ചു കിടക്കാല്ലോ എന്ന് പറഞ്ഞ് അവളുടെ അച്ഛൻ നാട്ടുകാരെ നിരാശരാക്കി.

ആദ്യരാത്രിയിൽ അയാൾ തന്റെ ട്രങ്ക് പെട്ടി തുറന്നു അവളെ കാണിച്ചു. താൻ കവിതയെഴുതും എന്ന് അവളോട് പറഞ്ഞു.

“ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രത്തിലെയും, ആൽത്തറയിലെയും, വഴിയയിലെയും കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്.” അവൾ മുഖത്ത് നോക്കാതെ മുഖം കുനിച്ചിരുന്നു പറഞ്ഞു.

അയാൾ വീണ്ടും നിലത്തുനിന്നും ഉയർന്നു പൊങ്ങി, അങ്ങ് ദൂരെ ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറി.

ആയാളും അവളും ആ കടലാസുകൾ നോക്കിയിരുന്നു ആ രാത്രി വെളുപ്പിച്ചു.

അടുത്ത ദിവസം മുതൽ അയാൾക്കുള്ള പൊതിച്ചോർ അവൾ തയ്യാറാക്കി കൊടുത്തു. വൈകിട്ട് അവൾ ചായയും വടയുമായി അയാൾ ജോലികഴിഞ്ഞു വരുന്നതും കാത്തിരിക്കും. രാത്രിയിൽ ഉറങ്ങും മുൻപ് അയാൾ അവൾക് കവിതകൾ ചൊല്ലിക്കൊടുക്കും. അവൾ പാരിതോഷികമായി ചുംബനങ്ങൾ നൽകും. അവർ പരസ്പരം ശരീരവും മനസുംകൊണ്ട് കവിതയെഴുതും. എപ്പോഴോ ഉറങ്ങിപോകും.

അയാൾ അനുസ്യൂതം കവിതയെഴുതികൊണ്ടിരുന്നു.

ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു, വിലക്കുകളില്ലാതെ.

അയാളുടെ കവിത അവൾക്കും, അവളുടെ കവിത അയാൾക്കും വേണ്ടിയായിരുന്നതിനാൽ കവിതകൾക് താഴെ അവർക്ക് പേര് വെക്കേണ്ടിയിരുന്നില്ല. അങ്ങനെ അവർക്ക് പേരില്ലാതെയായി

വാൽക്കഷ്ണം:
ഒന്നൂല്ല

ഓര്‍മ്മയില്‍ ഒരു പൂമ്പാറ്റ!

ആറളം വനത്തില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകണം. ആകാശത്തുനിന്നും ഒരായിരം നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് മഴയായി പെയ്തിറങ്ങും പോലെ എണ്ണമറ്റ ചിത്രശലഭങ്ങളുടെ പെരുമഴ കാണാന്‍ പറ്റിയ സ്ഥലമുണ്ട് അവിടെ. വര്‍ണ്ണചിത്രശലഭങ്ങള്‍ വരുന്ന സമയമുണ്ടെന്ന് കേട്ടെങ്കിലും കാണാന്‍ കഴിഞ്ഞത് ചാരനിറമുള്ള ചിത്രശലഭങ്ങളെയായിരുന്നു. കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം എന്നാണല്ലോ.
ഇതെന്താ ചിത്രശലഭങ്ങളുടെ ലക്ഷംവീട് കോളനിയോ എന്ന് സ്വയം ചോദിച്ചുകൊണ്ടാണ് അപ്പു അവിടെനിന്ന് മടങ്ങിയത്.

സംഭാഷണപ്രിയനായതുകൊണ്ട് ആരെക്കിട്ടിയാലും ഒരുതവണയെങ്കിലും ഈ ആറളം കഥ പറയാതെ അപ്പു വിടില്ല. അതിപ്പോ കണ്ണൂരുകാരെ കിട്ടിയാലും ഇത് പറഞ്ഞു ഒരു ചമ്മലില്‍ എത്തിച്ചേരും.

പിറന്നാളിനു രണ്ടുദിവസം മുന്നേയെത്തിയ ഒരു സമ്മാനം. കൊറിയറിലാണ് എത്തിയത്. ഒരു ചില്ലുകൂട്ടില്‍ രണ്ടു പൂമ്പാറ്റകള്‍ തൊട്ടുരുമ്മിയിരിക്കുന്ന മനോഹരമായ ഒന്ന്‍. സൂക്ഷിച്ചുനോക്കിയാല്‍ പൂമ്പാറ്റകള്‍ ഇണചേര്‍ന്നിരിക്കുകയാണെന്ന് തോന്നുമോ? ഈ പൂമ്പാറ്റകള്‍ ഇണചേരുന്നതെങ്ങനെയെന്ന് അറിയില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാണ്‌. കൊറിയര്‍ അയച്ചിരിക്കുന്ന വിലാസം നോക്കിയിട്ട് ആളെ വ്യക്തമായി മനസിലായില്ലെങ്കിലും ഒരു ഏകദേശധാരണ ആ പൂമ്പാറ്റകള്‍ ഉണ്ടാക്കിത്തന്നു.

ആ സമ്മാനപ്പൊതി ഒരു നേര്‍ത്ത കുസൃതിയോടെ ചിലതൊക്കെ ഓര്‍മിപ്പിച്ചു. ഒരു പഴയ പാസഞ്ചര്‍ ട്രയിന്‍യാത്ര.കോട്ടയത്തുനിന്നു തുടങ്ങി കൊല്ലത്ത് അവസാനിക്കുന്ന താരതമ്യേന വളരെ ചെറിയ ദൈര്‍ഘ്യമുള്ള യാത്ര.

