24 എം റ്റു വി (24 മെയിൽ റ്റു വാസൻ )

രാവിലെ സ്കൂൾ കുട്ടികളോട് മത്സരിച്ചു , ഓടിയും , ചാടിയും  അറിയാവുന്ന അഭ്യാസങ്ങളെല്ലാം കാട്ടി ഒരു ബസിൽ കയറി ഒരുവിധം  ബാലൻസ്‌ ചെയ്തു  നിന്നു. ടിക്കറ്റ്‌  എടുക്കുവാൻ വേണ്ടി പേഴ്സ് എടുത്തപ്പോൾ കൈമുട്ട്  തലയിൽ  കൊണ്ടെന്നും പറഞ്ഞു ഒരു അമ്മച്ചിയുടെ വായിലിരുന്നത് മുഴുവൻ പച്ചക്ക് കേട്ടു. അങ്ങനെ ആ  തിരക്കിലും ഞാൻ ഫേമസ്  ആയി . അങ്ങനെ ഒരുവിധം ഓഫീസിലെത്തി കമ്പ്യൂട്ടർ ഓണ്‍  ചെയ്തു സായിപ്പിന്റെ മെയില് വല്ലതും ഉണ്ടോന്നു നോക്കിയിരിക്കുമ്പോളാണ്‌ വീണ്ടും അതെ ബുദ്ധിമുട്ട്. രണ്ടു ദിവസമായിട്ട് ഇങ്ങനെയാണ്. കണ്ണിനു നല്ല വേദനയും, കമ്പ്യൂട്ടറിൽ നോക്കുമ്പോൾ ഒരു തലവേദനയും .
തിരിഞ്ഞൊന്നു  നോക്കി. എല്ലാവരും മരണ കോഡിംഗ് ആണ് . നീല ചുരിദാറും ഇട്ടിരിക്കുന്ന ലീതുവിന്റെ സിസ്റ്റത്തിലേക്ക് ഒന്ന് പാളി നോക്കി , ഇല്ല  ഒന്നും വ്യക്തമല്ല.

ഹോ എങ്ങനെയിരുന്ന കണ്ണാണ്. രണ്ടു കാബിനപ്പുറത്തുള്ള ജിഷയുടെ മോണിട്ടറിലെ മൗസ്  പോയിന്റെർ വരെ വ്യക്തമായി കണ്ടിരുന്ന കണ്ണാണ്. അതും കണ്ണാടി ഭിത്തികളുടെ തടസ്സത്തെ അതിജീവിച്ചു. ഹും പഴയ പവർ  ഒക്കെ പോയി .

“എന്താ ബാലു ?”

ചോദ്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നോക്കുമ്പോൾ, ലീതുവാണ്. അവളുടെ സിസ്റ്റെതിൽ നോക്കിയുള്ള ഇരുപ്പിൽ വശ പ്പിശക്  തോന്നിയിട്ടാവും

“ഏയ്‌ ഒന്നുമില്ല” ഒരു വളിച്ച ചിരി കടം കൊടുത്ത് ഞാൻ വീണ്ടും കർമനിരതനായി .