ഉച്ചവെയിലിന്‍റെ കാഠിന്യം വകവയ്ക്കാതെ പായുന്ന പാസഞ്ചര്‍ ട്രയിന്‍. താരതമ്യേന ആളൊഴിഞ്ഞ ഒരു ബോഗിയിലായിരുന്നു അപ്പുവിന്‍റെയും താമരയുടെയും യാത്ര. എതിരെയുള്ള സീറ്റില്‍ രണ്ടു മദ്ധ്യവയസ്കര്‍ ഇരിപ്പുണ്ട്. ഒരുപക്ഷെ ഇത് ഒരുമിച്ചുള്ള അവസാന യാത്രയായിരിക്കും. താമരയെ തമാശയ്ക്കാണെന്ന ജാമ്യത്തില്‍ മാധവിക്കുട്ടി എന്നേ അപ്പു വിളിക്കാറുള്ളൂ. അങ്ങനെ വിളിക്കുന്നതിനു അപ്പുവിന് നിരത്താന്‍ കാരണങ്ങളുണ്ടായിരുന്നു.

താമരയെന്ന പേര് മാധവിക്കുട്ട്യെന്ന പേരിനേക്കാള്‍ പഴയതും സുന്ദരവുമാണ്. എങ്കിലും ആ കണ്ണുകള്‍ മാധവിക്കുട്ടിയുടെ കണ്ണുകളെ ഓര്‍മിപ്പിക്കും. മാധവിക്കുട്ടിയുടേത് പോലെയുള്ള മനോഹരമായ കണ്ണുകള്‍.ഇടതൂര്‍ന്ന കണ്‍പീലികള്‍ വെഞ്ചാമാരത്തോട് ഉപമിച്ചാലും തെറ്റില്ല. കണ്മഷി കറുപ്പുവരച്ച കണ്ണുകള്‍! മുഖവും മാധവിക്കുട്ടിയുടേത് പോലെയെന്ന് തോന്നാറുണ്ട്. ഇനിയിപ്പോ മാധവിക്കുട്ടിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ തോന്നുന്നതാകാനും മതി.
മാധവിക്കുട്ടി കമലസുരയ്യയായ കാലമായിരുന്നിട്ടും മാധവിക്കുട്ടി എന്നുതന്നെ വിളിക്കാനായിരുന്നു ഇഷ്ടം. എന്തോ..മാധവിക്കുട്ടി എന്ന പേരിലും ഒരു സൗന്ദര്യം ഉറങ്ങിക്കിടപ്പുണ്ട്..

ചൂളം വിളിച്ചും കരഞ്ഞും കാറിയും ട്രെയിന്‍ പാഞ്ഞുകൊണ്ടേയിരുന്നു.
ഈ യാത്ര കഴിഞ്ഞു ജീവിതത്തില്‍ നിന്നുകൂടി ഇറങ്ങിപ്പോകുകയാണെന്ന് കയറും മുന്‍പ് ഓര്‍മിപ്പിച്ചിരുന്നു.
എതിരെയിരിക്കുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ പലതും ചുണ്ട് കാതോട് ചേര്‍ത്ത് രഹസ്യം പറയുമ്പോലെയാണ് സംസാരിച്ചത്. എന്തോക്കെയായിരുന്നു സംസാരിച്ചത്? എല്ലാം ഓര്‍മ്മയില്ല..എന്തായാലും കൂടുതലും മറക്കാന്‍ കഴിയുന്ന കാര്യങ്ങളാകണമല്ലോ.

സംസാരം തുടങ്ങിയപ്പോള്‍ മുതല്‍ ഇണചേര്‍ന്ന കൈകള്‍ സഹയാത്രികര്‍ക്ക് വിമ്മിഷ്ടമുണ്ടാക്കുന്നത് അപ്പു തിരിച്ചറിഞ്ഞു.ആ തിരിച്ചറിവ് കൂടുതല്‍ ശക്തികൊടുത്തു.

“ശരിക്കും ഇതൊരു ചതിയല്ലേ?” കുസൃതിയുടെ പായല്‍ മാറ്റിയാണ് താമരയോട് അപ്പുവത് ചോദിച്ചത്.

“എന്ത്…?” സാധാരണ സംശയചോദ്യത്തിലുണ്ടാകേണ്ട നെറ്റിചുളിക്കല്‍ താമരയിലുണ്ടായില്ല.

“ഈ രോഗവിവരം മറച്ചുവെച്ച് ഒരാളെ വിവാഹം കഴിക്കുന്നത്?”

“രോഗവിവരം അറിയിച്ചാല്‍ വിവാഹം നടക്കില്ലല്ലോ?..ഭീകരനായ എയിഡ്സിനെ മാത്രമല്ല, ക്യാന്‍സറിനെയും, ട്യൂമറിനെയും, എന്തിനേറെപ്പറയുന്നു വാതത്തെ വരെ വിവാഹം കഴിക്കാന്‍ ഇന്നാട്ടിലെ ആണുങ്ങള്‍ക്ക് ഭയാമാണ്. ഞാന്‍ ഉടനെ മരിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ..മിക്കവാറും രക്ഷപെട്ടേക്കാം, ചിലപ്പോ മറിച്ചും സംഭവിക്കാം.”

“മറിച്ചായാല്‍ അയാളോട് ചെയ്യുന്ന ക്രൂരതയെല്ലേ?”

“ഇതിലെന്ത് ക്രൂരത, അത്രയും കുറച്ചുകാലം എന്ന സഹിച്ചാല്‍ പോരെ..പിന്നെ വിവാഹത്തിന്‍റെ സുഖമൊക്കെ എനിക്കും അറിയണമല്ലോ. ഇനിയിപ്പോ അതൊരു ക്രൂരതയാണെങ്കില്‍ തന്നെ ഞാനതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് കരുതിക്കോളൂ”

“സാഡിസ്റ്റ്!” ചിരിച്ചുകൊണ്ടാണ് അപ്പു അങ്ങനെ വിളിച്ചത്.

“എന്നാ നിനക്കെന്നെ വിവാഹം കഴിക്കാമോ? പറ്റില്ലല്ലോ അല്ലെ?”

അതിനുള്ള മറുപടിയും ചിരിയിലൊതുക്കി..ജാള്യത ചിരിയില്‍ ഒളിപ്പിച്ചു.

“കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം, അയാള്‍ക്ക് ഞാന്‍ സ്നേഹം വാരിക്കോരി കൊടുത്തേക്കാം. ഇനിയങ്ങോട്ട് വേറാര്‍ക്കും സ്നേഹം കൊടുക്കുന്നില്ല…മനസ്സിലായോ?

“മ്”

പിന്നെയും എന്തൊക്കെയോ സംസാരിച്ചു..അതൊന്നും ഓര്‍ത്തെടുക്കാനാകുന്നില്ല.

ഇവരിപ്പോഴെങ്ങാനം ഇറങ്ങുമോ എന്നൊരു സംശയം സഹയാത്രികരെ നോക്കുന്ന അപ്പുവിന്‍റെ കണ്ണുകളിലുണ്ടായിരുന്നു. ട്രയിന്‍ കായംകുളം കടന്നു.

വീണ്ടും അപ്പു ഒരു രഹസ്യം പറഞ്ഞപ്പോ താമര തല വെട്ടിച്ചുകൊണ്ട് ചിരിച്ചു.

“ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു ഭ്രാന്ത്? ഇതെന്താ ഈ ബട്ടര്‍ഫ്ലൈ കിസ്സ്? ”

“ലിപ്സ്റ്റിക്കിന്‍റെ രുചി എന്‍റെ നാവിന് ഇതുവരെ ഇഷ്ടമായിട്ടില്ല, തന്നെയുമല്ല ഈ ലിപ്സ്ടിക് നാവില്‍ പുരളാതെ ഫ്രഞ്ച് ചെയ്യാന്‍ ഞാനിനിയും പഠിച്ചിട്ടില്ല”

” അയ്യടാ..അതിനിപ്പോ ബട്ടര്‍ഫ്ലൈ കിസ്സ്‌ വേണോ? ആര്‍ക്കറിയാം എന്താ ഈ സംഭവമെന്ന്..അതുകൊണ്ട് ആദ്യം ഇതെന്താന്ന്‍ പറ, എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയോന്ന്”

“ഏയ്‌ അതത്ര സംഭവമൊന്നുമല്ല, ബട്ടര്‍ഫ്ലൈ കിസ്സ്‌, പൂമ്പാറ്റയുമ്മ എന്നൊക്കെ പറയാം. ഡിക്ഷ്ണറി ഓഫ് കിസ്സെസില്‍ പറയുന്നത് ഇത് കണ്‍പീലികള്‍ കൊണ്ട് പരസപരം ചുംബിക്കുന്ന രീതിയാണെന്നാണ്”
ഒരു നിമിഷം ഓഷോയുടെ പ്രഭാഷണസമയത്തെ ഗൗരവവും, തമാശയും കാന്തികതയും കലര്‍ന്ന ഭാവം കൈവരുത്താന്‍ അപ്പു മനപ്പൂര്‍വമല്ലാതെ ഒരു ശ്രമം നടത്തി.

….”ഒരു കുടുന്ന വായുവകലത്തില്‍ ചുംബിക്കുന്ന വ്യക്തിയെ നിര്‍ത്തി കണ്‍പീലികള്‍കൊണ്ട് മേലോട്ടും താഴോട്ടും ചുംബിക്കുക. കണ്‍പീലികളല്ലാതെ മുഖത്ത് മറ്റൊരു ഭാഗവും സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. നിശ്വാസവായു സൃഷ്ടിക്കുന്ന വിടവുകള്‍ വഴിയൊരുക്കണം”

ഇത്രയും കേട്ട താമര അതിഭാവുകത്വം വെടിഞ്ഞ് പൊട്ടിച്ചിരിയിലേക്ക് വീണു. “ഇത് കൊള്ളാമല്ലോ, പക്ഷെ കുറെ കഷ്ടപ്പെടണം അല്ലിയോ!..
അപ്പുവും ചിരിയില്‍ പങ്കുചേര്‍ന്നു..”ഇനി നമ്മള്‍ കണ്ടില്ലെങ്കിലോ..ഒരോര്‍മ്മയ്ക്ക് ഇതിരിക്കട്ടെ..”

“ഉവ്വാ ഉവ്വാ..ഒന്നും വേണ്ട മോനെ..ഞാന്‍ ഒരു ഓര്‍മ്മപോലുമാകാതെ മാഞ്ഞുപോകുന്നതാ നല്ലത്..അല്ലെങ്കില്‍ തന്നെ ഇവിടെ ഇവര്‍ക്കുമുന്നില്‍ എങ്ങനാ ഇതൊന്നും നടക്കില്ല..വേണ്ടാ”

“അതിസങ്കീര്‍ണ്ണമായ ഒരു ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനേക്കാള്‍ സൂക്ഷമത ആവശ്യമുള്ള ഒന്നാണ് ഒരു പെര്‍ഫെക്റ്റ് ബട്ടര്‍ഫ്ലൈ കിസ്സ്‌! അതൊകൊണ്ട് നമുക്കാ വാതിലിനടുത്തേക്ക് പോകാം..”

മുഖം സമ്മതം മൂളിയില്ലെങ്കിലും വിരലുകള്‍ക്കുള്ളിലിരുന്ന വിരലുകള്‍ സമ്മതം മൂളി!