എന്തായാലും ഇന്നു  തന്നെ കണ്ണ് ഒന്ന് പരിശോധിപ്പിക്കണം. കഴിഞ്ഞ ആഴ്ചയാണ് പൊടിമോൻ പരിശോധിപ്പിച്ചത് . അതും വാസൻ ഐ കെയർ ഹോസ്പിറ്റലിൽ. ഹോ അവിടുത്തെ  അനുഭവങ്ങൾ അവൻ പറഞ്ഞത് കേട്ടപ്പോഴുള്ള കുളിര് ഇതുവരെ പോയിട്ടില്ല.
നല്ല സുന്ദരികളായ മാലാഖമാർ നിറഞ്ഞു കവിഞ്ഞു നില്കുകയാണത്രെ. സ്വന്തം വീട്ടിലെ കുട്ടിയെ പോല പരിചരിക്കുന്ന ഡോക്ടർമാരും, അവരുടെയടുത്തേക്ക് ” കൈപിടിച്ച് ” കൊണ്ടുപോകുവാൻ എപ്പോഴും കൂടെയുള്ള ഒരു മാലാഖയും. ഇത്രയും ആലോചിച്ചപ്പോൾ തന്നെ കുളിര് കൂടിയിട്ടു ഞാൻ AC ഓഫ്‌ ചെയ്തു. അത് കണ്ടിട്ട്  ഇവനേതു പട്ടിക്കാട്ടീന്നാ വരുന്നെതെന്ന മാതിരി ഒരു നോട്ടം അടുത്തിരുന്ന യോ യോ ടെസ്റ്ററുടെ വക . അതും കണ്ടില്ലെന്നു നടിച്ചു അപ്പോൾ തന്നെ ഞാൻ ഒരു ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്തു .
വാസനിൽ പോകാതെ രക്ഷയില്ല! അല്ലെങ്കിൽ തന്നെ പൊടിമോൻ വാസനിലെ കഥ പറഞ്ഞ അന്നുമുതലാണ് എനിക്ക് കണ്ണിനു അസ്വസ്ഥത. ആ അസ്വസ്ഥത  മാറി സ്വസ്ഥത  കിട്ടണമെങ്കിൽ വസനിൽ തന്നെ പോകണം.

കിടു ബിനുവിനു ബൈക്ക് ഉണ്ട് . അവനോടു പറഞ്ഞാൽ വാസനിൽ കൊണ്ടുവിടും എന്ന വിശ്വാസത്തിൽ ബിനുവിനെ ചാറ്റിൽ വിളിച്ചു.
കള്ളപ്പന്നി, ഒരു ഹൈ അടിച്ചിട്ട് അഞ്ചു മിനിട്ടായി. ഇതുവരെ തിരിഞ്ഞു  നോകിയിട്ടില്ല. ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ. ഞാൻ ബിനുവിന്റെ അടുത്തേക്ക് പോകുവാനായി എഴുന്നേറ്റു. ആ സമയത്ത് തന്നെ പ്രൊജക്റ്റ്‌ മാനേജർ  തിരിഞ്ഞു എന്നെ ഒന്ന് തറപ്പിച്ചു നോക്കി. ഒരു മാതിരി സംവിധായകൻ വിനയൻ സൂപ്പർസ്റ്റാർ എന്ന്  കേൾകുമ്പോൾ കയ്പിറക്കിയ മാതിരി നോക്കുന്ന  അതെ നോട്ടം. അതും കണ്ടില്ലെന്നു നടിച്ചു ഞാൻ നേരെ ബിനുവിന്റെ അടുത്തേക്ക് .

ഞാൻ ചെല്ലുന്നത്  കണ്ടിട്ടാണെന്ന് തോന്നുന്നു അവനു ഇതുവരെയില്ലാത്ത തിരക്ക്. കീബോർഡിന്റെ നെഞ്ചത്ത് കയറിയിരുന്നാണ്  ടൈപ്പ് ചെയ്യുന്നതെന്ന് തോന്നും. ഹും കള്ളാ ബടുവ! ഞാൻ വരുന്നത്  വരെ അടുത്തിരുന്ന ഡവലപ്പർ പെണ്ണിന്റെ കോഡിൽ റിവ്യൂ ചെയ്തുകൊണ്ടിരുന്നവനാ. കണ്ടിട്ട് മൈൻഡ്  ചെയ്യാത്തത് കൊണ്ട് ഞാൻ തോണ്ടി വിളിച്ചു .
“ഡേയ്  ബിനു ”
“ഹ നീയോ. എന്ത് പറ്റി അളിയാ”

(ഹും നല്ല ഒന്നാന്തരം നായരായ എന്നെ അളിയാന്നു . ആവശ്യം എന്റെതായി പോയി ..)

“എനിക്കിന്ന് ഉച്ചക്ക് വാസൻ ഐ കെയർ  വരെ ഒന്ന് പോകണം. നീ ഒന്ന് കൊണ്ടാക്കാമോ ?”