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സമ്മാനപ്പൊതിക്കുപിന്നാലെ ആ ശബ്ദം വീണ്ടുംതേടി വന്നിരിക്കുന്നു.
സംഭ്രമവും സന്തോഷവും സങ്കോചവും അഭിനയിച്ച് തുടങ്ങിയ ആ ഫോണ്‍സംഭാഷണം പതിയെ നോര്‍മലായി.

“ഞാന്‍ ചത്തെന്നു കരിതുയാരുന്നോ?”
ഒരു ചിരികൂടി പിന്നാലെ അലതല്ലി

“ഏയ്! നിത്യശാന്തിയുടെ വഴിയില്‍ നിന്നും രോഗശാന്തിനേടി മടങ്ങിവന്ന വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. ഇനിയൊരിക്കലും കാണണ്ട എന്ന് പറഞ്ഞതുകൊണ്ട് അങ്ങോട്ട്‌ ശബ്ദമായിപ്പോലും തേടി വരാന്‍ ശ്രമിച്ചില്ല”

“ഒഹ്..നീ ഒരുപാടങ്ങ്‌ സാഹിത്യകരിക്കാതെ..മനുഷ്യന്മാരെപ്പോലെ സംസാരിക്ക്”

വീണ്ടും എന്തൊക്കെയോ സംസാരിച്ചു..സംസാരത്തിനിടയില്‍ വീണ്ടും കുസൃതികള്‍ കയറിവന്നു..
“മാധവിക്കുട്ടി…സത്യം പറയൂ..നമ്മള്‍ പ്രണയിച്ചിരുന്നോ?”

“ഇല്ല!” താമരയുടെ മറുപടി പെട്ടന്നായിരുന്നു.

മറുപടിയിലെ സത്യസന്ധത ശബ്ദങ്ങള്‍ക്കിടയില്‍’ എതാനം നിമിഷത്തെ നിശ്വാസവും നിശബ്ദതയും നിറച്ചു.
വീണ്ടും ബന്ധം പുനസ്ഥാപിക്കപ്പെട്ടു

ചിരികള്‍, കുശലങ്ങള്‍, പരസ്പരം പുകഴ്ത്തല്‍, പൊങ്ങച്ചങ്ങള്‍ ഇതെല്ലം അഴിഞ്ഞുവീണു. ഒടുവില്‍ പറയാനൊന്നും ബാക്കിയില്ലാതെ വാക്കുകള്‍ ഇരുട്ടില്‍ തപ്പിതുടങ്ങിയത് രണ്ടുപേരും മനസിലാക്കി.
“മോന്‍റെ പേരെന്താന്നാ പറഞ്ഞത്?”

“അശ്വിന്‍..നീയിത്രപെട്ടന്ന് മറന്നോ? ഞാന്‍ കുറച്ചുമുന്‍പല്ലേ പറഞ്ഞത്..” താമര പരിഭവം നടിച്ചു.
വീണ്ടും ചിരികള്‍

അപ്പൊ ശരി..എന്ന സ്ഥിരം ഫുള്‍സ്റ്റോപ്പ്‌ വാചകം അപ്പുവില്‍ നിന്ന് പുറത്തേക്ക് വന്നു.

“മ്…ഹാ പിന്നേ….നേരത്തെ പറഞ്ഞതിന് ഒരു തിരുത്തുണ്ടായിരുന്നു..നമ്മള്‍ പ്രണയിച്ചിട്ടുണ്ട്! ഓര്‍മ്മയില്ലേ ആ പൂമ്പാറ്റകളെ. ആ പൂമ്പാറ്റയുമ്മ തുടങ്ങിയവസാനിക്കുന്നതുവരെ നമ്മള്‍ പ്രണയിച്ചിരുന്നു..ശരിയല്ലേ?”

“ശരിയാണ്”

“ചുംബനങ്ങളുടെ ഡിക്ഷ്ണറിയും പേറി നടക്കുന്ന നീയല്ലേ ആ നിയമം അന്ന് പറഞ്ഞത്..ചുംബിക്കുന്ന സമയത്ത് പരസപരം പ്രണയിക്കണം..ഇതു നിര്‍ബന്ധമാണെന്ന്”

“നിയമം ഞാനും തെറ്റിച്ചിരുന്നില്ല’

“പക്ഷെ പൂമ്പാറ്റയുമ്മയുടെ നിയമം ചെറുതായി തെറ്റി അല്ലെ?” വീണ്ടും ഒരു ചിരി “അന്ന് ട്രയിന്‍ ഗട്ടറില്ലാത്ത പാളത്തിലൂടെ ഓടിയിട്ടും ആ സമയത്ത് കുലുങ്ങി” വീണ്ടും ഒരു നീണ്ട ചിരി!

“നീ പത്മരാജന്‍റെ ‘ശവവാഹനങ്ങളും തേടി’ വായിച്ചിട്ടുണ്ടോ?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം താമരയുടെ മറുപടി വന്നു “ഉവ്വ്..വായിച്ചിട്ടുണ്ട്”

“അതില്‍ ദേശം പട്ടിണിയില്‍ മുങ്ങിയ കാലത്ത്..വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ശലഭങ്ങളെ വലവെച്ചു പിടിക്കുകയും, ചിറകുകള്‍ നുള്ളിക്കളഞ്ഞ്‌ ഇളം ചൂടില്‍ വേവിച്ചു തിന്നുകയും ചെയ്തത്രേ! എന്തൊരു ക്രൂരതയാണല്ലേ?”

അങ്ങേത്തലയ്ക്കല്‍ വീണ്ടും നീണ്ട ചിരി പടര്‍ന്നു…!

കിനോ

“കുട്ടിമാമാ ഈ കിനോന്ന് പറഞ്ഞാലെന്താ?”

ചാനലുകള്‍ മാറ്റുന്നതിനിടയില്‍ എപ്പോഴെങ്കിലും യോദ്ധയിലെ ഈ ഡയലോഗ് കാണാനിടയായാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നേപ്പാളിന്റെ ചരിത്രഭൂപടമോ, ബുദ്ധനോ, മോഹന്‍ലാലോ അല്ല..അത് സരയുവിന്റെ മുഖമാണ്.

ക്ഷമിക്കണം സരയൂന്നല്ല കിനോ..അതാണല്ലോ ഞങ്ങള്‍ വിളിക്കുന്ന പേര്. കുഞ്ഞുമുഖം, ചപ്പിയ മൂക്കും, വെളുത്ത് കിരിഞ്ഞ് പാണ്ട് വന്നോയെന്ന് സംശയിപ്പിക്കുന്നമാതിരി നിറവും.
അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അന്ന് പേരൊന്നുമിട്ടിട്ടില്ല. ഒരു കുഞ്ഞ്, പെണ്‍കുഞ്ഞ് അത്രെയുള്ളൂ.

എനിയ്ക്കും എനിയ്ക്കൊപ്പം സരോജയക്കയുടെ വീട്ടില്‍ കാണാന്‍ വന്നവര്‍ക്കെല്ലാം ഈ കുഞ്ഞ് ഒരേയൊരു ഭാവമാണ് ഉണര്‍ത്തിയത്. അത്ഭുതം!

ഞങ്ങളെല്ലാവരും ആദ്യമായാണ് ഒരു നേപ്പാളി കുഞ്ഞിനെ കാണുന്നത്. എനിക്ക് അന്നെത്രയെയായിരുന്നു പ്രായം? പന്ത്രണ്ടോ, പതിമൂന്നോ? പതിനാലാവും.

നേപ്പാളിക്കുഞ്ഞെന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് നമ്മളെപ്പോലെ തന്നെയായിരുന്നു. രണ്ടു കയ്യും രണ്ടു കാലുമൊക്കെതന്നെ.

“മൂക്ക് കണ്ടോ വിലാസിനിയെ, ഗൂര്‍ഖകളുടെ കൂട്ടുണ്ട്. ചപ്പിയുറിഞ്ചിയ പോലെ..”

ആരുടെ വകയായിരുന്നു ഈ അടക്കംപറച്ചില്‍. സരസ്വതിയമ്മയുടെയോ അതോ പത്മജത്തിന്റെയോ? ഓര്‍മ്മയില്ല.

നോക്കിനിന്നപ്പോള്‍ ആ കുഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. ഒരു മലയാളി ചിരി വരുന്നില്ല…ചിരിയില്‍ നാടിന്‍റെ ചരിത്രമുറങ്ങുന്നുണ്ടോ?

നേപ്പാളി നേഴ്സിന്‍റെ ഗര്‍ഭപാത്രത്തില്‍ മലയാളി ഡോക്ടര്‍ സൂക്ഷിച്ച രേതസ് വളര്‍ന്ന് ഭ്രൂണമായി പിന്നെയും വളര്‍ന്ന് വയര്‍ പിളര്‍ന്നു വന്നതാണ് ഇവള്‍.

സരസ്വതിയും പത്മജവും ഈ രഹസ്യം പങ്കുവെക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.

അച്ഛന്‍ മലയാളിയാണെങ്കില്‍ പിന്നെങ്ങനെ ഇത് നേപ്പാളിയാകും. അര നേപ്പാളിയല്ലേ ആകൂ. എന്തോ അത് എല്ലാരും സൗകര്യപൂര്‍വ്വം കാര്യമാക്കിയില്ല. അര-നേപ്പാളിയല്ല..മുഴുനേപ്പാളിയായി കാണാനായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പിള്ളേര് സെറ്റിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കുംഅതായിരുന്നു താല്പര്യം എന്ന് തോന്നുന്നു.

കുഞ്ഞിന് പൈതൃകം നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ നാട്ടില്‍തന്നെ ഉപേക്ഷിച്ച് അമ്മ ബുദ്ധന്റെ നാട്ടിലേക്ക് പോയി. അച്ഛന്‍ അച്ഛന്റെ വീട്ടിലേക്കും.

പലകൈകള്‍ മറിഞ്ഞ് ഒടുവില്‍ ആ സങ്കരയിനം വിളവ്‌ നാട്ടിലെ തരിശുഭൂമിയായി മനംനൊന്ത് കിടന്ന മച്ചിയക്ക എന്നാ സരോജയക്കയുടെ കൈകളിലെത്തി..ദത്തുപുത്രി

ആ അത്ഭുതശിശുവിനെ കാണാനായിരുന്നു ഞങ്ങള്‍ നാട്ടുകാര്‍ ഒത്തുകൂടിയത്. ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരൊക്കെ പിരിഞ്ഞുപോയി. ആകാശം മേഘാവൃതമായിരുന്നു, നാട്ടുകാരുടെ മനസും.

“മച്ചിയെന്നും മച്ചി തന്നെ”

“ഇത് വളര്‍ന്ന് വലുതായാല്‍, അത് അതിന്റെ തന്തയെയോ തള്ളയെയോ തേടിപ്പോകും”

“അല്ലേലും ഈ വയസ്കാലത്ത് ഇവര്‍ക്കിതെന്നാത്തിന്റെ കേടാ..”