“അയ്യോ . സോറി ഡാ ഉച്ചക്ക് ഒരു ട്രീറ്റ്‌ ഉണ്ട് . അതിനു പോകണം. വൈകിട്ടാന്നെങ്കിൽ  നോക്കാം ”
ബിനു കയ്യൊഴിഞ്ഞു .

ആ തിരസ്കരിക്കൽ എനിക്കൊട്ടും സുഖിച്ചില്ല. വായിലേക്ക് എന്തൊക്കെയോ തികട്ടി വന്നു. ഇന്നലെ കഴിച്ച ബിയർ ആണെന്ന് തോന്നുന്നു !. തികട്ടി  വന്നതിനെ  അതെ സ്പീഡിൽ തിരിച്ചു  വിട്ടിട്ടു ഞാൻ ബിനുവിനോട് രണ്ടു കലിപ്പ്  ഡയലോഗും പറഞ്ഞു  തിരികെ സീറ്റിലെത്തി. കണ്ണ് തിരുമ്മിയും, മൗസ് സ്ക്രോൾ  ചെയ്തും , മെയില് നോക്കിയും ആ അര ദിവസം തള്ളി നീക്കി.

കൃത്യം ഒരു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു വാസനിലെത്തി .

“ലോകത്തിലെ ഏറ്റവും  വലിയ  നേത്ര  സംരക്ഷണ ശ്രിംഖല “- ആ ബോർഡ്‌  വായിച്ചപ്പോൾ തന്നെ കണ്ണിനു കാഴ്ച  കൂടിയതായി തോന്നി. വാതില തുറന്നു അകത്തു കയറിയപ്പോൾ കാഴ്ച കൂടിയെന്ന് മാത്രമല്ല, കൂടി കൂടി കണ്ണ് പുറത്തേക്കു തള്ളി പോയോ എന്ന് വരെ തോന്നി. ആകെ മൊത്തം  ഒരു മഴവില മയം. ഓറഞ്ചു നിറമുള്ള സാരിയിൽ  പൊതിഞ്ഞ മാലാഖമാർ തേരാ പാരാ നടക്കുന്നു. രോഗികളെക്കാൾ കൂടുതൽ നഴ്സുമാരും ഡോക്ടർമാരും ഉണ്ടെന്നു തോന്നുന്നു.
എത്ര വർണിച്ചാലും മതിയാകാത്ത ഒരു അന്തരീക്ഷം. എവിടെ നോക്കണം, എങ്ങോട്ട്  പോകണം എന്നറിയാതെ ശങ്കിചു നിൽകുമ്പോൾ ഒരു നേഴ്സ് കൈയ്യാട്ടി വിളിച്ചു. അവിടെ ചെന്ന് പേര് വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു. എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു എന്നൊട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒരു കോണിൽ മാറിയിരുന്നു ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. എന്റെ കൈപിടിച്ച് കൊണ്ടുപോകാൻ വരുന്ന നേഴ്സ് ആരായിരിക്കും?
കൂട്ടത്തിൽ സുന്ദരിയായ മെലിഞ്ഞു വെളുത്ത് നടി  തൃഷയെ പോലെയിരിക്കുന്ന ഒരു മാലാഖ എന്റെ കണ്ണിലുടക്കി.
അതെ. ഇത് തന്നെ . അല്ല ഇതു മതി !.
ആ മാലാഖ നായികയായ ഒരു എപ്പിസോടിലേക്ക് മനസ് പാളിയപ്പോഴാണ് ആ വിളി കേട്ടത്
“ബാലകൃഷ്ണൻ ………..”

ഞാൻ ഞെട്ടിത്തരിച്ചു ആശിരീരി കേട്ട ഭാഗത്തേക്ക്‌ നോക്കി. അല്ല ഇത് എന്റെ  തൃഷയല്ല !. ഇതൊരു  കവ്യമാധവാൻ ലുക്കാണ്. ങ്ഹാ പോട്ടെ , കവ്യയെങ്കിൽ, കാവ്യാ ….