“വല്ല അനാഥാലയത്തിലും ഈ കൊച്ചു മനസമാധാനമായി കഴിയത്തില്ലായിരുന്നോ”

“അല്ല ഇതിപ്പം കൊച്ചിനെ അറിയിക്കേണ്ട എന്നുവെച്ചാലും കാര്യമില്ല, വലുതായാല്‍ കൊച്ചിന് തന്നെ കാര്യം പിടികിട്ടും”

“അതെങ്ങനാ ആരേലും പറയാതെ”

“തന്തയും തള്ളയും കറുത്തത്, കൊച്ചു നല്ല പാല്പോലെ വെളുത്തത്.അതിനു മനസിലാകും ഇവരുണ്ടാക്കിയതല്ലെന്ന്”

ഇങ്ങനെ ഒരുപാട് ഡയലോഗുകള്‍ ചുറ്റുപാടും മാറ്റൊലി കൊണ്ടിരുന്നു. സരോജവും ഭര്‍ത്താവ് മണിയനും മാത്രം മാറ്റൊലികള്‍ കേട്ടില്ല.

ഒരു ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനും ചിന്തിച്ചു..ഇവള്‍ വളര്‍ന്ന് വലുതായാല്‍ അച്ഛനെയും അമ്മയെയും തേടിപ്പോകുമോ? അമ്മയെ തേടിയാണെങ്കില്‍ അങ്ങ് നേപ്പാള്‍ വരെ പോകണ്ടേ. അവള്‍ക് അങ്ങനെ പോകാനുള്ള ഐഡിയ ഉണ്ടാകുമോ?
എന്തോ എനിക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിച്ചില്ല. അന്ന് സത്യന്‍ അന്തിക്കാട് അച്ഛനെയും അമ്മയെയും തേടിപ്പോകുന്ന മക്കളുടെ കഥയൊന്നും പറഞ്ഞുതുടങ്ങിയിട്ടില്ല.

ഒരു വേലിയ്ക്കിപ്പുറത്ത് നിന്ന് ആ നേപ്പാളിന്റെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകള്‍ എനിക്ക് കാണാമായിരുന്നു.

ആ നേപ്പാളികുഞ്ഞിന് അവര്‍ സരയു എന്ന് പേരിട്ടു. പക്ഷെ ആ മുഖത്ത് നോക്കി സരയൂ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അയല്‍പക്കത്തെ നല്ലനടപ്പുകാരായ പിള്ളേര് കൂട്ടം.ഞങ്ങളുടെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഞാന്‍ അവള്‍ക് കിനോ എന്ന് പേരിട്ടു…ആദ്യം ഞാന്‍ വിളിച്ചു “കിനോ”..പിന്നെ ഞങ്ങളെല്ലാവരും വിളിച്ചു “കിനോ…”അങ്ങനെ സരയു കിനോയായി.

കിനോ വളര്‍ച്ചയുടെ ഓരോ പടവും കയറുമ്പോ, പ്രകടമായ മാറ്റങ്ങള്‍ മണിയനിലായിരുന്നു. ആദ്യമൊക്കെ കിനോ മണിയന് തന്റെ പരസ്യമായ ഒരു അഹങ്കാരമായിരുന്നു. നാട്ടിലെ ഏറ്റവും സുന്ദരി തന്‍റെ മകളാണെന്ന് മണിയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. സംഗതി അവള്‍ സുന്ദരിയാണെങ്കിലും പ്രഖ്യാപനം കേട്ടാല്‍ ഞങ്ങള്‍ ചിരിക്കും.

വളര്‍ച്ചയുടെ പടവുകള്‍ കയറി കയറി വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. കിനോ ഋതുമതിയായി, ആയോന്നറിയില്ല, ആയിക്കാണണം. ഇതൊക്കെ ഞാനെങ്ങനെ അറിയാനാ.എന്തായാലും അധികം താമസിയാതെ സരോജയക്ക ദേഹം ഉപേക്ഷിച്ച് യാത്രയായി. ആ ചെറിയ വീട്ടില്‍ മണിയനും കിനോയും മാത്രമായി.
പിന്നീടുള്ള ദിവസങ്ങള്‍ നാട്ടുകാരില്‍ ചിരിയും, മണിയനില്‍ ഭയവും, കിനോയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മറ്റേതോ വികാരവും നിറയ്ക്കുന്നതയിരുന്നു.

കിനോ പഠിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ തന്‍റെ മകളെ നശിപ്പിക്കും എന്ന ചിന്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആ ചിന്ത മണിയനിലേക്ക് എങ്ങനെ കുടിയേറി എന്നത് എനിക്ക് ഓര്‍മ്മയില്ല, അല്ല അറിയില്ല എന്നതാണ് സത്യം.

അങ്ങനെ 14 വയസുകാരിയെ ദിവസവും അച്ഛന്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും. വീട്ടില്‍ നിന്നറങ്ങി സ്കൂളില്‍ എത്തുന്നത്‌വരെയും കിനോയുടെ കയ്യില്‍ മണിയന്‍ മുറുകെ പിടിച്ചിരിക്കും, ഒരു പരുന്തിനും റാഞ്ചാന്‍ പറ്റാത്തവിധം.

വൈകിട്ട് ദേശിയഗാനം മുഴങ്ങും മുന്‍പേ മണിയന്‍ സ്കൂളില്‍ ഹാജരാകും, കിനോയെ കൂട്ടിമടങ്ങാന്‍. വഴിവക്കിലെങ്ങാനം സഹപാഠികള്‍ സംസാരിക്കാന്‍ വന്നാല്‍ മണിയന്‍ അവരെ ആട്ടിയോടിക്കും. മണിയന്‍റെ കണ്ണുകളില്‍ എപ്പോഴും ഭയം മാത്രം.

ആ ഭയം വളര്‍ന്ന് ഏതോ നിലയില്‍ എത്തിയപ്പോള്‍ മകളെ സ്കൂളില്‍ വിടുന്നത് തന്നെ ആപത്താണെന്ന് മണിയന്‍ തീരുമാനിച്ചു. പതിനാലാം വയസില്‍ തന്നെ കിനോയുടെ സ്കൂള്‍ജീവിതം അവസാനിച്ചു.
മണിയന്‍ എല്ലാവര്ക്കും ചിരിക്കാനുള്ള വകയായി അതിവേഗം വളര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ഛന്‍ മകള്‍ക്ക് വീട്ടില്‍ കാവലിരുന്നു. ആണുങ്ങളെല്ലാം കാമപ്പിശാചുക്കളാണെന്ന അരുളിപ്പാട് മണിയനുണ്ടായി എന്നാണ് പത്മജം അടക്കം പറഞ്ഞത്.

ഊണും ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പറമ്പില്‍ ചുറ്റിനടക്കലും..ഇതായി കിനോയുടെ ദിനചര്യ.

പോകപ്പോകെ മണിയന് അയല്‍പക്കത്തെ ആണ്‍കുട്ടികളെയും പേടിയായി. മണിയന്‍ ഉറക്കംപോലുമുപേക്ഷിച്ചു കിനോയ്ക്ക് കാവലിരുന്നു.

മണിയന്‍ ആരോടും മിണ്ടില്ല, കിനോയ്ക്ക് മിണ്ടാനുള്ള അവസരവുമില്ല. അവരുടെ ലോകം ദിനംപ്രതി ചെറുതായിക്കൊണ്ടിരുന്നു. പകലും രാത്രിയുമൊക്കെ അനാവശ്യമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കിനോയെ വീടിനു പുറത്തുകണ്ടു. ഉല്ലാസവതിയായി പറമ്പില്‍ ചുറ്റി നടക്കുന്നു. മണിയനെ വെളിയിലെങ്ങും കാണുന്നുമില്ല. ആകാംഷയുടെ പ്രേരണയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഞാന്‍ വേലിയ്ക്കല്‍ ചെന്ന് കിനോയെ വിളിച്ചു..

“സരയൂ..”

വിളികേട്ട് അവള്‍ തിരിഞ്ഞു നോക്കി, ഓടി വേലിയ്ക്കരികില്‍ എത്തി.

“എന്താ ചേട്ടാ”

അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാമായിരുന്നു. ഒരുപക്ഷെ വളരെനാള്‍ കൂടി മണിയനല്ലാതൊരു മനുഷ്യജീവിയോട് സംസാരിക്കാന്‍ കഴിഞ്ഞതിനാലാകും.

“നിന്‍റെ അച്ഛനെവിടെ?”

“അച്ഛന് ദീനമാ, തീരെ വയ്യ..അകത്ത് കിടക്കുവാ…”

അച്ഛന് ദീനമാണെന്ന് പറയുമ്പോ സാധാരണ മക്കള്‍ക്കുണ്ടാകേണ്ട വിഷമം അവളുടെ ശബ്ദത്തിലില്ലായിരുന്നു. ആ ദുഖത്തിനും മേലെ നില്‍ക്കുന്ന സന്തോഷം ഉണ്ടാകും…

എന്തായാലും ഈ നേപ്പാളി പെണ്ണ് എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ ചെറുതായൊന്ന് അത്ഭുതപ്പെട്ടു.

“വെറുതെയല്ല നിന്നെ വെളിയില്‍ കണ്ടത്, അപ്പൊ സ്വാതന്ത്ര്യദിനമായിട്ട് എന്താ പരിപാടി?”
എന്‍റെയാ തമാശയ്ക്ക് ഞാന്‍ മാത്രം ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരകളില്‍ വേലിയിറക്കം കണ്ടു.

ആ വേലിയിറക്കം നോക്കിനില്‍ക്കുമ്പോഴാണ് ഒരു അശരീരി..

“ഡാ…….നീയെന്‍റെ മോളെ..”

ദീനമായിക്കിടക്കുന്നു എന്ന് പറഞ്ഞ മണിയന്‍ വാതിലും കടന്ന് ഞങ്ങളുടെ നേര്‍ക്ക്ചീറിപ്പാഞ്ഞു വരുന്നു
ഓടിയടുത്തെത്തി മണിയന്‍ കിനോയെ വലിച്ച് നെഞ്ചോട്‌ ചേര്‍ത്തു, പിന്നെയെന്തൊക്കെയോ അലമുറയിട്ടു. ഒരു ബഹളത്തിന്‍റെ സൂചനകിട്ടിയ അയല്‍ക്കാരൊക്കെ നിമിഷനേരം കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും കൂടി. കൂട്ടത്തില്‍ രാവിലെ അമ്പലത്തില്‍ പോയ അച്ഛനോ അമ്മയോ ഉണ്ടോന്നു ഞാന്‍ പാളി നോക്കി, ഭാഗ്യം വന്നിട്ടില്ല, ഉടനെയെങ്ങും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം ഞാന്‍ കണ്ടെത്തി.

“ഇവനെന്‍റെ മോളെ നശിപ്പിക്കും, എനിക്കറിയാം..പറയടാ നായേ…നിനക്കെന്‍റെ മോളെ നശിപ്പിക്കാണോ…”

കാഴ്ചക്കാരുടെ എണ്ണം ഒന്നൊന്നായി കൂടിവന്നു. ആരുമൊന്നും മിണ്ടിയില്ല..കഴച്ചക്കാരായി തന്നെ ന്നിന്നു.

“പറയടാ നായെ, നിനക്കെന്‍റെ മോളെ നശിപ്പിക്കണോ….കൊല്ലുമെടാ നിന്നെ ഞാന്‍.”
മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളുകയായിരുന്നു.

ഇത്രയും കേട്ടപ്പോ എനിക്കും അഭിമാനക്ഷതം
“പരട്ടുകിളവാ..തോന്ന്യാസം പറയരുത്..തന്‍റെ മോളെ ഇവിടാരും നശിപ്പിക്കില്ല..താനായിട്ട് നശിപ്പിക്കാതിരുന്നാ മതി…അതെങ്ങനാ തന്‍റെ മോളല്ലല്ലോ..ചിലപ്പോ താന്‍ തന്നെ വേണേല്‍…”

“നായിന്‍റെ മോനെ..എന്താടാ പറഞ്ഞേ..നീ നീ നീയാണ്..നീ എന്‍റെ മോളെ നശിപ്പിക്കും” മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളി.

ചുറ്റും കാഴ്ചക്കാരായി നിന്നവരുടെ മുന്നില്‍വെച്ചേറ്റ അഭിമാനക്ഷതവും, ആവേശവും, രോഷവും എന്‍റെ ഞരമ്പുകളില്‍ ഇരച്ചുകയറി. വലതുകാലുയര്‍ത്തി അയാളുടെ നെഞ്ചുംകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു.
ലക്‌ഷ്യം നെഞ്ചിന്‍കൂടായിരുന്നെങ്കിലും അടിവയറുവരയെ കാല് പോങ്ങിയുള്ളൂ…പക്ഷെ ആദ്യചവിട്ടില്‍ തന്നെ പുറകിലേക്ക് മറിഞ്ഞുവീണു.
വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ എന്‍റെ ദേഹത്തെ മണ്ണ് തട്ടികുടയുമ്പോഴും അയാള്‍ കിനോയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അയാളുടെ പ്രായത്തെ വെല്ലുന്ന ദൃഡപേശികളില്‍ അവളുടെ മുഖം ഞെരിഞ്ഞമര്‍ന്ന് വേദനിക്കുന്നുണ്ടോ എന്ന് തോന്നി.
ഭയാശങ്കകളുടെ നിഴലുകള്‍ വീണ മുഖത്ത് രണ്ടുകണ്ണുകളുടെ തേരോട്ടം നടതുന്നതായാണ് മണിയന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കാണാനായത്.

ആള്‍ക്കൂട്ടം എപ്പോഴോ പിരിഞ്ഞുപോയി. എല്ലാവരും വീടണഞ്ഞു. വേലിയ്ക്കല്‍ നിന്നിരുന്ന അമ്പഴം ഇലപൊഴിക്കാന്‍ തുടങ്ങിയിരുന്നു. മണിയന്‍ സരയുവിനെയും ചേര്‍ത്ത്പിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. മുന്‍വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

അന്നത്തെ ദിവസം ആ വാതില്‍ തുറന്നതേയില്ല. രണ്ടാം ദിവസം ഞാന്‍ ഉറ്റുനോക്കിയിരുന്നു. ഇല്ല വാതിലും ജനലുകളും അന്നും തുറന്നതേയില്ല.

ഭയത്തിന്‍റെ വിത്തുകള്‍ എന്‍റെ മനസിലും വീണുതുടങ്ങിയിരുന്നു. മൂന്നാം ദിവസം പുലര്‍ന്നിട്ടും ആ വാതില്‍ തുറന്നില്ല. പലരും തട്ടിയും മുട്ടിയും നോക്കി, തുറന്നില്ല. ഞാനും മുട്ടി നോക്കി, തുറക്കപ്പെട്ടില്ല.

വൈകുന്നേരം പത്മജത്തിന്‍റെ മകന്‍ മണിയന്‍റെ വീട്ടിലെ മുന്‍വശത്തെ ജനലില്‍ മുഖം ചേര്‍ത്ത് ഉള്ളിലെ കാഴ്ച വല്ലതും തടയുന്നുണ്ടോ എന്ന് നോക്കുന്നത് കണ്ടു. സ്വകാര്യതയുടെ ചുക്കിച്ചുളിവുകള്‍ നിവര്‍ത്തിനോക്കി ഇക്കിളിപ്പെടാനുള്ള പ്രായം അവനായിട്ടുണ്ട്. ആവനും നിരാശ മുറ്റിയ മുഖവുമായിട്ടാണ് മടങ്ങിയത്. മൂന്നാം നാള്‍ അവസാനിപ്പിക്കാന്‍ സൂര്യന്‍ യാത്രയായപ്പോഴും ആ വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല.

മാറ്റൊലികള്‍ വീണ്ടുമുണ്ടായി. പത്മജവും സരസ്വതിയും പുതിയ അതിഥികളും പങ്കെടുത്തു.

“അങ്ങേരാ കൊച്ചിനെ കൊന്നുകാണുമോ ?”

“പോലീസില്‍ അറിയിച്ചാലോ ?”

“നമുക്ക് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയാലോ ?”

“അങ്ങേരു തന്നെ ആ കൊച്ചിനെ നശിപ്പിച്ചിട്ടുണ്ടാകും”

“എനിക്കും അങ്ങനാ തോന്നുന്നേ..പണ്ടേ നശിപ്പിച്ചിട്ടുണ്ടാകും..സ്വന്തം മോളല്ലല്ലോ”

“എന്നാലും ആ കൊച്ച്, അങ്ങേരതിനെ എന്ത് ചെയ്തോ ആവൊ?”

മാറ്റൊലികള്‍ കുറെയുണ്ടായി, ആരും മണിയനെന്ത് സംഭവിച്ചുകാണും എന്ന് ആശങ്കപ്പെട്ടില്ല
നാളെ വാതില്‍ തുറക്കുമായിരിക്കും. തുറന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഇതിനോടകം എല്ലാവരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തീരുമാനം കൈക്കൊണ്ട ശേഷം എല്ലാവരും വീടണഞ്ഞു.
നാളെ നേരം വെളുക്കട്ടെയെന്നു പറഞ്ഞ് ഞാനും ഉറങ്ങാന്‍ കിടന്നു