നേഴ്സ് അടുത്തേക്ക് വന്നപ്പോൾ തന്നെ  ഞാൻ കൈ നീട്ടി  പിടിച്ചു. (പൊടിമോൻ പറഞ്ഞത് പ്രകാരം നേഴ്സ് നമ്മുടെ കയ്യിൽ പിടിച്ചു ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകും ). എന്റെ പ്രതീക്ഷകളെ മുഴുവൻ തകർത്തുകൊണ്ട് കാവ്യ എന്റെ നീട്ടിയ കൈകളിലേക്ക്  രജിസ്റ്റർ ചെയ്ത കാർഡും  തന്നു , വരൂ എന്നു പറഞ്ഞു  എനിക്ക് മുന്നില് നടന്നു . ഞാനാകെ വിജ്രംഭിതനായി  പോയി. “എന്നാലും  എന്റെ കാവ്യേ ….”

ഇനിയുള്ള ആകെ പ്രതീക്ഷ ആ ലേഡി ഡോക്ടർ  ആണ്. ആ പ്രതീക്ഷയും നിമിഷങ്ങൾക്കകം വേരോടെ മുറിഞ്ഞു പോയി. പരിശോധിച്ചത്  ഒരു മെയിഡ്  ഇൻ 1950, മാത്യു തരകൻ. കണ്ണില നോക്കി എന്തൊക്കെയോ കോക്രി കാട്ടി , A B C D യിൽ ഒരു ഇമ്പോസിഷനും തന്നു എന്നെ പുറത്താക്കി. എല്ലാം കഴിഞ്ഞെന്നു കരുതി പോകാനൊരുങ്ങിയപ്പോൾ  ടെ കാവ്യ വീണ്ടും.
“ബാലകൃഷ്ണൻ … ഇവിടിരിക്കു . കണ്ണിൽ മരുന്നൊഴിക്കനം . അത് കഴിഞ്ഞേ അടുത്ത ടെസ്റ്റ്‌ നടത്താൻ പറ്റു.”

കണ്ണും തുറന്നു മേലോട്ട് നോക്കിയിരുന്ന എന്റെ രണ്ടു കണ്ണിലും മരുന്നോഴിച്ചു.

“ഇനി ഒരു മണിക്കൂർ  ഇങ്ങനെയിരിക്കണം , അത് കഴിഞ്ഞു ടെസ്റ്റിനു പോകാം.”

ഈശ്വരാ ….ഒരു മണിക്കൂർർർർർർർർ…………….

എന്തൊക്കെയോ അല്ലോചിച്ചും,സ്വപ്നം കണ്ടും ഒരു മണിക്കൂർ തള്ളി നീക്കി.

വീണ്ടും കാവ്യ , പിന്നെ തരകൻ, പിന്നെ പഴയ കോക്രികൾ.
അവസാനം തരകൻ അത് കണ്ടു പിടിച്ചു —
“ഷോര്ട്ട് സൈറ്റ് ആണ് ”
കുത്തിക്കുറിച്ച പേപ്പറും വാങ്ങി ഞാൻ എഴുന്നേറ്റപ്പോൾ കാവ്യയുടെ വക കുശലാന്വേഷണം

“ബാലകൃഷ്ണന്റെ കൂടെ ആരാ വന്നിട്ടുള്ളത് ”
“ഞാൻ തനിച്ചാണ് വന്നത് ”
“ഓ , ആരെങ്കിലും കൂടെ വേണമല്ലോ . ഈ മരുന്നിന്റെ എഫെക്ടിൽ ഒന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് കാഴ്ചകളൊന്നും വ്യക്തമായിരിക്കില്ല”

എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടി.
“ഈശ്വരാ എന്റെ കണ്ണ് പോയോ?”
“പേടിക്കേണ്ട, പെട്ടന്ന് മാറും. കൂട്ടുകാരെ ആരെയെങ്കിലും വിളിക്ക് ”

ഏതു ശവിയെ വിളികണം. ഞാൻ ആലോചിച്ചു . ബിനു അല്ലാതാരാ .മൊബൈൽ എടുത്തു ഡിസ്പ്ലേയിൽ  നോകിയിട്ടു ഒന്നും കാണാൻ പറ്റുന്നില്ല . ഞാൻ കാവ്യ നോക്കി. കുഴപ്പമില്ല , കാവ്യയെ കാണാം. ഇതെന്തു മായമാണോ ?
കവ്യയോടു തന്നെ പറഞ്ഞു മൊബൈലിൽ നിന്നും ബിനുവിനെ പൊക്കി വിളിച്ചു കാര്യം പറഞ്ഞു . ബിനു വരാൻ വേണ്ടി കാത്തിരുന്ന പത്തു മിനുട്ട് വിഷാദ മനസോടെ എല്ലാ മാലാഖമാരേയും ഒരു നോക്ക് കൂടി കണ്ടു . കുറച്ചു മണിക്കൂറുകൾക്കു മുൻപ് പച്ച തെറി മനസ്സില് പറഞ്ഞ ബിനു തന്നെ വേണ്ടി വന്നു തിരികെ കൊണ്ട് പോകാൻ. ബിനു എത്തിയപ്പോൾ ഞാൻ പയ്യെ തപ്പി തടഞ്ഞെഴുന്നേറ്റു ചെന്നു .
പൊങ്കാല പ്രതീക്ഷിച്ചു പോയവൻ ചാക്കാല കഴിഞ്ഞു  വരുന്നവനെ  പോലെ ഞാൻ ഇറങ്ങി ചെന്നു ബൈകിനു പിന്നിൽ കയറി. പൊടിമോന് കൊടുക്കാൻ പറ്റിയ നാല് നല്ല ന്യൂ  ജെനേറെഷൻ  തെറി ആ മടക്ക യാത്രയിൽ  തന്നെ ഞാൻ ബൈകിനു പിന്നിലിരുന്നു കമ്പോസ് ചെയ്തു .
“പൊടിമോനെ  ഇന്ന്  നിന്റെ പോടീ ഞാൻ പാറ്റും ……”

 

പ്രത്യേക അറിയിപ്പ് : ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

17 thoughts on “24 എം റ്റു വി (24 മെയിൽ റ്റു വാസൻ )

 1. മിസ്റ്റർ പോടിമോൻ സ്വന്തം അനുഭവത്തെ ബാലകൃഷ്ണന്റെ തലയിൽ വെച്ചത് മോശമായി പോയി .
  ബൈ ദി ബൈ ലീതു ആരാണെന്നു മനസ്സിലായി , ആരാ ഈ ജിഷ ?

  • @അഭ്യുതയകാംഷി : അതറിഞ്ഞിട്ടു വേണം നിനക്ക് പുതിയ നമ്പർ ഇടാൻ, അല്ലേ മോനെ അഭ്യുദെയകാംക്ഷി !. വേല മനസിലിരിക്കട്ടെ 🙂

 2. പ്രത്യേക അറിയിപ്പ് : ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

  nannaayi Njaan veruthe thettidharichu 😛

 3. പൊങ്കാല പ്രതീക്ഷിച്ചു പോയവൻ ചാക്കാല കഴിഞ്ഞു വരുന്നവനെ പോലെ…..
  😀

 4. Ninakkoru thette Pattiyullu…………………..
  Grand Road’l Erangiya Nee Bandrayil Eranganam aayirunnu………………..
  Appo Ninte Kyle Cashum Poovillayrunnu, Manassil Kure ” LADDU ” kalum pottiyene………….

  Ennalum ‘ french’ viplavam onnooode Vipuleekarikkamayrunnu, Aa ‘ RED ‘ Signal Onnum koode thelinjirunnengil!!!

  aNY wAY aWEsome daaa!!! Keep Rocking!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )